08 December Friday

ആദ്യദിനം: തീരെ വയ്യ...ക്ഷീണം കൂടിവരുന്നു

നിഷ മഞ്ചേഷ്Updated: Monday Sep 21, 2020

കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചികിത്സയിലായിരുന്ന ദിനങ്ങളും യുപിയിലെ ചികിത്സാനുഭവങ്ങളും പങ്കുവെക്കുകയാണ് അധ്യാപിക കൂടിയായ നിഷ മഞ്ചേഷ്.

ആദ്യഭാഗം ഇവിടെ:
നിക്ക് മുപ്പത്തി ആറു വർഷം , മൂന്ന് മാസം , നാലു ദിവസം പ്രായമുള്ളപ്പോഴാണ് കോവിഡ് - 19 പോസിറ്റീവ് ആണ് എന്ന റിപ്പോർട് വരുന്നത്, അന്ന് 16 ഓഗസ്റ് 2020 ആയിരുന്നു.
 
വാർത്തകളിൽ മാത്രം ഈ രോഗം കേട്ട് പരിചയിച്ചവർ മുതൽ ഡോക്ടർമാർ വരെ എനിക്ക് വന്ന അസുഖത്തെ ലാഘവത്തോടെ കാണാൻ ആദ്യം പരിഗണിച്ചത് എന്റെ പ്രായമായിരുന്നു.
 
ഓഗസ്റ്റ് 16 വൈകിട്ട് ഏഴുമണിക്ക് എന്റെ പരിശോധന ഫലം വരുന്നതിനും നാലു ദിവസം മുൻപ് എനിക്ക് പെട്ടന്ന് ഒരു ജലദോഷവും ഒരുമണിക്കൂറിനുള്ളിൽ തളർച്ച തോന്നുന്ന പനിയും തുടങ്ങിയിരുന്നു .

പുറംലോകത്ത് നിന്ന് ഏറെ അടുപ്പം ഇല്ലാതെ മാറി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആകുന്നു. അത് കൊണ്ട് തന്നെ കോവിഡ് ലോക് ഡൗണ് കാലങ്ങൾ എനിക്ക് സ്വാഭാവികമായ ദിവസങ്ങൾ ആയിരുന്നു.
 
ഞാൻ കോവിഡ് മരണങ്ങൾ ഭീതിയോടെ എണ്ണി തുടങ്ങിയത് ലോകത്ത് പതിനൊന്നായിരം ആളുകൾ മരിച്ചു എന്നു ഒരു ദിവസം രാവിലെ ടി വി വാർത്തയിൽ കാണുമ്പോൾ ആയിരുന്നു. അന്ന് എന്റെ ശരീരം ആകെ പിളരും പോലെ നൊമ്പരം കൊണ്ട് ഒരു കൊള്ളിയാൻ മിന്നിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
 
പിന്നെ ദിനം പ്രതി മരണങ്ങൾ കൂടി വന്നു , ഒടുവിൽ ഞാൻ അതേ രോഗത്തിന് ഇരയായി തളർന്നു വീഴുമ്പോൾ ലോകത്ത് ഏകദേശം എട്ട് ലക്ഷത്തോളം ആളുകൾ ജീവൻ വെടിഞ്ഞിരുന്നു.

ചില അത്യാവശ്യങ്ങൾക്ക് പുറത്ത് ഇറങ്ങിയപ്പോഴെല്ലാം എവിടെയും കൈ തൊടാതെയും കൈ മുഖത്ത് എത്താതെയും സൂക്ഷിച്ചു , മടങ്ങി വന്നാൽ കൈ നിർബന്ധമായും സോപ്പ് ഉപയോഗിച്ചു കഴുകി , ഇട്ട് വന്ന ഉടുപ്പ് ഒട്ടും താമസിയ്യാതെ മാറ്റി . ചിലപ്പോൾ മാസ്ക് എടുക്കാൻ മറന്നു യാത്ര പാതിയിൽ ഉപേക്ഷിച്ചു മടങ്ങി വന്നു.

സാമൂഹിക സാഹചര്യങ്ങളെ ഭയക്കുന്ന ഒരു ശുദ്ധൻ ആയതിനാൽ ആവണം അയാൾ സ്റ്റെതസ്കോപ് എന്റെ പുറം ഭാഗത്ത് മാത്രം അമർത്തി എന്നോട് ശ്വാസം എടുത്ത് വിടാൻ ആവശ്യപ്പെട്ടു.

അതേ, ഞാൻ അങ്ങേയറ്റം ശ്രദ്ധാലുവായ ഒരു മനുഷ്യ ജീവിയായിരുന്നു , എനിക്ക് പകർച്ച വ്യാധികൾ വരുന്നത് എന്റെ വൃത്തിബോധത്തിന്റെ ആത്മാഭിമാനത്തെ മുറിക്കും പോലെ എന്നും അരോചകമായിരുന്നു .
 
