26 April Friday

‘പെഴച്ചവൻ’ പിറക്കാത്ത ഭൂമി

ജിഷ അഭിനയUpdated: Sunday Mar 15, 2020


ഒരു വീട്ടിൽനിന്ന്‌ ഒരമ്മ പടിയിറങ്ങിപ്പോവുകയെന്നാൽ ഇല്ലാതാകുന്നത്‌ ആ വീടൊന്നാകെയാണ്‌. അവശേഷിക്കുക ഒടുങ്ങാത്ത നിലവിളികളും. ഇവിടെയൊരമ്മ പാതിവഴിയിൽ മടങ്ങി, രണ്ടുകുരുന്നുകളുടെ നിലവിളികൾക്കുമീതെ. ഏറെ ഭയപ്പാടോടെ... ‘സ്വഭാവദൂഷ്യമുള്ള’വളെന്ന ആരോപണം താങ്ങാനാകാതെ. ക്ഷേത്രോത്സവ ചടങ്ങിനിടെ കോമരം കൽപ്പന പറഞ്ഞത്രെ അവൾ  ‘ചീത്തപ്പെണ്ണെന്ന്‌’.  ആത്മാഭിമാനത്തിനേറ്റ മുറിവിനാൽ ചോരവാർന്നൊഴുകിയ ഹൃദയം പിഴുതെടുത്തവൾ തന്നു... ‘ആവോളം ഭക്ഷിക്കുക...’

മനുഷ്യവംശത്തിന്റെ ചരിത്രം  അടയാളപ്പെടുത്തപ്പെട്ട ഓരോ കാലഘട്ടത്തിലും രൂപമെടുത്ത ചിന്തകൾ,  മതബോധങ്ങൾ, ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ എല്ലാം കടുത്ത സ്‌ത്രീവിരുദ്ധതയുടെ  പാഠങ്ങളാണ്‌ പകർന്നത്‌. സ്‌ത്രീ കേവലം രതിക്കും പ്രത്യുൽപ്പാദനത്തിനുമുള്ള ഉപകരണം മാത്രമായി പരിണമിച്ചു.

മതസിദ്ധാന്തങ്ങളെല്ലാം ഈ കാഴ്‌ചപ്പാടിനെ പിന്തുടർന്നു. യുദ്ധത്തിൽ തടവിലാക്കപ്പെടുന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള അവകാശംവരെ പുരുഷനു നൽകിയ ദൈവങ്ങൾവരെയുണ്ട്‌ നമുക്കിടയിൽ.

അയുക്തികമായ കാഴ്‌ചപ്പാടുകളെ വർത്തമാനകാലത്തും കൈവിടാത്ത സമൂഹത്തിന്റെ അന്ധതയുടെ രക്തസാക്ഷിയാണ്‌ തൃശൂർ  മണലൂർ പാലാഴിയിൽ ശ്യാംഭവിയെന്ന മുപ്പതുകാരി. ‘പുരുഷ കൽപ്പന’യുടെ ഇരയായി മാറിയവൾ. പാലാഴി കാരണത്ത്‌ വീട്ടിൽ ശ്രീകാന്ത്‌ എന്ന ഇരുപത്തഞ്ചുകാരൻ അറസ്റ്റിലായെങ്കിലും ഒഴിയുന്നില്ല ആ കുടുംബത്തിന്റെ തോരാകണ്ണീർ.  അവൾ  സ്വഭാവദൂഷ്യമുള്ളവളെന്നാരോപിച്ച കോമര പരസ്യമായി മാപ്പുപറയണമെന്ന്‌ അവളോട്‌ കൽപ്പിച്ചു. 

ഇരുനൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ ഭർതൃമതിയായ ഒരു സ്‌ത്രീയോടാണ്‌ ഈ ആവശ്യം.  ഒരു ഭാഗത്ത്‌ വിശ്വാസം ദൈവരൂപേണ മുന്നിൽ വെളിപ്പെടുന്നു. മറുഭാഗത്ത്‌ മരണംവരെ കൂടെയുള്ള കുടുംബം എന്ന അത്താണിയുടെ കൈത്താങ്ങ്‌. ഒരു സാധാരണപെൺകുട്ടിയെ സംബന്ധിച്ചിടത്തോളം തകർന്നുപോകാൻ ഇത്രയും ധാരാളം. മനുസ്‌മൃതി ലഹരിയിൽ കൂടുതൽ സ്‌ത്രീവിരുദ്ധ ചേരിയിൽ മുന്നണിപ്പോരാളികളായി രാജ്യം ഭരിക്കുന്ന പാർടിതന്നെ നിലയുറപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കുക സ്വാഭാവികം. ന്യൂനപക്ഷ ദളിത്‌  സ്‌ത്രീകൾക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ആക്രമണങ്ങൾക്കുപിന്നിൽ വാട്‌സാപ് യൂണിവേഴ്‌സിറ്റികളിൽനിന്ന്‌ വിഷംനിറച്ച തലച്ചോറുമായി ഒരു സംഘമെത്തുമ്പോൾ  ശ്രീകാന്ത്‌, പ്രതീകം മാത്രമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top