27 April Saturday

വിജയത്തിന്റെ സൂത്രവാക്യങ്ങളിൽ ശിഖ സ്‌മാർട്ടാണ്‌

ജിബിന എ എസ്‌Updated: Tuesday May 8, 2018

വിജയത്തിന് ഓരോരുത്തര്‍ക്കും ഓരോ സൂത്രവാക്യങ്ങളാണ്... ചോദ്യങ്ങളും ഉത്തരങ്ങളും എത്ര ആവര്‍ത്തിച്ചാലും ശാശ്വതമായ വിജയത്തിന് എളുപ്പവഴികളേയില്ല... വിഷയങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഒരു വ്യക്തിയുടെ ആഴത്തിനും പരപ്പിനുമനുസരിച്ച് വിജയത്തിലേക്കുള്ള വഴികളും വ്യത്യസ്തങ്ങളാവും. ചിലര്‍ക്ക് ചിട്ടയോടെ പഠിക്കണം, നിശ്ചിത സമയത്തില്‍ നിശ്ചിത ഭാഗം പഠിച്ചുതീര്‍ക്കണമെന്ന് മുന്‍കൂര്‍ തയ്യാറാക്കിയ ടൈംടേബിളിനനുസരിച്ച് അവര്‍ പഠിക്കുന്നു. മറ്റുചിലരാവട്ടെ പഠിക്കേണ്ടതെങ്ങനെയെന്ന കൃത്യമായ ആസൂത്രണമുണ്ടെങ്കിലും അത് പിന്തുടരാന്‍ കഴിയാതെ പരിതപിക്കുന്നു. ഇതിനെല്ലാമിടയില്‍ കൃത്യമായ ലക്ഷ്യബോധവും സ്വന്തം പോരായ്മകള്‍ പരിഹരിക്കാനുള്ള 'സ്മാര്‍ട്ടാ'യ ശ്രമങ്ങളുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൈപിടിയിലൊതുക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്.

സിവില്‍ സര്‍വീസിലേക്ക്

അച്ഛന്‍ സുരേന്ദ്രനാണ് ശിഖയോട് ആദ്യമായി സിവില്‍ സര്‍വീസിനെക്കുറിച്ച് പറയുന്നത്. നിന്നെ പോലെ മിടുക്കികുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാനാകുമെന്ന അച്ഛന്റെ വാക്കുകളിലൂടെ ആ ഏഴാംക്ലാസ്സുകാരിയില്‍ 'സിവില്‍ സര്‍വീസ്' എന്ന സ്വപ്നം മുളച്ചു. സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നോട്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന വാക്യം  ശിഖ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പെന്നോണം പത്രവായന ജീവിതത്തിന്റെ ഭാഗമാക്കി.

ഉപന്യാസ രചനയിലും പദ്യോച്ചാരണത്തിലും മിടുക്കിയായിരുന്ന ശിഖയ്ക്ക് മലയാളം പ്രിയപ്പെട്ട വിഷയമായി. അതോടെ പുസ്തക വായന വിപുലമായി. പ്ലസ്ടുവിന് മലയാളത്തിന് 100 ല്‍ 100 മാര്‍ക്ക് നേടിയ ശിഖയ്ക്ക് മലയാളത്തില്‍ ബിരുദം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസിന് ശ്രമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ആ ആഗ്രഹം എന്‍ജിനീയറിങ് ബിരുദത്തിലേക്ക് ചുവടുമാറി. പഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ശ്രമങ്ങള്‍ ആരംഭിച്ചു. 2015 ജൂണ്‍ മുതല്‍ നാലുമാസം ഡല്‍ഹിയിലെ സങ്കല്‍പ് ഭവനില്‍ പരിശീലനത്തിന് പോയി. പക്ഷേ, ആദ്യശ്രമം പരാജയപ്പെട്ടു. രണ്ടാംശ്രമത്തില്‍ കോലഞ്ചേരി സ്വദേശി ശിഖസുരേന്ദ്രന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 16-ാം റാങ്കുകാരിയായി കേരളത്തില്‍ ഒന്നാമതെത്തി.

അച്ഛന്‍ സുരേന്ദ്രനൊപ്പം

അച്ഛന്‍ സുരേന്ദ്രനൊപ്പം

 

പഠനം

സിലബസിന് അനുസരിച്ച് പരീക്ഷയെ ആസ്പദമാക്കി പഠിക്കാത്തതാണ് തന്റെ ആദ്യശ്രമം പരാജയപ്പെടാന്‍ കാരണമെന്ന് ശിഖ ഉള്‍ക്കൊണ്ടു. ഹാര്‍ഡ് വര്‍ക്കിനേക്കാള്‍ സ്മാര്‍ട്ട് വര്‍ക്കിലൂടെ വിജയം നേടാന്‍ തനിക്ക് സാധിക്കുമെന്ന് ശിഖ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പരീക്ഷയെ ആസ്പദമാക്കി സ്മാര്‍ട്ട് വര്‍ക്ക് ചെയ്യാനാരംഭിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയെ അഭിമുഖീകരിച്ചവരില്‍ പലരും പരീക്ഷയെ ആസ്പദമാക്കിയല്ല പഠിച്ചത്. അവര്‍ പഠിക്കുന്ന വിഷയങ്ങളില്‍ കഠിനാധ്വാനത്തിലൂടെ ആഴത്തിലുള്ള അറിവുനേടി. ഇത് മറ്റുവിഷയങ്ങള്‍ പഠിക്കാനുള്ള സമയം അപഹരിച്ചു. അതോടെ അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നു. പക്ഷേ, അവര്‍ പഠിച്ച വിഷയങ്ങളില്‍ തന്നെക്കാള്‍ വ്യക്തമായ ധാരണയും അഭിപ്രായമുണ്ടായിരിക്കും. പക്ഷേ, വിജയത്തിലേക്കുള്ള തന്റെ എളുപ്പവഴി സ്മാര്‍ട്ട് വര്‍ക്കായിരുന്നുവെന്ന് ശിഖ പറഞ്ഞു.