പനി തുടങ്ങുന്നത് പന്ത്രണ്ടാം തീയതി ആണ്. മുൻപ് ഒരിക്കലും ഇല്ലാത്ത പോലെ എനിക്ക് തളർച്ച തോന്നി.വീടിന്  അടുത്തുള്ള ക്ലിനിക്കിലെ ഫിസിഷ്യൻ ആയ ഡോക്ടറുടെ അടുത്തേയ്ക്ക് ഉള്ള ഇരുന്നൂറു മീറ്റർ ദൂരം എനിക്ക് കിലോമീറ്ററുകൾ പോലെ കിതപ്പ് തന്നു.
 
അയാൾ എന്നെ പരിശോധിച്ചു.
സാമൂഹിക സാഹചര്യങ്ങളെ ഭയക്കുന്ന ഒരു ശുദ്ധൻ ആയതിനാൽ ആവണം അയാൾ സ്റ്റെതസ്കോപ് എന്റെ പുറം ഭാഗത്ത് മാത്രം അമർത്തി എന്നോട് ശ്വാസം എടുത്ത് വിടാൻ ആവശ്യപ്പെട്ടു.
 
എനിക്ക് അത്തരം കപടത കാണിക്കുന്ന ഡോക്ടർമാരിൽ അപ്പോൾ തന്നെ വിശ്വാസം നഷ്ടപ്പെടുകയാണ് പതിവ്. ഇയാളുടെ കാര്യത്തിലും അത് ഉണ്ടായി.
 
അയാൾ എനിക്ക് പനിക്കും ജലദോഷത്തിനുമുള്ള മരുന്ന് എഴുതി , ഉപ്പ് വെള്ളം തൊണ്ടയിൽ കൊള്ളണം എന്നും എന്റെ ചീട്ടിൽ അയാൾ എഴുതി . അയാൾ എന്റെ പനി അളന്നിരുന്നില്ല.
 
മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങുമ്പോൾ അതിന്റെ ഉടമ എന്നോട് സംശയത്തോടെ ' തൊണ്ടയിൽ അസ്വസ്ഥത കൂടുതൽ ആണോ ' എന്ന് ചോദിച്ചു.
 
ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ അയാൾ എനിക്ക് താൽപര്യം തോന്നാത്തത് പോലെ, എന്നെ പരിഹസിക്കുന്ന പോലെ ചെറുതായി ചിരിച്ചു.
 
സത്യത്തിൽ എനിക്ക് അത്തരം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല , ഉപ്പ് വെള്ളം കൊള്ളാൻ ഉള്ള നിർദേശം കണ്ട് ആവണം അയാൾക്ക് അങ്ങിനെ ഒരു സംശയം തോന്നിയത്.
 
അതിനിടയിൽ നടന്ന ഫോൺ വിളികളിൽ പോലും എനിക്ക് പതിവില്ലാത്ത ക്ഷീണം തോന്നി. പിന്നെ വിളിക്കാം, മടുത്തു എന്നു പറഞ്ഞു എനിക്ക് ഒരു ഫോൺ കട്ട് ചെയ്യേണ്ടി വന്നു.
 
വൈകിട്ട് മുമ്പ് ഒരിക്കലും പതിവില്ലാത്തത് പോലെ മഞ്ജനെ വിളിച്ചു വൈകിട്ട് കഴിക്കാൻ എന്തെങ്കിലും വാങ്ങിയാലോ എന്ന് ഞാൻ ചോദിച്ചു .
 
അന്ന് ആദ്യമായി , ഈ സീസണിൽ എനിക്ക് ഫാനിന്റെ കാറ്റ് കിട്ടാത്ത ഭാഗത്ത് മാറി ഇരിക്കാൻ തോന്നി.
 
അന്ന് ആദ്യമായി എനിക്ക് ശ്വാസം കിട്ടുന്നില്ലേ എന്ന് സംശയം തോന്നി.
 
അന്ന് ആദ്യമായി മരുന്നും ഭക്ഷണവും കഴിച്ചു കിടന്ന ഞാൻ സങ്കൽപ്പങ്ങളും ആകുലതകളും ഇല്ലാതെ , ഉറക്കത്തെ ധ്യാനിച്ചു ക്ഷണിക്കാതെ, ഞാനറിയാതെ, മയങ്ങി പോയി.
 
