19 April Friday

കടമ്പകൾ....കോവിഡ് കുറിപ്പുകള്‍ തുടരുന്നു

നിഷ മഞ്ചേഷ്Updated: Wednesday Sep 23, 2020

ഴിഞ്ഞത് സ്വാതന്ത്ര്യ ദിനം ആണെങ്കിൽ ഇന്ന് ദൈവം തമ്പുരാൻ വിശ്രമിക്കാൻ പറഞ്ഞ ഏഴാമത്തെ ദിവസം ആണല്ലോ എന്ന ഭയത്തോടെ ഞാൻ പുലർന്ന പകലിനെയും അതിന്റെ ചൂടിനെയും ജനലിൽ കൂടി നോക്കി .

കാഴ്ചകളൊക്കെയും മങ്ങി തന്നെയിരുന്നു.

മഞ്ജൻ ആശുപത്രികൾ തേടിയുള്ള ഫോൺ വിളികൾ തുടങ്ങിയിരുന്നു.

ഉണർന്ന് അല്പ സമയത്തിനകം തന്നെ ഞാൻ മയങ്ങി പോകാൻ തുടങ്ങി. എനിക്ക് എണീക്കാനോ ഇരിക്കാനോ തീരെ കഴിയാതെ ആയി.

ആകാശത്ത് കൂടി പറന്നുപോകുന്നതും ഏതോ മേഘത്തിന്റെ ചരിവിൽ നിന്ന് തെന്നി വീഴുന്നതും സ്വപ്നമായി വന്നു കൊണ്ടിരുന്നു. തെന്നലിൽ ശരീരം ഞെട്ടിപിടഞ്ഞു ഉണരും , അപ്പോൾ തന്നെ മയങ്ങി പോകും , വീണ്ടും അതേ വെള്ള നിറം , വീഴൽ ...

ഏതെങ്കിലും ഒരു സ്വപ്നത്തിന്റെ വിളുമ്പിൽ നിന്നും ഞാൻ ഉണരാൻ പറ്റാതെ വീണു പോയെങ്കിലോ എന്നൊരു തണുപ്പ് ഇടയ്ക്ക് എപ്പോഴോ ഉണർന്നപ്പോൾ എന്നെ പുതച്ചു.
മരിച്ചു പോകരുത് എന്ന് മനസ്സ് കൊണ്ട് എന്നെ ഞാൻ ചേർത്തുപിടിച്ചു.

ഞാൻ മഞ്ജനെ വിളിച്ചു - "നമുക്ക് വേഗം ആശുപത്രിയിൽ എത്തണം , എവിടെ എങ്കിലും . അധിക നേരം ഇനി പറ്റില്ല "

ഇത് പറയുമ്പോൾ ഞാൻ മഞ്ജന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

മഞ്ജൻ എന്റെ അടുത്തിരുന്നു ആ മനുഷ്യനെ ഫോൺ വിളിച്ചു.

ആ നിമിഷം മുതൽ എന്റെ ജീവന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത , ആ വലിയ മനുഷ്യനോട് ഞങ്ങളെ സഹായിക്കണം എന്നു പറഞ്ഞു.

"മഞ്ചേഷ് പേടിക്കരുത്, നമുക്ക് എത്രയും വേഗം നിഷയെ ഹോസ്പിറ്റലിൽ എത്തിക്കാം, നിഷയോടും ധൈര്യമായി ഇരിക്കാൻ പറയണം , നിങ്ങൾ താമസിക്കുന്ന ഇടം പറയ് , ഞാൻ അങ്ങോട്ട് വരാം , ഓക്സിജൻ ലെവൽ ഇടയ്ക്കിടെ ചെക്ക് ചെയ്യണം , ഞാൻ ഓക്സിമീറ്റർ കൊണ്ട് വരാം, എത്രയും വേഗം നമുക്ക് ഹോസ്പിറ്റലിൽ പോകാം" എന്ന് അദ്ദേഹം പറഞ്ഞു.

പേര് ഞാൻ പറയുന്നില്ല.
അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. പക്ഷെ മനുഷ്യ സ്നേഹിയായ ഇങ്ങനെ ചിലരുടെ ഓട്ടപ്പാച്ചിലുകളാണ് ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന്റെ അച്ചുതണ്ട് എന്ന് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു , സ്നേഹത്തോടെ ഞാൻ ആ മനുഷ്യനെ ഇവിടെ അടയാളപ്പെടുത്തി വെക്കുന്നു.

അഞ്ചു നിമിഷത്തിനകം അദ്ദേഹം ഓക്സിമീറ്ററുമായി എത്തി.

എന്റെ വിവരങ്ങൾ അന്വേഷിച്ചു. മെഡിക്കൽ കോളേജിൽ നിന്നും മടക്കി വിട്ട വിവരം വിശദമായി ചോദിച്ചറിഞ്ഞു.

കാൻപൂരിലെ ഏറ്റവും പ്രശസ്തമായ റീജന്സി ഹോസ്പിറ്റലിൽ കോവിഡ് ക്യാമ്പ് നടക്കുന്നുണ്ട് എന്നും എത്രയും വേഗം അവിടെ എത്തണം എന്നും , അവിടെ രണ്ട് ഡോക്ടർമാരെ വിവരം അറിയിച്ചിട്ടുണ്ട് എന്നും അവർ ഞങ്ങളെ സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.  സഹിക്കാൻ തയ്യാറുള്ള ഡോക്ടർമാരുടെ ഫോൺ നമ്പർ മഞ്ജന് നൽകി.

അർദ്ധ ബോധത്തിൽ നിന്നും ഉണർന്ന് ഉടുപ്പ് മാറിയ ഞാനും എന്റെ ഒപ്പം പൊന്നുവുമായി മഞ്ജൻ റീജന്സിയിലേയ്ക്ക് തിരിച്ചു , സമയം അപ്പോൾ പതിനൊന്നോ പന്ത്രണ്ടോ ആയിട്ടുണ്ടവണം.

പുറത്ത് വെയിൽ പൊന്നുരുകുന്നത്ര ഉണ്ടായിരുന്നില്ലെങ്കിലും ആരോഗ്യമുള്ള ഒരാൾ പോലും മടുത്ത് പോകും വിധം അത് പൊള്ളുന്നത് ആയിരുന്നു.

ഞാൻ റീജന്സി ആസ്പത്രിയ്ക്ക് മുൻപിൽ എത്തുമ്പോൾ അവിടെ സർക്കസ് കൂടാരത്തിന്റെ രൂപത്തിൽ രണ്ട് വെളുപ്പ് നിറമുള്ള ടെന്റുകൾ കണ്ടു. അവയ്ക്ക് മുകളിൽ ചുവന്ന നിറത്തിൽ കോവിഡ് ക്യാമ്പ് എന്ന് എഴുതി വച്ചിരുന്നു.

