25 April Thursday

സ്വാബ് ടെസ്റ്റിലേയ്ക്കൊരു രാത്രി...കോവിഡ് കുറിപ്പുകള്‍ തുടരുന്നു

നിഷ മഞ്ചേഷ് Updated: Tuesday Sep 22, 2020

ഡോക്ടറുടെ  ക്ലിനിക്കിൽ എത്തുമ്പോൾ വേറെ രോഗികൾ ആരും വന്നിട്ടുണ്ടായിരുന്നില്ല.

ആ പെണ്കുട്ടിയും ഡോക്ടറും അതേ പച്ച കോട്ടൻ മാസ്ക് ധരിച്ചു പുറത്തേക്കുള്ള വഴിയിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ രണ്ടും ഉള്ളിൽ എത്തി രോഗിക്കും സഹായിക്കുമുള്ള അതാത് കസേരകളിൽ ഇരുന്നു.

എന്റെ മരുന്ന് എഴുതിയ കുറിപ്പ് അദ്ദേഹം ഒരു ബോക്സിൽ നിന്നും കണ്ടെടുത്തു.

പനി കുറഞ്ഞില്ലേ എന്ന് എന്നോട് ചോദിച്ചു.

ഞാൻ എന്റെ ബുദ്ധിമുട്ടുകൾ വീണ്ടും എണ്ണിയെടുത്ത് പറഞ്ഞു. തല വേദന അസഹസനീയമായ
രാത്രിയെക്കുറിച്ചും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് കൂടുന്നു എന്നതും പറഞ്ഞു.

ചില മരുന്നുകൾ മാറ്റി തരാം എന്ന് പറഞ്ഞു അദ്ദേഹം മരുന്ന്കുറിപ്പിൽ തിരുത്തുകൾ വരുത്തി.

ബ്ലഡ് , യൂറിന്‍ ടെസ്റ്റ് ചെയ്യാൻ മറ്റൊരു കടലാസിൽ അദ്ദേഹം കുറിച്ചു. എന്റെ അസുഖം കണ്ടെത്താൻ  എന്തെങ്കിലും പുതിയതായി ചെയ്തല്ലോ എന്ന് എനിക്ക് ആസ്വാസം തോന്നി.

ബ്ലഡ് വീട്ടിൽ വന്നു എടുക്കുന്ന ഏജന്റിന്റെ നമ്പർ അദ്ദേഹം തന്നു.

വീട്ടിലെത്തി പുതിയതായി തന്ന മരുന്നുകളും കഴിച്ചു മയങ്ങി കിടന്ന എന്റെ ബ്ലഡും യൂറിനും ശേഖരിക്കാൻ അയാൾ വന്നു പോയി.

അതിനു ശേഷമുള്ള പകൽ എനിക്ക് ബോധത്തിൽ ചേർത്ത് വെക്കാൻ കഴിയാതെ പോയി. വേദനകൾ അറിയാതെ ഇരിക്കാൻ എന്റെ തലച്ചോർ എന്റെ ശരീരത്തെ ഉറക്കി കിടത്തി.

ചെരിഞ്ഞു കിടന്നാൽ ശ്വാസം കിട്ടാതെ ആവുന്ന ഒരാളായി ഞാൻ മാറിയത് അന്നാണ്.

അന്ന് വൈകിട്ട് ബ്ലഡ് ടെസ്റ്റ് റിസൾട്ട് കിട്ടി. റിപ്പോർട്ട് കാണിക്കാൻ മഞ്ജൻ ഡോക്ടറുടെ അടുത്ത് പോയി. റീപോര്ടുകൾ എല്ലാം നോർമൽ ആയിരുന്നു.

അഥവാ കോവിഡ് ആണെങ്കിൽ നോർമൽ ബ്ലഡ് ടെസ്റ്റ് റിപ്പോർട് കിട്ടില്ല എന്ന് എന്റെ സുഹൃത്തുക്കൾ എനിക്ക് മെസേജ് ചെയ്തു.

ഡോക്ടറുടെ അടുത്ത് എത്തിയ മഞ്ജൻ ഫോൺ വിളിച്ചു എന്നെക്കൊണ്ട് ഡോക്ടറുമായി സംസാരിപ്പിച്ചു.