ഉറക്കത്തിൽ എനിക്ക് വയ്യ എന്നൊരു തോന്നലിൽ ഞാൻ എന്റെ അടുത്ത് ഇരുന്ന് ഒരു സ്നേഹം എന്നെ തലോടുന്നതും ആശ്വസിപ്പിക്കുന്നതും മായക്കാഴ്ച്ച കണ്ടു.


പുകഞ്ഞു കത്തുന്ന വേദനകൾ .

ഉറങ്ങാതെയും ഉണരാതെയുമെന്നപോലെ ഒരു രാത്രി കഴിയുകയായിരുന്നു.
 
രാത്രി മുഴുവൻ നിർത്താതെ പെയ്ത പെരുമഴയിൽ വഴിയെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നു എന്നു ഞാൻ കട്ടിലിൽ കിടന്നു കൊണ്ട് കേട്ടൂ . മഴയിലോ വെള്ള കെട്ടിലോ എനിക്ക് താല്പര്യം തോന്നിയില്ല . എനിക്ക് എണീക്കണമെന്നും ഒരു പനി തളർത്തുന്ന ആളല്ല ഞാനെന്നും എപ്പോഴത്തെയും പോലെ എന്റെ ആത്മവിശ്വാസം എന്നോട്  പറയുന്നുണ്ടായിരുന്നു.
 
എഴുന്നേറ്റു എങ്കിലും അന്ന് ചെയ്യേണ്ട ജോലികൾ പരസ്പരം ബന്ധിപ്പിക്കാൻ എന്റെ തലച്ചോർ പണിപ്പെടുന്നത് പോലെ എനിക്ക് തോന്നി.
 
കണ്ണ് അടഞ്ഞു തന്നെ ഇരിക്കാൻ നിർബന്ധം പിടിച്ചു.
എത്രയോ വർഷങ്ങൾക്ക് ശേഷം തൊട്ട് നോക്കുമ്പോൾ അറിയുന്ന ചൂടിൽ എന്റെ ശരീരം വിങ്ങി വേദനിക്കാൻ തുടങ്ങി.
'എനിക്ക് വയ്യല്ലോ' എന്നു ഞാൻ എന്നോട് ഇടയ്ക്കിടെ ദീര്ഘനിശ്വാസത്തോകെ പരിതപിച്ചു.
 
ആശുപത്രികളിലേക്കുള്ള യാത്രയെയാണ് ഇക്കാലങ്ങളിൽ എല്ലാം ഏറ്റവും ഭയപ്പെട്ടിരുന്നത്. ഒരു പനിയെന്ന എന്റെ അവസ്ഥ ഒരു ആശുപത്രി സന്ദർശനത്തിലൂടെ കോവിഡായി മാറുമോ എന്ന ഭയം മൂലം ക്ലിനിക്കിലെ ഡോക്ടർ എഴുതി തന്ന മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എങ്കിലും പോകെ പോകെ ആ മരുന്ന് എന്നെ രക്ഷിക്കില്ല എന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങി.
 
പകുതിയോളം മുങ്ങുന്ന വെള്ളത്തിലൂടെ ഞങ്ങൾ മറ്റൊരു ഡോക്ടറുടെ ക്ലിനിക്കിലേക്ക് വണ്ടി ഓടിച്ചു. മഴ അലച്ചു തല്ലി പെയ്യുന്നുണ്ടായിരുന്നു . എനിക്ക് മരവിച്ചൊരു ബോധത്തിലേയ്ക്ക് മഴ പെയ്യുന്നത് ഐസിൽ പുതഞ്ഞു മരവിച്ചു പോയ ഒരു അവയവത്തിലേയ്ക്ക് വെള്ള തുള്ളികൾ വീഴുന്നത് പോലെയോ തോന്നിയുള്ളൂ.
 
തേടിപ്പിടിച്ചു ഞങ്ങൾ എത്തുമ്പോൾ ആ ക്ലിനിക്കിന്റെ ഷട്ടർ തുറന്നിരുന്നില്ല , അവിടേയ്ക്കുള്ള വഴിയിലെ വെള്ളം എന്റെ ശരീരത്തിലെ വേദന പോലെ അപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
 
മടങ്ങി വരുമ്പോൾ മഴ വെള്ളം ഏൽപ്പിച്ച മുറിവിൽ വണ്ടി പിണങ്ങി വഴിയിൽ കിടന്നു , ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നോ എന്ന വേവലാതിയിൽ ഞാൻ മയങ്ങിയും കിടന്നു. 
 
