26 April Friday

വിജയസ്‌മൃതി; സൂപ്പർ സ്റ്റാർ മന്ദാന

അജില പുഴയ്‌ക്കൽ ajilaramachandran@gmail.comUpdated: Sunday Feb 6, 2022

2013 ഏപ്രിൽ 5. വഡോദരയിലെ റിലയൻസ്‌ സ്റ്റേഡിയത്തിൽ വനിതകളുടെ ടി–-ട്വന്റി മത്സരം നടക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ അവസാന മത്സരം. ഇന്ത്യക്കായി മോന മേഷ്രത്തിനൊപ്പം ഓപ്പണിങ്ങിനായി ഇറങ്ങിയ പതിനേഴുകാരിയെ എല്ലാവരും ശ്രദ്ധിച്ചു. നല്ല ചുറുചുറുക്കും നിറഞ്ഞ ചിരിയും. ഐസിസിയുടെ റേച്ചൽ ഹയോ ഫ്ലിന്റ്‌ പുരസ്‌കാരം (പോയവർഷത്തെ മികച്ച വനിതാ താരം) രണ്ടുതവണ നേടിയ ഒരു സൂപ്പർ സ്റ്റാറിന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരമായിരുന്നു അത്‌. സ്‌മൃതി മന്ദാനയുടെ. അന്ന്‌ 36 പന്തിൽ  നാല്‌ ഫോർ ഉൾപ്പെടെ 39 റൺ നേടി മത്സരത്തിലെ ടോപ്‌ സ്‌കോററായി സ്‌മൃതി.

1996 ജൂ ലൈ 18ന്‌  മുംബൈയിലെ ഒരു മാർവാരി കുടുംബത്തിൽ സ്‌മിത മന്ദാനയുടെയും ശ്രീനിവാസ്‌ മന്ദാനയുടെയും മകളായാണ്‌ ജനനം. രണ്ടു വയസ്സുള്ളപ്പോൾ കുടുംബം മഹാരാഷ്‌ട്രയിലെതന്നെ സാംഗ്ലിയിലേക്ക്‌ താമസംമാറി. ക്രിക്കറ്റർ ആകാതിരിക്കുക എന്നതായിരുന്നു സ്‌മൃതിക്ക്‌ ബുദ്ധിമുട്ട്‌. അച്ഛൻ ശ്രീനിവാസും സഹോദരൻ ശ്രാവണും ജില്ലാതല ക്രിക്കറ്റ്‌ താരങ്ങളായിരുന്നു. സഹോദരൻ മഹാരാഷ്‌ട്രയിലെ 15 വയസ്സിൽ താഴെയുള്ളവരുടെ ടൂർണമെന്റിൽ കളിച്ചതാണ്‌ സ്വാധീനിച്ചത്‌. ഒമ്പതാം വയസ്സിൽ മഹാരാഷ്‌ട്രയിലെ അണ്ടർ 15 ടീമിലും 11–-ാമത്തെ വയസ്സിൽ അണ്ടർ 19 ടീമിലും ഇടംപിടിച്ചു.

ഇടംകൈ ബാറ്റിങ്ങിന്റെയും വലംകൈ സ്‌പിൻ ബൗളിങ്ങിന്റെയും സൗന്ദര്യമാണ്‌ സ്‌മൃതി മന്ദാനയുടേത്‌. ആഭ്യന്തര–- അന്താരാഷ്‌ട്ര ബൗളർമാർ സ്‌മൃതിയുടെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്‌. 2013 ഒക്‌ടോബറിൽ വഡോദരയിൽ മഹാരാഷ്‌ട്ര–- ഗുജറാത്ത്‌ ഏകദിന മത്സരത്തിൽ 150 ബോളിൽനിന്ന്‌ 224 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ഇതോടെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2018ലാണ്‌ ആദ്യമായി റേച്ചൽ ഹയോ ഫ്ലിന്റ്‌ അവാർഡ്‌ സ്‌മൃതി നേടുന്നത്‌. 2022ലെ പുരസ്‌കാരവും സ്‌മൃതിക്കാണ്‌. മിതാലി രാജിന്റെയും ഹർമൻപ്രീത്‌ കൗറിന്റെയുമൊപ്പം ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ചർച്ച ചെയ്യുന്ന പേരായി സ്‌മൃതി മാറിയത്‌ കഠിനാധ്വാനത്തിലൂടെയാണ്‌. ഒമ്പതാം വയസ്സിൽ തുടങ്ങിയ ക്രിക്കറ്റ്‌ കമ്പം 25–-ാം വയസ്സിലും അതേ രീതിയിൽ തുടരുന്നതാണ്‌ അവരെ സൂപ്പർ സ്റ്റാറാക്കിയതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top