അകത്ത് എന്തൊക്കെയോ ഫോമുകൾ പൂരിപ്പിക്കുകയും ആദ്യമേ പറഞ്ഞ ഡോക്ടറുടെ കോവിഡ് ടെസ്റ്റ്നു എഴുതിയ ചീട്ട് ഉണ്ടാക്കുകയും മറ്റുമായി മഞ്ജൻ അവിടെ ഓടി നടക്കുമ്പോൾ ഞാൻ അതിൽ ഒരു കസേരയിൽ വീണ് പോവാതെ ഇരിക്കുകയായിരുന്നു. എൻറെ അടുത്ത് നിന്ന് അകന്നൊരു കസേരയിൽ പൊന്നുവും.

ഒടുവിൽ എല്ലാ നിര്ദേശങ്ങൾക്കും സഹായങ്ങൾക്കും എനിക്ക് മുൻപേ എത്തിയ മനുഷ്യരുടെ തളർച്ചകൾക്കുമൊടുവിൽ അവർ എന്റെ കോവിഡ് ടെസ്റ്റിനുള്ള സാമ്പിൾ കളക്റ്റ് ചെയ്തു, എന്റെ കൈയ്യിൽ അപ്പോൾ covid-19 RT/PCR എന്ന് മൂന്ന് ഡോക്ടമാർ മൂന്നിടത്തു നിന്ന് എഴുതി തന്നത് ഉണ്ടായിരുന്നു , ടെസ്റ്റിനായി ഒരു പകലിന്റെ അകലത്തിൽ രണ്ട് സാമ്പിളുകൾ ശേഖരിച്ചിരുന്നു.

അവർ ആറ് മണിക്കൂറിനു ഉള്ളിൽ റിസൾട്ട് തരാം എന്ന് പറഞ്ഞു .

പറ്റുന്നത്ര വേഗത്തിൽ റിസൾട്ട് ഫോൺ വിളിച്ചു അറിയിക്കാമെന്നും അത് വരെ വീട്ടിൽ പോയി വിശ്രമിക്കൂ എന്നും പോസിറ്റീവ് ആണെങ്കിൽ റീജന്സിയുടെ തന്നെ ഗോവിന്ദ് നഗറിൽ ഉള്ള കോവിഡ് ഹോസ്പിറ്റലിലേക്ക് പോയാൽ മതിയെന്നും അവിടെയുള്ള ഡോക്ടർ മഞ്ജനോട് പറഞ്ഞു.

ഞങ്ങൾ വീണ്ടും വീട്ടിലേയ്ക്ക് മടങ്ങി.

ഒരുമണിക്കൂർ ദൂരമുള്ള യാത്രയാണ് ഞാൻ വീണ്ടും താണ്ടി വീട്ടിൽ എത്തിയത്.

വീടെത്തിയ ഞാൻ വീണ്ടും കിടന്നും മയങ്ങിയും ഇടയ്ക്ക് മേഘങ്ങളിൽ നിന്ന് വഴുതി ഉണർന്നും റിസൾട്ട് വന്നോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് എന്റെ എന്റെ എന്ന് ഞങ്ങൾ പരസ്പരം ഉരുവിടുന്ന മൂന്ന് സ്നേഹങ്ങളോട് ഞാൻ ചിരിച്ചു കൊണ്ട് വിശേഷങ്ങൾ മെസേജ് ചെയ്തു.

അപ്പോഴൊക്കെ എനിക്ക് ഒന്നുമില്ലെന്ന് എനിക്കും തോന്നി അവർക്കും തോന്നി.

പപ്പയും ചീരമ്മയും ഫോണിനുമുന്പിൽ പിടഞ്ഞു പിടഞ്ഞിരുന്നു , അവരും എനിക്കൊന്നുമില്ലെന്നു ആശ്വസിച്ചും ആശ്വസിപ്പിച്ചുമിരുന്നു.

ഇടയ്ക്ക് തെന്നി വീഴാതെ മേഘം എന്നെ ചേർത്തു പിടിച്ചു ഉറക്കാൻ തുടങ്ങിയപ്പോൾ മഞ്ജന്റെ വിളി വന്നു തട്ടി ,
"മോനേ, എണീക്ക് . റിസൾട്ട് വന്നേ . പോസിറ്റീവ് ആണ് കേട്ടോ , ബാ നമുക്ക് ആശുപത്രിയിലേക്ക് പോകാം" .

എനിക്ക് ഭയമോ വെപ്രാളമോ എന്തിന് നിസ്സംഗത പോലും തോന്നിയില്ല , ആശുപത്രിയിൽ ഇനിയെങ്കിലും എന്നെ കയറ്റുമല്ലോ എന്ന ആശ്വാസം കൊണ്ട് എനിക്ക് വേഗം എഴുന്നേൽക്കാൻ കഴിഞ്ഞു.

പതിയെ നടന്നു ഹാളിൽ എത്തുമ്പോൾ പൊന്നു മുഖം പൊത്തി കരയുന്നുണ്ടായിരുന്നു.

അവളുടെ അടുത്തേക്ക് ഞാനോ എന്റെ അടുത്തേക്ക് അവളോ വരാത്ത വിധം ആ പോസിറ്റീവ് റിസൾട്ട് ഞങ്ങൾക്ക് ഇടയിൽ അപ്പോൾ പാറപോലെ ഉയർന്നു നിന്നു.

എന്റെ കൈ തലോടാതെ അവൾ കരയുന്നത് ഞാൻ ആദ്യമായി നോക്കി നിന്നു.

അമ്മയുടെ പൊന്ന് സ്ട്രോങ് അല്ലേ , പോസിറ്റീവ് ആണെന്ന് നമുക്ക് അറിയാരുന്നല്ലോ . വല്യ കുട്ടി ആകുമ്പോ പറയാല്ലോ ,ഞാൻ എട്ടിൽ പഠിക്കുമ്പോൾ  എന്റെ അമ്മയ്ക്ക് കൊറോണ വന്നിട്ടുണ്ട്, ഞാൻ അപ്പൊ സ്ട്രോങ് ആയിട്ട് എല്ലാം മാനേജ് ചെയ്തു എന്ന് , ല്ലേ ....എന്ന് ഞാൻ അവളോട് ചോദിച്ചു .
അവൾ ഉം എന്ന് പറഞ്ഞു കണ്ണും മൂക്കും തുടച്ചു .

കൊണ്ട് പോകാനായി എന്റെ ബാഗും സാധനങ്ങളും അവൾ വീണ്ടും അടുക്കി വെക്കാൻ തുടങ്ങി.

മോൻ ഇനി ഒന്നിലും തൊടേണ്ട എന്ന് അപ്പോൾ ഞാൻ അവളെ വിലക്കി.