ഉച്ച അടുക്കാറായപ്പോൾ , മഴ തോർന്നപ്പോൾ , ഏറുന്ന ചൂടിനെ താങ്ങി പിടിക്കുന്ന ശരീരവുമായി ഞങ്ങൾ വീണ്ടും ആ ക്ലിനിക്കിലേയ്ക്ക് പ്രതീക്ഷയോടെ ചെന്നു. അപ്പോൾ അവിടെ ഡോക്ടറും അദ്ദേഹത്തിന്റെ സഹായിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
 
അപരിചിതത്വവും അതേ സമയം ദയയും നിറഞ്ഞ നോട്ടം കൊണ്ട് ഡോക്ടർ എന്നെ അടുത്തുള്ള കസേരയിൽ ഇരുത്തി . അദ്ദേഹത്തിന്റെ സ്റ്റെതസ്കോപ് ഒരു പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു റബ്ബർ ബാൻഡ് ഇട്ടിരുന്നു , ടേബിളിൽ ഒരു ചെറിയ കുപ്പി സാനിടൈസർ വച്ചിരുന്നു , ഓപ്പറേഷൻ തീയേറ്ററിൽ കണ്ടിട്ടുള്ള പച്ച നിറമുള്ള പരുക്കൻ കോട്ടൻ തുണിയുടെ മാസ്ക് ആയിരുന്നു ഡോക്ടറും സഹായി ആയ കുട്ടിയും ഉപയോഗിച്ചിരുന്നത്.
 
മഞ്ജൻ എന്റെ ബുദ്ധിമുട്ടുകൾ ഡോക്ടറെ അറിയിച്ചു . ഇടയ്ക്ക് ഞാനും അതിൽ ഒഴിവായി പോയതൊക്കെ കൂട്ടി ചേർത്തു.
 
എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നു എന്നു ഞാൻ രണ്ടോ മൂന്നോ തവണ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ നിന്ന് മാറിപോകരുത് എന്ന ഉദ്ദേശത്തോടെ പറഞ്ഞു .
 
അദ്ദേഹം , ഞാൻ ആദ്യം കണ്ട ഡോക്ടർ ചെയ്തത് പോലെ തന്നെ എന്നോട് പുറം തിരിഞ്ഞു ഇരിക്കാൻ ആവശ്യപ്പെട്ടു.
 
ഉള്ളിലെ അമർഷം കാണിക്കാനുള്ള സാഹചര്യം ഇല്ലാതെ ഞാൻ അത് അനുസരിച്ചു.
 
മുൻപത്തെ പോലെ തന്നെ അദ്ദേഹം എന്നോട് ശ്വാസം ശക്തിയായി എടുത്ത് വിടാൻ ആവശ്യപ്പെട്ടു. ദീർഘമായി ശ്വാസം എടുക്കുമ്പോൾ ഞാൻ ചുമയ്ക്കാൻ തുടങ്ങിയിരുന്നു .
 
നേരെ ഇരുന്ന എന്നോട് എനിക്ക് ആത്മവിശ്വാസം തരുന്ന സംസാരം നടത്തിക്കൊണ്ട് അദ്ദേഹം മരുന്ന് എഴുതി തുടങ്ങി. ആദ്യത്തെ ഡോക്ടർ തന്ന മരുന്നുകൾ കൃത്യമായി കഴിച്ചോ എന്നും , ഉപ്പ് വെള്ളം കൊണ്ടോ എന്നും ഇതിനിടയിൽ ചോദിച്ചു.
 
മരുന്നു എഴുതുന്ന ഡോക്ടറോട് വീണ്ടും ഞാൻ എനിക്ക് ദേഹം ആകെ വേദന തോന്നുന്നു, തീരെ വയ്യ എന്ന പോലെ ക്ഷീണം തോന്നുന്നു , ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും തോന്നുന്നു എന്നെല്ലാം 
വീണ്ടും പറഞ്ഞു.
 
മരുന്ന് എഴുത്ത് നിർത്തി അദ്ദേഹം എനിക്ക് അഭിമുഖമായി നേരെ ഇരുന്നു.
 
എന്നിട്ട് എന്നോട് വിശദീകരിച്ചു -
 
"നോക്ക് , ഇപ്പോൾ നിലവിൽ കാൻപൂരിൽ മൂന്ന് രോഗങ്ങൾ ആണ് ഉള്ളത് , ഒന്നാം സ്ഥാനത്ത് വൈറൽ ഫീവർ, രണ്ടാമത് മലേറിയ , കോവിഡ് മൂന്നാം സ്ഥാനത്ത്. കോവിഡ് ഉണ്ട് എന്നത് നേരാണ്, പക്ഷെ പേടിക്കാൻ മാത്രം ഇല്ല. നിനക്ക് വൈറൽ ഫീവർ ആണ്. നീ കോവിഡ് ആണോ എന്ന് സംശയിക്കുന്നുണ്ട് , അതിന്റെ പേടികൊണ്ട് ശ്വാസം മുട്ടുന്നു എന്ന് നിനക്ക് തോന്നുകയാണ്. രണ്ട് ദിവസത്തെ പനിക്കുള്ള മരുന്ന് ഞാൻ തരാം, അത് കഴിക്കുമ്പോൾ കുറവ് ആകും, എന്നിട്ട് എന്നെ വന്നു കാണണം . പേടിക്കാൻ ഒന്നുമില്ല , നിന്റെ റെസ്പിറേറ്ററി ട്രാക്ട് ക്ലിയർ ആണ് , അത് കൊണ്ട് ഒന്നും പേടിക്കാനില്ല , നാലു മണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ കഴിക്കണം. റെസ്റ് എടുക്കണം" .
 
