26 April Friday

കുഞ്ഞുകഥകളുടെ വലിയ കഥാകാരി

ഡോ. ശരത് മണ്ണൂർUpdated: Wednesday Nov 29, 2017

സമകാലിക അമേരിക്കൻ സാഹിത്യത്തിലെ  ശ്രദ്ധേയ സാന്നിധ്യമാണ് ലിഡിയ ഡേവിസ്. 2013 ലെ മാൻ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരിയാണവർ. നോവലിസ്റ്റ്, കഥാകൃത്ത്, വിവർത്തക എന്നീ നിലകളിൽ അക്ഷരലോകത്ത് അറിയപ്പെടുന്ന ലിഡിയ കഥാകാരിയെന്ന നിലയിലാണ് രാജ്യാന്തര പ്രശസ്തി നേടിയത്. അവരുടെ കഥകൾ പുതുമ നിറഞ്ഞതും വിസ്മയകരമാം വിധം ഹ്രസ്വവുമാണ്.  'കുറുങ്കഥകളുടെ ചക്രവർത്തിനി' എന്നാണ്  സഹൃദയ ലോകം അവരെ വിശേഷിപ്പിക്കുന്നത്.

അമേരിക്കയിലെ നോർത്താംപ്ടണിൽ 1947 ൽ ജനിച്ച ലിഡിയ ഡേവിസ്  അൽബേനി  സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് വിഭാഗം പ്രൊഫസറായിരുന്നു. പന്ത്രണ്ടാം വയസ്സിൽ കഥകളെഴുതി  അവർ അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. കഥാകാരിയെന്നതിനു പുറമെ വിവർത്തക എന്ന നിലയിലും ശ്രദ്ധേയയായ ലിഡിയ ഫ്രഞ്ച് ഭാഷയിൽ  നിന്നും ഒട്ടേറെ പ്രമുഖ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.  

അസാധാരണമാം വിധം ഹ്രസ്വമാണ്  ലിഡിയ ഡേവിസിന്റെ കഥകൾ. മിക്ക കഥകളുടേയും  ദൈർഘ്യം  ഒരു പേജുമാത്രമാണെങ്കിൽ ചിലത് ഒരു ഖണ്ഡികയിലൊതുങ്ങുന്നവയാണ്. ഒരൊറ്റ  വാചകം മാത്രമുള്ള കഥകളും അവരുടെ തൂലികയിൽ നിന്നും പിറന്നുവീണിട്ടുണ്ട്. ഏഴ് കഥാ സമാഹാരങ്ങളിലായി  നൂറുകണക്കിന് കഥകളാണ് ലോകമെങ്ങും വായിക്കപ്പെടുന്നത്. 'കഥാന്ത്യം' എന്ന പേരിൽ അവർ എഴുതിയ ഏക നോവലും സഹൃദയ ശ്രദ്ധ നേടി.  ഫ്രഞ്ച്  സാഹിത്യത്തിലെ ഒട്ടനവധി കൃതികൾ ലിഡിയ ഡേവിസിന്റെ കൈകളിലൂടെയാണ് ഇംഗ്ലീഷിലേക്കെത്തിയത്. ഫ്‌ലാബേറിന്റെ 'മാഡം ബോവറി'യും, മാർസെൽ പ്രൂസ്തിന്റെ കൃതികളും അവയിലുൾപ്പെടുന്നു.

മാൻ ബുക്കർ പ്രൈസിനു പുറമെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ദി ഓർഡർ, മാക് ആർതർ ഫെല്ലോഷിപ്പ്, അമേരിക്കൻ അക്കാഡമി ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് അവാർഡ് തുടങ്ങി ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലിഡിയയെ തേടിയെത്തിയിട്ടുണ്ട്. 'ബ്രെയ്ക് ഇറ്റ് ഡൗൺ', 'ആൾമോസ്റ്റ്  നോ മീനിംഗ്', 'സാമുവൽ ജോൺസൺ ഈസ് ഇൻഡിഗ്‌നന്റ്', 'സെപ്പറേറ്റ് ബെഡ് റൂംസ്, 'ലോസ്റ്റ് തിങ്ങ്‌സ്', 'െവറൈറ്റീസ് ഓഫ് ഡിസ്റ്റർബൻസ്',  'ദി കൗസ്', 'കാണ്ട് ആൻഡ് വോണ്ട്' എന്നിവ  ശ്രദ്ധിക്കപ്പെട്ട കഥകളിൽ ചിലതാണ്.    