പോസിറ്റീവ് റിപ്പോർട് കിട്ടിയാൽ ഉർസുല എന്ന മെഡിക്കൽ കോളേജിൽ പോയി രെജിസ്റ്റർ ചെയ്യണം എന്നും ഞാൻ അത് പോയി ചെയ്യാം, മഞ്ചേഷ് നിഷയെ നോക്കൂ എന്നും വീണ്ടും അദ്ദേഹത്തിന്റെ ഫോൺ വന്നു . റിസൾട്ട് പോസിറ്റീവ് ആണെന്ന് റീജന്സിയിലെ ഡോക്ടർ ആദ്യം അറിയിച്ചതും അദ്ദേഹത്തെ ആയിരുന്നു.

അന്ന് കാൻപൂരിൽ രേഖപ്പെടുത്തിയ 462 പോസിറ്റീവ് കേസുകളിൽ ഒരാളായി എന്റെ പേര് ഉർസുല ആശുപത്രിയിൽ ടൈപ് ചെയ്തു രേഖയായി മാറി.

അവിടെ അവർ നമ്മൾ ചികിത്സ തേടാൻ ആഗ്രഹിക്കുന്ന ആശുപത്രി അവർ ചോദിച്ചു .
മഞ്ജനെ വിളിച്ചു ഉറപ്പ് വരുത്തിയ ശേഷം റീജന്സി കോവിഡ് ഹോസ്പിറ്റൽ എന്ന് അദ്ദേഹം അവരെ അറിയിച്ചു.

ഉർസുലയിൽ നിന്നും റീജന്സിയിലേയ്ക്ക് എന്റെ പേര് രജിസ്റ്റർ ചെയ്യുന്നു എന്നും രോഗിയെ റീജന്സിയിൽ എത്തിക്കാം എന്നും അവർ അദ്ദേഹത്തോട് പറഞ്ഞു.

അതേ സമയം മഞ്ജന് ആരോഗ്യ വകുപ്പിൽ നിന്ന് ഫോണുകൾ വന്ന് കൊണ്ടിരുന്നു.

അവരും ഏത് ഹോസ്പിറ്റൽ ആണ് തീരുമാനിച്ചത് എന്നും ഹോസ്പിറ്റലിൽ പോകാൻ താത്പര്യമില്ലെങ്കിൽ ഹോം ഐസൊലേഷൻ ഓപ്ഷൻ ഉണ്ടെന്നും അറിയിച്ചു.

രോഗിയുടെ നില ഗുരുതരം ആണെന്നും റീജന്സി ഹോസ്പിറ്റലിൽ പോകാൻ ആണ് താത്പര്യമെന്നും അവരെ അറിയിച്ചു.

വീണ്ടും വന്ന ഒരു ഫോൺ നിങ്ങളുടെ ലോകേഷനിലേയ്ക്ക് ആംബുലൻസ് എത്തുമെന്നും ആംബുലൻസ് ഡ്രൈവർ വിളിക്കുമ്പോൾ അഡ്രസ് നൽകണമെന്നും പറഞ്ഞു.

ആംബുലൻസ് വേണ്ടെന്നും ഞങ്ങൾ സ്വന്തം വണ്ടിയിൽ പൊയ്ക്കൊള്ളാം എന്നും പറഞ്ഞെങ്കിലും കോവിഡ് പ്രോട്ടോകോൾ അതിന് അനുവദിക്കില്ല എന്ന് അവർ അറിയിച്ചു.

അപ്പോൾ ഉർസുലയിൽ രെജിസ്റ്റർ ചെയ്ത പേപ്പറുകളും മറ്റുമായി അദ്ദേഹവും ഡ്രൈവറും ഞങ്ങളെ  കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഏഴ് മണിക്കാണ് റിസൾട്ട് വന്നെന്ന വാർത്തയിലേയ്ക്ക് ഞാൻ ഉണർന്നത്. ഒൻപത് മണി കഴിഞ്ഞിട്ടും ആംബുലൻസ് ഡ്രൈവർ വിളിക്കുകയോ വരികയോ ചെയ്തില്ല. ആരോഗ്യ വകുപ്പിന്റെ വിളികളും അപ്പോഴേയ്ക്കും അവസാനിച്ചിരുന്നു.

ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി.

"നിഷ നീ ധൈര്യമായി ഇരിക്കൂ കേട്ടോ, ഇത് ഒന്നുമില്ല, നിസ്സാരമായി നമുക്ക് ഇത് നേരിടാം. മോളെക്കുറിച്ചു ഒന്നും ഓർക്കേണ്ട, ഞങ്ങളൊക്കെ ഇവിടെ ഉണ്ട് . എല്ലാം ഭംഗിയായി നടക്കും കേട്ടോ" എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

ലോകം മുഴുവൻ ഭയക്കുന്ന രോഗവുമായി നിൽക്കുന്ന എന്നോട് ഈ മനുഷ്യന് എന്തേ പേടി തോന്നുന്നില്ല എന്ന് ഞാൻ അപ്പോൾ അത്ഭുതപ്പെട്ടു.

അദ്ദേഹത്തിന്റെ വണ്ടി ഞങ്ങൾക്ക് ഗോവിന്ദ് നഗറിലേക്ക് വഴി കാട്ടി മുൻപിൽ പോയി.

യാത്ര തുടങ്ങി അഞ്ചു മിനിറ്റ് കഴിയും മുൻപ് ഞാൻ ഛർദ്ദിക്കാൻ തുടങ്ങി.

അത് കൂടി കൂടി വന്നു.

വണ്ടി നിർത്തുംതോറും വൈകുമെന്ന് തോന്നിയപ്പോൾ പൊന്നു വണ്ടിയിൽ നിന്നും എനിക്ക് ഒരു പ്ലാസ്റ്റിക് കവർ എടുത്ത് തന്നു.

ഒടുവിൽ ജീവൻ എടുത്തു കുടയുംപോലെയുള്ള ഓക്കാനം മാത്രമായി അത് മാറി.

എനിക്ക് ശ്വാസം കിട്ടാതെ ഞാൻ പുളഞ്ഞു.

ബസ്സിലുള്ള ദീർഘ യാത്രകളിൽ ഛർദ്ദിച്ചു തളർന്നിട്ടുള്ള ഞാൻ യാത്ര കഴിയുമ്പോൾ നേരെ ആവുന്നത് കണ്ടിട്ടുള്ള ഓർമ്മയിൽ മഞ്ജൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.

എനിക്ക് അജ്ഞാതമായ ആ വഴിയുടെ ഏത് തിരിവിൽ ആവും എന്റെ ശ്വാസം രക്ഷിക്കാനുള്ള ആ ആശുപത്രിയെന്ന വേവലാതിയിൽ എന്റെ കണ്ണ് ഉരുണ്ടു വന്നു.

ഒടുവിൽ ഏതോ തിരിവിൽ വണ്ടി നിന്നു.

ഗെറ്റമാൻ വരെ പിപിഈ കിറ്റ് ധരിച്ച ഹോസ്പിറ്റിലിന്റെ മുൻപിലുള്ള വഴി ആയിരുന്നു അത്.

അദ്ദേഹവും മഞ്ജനും വണ്ടിയിൽ നിന്ന് ഇറങ്ങി.