ഞങ്ങൾ രണ്ടു പേരും തലയാട്ടി.
 
ഇനി അഥവാ കോവിഡ് ടെസ്റ്റ് ചെയ്യണം എങ്കിൽ അതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ് എന്ന് മഞ്ജൻ ചോദിച്ചു , വെറുതെ അറിഞ്ഞിരിക്കാൻ ആണ് എന്ന് ചോദ്യത്തെ ബലപ്പെടുത്തി.
 
'രാമാദേവി'യിലെ  കാശി റാം ആശുപത്രിയിൽ അതിനുള്ള സംവിധാനം ഉണ്ടെന്നും , സംശയം ഉള്ളവർക്ക് അവിടെ രാവിലെ എട്ടരയോടെ ചെന്ന് ക്യൂ നിന്ന് ടെസ്റ്റ് നടത്താമെന്നും ഡോക്ടർ പറഞ്ഞു.
 
അടുത്തുള്ള ആശുപത്രിയിൽ തന്നെ അതിനുള്ള സംവിധാനം ഉണ്ട് എന്ന് കേട്ടപ്പോൾ എവിടെയോ ഒരു ആശ്വാസം മിന്നി.
 
ഇന്നല്ലെങ്കിൽ നാളെ ഈ രോഗം കണ്ടെത്താൻ ശരീരവുമായി ഇറങ്ങി ചെല്ലേണ്ടി വരും എന്നൊരു തോന്നൽ എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പറഞ്ഞിരുന്നത്,' എങ്ങാനും ഈ രോഗം വന്നാൽ ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ എങ്ങിനെ പോയി കിടക്കും , മൂന്ന് പേർക്കും വന്നാൽ പൊന്നുവിനും എനിക്കും ഒരുമിച്ചു സ്ഥലം കിട്ടുമോ' എന്നൊക്കെ ആയിരുന്നു .
 
മരുന്ന് എഴുതുന്നതിനു ഇടയിൽ എന്റെ മെൻസസ് കൃത്യമാണോ എന്നു എന്നോട് ചോദിക്കാൻ ആ പെണ്കുട്ടിയോട് ഡോക്ടർ വളരെ രഹസ്യമായി പറയുന്നത് ഞാൻ കണ്ടു. ആ കുട്ടി എന്റെ അടുത്ത് വന്നു കാതിൽ മുഖം ചേർത്ത് 'ആപ് കി പിരീഡ്സ് മേ കോയ് പ്രോബ്ലെം ഹേ ? എന്ന് ചോദിച്ചു.
 
ഞാൻ പുളച്ചിൽ തോന്നുന്ന അസ്വസ്ഥതയോടെ നഹി എന്നു മറുപടി കൊടുത്തു .
 
ഇവർ എന്താണ് ഗൂഢമായി ആലോചിച്ചു എന്റെ ചെവിയിൽ ഉരുവിടുന്നത് എന്ന ഉത്തകണ്ഠയോടെ മഞ്ജൻ എന്നെ നോക്കി.
 
ഈ മനുഷ്യൻ എങ്ങിനെ ഡോക്ടർ ആയി എന്ന നിസ്സഹായത ആയിരുന്നിരിക്കണം എന്റെ മുഖത്ത് അപ്പോൾ വന്നിട്ടുണ്ടാവുക.
 
അവിടെ നിന്നും തന്ന മരുന്നുമായി ഞങ്ങൾ തിരിച്ചു പോന്നു.
 
ഈ യാത്രയിലും അനുഭങ്ങളിലുമെല്ലാം പൊന്നു എന്റെ പിന്നാലെ ഉണ്ടായിരുന്നു.
 
"അമ്മയുടെ പനി മോന് പിടിപ്പിക്കേണ്ട കേട്ടോ, അടുത്ത് ഇരിക്കേണ്ട" എന്ന് ഞങ്ങൾ രണ്ടും അവരോട് മാറി മാറി പറഞ്ഞുകൊണ്ടിരുന്നു.
 