ശബ്ദമെടുത്തു സംസാരിക്കാൻ വയ്യാത്ത വിധം ശ്വാസം കിട്ടാതെ ആകുന്ന എന്റെ അവസ്ഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ലാൽ ബംഗ്ലയിൽ (വീടിരിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ചെറിയ പട്ടണം) ഉള്ള മറ്റൊരു ഡോക്ടറുടെ ക്ലിനിക്കിലേയ്ക്ക് വിളിച്ച അദ്ദേഹം തന്റെ ഒരു പെഷ്യൻറ് വരുന്നുണ്ട് എന്നും ഓക്സിജൻ ലെവൽ നോക്കണം എന്നും പറഞ്ഞു . പതിനഞ്ചു മിനിറ്റിനുള്ളിൽ ആ ക്ലിനിക്കിൽ ഞാനുമായി എത്താൻ മഞ്ജനോട് ഡോക്റ്റർ പറഞ്ഞു.

അത് വരെ കഴിച്ച മരുന്നുകളും ചീട്ടുകളും റിപ്പോർട്ടുമായി ഞങ്ങൾ അവിടേക്ക് പോകുമ്പോ വൈകിട്ട് ആറു മണി കഴിഞ്ഞിരുന്നു.

ഡോക്ടർ കപൂറിന്റെ ക്ലിനിക്ക് ആയിരുന്നു അത്.
എനിക്ക് അവിടെ പോയി പരിചയമുണ്ട്. പൊന്നു തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ പീഡിയാട്രീഷൻ ആയ ഡോക്ടർ കപൂറിനെ കാണിക്കാൻ ഞാൻ പോയിട്ടുണ്ട്. അന്ന് പക്ഷെ അച്ഛൻ കപൂർ ആയിരുന്നു അവിടെ ഡോക്ടർ. ഇപ്പോൾ അച്ഛൻ കപൂർ ഇല്ല, മകൻ കപൂർ ആണ് ഡോക്ടർ , അദ്ദേഹം പീഡിയാട്രീഷൻ അല്ലെന്ന് ക്ലിനിക്കിൽ കണ്ട രോഗികളിൽ നിന്ന് മനസ്സിലായി.

എനിക്ക് അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരിക്കാൻ മടി തോന്നിയെങ്കിലും നിൽക്കാൻ ആവതില്ലാതെ ഞാൻ അവിടെ ഇരുന്നു. മാസ്ക്കിന് ഉള്ളിൽ കൂടിയുള്ള ശ്വസനം കൂടുതൽ ബുദ്ധിമുട്ട് ആയിക്കൊണ്ടിരുന്നു.

ഓരോ രോഗിയോടും ലോകകാര്യങ്ങൾ സംസാരിച്ചുകൊണ്ടുള്ള ഡോക്ടറുടെ പരിശോധനയോട് എനിക്ക് ദേഷ്യം തോന്നി , എന്റെ ശരീരത്തിലെ ഓക്സിജൻ ലെവൽ നോക്കിയാൽ മതിയെന്നും ഡോക്ടർ യാദവ് പറഞ്ഞു വിട്ടത് ആണെന്നും മഞ്ജൻ അവിടുത്തെ സഹായിയോട് പറഞ്ഞു നോക്കി.

വന്ന മുറയ്ക്ക് വിളിക്കും എന്നു പറഞ്ഞ അയാൾ നിസ്സംഗത മനപൂർവ്വം മുഖത്ത് അലങ്കരമാക്കി കൗണ്ടറിന് പിന്നിൽ നിന്നു.

ഒടുവിൽ എന്റെ അക്കമെത്തി ഞാൻ ഉള്ളിൽ പ്രവേശിച്ചു.

അതിനിടയിൽ മരുന്ന് വാങ്ങി വന്ന മൂന്ന് രോഗികളോട് സംസാരിക്കാൻ ഡോക്ടർ എടുത്ത സമയം ഞാൻ ഷീൽഡും രണ്ട് മാസ്ക്കും , ശരീരം മൂടുന്ന കോട്ടും കൈയ്യിൽ ഗ്ലൗസും അണിഞ്ഞു ഇരിക്കുന്ന ഡോക്ടർക്ക് ശ്വാസം മുട്ടാത്തത് എന്ത് കൊണ്ടാവും എന്ന് ആലോചിച്ചു എന്റെ തളർച്ചയെ മറക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു.

ഒടുവിൽ എനിക്ക് അഭിമുഖമായി , എന്നെ പരിശോധിക്കാനായി ഡോക്ടർ കപൂർ തിരിഞ്ഞു.