എന്നോട് ഓക്സിജൻ ചെക്ക് ചെയ്യാൻ അദ്ദേഹം പറഞ്ഞു, അപ്പോഴും അത് 95 എന്നു കാണിച്ചു. ഒന്നും പേടിക്കേണ്ട എന്ന് ധൈര്യം തന്ന അവർ ഗേറ്റിൽ ഉള്ളവരോട് സംസാരിക്കാൻ തുടങ്ങി .

ഞാൻ ഞരക്കത്തിൽ ആശ്വാസം കൊണ്ട് ചാരി കിടന്നു.

ഇടയ്ക്ക് മഞ്ജൻ വന്നു പറഞ്ഞു , ഉർസുലയിൽ നിന്ന് ഇവിടേയ്ക്ക് റെഫർ ചെയ്തിട്ടില്ല, ഇവർക്ക് ഇങ്ങനെ ഒരു രോഗിയുടെ വിവരം കിട്ടിയിട്ടില്ല. ഇവിടെ ബെഡ് ഇല്ല .

എനിക്ക് അപ്പറഞ്ഞതൊന്നും മനസ്സിലായില്ല.

എനിക്ക് ചികിത്സ വേണം, ശ്വാസം എടുക്കാനുള്ള സഹായം വേണം . ഞാനിപ്പോൾ ഒരു ആസ്പത്രിയ്ക്ക് മുന്പിലാണ്, എന്റെ റിസൾട്ട് ഇപ്പോൾ പോസിറ്റീവ് ആണ് . എനിക്ക് ചികിത്സ കിട്ടും എന്ന് ഞാൻ വിശ്വസിച്ചു.

അദ്ദേഹം റീജന്സിയിലെ തന്നെ സുഹൃത്തായ ഡോക്ടറെ ഫോൺ വിളിച്ചു കാര്യങ്ങൾ തിരക്കി.

കുഴപ്പം സംഭവിച്ചത് ഉർസുല മെഡിക്കൽ കോളേജിൽ നിന്ന് തന്നെ ആവണം , അവർ റെഫർ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ബെഡ് ഇല്ലെന്ന വിവരം അറിഞ്ഞേനെ, അങ്ങിനെ എങ്കിൽ നമുക്ക് വേറെ ആശുപത്രി അന്വേഷിക്കമായിരുന്നു.

സാധ്യതകൾ മങ്ങി .

വീട്ടിൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു വീട്ടിൽ തന്നെ ചികിത്സ ചെയ്യാനുള്ള വഴികളിലേക്ക് ചർച്ചകൾ മാറി .

അങ്ങിനെ ആ ആശുപത്രിയുടെ തുറക്കാത്ത ഗേറ്റിനു മുൻപിൽ നിന്നും ഞങ്ങൾ മടങ്ങി.

വീണ്ടും ഛർദ്ദിച്ചു തുടങ്ങിയപ്പോൾ എനിക്ക്  ഈ യാത്ര വീട്ടിലേയ്ക്ക് ആണെങ്കിൽ ഞാൻ അവിടെ എത്തില്ല തോന്നി. ചികിത്സ കിട്ടാതെ മരിച്ചുപോകുന്നവരുടെ കൂട്ടത്തിൽ ഞാനും ചേരുകയാണ് എന്ന് തോന്നി

എനിക്ക് അപ്പോൾ മരണത്തെ പേടി തോന്നിയില്ല.

അമ്മ കോവിഡ് വന്നു ചികിത്സ കിട്ടാതെ , ശ്വാസം കിട്ടാതെ വഴിയിൽ കിടന്നു മരിക്കുന്നത് എന്റെ കുഞ്ഞു കാണേണ്ടി വന്നാൽ ആ നടുക്കം ഒരിക്കലും മാറാതെ അവളെ തകർത്തു കളയുമല്ലോ എന്നോർത്തു ഞാൻ വിറച്ചു.

"എനിക്ക് തിരിച്ചു പോകാൻ പറ്റില്ല മൻജാ , ഏതെങ്കിലും ആശുപത്രിയിൽ നമുക്ക് പോകണം, ആ ചേട്ടനോട് എവിടെങ്കിലും എന്നെ ഒന്ന് അഡ്മിറ്റ് ചെയ്യാൻ പറയ് " എന്നു മഞ്ജനോട് ഞാൻ പറഞ്ഞു.

ഐസൊലേഷൻ.


വീട്ടിലേയ്ക്ക് പോകാൻ കഴിയില്ലെന്ന് പറയാൻ വണ്ടിയിൽ നിന്ന് ഇറങ്ങിച്ചെന്ന മഞ്ജനോട് ' മറ്റൊരു ഹോസ്പിറ്റലിൽ ബെഡ് ഉണ്ട് , നമ്മൾ അവിടേക്ക് ആണ് പോകുന്നത് , ടെൻഷൻ ആവേണ്ട എന്ന്' അദ്ദേഹം പറഞ്ഞു.

വീട്ടിലേയ്ക്ക് പോകാം എന്നും പറഞ്ഞു മടങ്ങിയ ആ വഴിയിലും അദ്ദേഹം എവിടെയെങ്കിലും എനിക്ക് ചികിത്സ തരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവിടെ നിന്ന് എത്ര സമയം എടുത്തു എന്ന് എനിക്ക് ഓർമ്മയില്ല , ഞാൻ ഒരു ആശുപത്രിയുടെ മുൻപിൽ വണ്ടി നിന്നെന്ന തോന്നലിൽ കണ്ണ് തുറന്നു.

അത്രയൊന്നും എടുപ്പോ പകിട്ടോ തിരക്കോ തോന്നാത്ത ഒരു ആശുപത്രി ആയിരുന്നു അത്.

റിസപ്ഷനിലേയ്ക്ക് മഞ്ജനും അദ്ദേഹവും ചെന്ന് സംസാരിക്കുമ്പോഴേയ്ക്കും എന്നെ കൊണ്ട് പോകാൻ രണ്ട് നേഴ്സുമാർ വണ്ടിയുടെ അടുത്തേയ്ക്ക് വന്നു.

ബാഗ് ഒന്നും ഇല്ലേ എന്ന് അവർ ചോദിച്ചു.

ഉടുപ്പുകൾ അടുക്കി വച്ചിരുന്ന ബാഗ് മഞ്ജൻ അവർക്ക് എടുത്ത് കൊടുത്തു. എന്റെ ഹാൻഡ് ബാഗും അവർ വാങ്ങി.

മഞ്ജൻ എന്റെ ബാഗിൽ കുറച്ചു പൈസ വച്ചു.

അവർ രണ്ട് പേരും എന്നെ ചേർത്ത് പിടിച്ചു നടന്നു.

വണ്ടിയ്ക്ക് അരികിൽ നിന്നും നടന്നു വഴി കടന്ന് ആശുപത്രിയുടെ ചെറിയ വരാന്തയിലേക്ക് കയറി അണച്ചു ഞാൻ നിന്നു.