വീട്ടിലെ അന്തരീക്ഷം മാറുമ്പോൾ ലോകത്ത് ഏതൊരു കുട്ടിയും അറിയാതെ പെട്ടു പോകുന്ന നിശ്ശബ്ദതയിലേയ്ക്ക് അവളും അപ്പോൾ കൂട്കെട്ടി തുടങ്ങിയിരുന്നു. അമ്മയ്ക്ക് വയ്യാതെ ആകുന്നു എന്നൊരു നിഴൽ അവളുടെ കണ്ണിലെ തിളക്കം കെടുത്തി തുടങ്ങിയിരുന്നു.
 
മരുന്ന് കഴിച്ചു കിടന്ന ഞാൻ രോഗം തരുന്ന മയക്കത്തിലേയ്ക്ക് മടങ്ങി.
 
ഇടയ്ക്ക് ഉണർന്നു, പ്രിയപ്പെട്ട ചിലരോട് വയ്യെന്ന് പറഞ്ഞു , ഒന്നുമില്ലെന്ന് സ്വയം പറഞ്ഞും ശരീരം നോക്കില്ലല്ലോ എന്ന ശകാരങ്ങൾ കേട്ടും മരുന്ന് എന്നെ സുഖപ്പെടുത്തുമെന്ന വിശ്വാസത്തെ ഞാൻ വെറുതെ ചേർത്ത് പിടിച്ചു .
 
ഒരു ഉറക്കത്തിൽ എന്റെ തല പിളരുന്ന വേദനകൊണ്ട് ഞാൻ നീറിപ്പുകഞ്ഞുണർന്നു . ഇത് കൂടി എനിക്ക് വയ്യെന്ന് ഞാൻ ഇരുട്ടിലിരുന്നു കരഞ്ഞു.
 
കണ്ണുനീരിന്റെ ഉപ്പ് എന്റെ മുഖത്ത് നീറി.
 
എനിക്ക് അപ്പോൾ വയറു വേദനിച്ചു.
 
വേഗം എനിക്ക് ടോയ്ലറ്റിൽ പോകാൻ തോന്നി. ഇരുട്ടും തളർച്ചയും തലവേദനയും മറന്നു ഞാൻ ടോയ്ലറ്റിലെ വെളിച്ചം തെളിച്ചു പോയി.
 
അപ്പോൾ മുതൽ എന്റെ വയറും എന്നോട് പിണങ്ങുകയാരുന്നു.
 
എന്റെ ഓർമ്മകളുടെയും സ്നേഹങ്ങളുടെയും കുടികിടപ്പിടമായ തലച്ചോറിലെ ഒരു കുഞ്ഞു ഭാഗം ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും എന്നെ ഒറ്റയ്ക്ക് ആക്കി തുടങ്ങുകയായിരുന്നു.

നെഗറ്റിവ് റിപ്പോർട്ട് ഇല്ലാത്ത പനി.
 
തളർന്ന ദേഹവും കൊണ്ട് ഡോക്ടർ പറയുന്ന "വൈറൽ ഫീവറിനോട്" ഞാൻ മനസ്സ് കൊണ്ട് യുദ്ധം ചെയ്തു കൊണ്ടേയിരുന്നു . എനിക്കുള്ളത് ഒരു വൈറൽ ഫീവർ മാത്രമാണെന്നും അടുത്ത അഞ്ചു ദിവസം കഴിയാതെ അത് എന്റെ ശരീരത്തിൽ നിന്ന് പോകില്ലെന്നും എനിക്ക് പനി ആണെന്ന് അറിഞ്ഞവർ അറിഞ്ഞവർ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.
 
ആയുർവേദ കൂട്ടുകൾ ചേർത്ത് ഒരു പൊടി ഇവിടെ കിട്ടും. കാട എന്നാണ് എനിക്കത് തിരിഞ്ഞിട്ടുള്ളത് , ഇനി 'ക' യിലോ 'ട' യിലോ മാറ്റമുണ്ടോ എന്ന് എനിക്ക് അറിയില്ല.
 
കാട ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് സ്പൂണ് ചേർത്ത് അത് പകുതി വറ്റും വരെ തിളപ്പിച്ചു കുടിക്കണം , അപ്പോൾ പ്രതിരോധ ശേഷി കിട്ടുമെന്നും തൊണ്ടയിൽ ഇൻഫെക്ഷൻ വരില്ലെന്നും ഈ നാട്ടിൽ കുറച്ചു മാസങ്ങൾ ആയി ഒരു വിശ്വാസം പ്രചരിക്കുന്നുണ്ട്.
 