അദ്ദേഹം എന്റെ ബ്ലഡ് പ്രേഷർ അളന്നു. മറ്റ് രണ്ട് ഡോക്ടർമാർക്കും വിപരീതമായി എന്റെ ശരീരത്തിൽ സ്റെതസ്കോപ് ഉപയോഗിച്ചു. ഞാൻ കഴിക്കുന്ന മരുന്നുകൾ ,എന്റെ അവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി. സംസാരിക്കുമ്പോൾ വല്ലാതെ ഉയർന്നു താഴുന്ന എന്റെ നെഞ്ചിന് കൂട് നോക്കി 'നിങ്ങൾക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട് ' എന്ന് ആദ്യമായി ഒരാൾ എന്നോട് പറയുന്നത് ഞാൻ അപ്പോൾ കേട്ടൂ.

അദ്ദേഹം ഓക്സിമീറ്റർ എന്റെ ചൂണ്ടു വിരലിൽ ഘടിപ്പിച്ചു , അതിൽ 95 %- 97% എന്ന് തെളിഞ്ഞു വന്നു.

"ഓക്സിജൻ ലെവൽ ഓകെ ആണ് , പക്ഷെ നിങ്ങൾക്ക് ബ്രീത് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് , ഈ രാത്രി , അതും ഇൻഡിപെൻഡൻസ് ഡേ , എല്ലാ ഇടവും അവധിയാണ് . എവിടെ പറഞ്ഞു വിട്ടു നിങ്ങളുടെ എക്സ് റേ എടുപ്പിക്കും " എന്ന് പറഞ്ഞു അദ്ദേഹം ടേബിളിൽ കൈ കുത്തി ,അതിൽ താടി താങ്ങി ഇരുന്നു.

എനിക്ക് വേണ്ടി സമയം ചിലവാക്കുന്ന ഡോക്ടറോട് എനിക്ക് അപ്പോൾ ദേഷ്യം തോന്നിയില്ല.

അദ്ദേഹം എവിടേക്കോ ഫോൺ വിളിച്ചു , "നീ ഇപ്പോൾ അടയ്ക്കരുത്, ഒരു പെഷ്യന്റിനെ വിടുന്നു , എക്സ് റെ എടുക്കണം, എമർജൻസി ആണ് "എന്ന് പറയുന്നത് കേട്ടൂ.

മഞ്ജനോട് പോകേണ്ട ലാബിന്റെ
അഡ്രസ് പറഞ്ഞു കൊടുത്തു.

അടുത്തുള്ള ഗലിയിൽ ആയിരുന്നു പോകേണ്ടി ഇരുന്നത്, നടക്കാനുള്ള ദൂരം. എനിക്ക് പക്ഷെ നടക്കാൻ കഴിയില്ല. കാർ കടന്നു പോകാൻ ബുദ്ധിമുട്ട് ഉള്ള വഴിയാണ്.
ഈ- റിക്ഷ വിളിച്ചു എന്നെ അതിൽ ഇരുത്തി മഞ്ജൻ എക്സ് റേ സെന്ററിലേക്ക് ഞാനുമായി ഓടി, അയാൾ അടയ്ക്കും മുൻപ് ഞങ്ങൾക്ക് എത്തണം .

അയാൾ അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്റെ ചുമയും ക്ഷീണവും കണ്ട അയാൾ പരിചയമുണ്ടായിട്ടും അപരിചിതനെപോലെ പെരുമാറി. കമ്മലും മാലയും ഊരിവച്ച എന്നെ സ്ക്രീനിന്റെ അഭിമുഖമായി നിർത്തി എക്സ് റേ എടുത്തു.

അഞ്ചു മിനിറ്റിനുള്ളിൽ കിട്ടിയ റിപ്പോർട്ടുമായി അടുത്ത ഈ റിക്ഷയിൽ ഡോക്ടറുടെ അടുത്തേയ്ക്ക് ഞങ്ങൾ എത്തി.
ഞാൻ ആണ് ആദ്യം ഉള്ളിൽ പോയത് .

ഞാൻ എക്സ് റേ എടുത്തു നീട്ടി.

അത് വാങ്ങി വെളിച്ചത്തിലേക്ക് നീട്ടയ ഡോക്ടർ കപൂർ നാടകീയമായി ആ എക്സ് റെ ഷീറ്റ് ടേബിളിലേയ്ക്ക് അടിച്ചു , 'നിങ്ങളുടെ ഹസ്ബന്റ് എവിടെ, അയാളെ വിളിക്കൂ' എന്നു എന്നോട് ശബ്ദം ഉയർത്തിയും അതേ സമയം സ്നേഹത്തോടെയും അദ്ദേഹം പറഞ്ഞു.

ഞാൻ പുറത്തിറങ്ങി മഞ്ജനെ വിളിച്ചു.