എന്റെ കുഞ്ഞെന്നോരു വെളിപാട് വന്നു കണ്ണു മൂടി . എനിക്ക് മുൻപോട്ട് പോകാൻ വയ്യെന്നും തിരികെ ഓടിയാലോ എന്നും ഉള്ളിലെ ഹൃദയം പിടച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ആ വരാന്തയിൽ തിരിഞ്ഞു നിന്നു.
 

കാൻപൂരിൽ ആകെയുള്ള നാല് പ്രൈവറ്റ് കോവിഡ് ആശുപത്രികളിൽ എനിക്ക് വേണ്ടി ഒഴിഞ്ഞു കിടന്ന ആ ബെഡിനെ ഞാൻ നോക്കി, പയ്യെ തൊട്ടു നോക്കി . അതിൽ ഇനിക്കിഷ്ടമുള്ള നീല നിറത്തിൽ മാസ്ക് ഉണ്ടാക്കുന്ന തരം ഫൈബർ മെറ്റിരിയൽ കൊണ്ട് ഉള്ള ഷീറ്റ് വിരിച്ചിരുന്നു , പ്ലാസ്റ്റിക് കവറിൽ എനിക്ക് പുതയ്ക്കാൻ വയലറ്റ് നിറമുള്ള പുതിയൊരു കമ്പിളി പുതപ്പ് വച്ചിരുന്നു .

എന്നെ നോക്കി വണ്ടിയിൽ ഇരിക്കുന്ന പൊന്നുവിന്റെ കണ്ണിലെ തിളക്കം മാത്രം ഞാനപ്പോൾ കണ്ടു , തിരിച്ചു വന്ന് എനിക്ക് ചേക്കേറാനുള്ള എന്റെ ലോകത്തിന്റെ തിളക്കം.

എനിക്ക് ശബ്ദമെടുത്ത് യാത്ര പറയാനുള്ള ആവതില്ലായിരുന്നു.

ഞാൻ അവളെ എന്റെ തള്ളവിരൽ ഉയർത്തി കാണിച്ചു , ഒരു ലക്ഷ്യവുമില്ലാത്ത പൊട്ടത്തരങ്ങൾ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു എന്ന തമാശയുടെ അടയാളമാണ് അത്. അങ്ങിനെ ചെയ്യുമ്പോഴൊക്കെ ഞങ്ങൾ ചിരിക്കാറുണ്ട്.

അവൾ ചിരിച്ചു കൊണ്ട് എന്നെയും തള്ള വിരൽ ഉയർത്തി കാണിച്ചു.

ഞാൻ തിരിഞ്ഞു നടന്നു.

ലിഫ്റ്റിലേക്ക് കയറിയ എന്നോട് നേഴ്സ് എന്തൊക്കെയോ ചോദിച്ചു , അജ്ഞാത ലോകത്തെ അജ്ഞാത ഭാഷ പോലെ ഞാൻ ആ ശബ്ദങ്ങൾക്കിടയിൽ തല കുമ്പിട്ടു തൂങ്ങി നിന്നു.

അവർ എന്നെ ലിഫ്റ്റിൽ നിന്നും ഇറക്കി വാർഡിലേക്ക് നടത്തി.

ലൈഫ്റ്റിനോട് ചേർന്ന് ആയിരുന്നു വാർഡ്. അതിന്റെ വാതുക്കൽ 'കൊറോണ ഐസൊലേഷൻ വാർഡ്' എന്ന് എഴുതി വച്ചിരിന്നു.

ഭിത്തിയോട് ചേർന്നുള്ള ബെഡ് ആയിരുന്നു എനിക്ക്.

കാൻപൂരിൽ ആകെയുള്ള നാല് പ്രൈവറ്റ് കോവിഡ് ആശുപത്രികളിൽ എനിക്ക് വേണ്ടി ഒഴിഞ്ഞു കിടന്ന ആ ബെഡിനെ ഞാൻ നോക്കി, പയ്യെ തൊട്ടു നോക്കി . അതിൽ ഇനിക്കിഷ്ടമുള്ള നീല നിറത്തിൽ മാസ്ക് ഉണ്ടാക്കുന്ന തരം ഫൈബർ മെറ്റിരിയൽ കൊണ്ട് ഉള്ള ഷീറ്റ് വിരിച്ചിരുന്നു , പ്ലാസ്റ്റിക് കവറിൽ എനിക്ക് പുതയ്ക്കാൻ വയലറ്റ് നിറമുള്ള പുതിയൊരു കമ്പിളി പുതപ്പ് വച്ചിരുന്നു .

അടുത്തു കിടന്ന ടേബിളിൽ അവർ എന്റെ ബാഗ് വച്ചു.

എന്നെ പതിയെ പിടിച്ചു അതിൽ കിടത്തി .

പേടിക്കേണ്ട എന്ന് അതിലൊരാൾ എന്റെ തലയിൽ തൊട്ടു.

എനിക്ക് വീണ്ടും കണ്ണടഞ്ഞു പോകുന്നത് പോലെയും മേഘ കൂട്ടങ്ങൾ ഒഴുകി വരുന്നത് പോലെയും തോന്നി.

ആരോ എന്നെ വന്നു തൊട്ടു വിളിച്ചു .

അതൊരു മെയിൽ നേഴ്സ് ആയിരുന്നു.

അയാൾ എന്റെ ബിപി യും പനിയും പരിശോധിച്ചു എന്ന് തോന്നുന്നു.

എന്റെ അടുത്ത് ആരൊക്കെയോ വന്നും പോയുമിരുന്നു , ഡോക്ടർ ആവണം .

നേഴ്സ് എനിക്ക് മരുന്ന് തരികയോ ഇൻജക്ഷൻ തരികയോ ഒകെ ചെയ്തു.

എനിക്ക് അപ്പോഴൊന്നും ഒന്നും തന്നെ മനസ്സിലായില്ല .

എന്നെ അവർ എഴുന്നേല്പിച്ചിരുത്തി നെബുലൈസ് ചെയ്യിച്ചു.

വീണ്ടും കിടന്നപ്പോൾ നേഴ്സ് എന്റെ അടുത്ത് വന്ന് ദീദി എന്ന് എന്നെ വിളിച്ചു.

കണ്ണ് തുറക്കാൻ വയ്യാതെ ഞാൻ മൂളി.

"ദീദി , നിങ്ങൾ വലിയ ഡിപ്രെഷനിൽ ആണ്. അതിന്റെ ആവശ്യമില്ല. നിങ്ങൾ ഇവിടുന്ന് സുഖമായി തിരിച്ചു പോകും. നിങ്ങൾക്ക് പ്രായം കുറവല്ലേ, പേടിക്കാൻ ഒന്നുമില്ല, നിങ്ങളൊന്നു കണ്ണ് തുറന്ന് ഇവിടെ കിടക്കുന്നവരെയൊക്കെ ഒന്ന് നോക്കൂ, ഏറ്റവും ചെറുപ്പമായ ആൾ നിങ്ങളാണ് " അയാൾ എന്നോട് പറഞ്ഞു.