ഞങ്ങൾക്ക് വേണ്ടി സ്നേഹവും താത്പര്യവുമുള്ള ചിലർ രണ്ട് മാസങ്ങൾക്ക് മുൻപേ ഒരു കാൽ കിലോയോളം വരുന്ന അളവിൽ കാട വാങ്ങി മഞ്ജനെ ഏല്പിച്ചിരുന്നു.
 
ആദ്യമൊക്കെ ഇന്നാട്ടിലെ ആയുർവേദം എന്താവും എന്ന് ആരറിഞ്ഞു എന്ന തോന്നൽ കൊണ്ടും കോവിഡിന് എന്ത് ആയുർവേദം എന്ന തിരിച്ചറിവ് കൊണ്ട് ഞാൻ ആ പൊതിക്കെട്ടു അങ്ങിനെ തന്നെ എടുത്ത് വച്ചു.
 
പിന്നീട് പലതവണ സംസാരിച്ച ആളുകളും രാവിലെയും രാത്രിയും അവർ മുടങ്ങാതെ കാട തിളപ്പിച്ചു കുടിക്കുന്നതിന്റെ കഥകൾ പറഞ്ഞപ്പോൾ കുറ്റബോധം എന്നു തോന്നുന്ന വിധം ഒരു അസ്വസ്ഥത
എനിക്ക് ഉള്ളിൽ പുളിക്കാൻ തുടങ്ങി.

എങ്ങിനെയോ പുലർന്ന പകലിന്റെ  ക്ളോക്കിൽ ഒമ്പത് മണി ഓടിയെത്തുമ്പോൾ മഞ്ജൻ എന്നെയും കൂട്ടി വീണ്ടും അതേ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഞങ്ങൾക്ക് പോകാൻ വേറെ ഹോസ്പിറ്റലുകൾ ഇവിടെ ഇല്ലായിരുന്നു.അന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു.

എങ്ങാനും കോവിഡ് വന്നാൽ "നീ കാട ഉപയോഗിക്കാത്തത് കൊണ്ടാണ് " എന്നു ആരെങ്കിലും പറഞ്ഞേക്കാം എന്നതിലുപരി "ഞാൻ കട ഉപയോഗിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ വരില്ലായിരുന്നു" എന്ന തോന്നലിൽ ഞാൻ നീറി പോകും എന്ന പേടി എനിക്ക് കൂട്ട് വരാൻ തുടങ്ങി.
 
ഇടയ്ക്ക് ഒരു ദിവസം , ഇടയ്ക്കിടെ പെയ്ത മഴ തന്നിട്ട് പോയ ഉഷ്ണം സഹിക്കാതെ ദേഹം പെയ്യിച്ച വിയർപ്പ് തലയിൽ കുതിർന്നു പിടിച്ചിട്ട് ആവണം, എനിക്ക് ജലദോഷം പോലൊരു തോന്നലും തൊണ്ടയിൽ നേരിയ നീറ്റലും ഉണ്ടായപ്പോൾ ഞാൻ ആദ്യമായി കാട തിളപ്പിച്ചു പറ്റിച്ചു കുടിച്ചു .
 
എനിക്ക് അന്ന് അതൊരു ആശ്വാസം തന്നത് പോലെ തോന്നി. കാട എന്ന ആയുർവേദ മരുന്നിനോട് അത് വരെ സൂക്ഷിച്ച അകൽച്ച ഇഷ്ടം ഇല്ലാത്ത ഞാൻ മാറ്റി വച്ചു.
 
ഇരട്ടി മധുരത്തിന്റെ ചവർപ്പുള്ള ആ മരുന്ന് കോവിഡിന് പ്രതിരോധം തീർക്കില്ലെന്നു എനിക്ക് ഉറപ്പായിരുന്നു, പക്ഷെ അത് ചുക്ക് കാപ്പി പോലെ ഒരു ജലദോഷ മരുന്ന് ആയിരിക്കാം എന്നും അത് കൊണ്ട് ദോഷം ഒന്നും വരാനില്ലെന്നും എനിക്ക് തോന്നി.
 
ഭാവിയിൽ എന്റെ മേൽ വീഴാനുള്ള ഒരു പഴിയെ ഒഴിവാക്കും പോലെ ഞാൻ മഞ്ജനും ഇടയ്ക്കിടെ കാട തിളപ്പിച്ചു കൊടുത്തു.
 
