26 April Friday

വരൂ രാവിന്റെ മടിയിലേക്ക്‌

എ പി സജിഷUpdated: Sunday Jan 5, 2020


പഠനവും സ്വപ്‌നവും തല്ലിക്കെടുത്തിയ രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽനിന്ന്‌ യാത്രപോയ നാല്‌ പെണ്ണുങ്ങളുണ്ട്‌. രാത്രിയാത്രയെ തെല്ലും കൂസാതെ മതിവരുവോളം ആസ്വദിച്ച്‌ അവർ നടന്നു. വരണ്ടുണങ്ങിയ പെണ്ണുയിരിനോട്‌ വിട ചൊല്ലി. കാലങ്ങളോളം കെട്ടിയിട്ട തടവറയുടെ മൗനം ഭേദിച്ച്‌ എത്രയോ വഴികളിലൂടെ പറന്നു. പോകുന്ന വഴികളിൽ കൂകിയാർത്തു. പെണ്ണിന്റെ സ്വാതന്ത്ര്യത്തിനും ഉയിരിനും ഉടലിനും ഒരുപാട്‌ മഹത്വമുണ്ടെന്ന്‌ വിളിച്ചോതി. ആണിന്റേതുമാത്രമായ വഴികളിൽ തങ്ങൾക്കും ഇടമുണ്ടെന്ന്‌ ചൊല്ലിയ ‘പാർച്ച്‌ഡ്‌ ’എന്ന ചലച്ചിത്രം ഇടയ്‌ക്കിടെ മാടിവിളിക്കാറുണ്ട്‌.

അത്രത്തോളമല്ലെങ്കിലും ഓരോ രാത്രിയും തങ്ങൾക്കുകൂടി നടക്കാനുള്ള വഴി വേണമെന്ന്‌ കൊതിക്കുന്ന എത്രയോ സ്‌ത്രീകൾ കൺമുന്നിലുണ്ട്‌. എന്നും പേടിപ്പിക്കുന്ന ഇരുട്ടിന്റെ വഴികളിലൂടെ ഒരു ദിവസം അവരും പുറത്തിറങ്ങി. ഉമ്മയുടെ കൈവിരലുകൾപോലും പിടിക്കാതെ മിഠായിത്തെരുവിലൂടെ ഓടിനടന്ന സെൻഹ മെഹഖയുണ്ട്‌ അവരിൽ. അറുപത്തഞ്ചാം വയസ്സിൽ പാതിരാവിൽ ആദ്യമായി പുറത്തിറങ്ങിയ നബീസയുണ്ട്‌, കുഞ്ഞുമക്കളെ ഒക്കത്തിരുത്തി നടന്ന അഖിലയും സാദിയയുമുണ്ട്‌. പോകുന്ന വഴികൾ തന്റേതുകൂടിയാണെന്ന്‌ തെളിയിച്ച്‌ ഇരുട്ടിനെ കീറിമുറിക്കുന്ന ആത്മവിശ്വാസത്തിന്റെ വെളിച്ചത്തിൽ അങ്ങനെ ഒത്തിരിപേർ നടന്നു. നഗരത്തിൽ കണ്ണുചിമ്മാത്ത കുഞ്ഞുകുഞ്ഞു വെളിച്ചങ്ങൾമാത്രമായിരുന്നു അവർക്ക്‌ കൂട്ട്‌. ഓരോ നഗരത്തിനുമുണ്ടായിരുന്നു ഓരോ കഥകൾ പറയാൻ.

പൊതു ഇടങ്ങൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവിന്റെ ബോധവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച രാത്രിനടത്തത്തിൽ സ്‌ത്രീകളുടെ ഒഴുക്കായിരുന്നു. ഈ ഇടങ്ങളൊന്നും ഇതുവരെയെന്തേ തങ്ങൾക്കു മുന്നിൽ വഴിമാറിനിന്നു എന്ന ചോദ്യവുമായി അവർ രാത്രിവീഥികളിൽ പാട്ടുപാടി, നൃത്തംചവിട്ടി. കൂടെയുണ്ടെന്ന തോന്നൽ യാഥാർഥ്യമാക്കി ഒരു സർക്കാർ ഒപ്പംനിൽക്കുമ്പോൾ അവർക്ക്‌ പേടിയില്ലായിരുന്നു. ഒരു നഗര രാത്രി അവരെയെല്ലാം മാടിവിളിച്ചു. സാമൂഹ്യപ്രവർത്തകർ, സർക്കാർജീവനക്കാർ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒരുപാട്‌ പേരുണ്ടായിരുന്നു രാത്രിനടത്തത്തിൽ. സധൈര്യം മുന്നോട്ട്, ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു തെരുവിലിറങ്ങിയത്‌. സംസ്ഥാനത്താകെ വനിതാ ശിശു വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘നിർഭയദിന’ത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ്‌ ഒത്തുചേർന്നത്‌.

കേരളത്തിന്റെ ഓരോ ജില്ലയിലും വിവിധ കോണുകളിൽനിന്ന്‌ ഒറ്റയായും കൂട്ടായും വന്നെത്തി എത്രയോ സ്‌ത്രീകൾ രാവിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു. വളന്റിയർമാരും പൊലീസ്‌ ഉദ്യോഗസ്ഥരും സഹായത്തിനെത്തി. വനിതാ പൊലീസ്‌  മഫ്‌ത്തിയിൽ നടന്നു.

മൂവന്തി ചുവന്നാൽ ഇരുട്ടിന്റെ മൗനത്തിലേക്ക്‌ ഓടിയൊളിക്കുന്ന കാലത്തിലേക്കല്ല പെണ്ണിന്‌ മടങ്ങിപ്പോകാനുള്ളത്‌. അവളെ തിരിച്ചുവിളിക്കുന്നത്‌ അവളുടേതുകൂടിയായ ഇടങ്ങളാണ്‌. അതിന്‌ ഇനിയുമുണ്ടാകും വിലക്കുകൾ. ഇനിയുമുണ്ടാകും അതിരുകൾ. ഇനിയുമുണ്ടാകും ചുഴിഞ്ഞുനോട്ടങ്ങളും കമന്റടികളും. പക്ഷേ, അവയൊന്നുമില്ലാതെ പെണ്ണിന്റെ വഴികൾക്ക്‌ കൂടുതൽ വെളിച്ചം പകരാൻ സർക്കാർ പകർന്ന ഈ ആത്മവിശ്വാസം ഒരുൾക്കരുത്താകും. തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top