എന്റെ മുഖത്ത് അയാൾക്ക് കൊടുക്കാൻ ഒരു ചിരി വന്നു നിന്നു. ഞാൻ പതിയെ കണ്ണ് തുറന്ന് അയാളെ നോക്കി.

ഒരു ചെറിയ പയ്യൻ . കട്ടി കണ്ണട ഫേസ് ഷീൽഡിന്റെ ഉള്ളിൽ ഞാൻ കണ്ടു , "കണ്ണട വച്ച ചെക്കൻ" എന്ന് അവനു ഞാൻ പേരിട്ടു.

"എന്റെ ഹസ്ബന്റും മോളും?" എന്ന് ഞാൻ അവനോട് ചോദിച്ചു.

"പുറത്ത് ഉണ്ടാവും , സംസാരിക്കൂ" എന്ന് അവൻ എന്നോട് പറഞ്ഞു.

ഞാൻ പതിയെ ബാഗിൽ നിന്നും ഫോണെടുത്തു , മഞ്ജനെ വിളിച്ചു.

'മോനേ' എന്ന് മഞ്ജൻ വിളിച്ചു.

"അകത്ത് എല്ലാം ഓകെ ആണോ " എന്ന് എന്നോട് ചോദിച്ചു.

അതേ എന്ന് ഞാൻ പറഞ്ഞു.

'എനിക്ക് മരുന്ന് തന്നു തുടങ്ങി , ഇവിടെ കുഴപ്പം ഇല്ല , നിങ്ങള് പോയോ" എന്ന് ഞാൻ ചോദിച്ചു.

'ഇല്ല. ഇനി ഞങ്ങൾ പോകുവാണെ, എന്തെങ്കിലും കുഴപ്പം ഉണ്ടേൽ വിളിക്കണം , സൗകര്യം ഇല്ലെങ്കിൽ പറയണം , റീജന്സിയിൽ ബെഡ് ഫ്രീ ആയാൽ അവർ അറിയിക്കും , നമുക്ക് അവിടേക്ക് മാറാം , പേടിക്കേണ്ട ' എന്ന് മഞ്ജൻ പറഞ്ഞു.

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

പറയുന്നതിന് മാത്രം മറുപടി പറയാൻ കഴിയുന്ന, മുൻപോട്ടു പിൻപോട്ടോ ആലോചിക്കാൻ ശേഷിയില്ലാത്ത ആളായിക്കഴിഞ്ഞിരുന്നു ഞാനപ്പോൾ.

കണ്ണട വച്ച ചെക്കൻ എന്നോട് ദീദി എവിടെ എങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു.

ടീച്ചർ ആണ് എന്ന് ഞാൻ അവനോട് പറഞ്ഞു .

എവിടെയാണ് എന്നും ഏത് വിഷയമാണ് എന്നും അവൻ വീണ്ടും ചോദിച്ചു.

സ്കൂളിന്റെ പേരും പഠിപ്പിക്കുന്ന വിഷയവും പറഞ്ഞപ്പോൾ വല്യ സ്കൂളിൽ ഭീകര വിഷയം പഠിപ്പിക്കുന്ന ടീച്ചർ ആണോ എന്ന് ചോദിച്ചു അവൻ നിന്ന് ചിരിച്ചു , ഞാൻ പയ്യെ ചിരിച്ചു.

വേണ്ട, ചിരിക്കേണ്ട മാം, ശ്വാസം മുട്ടും എന്ന് പറഞ്ഞു അവൻ വീണ്ടും ചിരിച്ചു.

അവൻ എന്നെ ദീദിയിൽ നിന്നും മാറ്റി മാം ആക്കി കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.

എനിക്ക് കിട്ടിയ സൈക്യാട്രിക് കൗണ്സിലിംഗ് ആയിരുന്നു അവന്റെ സംസാരവും ചിരിയും.

ഞാൻ ഫോൺ എടുത്ത് നോക്കി .

സമയം രാത്രി രണ്ടര ആയിരുന്നു അപ്പോൾ.

മഞ്ജനെ വീണ്ടും വിളിച്ചു . വീട്ടിൽ എത്തിയെന്നും ഉറങ്ങിക്കൊള്ളു എന്നും രാവിലെ വിളിക്കാം എന്നും മഞ്ജൻ പറഞ്ഞു.

എന്നെയോർത്ത് പിടഞ്ഞിരുന്നവർക്ക് 'എനിക്ക് കുഴപ്പമില്ലെന്നു' ഞാൻ മെസേജ് അയച്ചു.

ഫോൺ കയ്യിൽ നിന്ന് ഊർന്നു പോയി .
ചെരിഞ്ഞു കിടക്കാൻ ഞാൻ വെറുതെ ഒന്ന് ശ്രമിച്ചു.

എനിക്ക് അതിന് പറ്റില്ലെന്ന് അപ്പോൾ തന്നെ ശ്വാസം വന്നു വിലങ്ങി.

ഞാൻ നേരെ കിടന്നു.

കണ്ണടഞ്ഞു കിടന്നു.

കൈ തളർന്ന് കിടന്നു.

ഞാൻ ഒറ്റയ്ക്ക് അല്ലെന്നും എന്റെ സ്നേഹം എന്റെ അടുത്തിരുന്നു എന്നെ പതിയെ തട്ടി ഉറക്കുന്നെന്നും ഞാൻ മനസ്സിൽ കണ്ടു.

മനസ്സ് മാത്രം ഉണർന്നിരിക്കെ ശരീരം ഉറങ്ങി പോയി.

എന്നിട്ടും സ്വപ്നങ്ങളിൽ നിന്ന് ഇടയ്ക്കിടെ തെന്നി വീണ് ഞെട്ടി ഉണർന്ന് കൊണ്ടിരുന്നു.
ഉറക്കമാണോ ഉണർവ്വാണോ എന്നറിയാത്ത ബോധത്തിൽ ഞാൻ ആശുപത്രിയിൽ എത്തിയെന്നും എനിക്ക് ചികിത്സ കിട്ടുന്നെന്നുമുള്ള സമാധാനം മാത്രം തെളിഞ്ഞു നിന്നു.

ഹോം ക്വാറന്റൈൻ

രാവ് തെളിഞ്ഞു നേരം അഞ്ചര ആയപ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞാൻ കണ്ണ് തുറന്നു.

ഇടയിലൊക്കെ എന്റെതന്നെ ഞരക്കത്തിന്റെ വിളികേട്ട് ഉണരാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ ഞാൻ അത് വരെയും ഉറങ്ങുകയായിരുന്നു.

"എഴുന്നേറ്റോ" എന്ന ചോദ്യത്തിന് ഞാൻ "ആം" എന്ന് മറുപടി നൽകി.