പനിയിൽ ഞാൻ പുതഞ്ഞു കിടക്കുമ്പോഴും മഞ്ജൻ എനിക്ക് ഇടയ്ക്കിടെ കാട ഉണ്ടാക്കി തന്നു, അത് കുടിക്കുമ്പോൾ എനിക്ക് എന്റെ നെഞ്ചിൽ നിന്ന് അൽപ്പം ആശ്വാസം മനസ്സിലേക്ക് പകരുന്നത് പോലെ തോന്നിയിരുന്നു , കച്ചിതുരുമ്പ് എന്ന പറച്ചിൽ പോലെ ഇനി ഇത് രക്ഷിച്ചെങ്കിലോ എന്ന സാധ്യതയെ ഞാൻ വെറുതെ ഉപേക്ഷിച്ചില്ല.
 
ക്ലിനിക്കിലെ ഡോക്ടറുടെ മരുന്ന് കഴിച്ചു തുടങ്ങിയതോടെ തീ എന്നത് പോലെയുള്ള പനി പതിയെ അകന്നു. എന്നാൽ പനിയുടെ മരുന്ന് അര മണിക്കൂർ വൈകിയാൽ അത് മടങ്ങി വന്നു.
 
ഇതിനിടയിൽ മഞ്ജൻ അഡ്മിറ്റ് ആകാനും മികച്ച ചികിത്സ കിട്ടാനും സാധ്യതയുള്ള ആശുപത്രികളിൽ അന്വേഷിച്ചു കൊണ്ടിരുന്നു.
 
എല്ലായിടത്തും ഒരേ മറുപടി ഒരുക്കി വച്ചിരുന്നു.
 
"പനി ഉണ്ടെങ്കിൽ കോവിഡ് നെഗറ്റീവ് റിപ്പോർട് കൊണ്ട് വരാതെ അകത്തേയ്ക്ക് കടത്തി വിടില്ല ".
 
നെഗറ്റീവ് റിപ്പോർട്ട് കിട്ടണമെങ്കിൽ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് ചെയ്യണമെങ്കിൽ ഒരു അംഗീകൃത ഡോക്ടർ എഴുതി തരണം. അങ്ങിനെ തന്നാൽ, ടെസ്റ്റ് ചെയ്താൽ , റിപ്പോർട് കിട്ടാൻ മൂന്ന് ദിവസം എടുക്കും.
 
അതിനുള്ളിൽ ആ രോഗിക്ക് എന്ത് സംഭവിക്കും എന്നത് അവരുടെയും അവരെ ചുറ്റിയുള്ള ചുരുക്കം മനുഷ്യരുടെയും അനുഭവം മാത്രം ആകും.
 
നെഗറ്റീവ് ആണെന്ന് അറിയാത്ത, പോസിറ്റീവ് അല്ലെന്ന് ചികില്സിക്കുന്ന ഡോക്ടർ പറയുന്ന ഞാൻ അപ്പോഴെല്ലാം ശ്വാസം ആഞ്ഞു വലിക്കുകയും അത് കിട്ടാതെ വരുമ്പോൾ മാത്രം ചെറുതായി ചുമക്കുകയുമായിരുന്നു.
 
കോവിഡ് ആണെങ്കിൽ അസഹനീയമായ ചുമ ഉണ്ടാകുമെന്നും നിനക്ക് പനി മാത്രം ആണെന്നും നീ വെറുതെ പേടിക്കുന്നെന്നും ഇടയ്ക്കിടെ എന്നെ ആരൊക്കെയോ ഫോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
 
പനി തുടങ്ങിയതിന്റെ മൂന്നാം ദിവസവും കഴിഞ്ഞു പോയി . രാത്രിയിൽ എനിക്ക് തലവേദനയുടെ ലാവ പൊട്ടിയൊഴുകി ഞാൻ പിളർന്ന് പോകുന്നെന്നു തോന്നി. എനിക്ക് കരയാനും ശ്വാസമെടുക്കാനും ആവതില്ലാതെ വന്നു.
 
നെറ്റിയിൽ നനഞ്ഞ തുണി ഇട്ട് തന്ന് എന്റെ ജീവിതം എനിക്ക് കൂട്ടിരുന്നു.
 
സങ്കടം വരുന്നല്ലോ എന്നു പറഞ്ഞു തീരും മുൻപ് മഞ്ജന്റെ കണ്ണ് എൻറെടുത്തിരുന്നു നിറഞ്ഞൊഴുകി , പൊന്നു അപ്പോൾ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു.
 
എങ്ങിനെയോ പുലർന്ന പകലിന്റെ ക്ളോക്കിൽ ഒമ്പത് മണി ഓടിയെത്തുമ്പോൾ മഞ്ജൻ എന്നെയും കൂട്ടി വീണ്ടും അതേ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഞങ്ങൾക്ക് പോകാൻ വേറെ ഹോസ്പിറ്റലുകൾ ഇവിടെ ഇല്ലായിരുന്നു.
 
അന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു.
 
(തുടരും)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top