26 April Friday

ആനി സെയ്ദി അക്ഷരലോകത്ത‌് വളർന്നവൾ

ഡോ. ശരത് മണ്ണൂർUpdated: Tuesday Jun 25, 2019

 
അന്തര്‍ദേശീയ തലത്തിൽ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യം  വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗ്ലോബൽ  ബുക്ക് പ്രൈസ് എന്ന പേരിൽ പ്രശസ്തമായ  നയണ്‍ ഡോട്സ്   പ്രൈസിന്  ഈ വർഷം തെരഞ്ഞെടുത്തത്  മുംബെയിലെ പ്രശസ്ത എഴുത്തുകാരിയും  പത്രപ്രവര്‍ത്തകയുമായ ആനി സെയ്ദി. സമകാല വിഷയങ്ങളെ അധികരിച്ച്  രചിക്കപ്പെടുന്ന ഏറ്റവും മികച്ച ഉപന്യാസത്തിന്,  പ്രശസ്തമായ കാഡസ് ഫൗണ്ടേഷനും കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസും സംയുക്തമായി നൽകുന്ന ഈ പുരസ്കാരം സെയ്ദിയുടെ   'ബ്രെഡ് , സിമെന്റ്, കാക്റ്റസ്' എന്ന രചനയ്ക്കാണ്  ലഭിച്ചത്.  സാമൂഹ്യബോധമുള്‍ക്കൊള്ളുന്ന ഉന്നതമായ സർഗാത്മകചിന്തകളെ പരിപോഷിപ്പിക്കാനുള്ളതാണ് രാജ്യാന്തരതലത്തിൽത്തന്നെ ശ്രദ്ധേയമായ,  ഒരു ലക്ഷം യു എസ് ഡോളർ സമ്മാനത്തുകയുള്ള നയണ്‍ ഡോട്സ് പ്രൈസ്. സെയ്ദിയുടെ  ഉപന്യാസം വീടിനെക്കുറിച്ചും ജന്മനാടിനെക്കുറിച്ചുമുള്ള ഓർമകളുടെയും കാഴ്ചപ്പാടുകളുടെയും മനോഹരമായ ഒരു വാങ്മയചിത്രമാണ്.  2020 ൽ  കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്  ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.   

ഈ പുരസ്കാരലബ്ധിയെക്കുറിച്ച് സെയ്ദി പറഞ്ഞത്, അതിരുകളില്ലാത്ത ചിന്തയുടെയും കാഴ്ചപ്പാടുകളുടേയും ലോകത്തേക്ക് പ്രവേശിക്കുവാന്‍ ഇത് തനിക്ക് പ്രചോദനം നൽകുന്നു എന്നാണ്.  വിദ്യാഭ്യാസവിദഗ്ധരും  പത്രപ്രവർത്തന രംഗത്തെ പ്രഗത്ഭരുമായ  പതിനൊന്ന് പേരടങ്ങിയ പുരസ്കാര നിര്‍ണയ സമിതി   തികച്ചും രഹസ്യമായാണ്  എന്‍ട്രികള്‍   പരിശോധിച്ച്  സെയ്ദിയെ തിരഞ്ഞെടുത്തത്. സമിതിയുടെ അധ്യക്ഷൻ   പ്രൊഫെസ്സർ സൈമൺ ഗോഡ്ഹിൽ പറയുന്നു:  "ഇന്നത്തെ കാലത്തെ ആളുകൾക്ക് വീടെന്ന സങ്കൽപ്പത്തെക്കുറിച്ച് എത്ര ശ്കതമായ കാഴ്ചപ്പാടുകളാണുള്ളതെന്ന് ആനിയുടെ വാക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു''