ഞാനില്ലാതെ വീട്ടിൽ ഒറ്റയ്ക്ക് ആയിപോയവരെന്നോ അവരില്ലാതെ ആശുപത്രിയിൽ ഒറ്റയ്ക്കായിപ്പോയ ഞാൻ എന്നോ ഉള്ള വിതുമ്പലുകൾ ഒന്നും എനിക്ക് വന്നില്ല .

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മാത്രമായി എൻറെയുള്ളിലെ വാക്കുകൾ എണ്ണപ്പെട്ടുപോയത് കൊണ്ടായിരുന്നു അത്.
എനിക്ക് അത്രയൊന്നും ബുദ്ധിമുട്ട് ഇല്ലെന്നും പേടിക്കേണ്ടെന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു .

തലയിണ കട്ടിലിൽ ചാരി വച്ചു ഞാൻ പതിയെ എഴുന്നേറ്റ് ചാരിയിരുന്നു . കുഴപ്പം ഇല്ലല്ലോ , എന്റെ ബുദ്ധിമുട്ട് മാറിയല്ലോ എന്ന് ഞാൻ ആശ്വസിച്ചു .

വീണ്ടും ഫോണെടുത്ത് സ്നേഹങ്ങളെ വീണ്ടെടുത്തു.

ബാത് റൂമിൽ പോകാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു .

കണ്ണട വച്ച ചെക്കൻ ബാത്റൂമും  തണുപ്പും ചൂടും വെള്ളം കിട്ടുന്ന വാട്ടർ ഡിസ്പെന്സറും കാണിച്ചു തന്നത് എനിക്കപ്പോൾ ഓർമ്മ വന്നു.

കാലുകൾ താഴേയ്ക്ക് ഇട്ട് പതിയെ ഞാൻ ഇരുന്നു. അപ്പോഴേയ്ക്കും ഞാൻ വല്ലാതെ ശ്വാസം കിട്ടാൻ അണച്ചു തുടങ്ങി. കുറെ നേരം അങ്ങിനെ ഇരിക്കേ അത് സമാധാനപ്പെട്ടു വന്നു. പിന്നെ ഞാൻ പതിയെ എഴുന്നേറ്റ് നിന്നു.

ബാഗിൽ നിന്നും എന്റെ വള്ളിചെരുപ്പ് എടുക്കാൻ നോക്കിയപ്പോൾ താങ്ങ് ഇല്ലാതെ നിൽക്കാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ അറിഞ്ഞു .

ഒപ്പം ആരുമില്ലാത്ത, അവശയായ രോഗിക്ക് മനോബലമാണ് കൂട്ടെന്ന് ഞാൻ എന്നോട് പറഞ്ഞു.

ബാത് റൂമിലേക്ക് ഞാൻ വളരെ പതിയെ , വീണ് പോകരുത് എന്ന നിര്ബന്ധത്തോടെ വളരെ വളരെ പതിയെ നടന്നു .

വാർഡ് ഒരു നീളൻ ഹാൾ ആയിരുന്നു. അതിന്റെ നടുഭാഗം അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു രണ്ടായി തിരിച്ചിട്ടുണ്ടായിരുന്നു.

പ്രധാന വാതിലിനോട് ചേർന്ന ആദ്യ ഭാഗത്ത് ആയിരുന്നു എന്റെ ബെഡ്, അലുമിനിയം ഭിത്തിയോട് ചേർന്നുള്ളത്. ആ നിരയിലും എതിർ വശത്തെ നിരയിലുമായി മൂന്ന് ബെഡുകൾ വീതം ആറ് ബെഡുകൾ ഉണ്ടായിരുന്നു . അതിൽ ഞാനടക്കം നാല് രോഗികളും.

അലുമിനിയം മറയ്ക്ക്  നടുവിലെ വാതിൽ കടക്കുമ്പോൾ അങ്ങിനെ തന്നെ ആറു ബെഡുകളുള്ള അടുത്ത ഭാഗം. അതിനും അപ്പുറത്ത് ആയിരുന്നു ബാത്രൂം .

ഭിത്തികളിലും കട്ടിലുകളിലും പിടിച്ചു പിടിച്ചു നടക്കുമ്പോൾ എന്റെ ഉള്ളിലിരുന്നു വിറയ്ക്കുന്നത് ഹൃദയമാണോ ശ്വാസകോശമാണോ എന്ന് ഞാൻ സംശയിച്ചു .

അത്രയൊന്നും വൃത്തിയില്ലാത്ത , രണ്ട് കുളിമുറിയും ഒരു യൂറോപ്യൻ ക്ളോസ്റ്റും ഒരു ഇന്ത്യൻ ക്ളോസറ്റുമുള്ള ആ വാഷ്റൂമിലെ കണ്ണാടിയിൽ ഞാൻ എന്നെ നോക്കി.

എന്റെ കൈവിരലുകളും മുഖവും എല്ലാം പതുപതെ എന്നു മൃദുവായി വീർത്തിരിക്കുന്നുണ്ടായിരുന്നു. ടാപ്പ് തുറന്ന് കൈയ്യിൽ ഇടത് കൈക്കുമ്പിളിൽ വെള്ളമെടുത്തു ഞാൻ മുഖം തുടച്ചു , വലത് കൈയ്യിൽ രാത്രിയിലാരോ ആഞ്ഞടിച്ചും
റബ്ബർ ടൂബ് കെട്ടിയും സമയമെടുത്ത് കണ്ടെത്തിയ ഞരമ്പിൽ സൂചി കയറ്റി വച്ചിരുന്നു .

അവിടെ നിന്നും മടങ്ങി കട്ടിലിൽ എത്തുമ്പോഴേയ്ക്കും ഞാൻ വല്ലാതെ തളർന്ന് പോയിരുന്നു.

സമയം ആറര ആയപ്പോഴേയ്ക്കും നേഴ്സ് വന്നു . കണ്ണട വച്ച ചെക്കന്റെ ഡ്യൂട്ടി കഴിഞ്ഞിരുന്നു.

അതൊരു കുഞ്ഞി പെണ്ണായിരുന്നു .
അവളുടെ കൈയ്യിൽ ഒരു രെജിസ്റ്ററും ഒരു വലിയ പ്ലസ്റ്റിക് ട്രേയും ഉണ്ടായിരുന്നു.

അവൾ എന്റെ ബി പി യും പനിയും പരിശോധിച്ചു , എന്നെ പനിയ്ക്കുന്നുണ്ടായിരുന്നു , എന്റെ ബിപി നോർമൽ ആയിരുന്നു . ഓക്സിജൻ താഴേയ്ക്ക് പോയി തുടങ്ങിയിരുന്നു , അത് പക്ഷെ 90 നു മുകളിൽ തന്നെ ആയിരുന്നു .എല്ലാം അവൾ രജിസ്റ്ററിൽ എന്റെ പേര് എഴുതിയ കോളത്തിൽ അടയാളപ്പെടുത്തി വച്ചു.