ഡല്‍ഹിയിലെ നാലുമാസത്തെ പരിശീലനത്തിന് ശേഷം വീട്ടിലിരുന്നായിരുന്നു പഠനം. ദിവസവും അഞ്ചുമണിക്കൂര്‍ പഠിച്ചു. വീട്ടിലിരുന്ന് പഠിക്കുന്നത് കൊണ്ടുതന്നെ മത്സരബുദ്ധി തീരെയുണ്ടായിരുന്നില്ല. തന്നോട് തന്നെ മത്സരിച്ച് ശിഖ പഠനം തുടര്‍ന്നു.ഐഛിക വിഷയമായ മലയാളം പഠിക്കാന്‍ പാലയിലെ കേന്ദ്രത്തിലാണ് കോച്ചിങിന് പോയത്. അവിടത്തെ അധ്യാപകരായ ഡേവീസ് സേവ്യറും ബേബി തോമസും പഠനത്തില്‍ ഏറെ സഹായിച്ചു. പഠനത്തിനായി ഇന്റര്‍നെറ്റ് കൂടുതലായി പ്രയോജനപ്പെടുത്തി. യുടൂബില്‍ #UPSC എന്ന് സെര്‍ച്ച് ചെയ്ത് ലഭ്യമായ ക്ലാസ്സുകളെല്ലാം കണ്ടു. നോട്ടുകള്‍ തയ്യാറാക്കി.
 

കുടുംബാംഗങ്ങള്‍ക്കൊപ്പം

കുടുംബാംഗങ്ങള്‍ക്കൊപ്പം

പത്രം പ്രധാന പഠനമാധ്യമം

ചെറുപ്പം മുതലേ പത്രവായന ശീലമാക്കിയതുകൊണ്ടുതന്നെ പത്രങ്ങളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. പത്രങ്ങളില്‍ നിന്നാണ്  ശിഖ സംഭവങ്ങള്‍ വിശകലനം ചെയ്യാനുള്ള പ്രാപ്തി നേടിയത്. സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നതിന് മുമ്പുവരെ സമൂഹത്തില്‍ നടക്കുന്നതെന്തൊക്കെയെന്ന് അറിയാനായിരുന്നു പത്രം വായിച്ചിരുന്നത്. പിന്നീട് പത്രം പഠിക്കുകയായിരുന്നു ശിഖ. പത്രം വായിച്ച് നോട്ട് തയ്യാറാക്കാനും അത് ഹൃദിസ്ഥമാക്കാനും ശിഖ സമയം കണ്ടെത്തിയിരുന്നു.

എന്തുകൊണ്ട് ബി ടെക്?

ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ സെന്റ് പോള്‍ ജൂനിയര്‍ സ്‌കൂളിലും എട്ടു മുതല്‍ പത്താംക്ലാസ്സുവരെ കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ശിഖ പഠിച്ചത്. പ്ലസ്ടു കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. അപ്പോഴെല്ലാം മലയാളമായിരുന്നു ഇഷ്ടവിഷയം. മലയാളത്തില്‍ ബിരുദം ചെയ്യാനായിരുന്നു ആഗ്രഹിച്ചതെങ്കിലും അത് ശിഖ മാറ്റി വെച്ചു. സിവില്‍ സര്‍വീസിന് ശ്രമം നടത്തി പരാജയപ്പെട്ടാലും ജോലിക്ക് പോകേണ്ടത് അനിവാര്യമാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മലയാളം പഠിച്ചയാള്‍ക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളേക്കാള്‍ കൂടുതല്‍ ബിടെക് ബിരുദധാരിക്കുണ്ടാകുമെന്ന ചിന്തയിലാണ് പ്ലസ്ടുവിന് ശേഷം ശിഖ ബിടെക് തിരഞ്ഞെടുത്തത്. കോതമംഗലം എംഎ കോളജില്‍ എന്‍ജിനീയറിംഗ് കോളേജിലെ പഠനത്തിനുശേഷം സിവില്‍ സര്‍വീസ് പഠനം ആരംഭിച്ചു. സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തിരഞ്ഞെടുത്തത് ശിഖ മലയാളമായിരുന്നു.

സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവരോട്

ദൃഢമായ ലക്ഷ്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസുമായി മുന്നോട്ടുപോകാം. ചെറുപ്പം മുതലേ പത്രവായന ശീലമാക്കുന്നത് അടിത്തറയാകും. സ്മാര്‍ട്ട് വര്‍്ക്കിലൂടെ വിജയം നേടാമെങ്കിലും പിന്നീട് ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനം അനിവാര്യമാണെന്ന് ശിഖ പറയുന്നു

ഇനി പരിശീലനം

ഐഎഎസ് പരിശീലനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശിഖ. ഇഷ്ടമേഖലയില്‍ തനിക്ക് തിളങ്ങാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും കൂട്ടായുണ്ട്. സ്ത്രീശാക്തീകരണത്തിനായി തന്റെ ഔദ്യോഗിക ജീവിതത്തില്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കില്ലെന്നതാണ് ശിഖയുടെ നിലപാട്. എറണാകുളം ജില്ലയില്‍ വടയമ്പാടി കാവനാക്കുടിയില്‍ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്.സഹോദരി:നിവ സുനില്‍

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top