  1978 ൽ അഹമ്മദാബാദിലാണ്  ആനി സെയ്ദി ജനിച്ചത്.  മുത്തച്ഛൻ  അലി ജവാദ് സെയ്ദി  ഉറുദുവിലെ ശ്രദ്ധേയനായ കവിയായിരുന്നു. സെയ്ദിയുടെ മാതാവും കവിതകളെഴുതിയിരുന്നു. വിശേഷാവസരങ്ങളിൽ കുട്ടികൾക്ക്   സമ്മാനമായി കിട്ടിയിരുന്നത് പുസ്തകങ്ങളായിരുന്നുവെന്ന് സെയ്ദി ഓര്‍ക്കുന്നുണ്ട്.  അക്ഷരങ്ങളുടെ വലിയൊരു ലോകത്ത് കഥകൾ കേട്ടാണ് അവള്‍  വളർന്നത്. എട്ടു വയസ്സില്‍ കാലിന് പരിക്കുപറ്റി  കുറച്ചുകാലം ആശുപത്രിയിൽ കഴിയേണ്ടി വന്നപ്പോഴാണ്  പുസ്തകങ്ങളുമായി  കൂടുതല്‍ അടുക്കുന്നത്. അക്കാലത്ത് പുസ്തകങ്ങൾക്ക് പകരം ടെലിവിഷന്‍ തെരഞ്ഞെടുത്തിരുന്നുവെങ്കില്‍  തനിക്ക് ഒരിക്കലും ഒരു വായനക്കാരിയാകാനോ ഒരെഴുത്തുകാരിയാകാനോ കഴിയുമായിരുന്നില്ലെന്ന്  സെയ്ദി വ്യക്തമാക്കിയിട്ടുണ്ട്. ബിരുദാനന്തരം പത്രപ്രവർത്തനത്തിൽ പരിശീലനം പൂർത്തിയാക്കിയ സെയ്ദി  ഫ്രീലാന്‍സ് പത്രപ്രവർത്തന   മേഖലയിലേക്ക് പ്രവേശിച്ചു.  വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ കവിതകളും നാടകങ്ങളുമെഴുതിയിരുന്ന സെയ്ദിയുടെ ആദ്യ പുസ്തകം പക്ഷെ 'നോണ്‍ ടര്‍ഫ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഉപന്യാസ സമാഹാരമാണ്.  തുടർന്ന്  കഥ, നോവലെറ്റ്, കവിത, നാടകം, ഉപന്യാസം, ഓർമ്മക്കുറിപ്പ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി   ഇരുപതിലേറെ   പുസ്തകങ്ങൾ രചിച്ചു. ഗുലാബ്,  ലവ് സ്റ്റോറീസ്,  ക്രഷ്,  ത്രീ പ്ളേയ്സ്‌, ഗുജറാത്ത്- എ ജേണി, പ്രേം കഥ, സ്ലീപ് ടൈറ്റ്, 2000 ഇയേഴ്സ് ഓഫ് ഇന്ത്യൻ  വിമെന്‍സ് റൈറ്റിംഗ് എന്നിവയാണ്  പ്രധാന രചനകൾ.

ഉന്നതമായ സാമൂഹ്യബോധം  ജീവിതത്തിലെന്നപോലെ  എഴുത്തിലും  കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയാണ് ആനി  സെയ്ദി . സമൂഹത്തിന്റെ ദൈനംദിന ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന  എഴുത്തുകാരി   അനീതിക്കെതിരെ അക്ഷരങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്നു. സാമൂഹ്യ പ്രതിജ്ഞാബദ്ധതയിലൂന്നിയ  തികച്ചും മാനവികമായ ഒരു പ്രത്യയശാസ്ത്രമാണ്  തന്റെ രചനകളിലെല്ലാം അവർ അവതരിപ്പിക്കുന്നത്.  ഇന്ത്യൻ  ജനാധിപത്യ വ്യവസ്ഥയുടെ വിഭിന്ന സ്വഭാവങ്ങളെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവർ സൂക്ഷ്മമായി പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ തീക്ഷ്ണമായ ജാതിവ്യവസ്ഥയും ദളിത്, -സ്ത്രീ വിരുദ്ധതയും സാംസ്കാരിക ജീർണതയും നിറഞ്ഞ പുതുകാല  ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ പരിച്ഛേദമായി മാറുന്നു സെയ്ദിയുടെ മിക്ക രചനകളും. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു.    ``ഒരു സ്ത്രീക്ക് വോട്ടു ചെയ്യുമ്പോഴുള്ള സ്വാതന്ത്ര്യം പോലും സ്വന്തം  ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നില്ല.   സ്വന്തം ഇഷ്ടപ്രകാരം ആരെയെങ്കിലും  സ്നേഹിക്കാനോ   വിവാഹം കഴിക്കാനോ കഴിയാത്തിടത്തോളം കാലം ഇന്ത്യന്‍ സ്ത്രീത്വം ജനാധിപത്യം അനുഭവിക്കുന്നു എന്ന് പറയാനാവില്ല."

ഉയരങ്ങളിലേക്ക് കുതിക്കുന്ന  എഴുത്തുകാരി എന്നാണ്  പ്രശസ്തമായ എല്ലി മാസിക  ആനി സെയ്ദിയെ വിശേഷിപ്പിച്ചത്.  ദക്ഷിണേഷ്യൻ സാഹിത്യത്തിന്  പൊതുവെയും ഇന്ത്യൻ ഇഗ്ലീഷിന് വിശേഷിച്ചും ശ്രദ്ധേയമായ ഔന്നത്യം നൽകുന്നതിൽ സെയ്ദിയുടെ  തൂലിക വലിയ  പങ്കു വഹിച്ചിട്ടുണ്ട്.  അതിനുള്ള സാക്ഷ്യപത്രംതന്നെയാണ് ഇപ്പോൾ അവര്‍ക്കു ലഭിച്ച ഈ പുരസ്കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top