കഥയുടെ പരമ്പരാഗത രീതികളെയെല്ലാം  ധീരമായി മറികടക്കുന്നവയാണ് ലിഡിയയുടെ കഥകൾ.  ഇതിവൃത്തം, കഥാഗതി തുടങ്ങി ഒരു മാതൃകാ കഥയ്ക്കു  വേണ്ട ചേരുവകളൊന്നും അവയിൽ കാണാനാവില്ല. കഥാപാത്രങ്ങളെല്ലാം പേരില്ലാത്തവരാണ്. എങ്കിലും കഥകളൊക്കെ  അനിർവചനീയമാം വിധം  കാവ്യാത്മകവും താളനിബദ്ധവും  വ്യത്യസ്തമായ ദാർശനികമാനങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. ആത്മഗതങ്ങളെയോ ഗദ്യകാവ്യങ്ങളെയോ  അനുസ്മരിപ്പിക്കുന്ന  സവിശേഷമായ ആഖ്യാന രീതിയാൽ ശ്രദ്ധേയമായ അവ വായനക്കാരുടെ  ഹൃദയത്തോട്  നേരിട്ട് സംവദിക്കുന്നു.

മിക്ക കഥകളിലും സൃഷ്ടിക്കപ്പെടുന്ന സർറിയൽ  അന്തരീക്ഷം കാഫ്കയുടെ രചനാരീതിയെ  അനുസ്മരിപ്പിക്കുന്നതാണ്.  ഐറണിയുടേയും ആക്ഷേപഹാസ്യത്തിന്റേയും വിദഗ്ധമായ സംശ്ലേഷണവും  ലിഡിയയുടെ കഥകൾക്ക് സവിശേഷമായ  ചാരുത നൽകുന്നുണ്ട്. ചുരുക്കത്തിൽ, പരീക്ഷണോന്മുഖവും പരിവർത്തനോത്സുകവുമായ സമകാലിക സ്ത്രീപക്ഷ രചനയുടെ അനുകരണീയ മാതൃകകളെന്ന് ലിഡിയ ഡേവിസിന്റെ കഥകളെ  വിശേഷിപ്പിക്കാം.

മാൻ ബുക്കർ പ്രൈസുമായ്  ലിഡിയ ഡേവിസ്

മാൻ ബുക്കർ പ്രൈസുമായ് ലിഡിയ ഡേവിസ്

എഴുത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുമ്പോഴും തന്റെ  മാധ്യമം  കഥ തന്നെയാണെന്ന്  ലിഡിയ പറയുന്നു. 'ഞാൻ ആദ്യം കഥകൾ എഴുതിക്കൊണ്ടാണ്  അക്ഷരലോകത്തേയ്ക്ക് കടന്നത്.  അന്നുതന്നെ എന്റെ  മേഖല കഥയാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെ ചിന്തയുടെയും ഭാവനയുടെയും വളർച്ചക്കനുസരിച്ച് കഥകൾ പുതിയ രചനാരീതിയും ജീവിത വീക്ഷണവും സ്വീകരിച്ചിട്ടുണ്ട്.  പലപ്പോഴും ധ്യാനത്തിന്റേയോ  ആത്മഗതത്തിന്റേയോ  വൈയക്തിക തലങ്ങളിലേക്ക്  അവ  വഴുതിമാറിയിട്ടുമുണ്ട്. എങ്കിലും  അവയെയെല്ലാം കഥകൾ എന്നു വിളിക്കാൻ തന്നെയാണ് എനിക്കിഷ്ടം.' 

ജീവിതയാത്രയിൽ ആകസ്മികമായി മനസ്സിൽ പൊട്ടിമുളയ്ക്കുന്ന എല്ലാ ആശയങ്ങളും അനുഭവങ്ങളും അനുഭൂതികളും  അതേപടി അക്ഷരങ്ങളാക്കി മാറ്റുകയാണ്  ലിഡിയ ഡേവിസ് എന്ന കഥാകാരി. ഇതുവരെ കാണാത്ത കഥയുടെ പുതിയ രൂപവും ഭാവവുമാണ്  അവർ അനുവാചകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പുതിയ എഴുത്തിനേയും പുതിയ ജീവിത ദർശനത്തേയും വിളംബരം ചെയ്യുന്ന ആ  കഥകൾ സ്ത്രീപക്ഷ രചനയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒരധ്യായമായിരിക്കുമെന്നതിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top