എന്റെ വിരൽത്തുമ്പിൽ നിന്നും ഒരുതുള്ളി ചോരയെടുത്ത് എനിക്ക് ഷുഗർ ഇല്ലെന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ദീദി യങ് ആണല്ലോ , ഷുഗർ ഉണ്ടാവില്ല, ഒരു അഞ്ചു ദിവസം കൊണ്ട് എല്ലാം ഭേദമാകും" എന്ന് പറഞ്ഞു കൊണ്ട് അവൾ ചോര ഉറഞ്ഞ സൂചിയിലേയ്ക്ക് അവൾ ഇൻജക്ഷനുകൾ ഓരോന്നായി നൽകി, ഒരു കൈ കൊണ്ട് എന്റെ കൈത്തലം തഴുകികൊണ്ട് വേദനയുണ്ടോ എന്ന് ചോദിച്ചു . ആദ്യമൊക്കെ ഉണ്ടെന്നും പിന്നെപ്പിന്നെ ഇല്ലെന്നും ഞാൻ തലയാട്ടി.

കിടന്നോളൂ എന്ന് പറഞ്ഞു അവൾ അടുത്ത ബെഡുകളിലേയ്ക്ക് പോയി.

എനിക്ക് കിടക്കാൻ തോന്നിയില്ല.

ഞാൻ ഭേദപ്പെടുന്നു എന്ന് എന്നോട് പറയാൻ കട്ടിലിൽ ചാരി ഞാനിരുന്നു.

ഫോണെടുത്ത് ഞാൻ എന്റെ ചങ്ങാതിയ്ക്ക് ഇങ്ങനെ മെസേജ് ചെയ്തു,
'ഡോ , ഇത് ശരിക്കും ജീവൻ എടുക്കാൻ വരുന്ന രോഗം ആണ് '

നീ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട എന്ന മറുപടിയിൽ ഞാൻ ചിരിക്കുന്നൊരു ഇമോജിയായി.

ആലോചിക്കാതെ എങ്ങനെയിരിക്കും , ഞാൻ അത് മാത്രമാണ് ആലോചിച്ചത്.

മരിച്ചു പോകുമോ എന്ന സംശയത്തിന്റെ അവസ്ഥ നിസ്സാരമായ ഒന്നല്ലെന്ന് എനിക്കപ്പോൾ തോന്നി.

മരിക്കാതെ ജീവിച്ചിരിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ലെന്നും.

ഇനിയൊരിക്കലും , ഏത് നിരാശയുടെ കനപ്പെട്ട വേദനയിലും ആത്മഹത്യയെന്നു എഴുതരുതെന്നു ഞാൻ എന്നെ താക്കീത് ചെയ്തു.

ആലോചനയിലേക്ക് മയങ്ങി തുടങ്ങിയപ്പോൾ സ്വപ്നം വന്നു വിളിക്കാൻ തുടങ്ങി, ഞാൻ തലയിണ താഴ്ത്തി വച്ചു മേഘങ്ങളിൽ ചുരുണ്ട് കൂടിയും , കട്ടിലിൽ ശ്വാസത്തിനു വഴി തടസ്സം ഉണ്ടാവാത്ത വിധം നേരെയും കിടന്നു.

ഒൻപത് മണി ആയപ്പോൾ അവർ വന്ന് എന്റെ കാലിൽ തട്ടി , കഴിക്കാനുള്ള സാധനങ്ങളുമായി വരുന്ന പി പി ഈ കിറ്റിലെ മനുഷ്യർ.

ഞാൻ പതിയെ എഴുന്നേറ്റിരുന്നു .

ഒരു ചെറിയ അലുമിനിയം ഫോയിൽ പാത്രത്തിൽ ഇത്തിരി അളവിൽ ഗോതമ്പ് ഞുറക്കു(ദലിയ) കഞ്ഞി വച്ചതും ഒരിറക്കു വലിപ്പത്തിലൊരു പേപ്പർ ഗ്ലാസ്സിൽ ചായയും.
പതിയെ ഞാനത് കഴിച്ചു , കുടിച്ചു.

കഴിക്കാൻ കിട്ടിയ വിവരം മഞ്ജനെ വിളിച്ചു പറഞ്ഞു.

ആരോഗ്യ വകുപ്പിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളികൾ ചെന്ന കാര്യം അപ്പോൾ മഞ്ജൻ പറഞ്ഞു.

എന്റെ ഒപ്പം പാതിരാ വരെയും ഉണ്ടായിരുന്ന രണ്ട് പേരാണ് . അവരോട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടോ എന്ന് അവർ ചോദിച്ചുവത്രെ.

ഇല്ലെന്ന് അറിയിച്ചപ്പോൾ പതിനാല് ദിവസത്തേയ്ക്ക് പുറത്ത് ഇറങ്ങരുത് എന്നും വീട്ടിൽ ക്വാറന്റൈൻ ആയിരിക്കണം എന്നും കർശനമായി പറഞ്ഞുവത്രെ.

മഞ്ജന് അപ്പോൾ ഇടയ്ക്കിടെ ചെറിയ പനി തുടങ്ങിയിരുന്നു, ദേഹവും തൊണ്ടയും വേദനിക്കുന്നെന്ന പേടിയും പുകഞ്ഞു തുടങ്ങിയിരുന്നു .

പക്ഷെ , പൊന്നുവിനെ ആരുടെ കൈയിൽ ഏല്പിക്കും എന്ന ചോദ്യത്തിന് ഉത്തമില്ലാത്തത് കൊണ്ട് മഞ്ജൻ ആ വയ്യാഴികകളെ പങ്കു വെക്കാൻ തരമില്ലാതെ സ്വയം അടക്കി വച്ചു.

'ഉണ്ണി കൊച്ചച്ച നാട്ടിൽ നിന്നും ലക്നൗ വരെ വന്നാൽ മോൻ കൊച്ചച്ചയുടെ കൂടെ നാട്ടിൽ പോകാമോ' എന്ന് ചോദിച്ചപ്പോൾ അവളുടെ കണ്ണ് ചുവന്നു വന്നു എന്നും ചുണ്ട് വിതുമ്പി എന്നും മഞ്ജൻ പറഞ്ഞു.

അവർ രണ്ടും വരുന്നിടത്ത് വച്ചു കാണാം എന്ന നിരാശയോടെ വീടിനുള്ളിൽ പരസ്പരം അടുത്തെത്താതെ അകന്നിരിക്കാൻ തുടങ്ങിയെന്നും മഞ്ജൻ പറഞ്ഞു.

ഞാൻ മൂളി മൂളി എല്ലാം കേട്ട് കിടന്നു.

(തുടരും. )

ഒന്നാം ഭാഗം:
ആദ്യദിനം: തീരെ വയ്യ...ക്ഷീണം കൂടിവരുന്നു

രണ്ടാം ഭാഗം:
സ്വാബ് ടെസ്റ്റിലേയ്ക്കൊരു രാത്രി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top