26 April Friday

‘അരിവാൾ’ മുറിക്കാത്ത ജീവിതം

സിന്ധു എൻ ആർUpdated: Sunday Mar 8, 2020


ഗർഭിണിയായിരിക്കെയാണ്‌ അരിവാൾ രോഗമുണ്ടെന്ന്‌ സരസ്വതി തിരിച്ചറിയുന്നത്‌. ശാരീരിക അവശത ഏറെ. മാനസിക സമ്മർദങ്ങളും തളർത്തി. അന്നാർക്കും ആ രോഗത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. തിരുനെല്ലി സ്വദേശിയായ ടി ഡി സരസ്വതിക്ക്‌ അന്ന്‌ അരിവാൾ രോഗമുണ്ടെന്ന്‌ ഉറ്റവരോടുപോലും മറച്ചുവച്ച്‌ ഒപ്പംനിന്നത്‌ ഭർത്താവ്‌ രാമചന്ദ്രൻ.

രോഗത്തിന്റെ മുന്നിൽ സരസ്വതി പതറിയില്ല. അവരുൾപ്പെടെ നാലുപേർ ചേർന്നൊരു കൂട്ടായ്‌മ രൂപീകരിച്ച്‌ തങ്ങളുടെ വിഷമങ്ങൾ പങ്കുവച്ചു.അരിവാൾ രോഗികളുടെ ആദ്യത്തെ കൂട്ടായ്‌മ 2005ൽ അരിവാൾ രോഗീ അസോസിയേഷൻ എന്ന പേരിൽ  സംഘടന രൂപീകരിച്ചു.

നൂറോളം രോഗികൾ സൗജന്യചികിത്സ ആവശ്യപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രിയെ കൽപ്പറ്റയിൽവച്ച്‌ തടഞ്ഞു. 2006ൽ സംഘടനയുടെ പേര്‌ സിക്കിൾസെൽ അനീമിയ പേഷ്യന്റ്‌സ്‌ അസോസിയേഷൻ എന്ന്‌ പുനർനാമകരണം ചെയ്‌തു. നിരവധി പേർക്ക്‌ താങ്ങും തണലുമായി സരസ്വതി പതുക്കെ മാറി. ന്യൂഡൽഹിവരെയെത്തി പോരാട്ടം. 2010ൽ ഫോളിക്‌ ആസിഡ്‌, ഹൈഡ്രാക്‌സി യൂറിയ എന്നീ മരുന്നുകളും മൂന്ന്‌ കിലോ പയറുവർഗങ്ങളും ഹെൽത്ത്‌ സെന്ററുകളിൽനിന്ന്‌ രോഗികൾക്ക്‌ ലഭിച്ചുതുടങ്ങി. പിന്നീട്‌ അരിവാൾ രോഗികൾക്ക്‌ 1000 രൂപ പെൻഷനും സർക്കാർ അനുവദിച്ചു.

മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ കെയർ ടേക്കറാണ്‌ സരസ്വതി. ഒറ്റനോട്ടത്തിൽ കണ്ടാൽ രോഗിയാണെന്ന്‌ മനസ്സിലാകില്ല. അത്രയേറെ പ്രസരിപ്പുണ്ട്‌ മുഖത്ത്‌. വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ കരുത്ത്‌. കണ്ണുകളിലെ നിറവ്യത്യാസമാണ്‌ മുഖത്തെ മാറ്റം.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലെ ചെട്ടിസമുദായത്തിലാണ്‌ സരസ്വതി പിറന്നത്‌.  വായനയെ ഏറെ പ്രോത്സാഹിപ്പിച്ച അച്ഛനായിരുന്നു കരുത്ത്‌. മണ്ണെണ്ണ തീരുമെന്ന്‌ അമ്മ പലപ്പോഴും സന്ദേഹിക്കും. അന്ന്‌ വീടിന്റെ അവസ്ഥ അങ്ങനെയായിരുന്നു. ഈ സാഹചര്യത്തിലും അവർ മകളെ പഠിപ്പിച്ചു. ഡിഗ്രി പൂർത്തിയാക്കി വ്യത്യസ്‌തമായ ജോലി ആഗ്രഹിച്ച്‌ മറൈൻ റേഡിയോ ഓഫീസേഴ്‌സ്‌ കോഴ്‌‌സിന്‌ ചേർന്നു. പ്രാക്ടിക്കൽ പരിക്ഷയെഴുതാൻ  കഴിയാതെ വിഷമിച്ചപ്പോൾ ട്രാവൽ ആൻഡ്‌ ടൂറിസം സ്ഥാപനം തന്നെ സൗജന്യമായി പഠിപ്പിച്ചു. ജോലിയും കിട്ടി. 

രോഗികൾമാത്രമടങ്ങുമന്ന സംഘടനയ്‌ക്ക്‌ പരിമിതികളേറെ. യാത്രയ്‌ക്കുള്ള ബുദ്ധിമുട്ടുതന്നെ പ്രധാനം. ആരോഗ്യമന്ത്രിയെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്‌ സരസ്വതിക്ക്‌. ടീച്ചർ ചേർത്ത്‌ നിർത്തുമെന്ന്‌ പറയും. ലളിതകലാ അക്കാദമിയും ഡോക്ടർമാരും സമൂഹവും ഒരുപാട്‌ പിന്തുണ നൽകി. വിദ്യാർഥികളായ വൈശാഖും യശ്വന്തുമാണ്‌ മക്കൾ. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരമുൾപ്പെടെ അഞ്ച്‌ അവാർഡ്‌ നേടിയിട്ടുണ്ട്‌ സരസ്വതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top