മഞ്ജനെ കണ്ട ഡോക്ടർ എക്സ്റേ ഷീറ്റ് അതിന്റെ മെഷീനിൽ ഇട്ടു കാണിച്ചു. മഞ്ഞു മൂടിയ ഇടുക്കിയിലെ മലംപ്രദേശങ്ങളെ ഞാനപ്പോൾ ഓർത്തു. മൂടിക്കെട്ടിയ എന്റെ ബോധം പോലെ ആ ഷീറ്റും കാണപ്പെട്ടു.

"ഇത് ന്യുമോണിയ ആണ് , ഈ പെഷ്യന്റിനെ എത്രയും വേഗം അഡ്മിറ്റ് ചെയ്യണം , ഐ സി യുവിൽ ആക്കേണ്ടി വരും, ഈ രാത്രി ഇനി എന്ത് ചെയ്യും , നിങ്ങൾ ഇവരെ എവിടെ കൊണ്ട് പോകും ?" എന്ന് ചോദിച്ചു ഡോക്ടർ കപൂർ ഞങ്ങളെ കൂടുതൽ നിസ്സഹായരാക്കി.

"ഇത് 100%കോവിഡ് ആണ് , അതാണ് ഇത്ര സിവിയർ ന്യുമോണിയ , നിങ്ങൾ നാളെ രാവിലെ തന്നെ പോയി കോവിഡ് ടെസ്റ്റ് ചെയ്യണം , കാശി രാം ഹോസ്പിറ്റലിൽ പോകൂ, ഇവരെ എവിടെ എങ്കിലും അഡ്മിറ്റ് ചെയ്യാൻ നോക്കൂ, ഞാൻ ടെസ്റ്റിന് കുറിക്കുന്നു. ഈ മരുന്നുകളും കഴിച്ചു തുടങ്ങൂ" അദ്ദേഹം കൂട്ടി ചേർത്തു.

അങ്ങിനെ എന്റെ മരുന്ന് കുറിപ്പടിയിൽ ആദ്യമായി covid-19 ടെസ്റ്റിന് വേണ്ടി  ഡോക്ടർ കപൂർ എഴുതി.

അദ്ദേഹത്തിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും 950 രൂപയുടെ മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പോന്നു.

ആ രാത്രി ഏറ്റവും ഭീദിതമായ രണ്ട് രാത്രികളിൽ ഒന്നാമത്തേതായി ചേർക്കാനുള്ളത് ആയിരുന്നു.

അവിടെ നിന്ന് ഞങ്ങൾ മടങ്ങുമ്പോൾ സമയം ഒൻപത് മണി കഴിഞ്ഞിരുന്നു .

പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ഓട്ടം ആരംഭിക്കുകയായിരുന്നു.
ജീവന് വേണ്ടിയുള്ള ഓട്ടം.

ഒരു രാത്രിയുടെ നീളമുള്ള ജീവൻ.


ഡോക്ടർ കപൂർ തന്ന മരുന്നുകളും നിർദേശങ്ങളുമായി ഞങ്ങൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും മഞ്ജന്റെ സുഹൃത്തുക്കൾ ,സ്നേഹങ്ങൾ എല്ലാവരും ഫോണിൽ കൂടി ഞങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. നിഷയെ വേഗം അഡ്മിറ്റ് ചെയ്യാനുള്ള വഴി തേടി അവർ ഉണർന്നിരുന്നു, ആവുന്ന ഇടങ്ങളിലേയ്ക്കെല്ലാം എന്ത് ചെയ്യണമെന്ന ഉപദേശങ്ങൾക്കായി അവർ ഓരോരുത്തരും അന്വേഷണങ്ങൾ അയച്ചു.

രാത്രി തന്നെ കോവിഡ് ടെസ്റ്റ് ചെയ്യാനും രാത്രി തന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനും കഴിയുമോ എന്ന് ഓരോരുത്തരായി അന്വേഷിച്ചു.

കോവിഡ് ടെസ്റ്റ് നടത്തുന്ന , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ലാബിന്റെ വിവരങ്ങൾ ഒരു സുഹൃത്ത് മഞ്ജനെ അറിയിച്ചു. എത്ര വേഗം ടെസ്റ്റ് ചെയ്യുന്നോ അത്ര വേഗം റിസൾട് കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടേക്ക് പോകാൻ തീരുമാനിച്ചു.

ഹോസ്പിറ്റലുകൾ സ്വാതന്ത്ര്യ ദിനം ആയതിനാൽ അവധി ആണെന്നും ഓ.പി ഇല്ലെന്നും ഓരോ ഇടങ്ങളിൽ നിന്നായി അറിഞ്ഞു കൊണ്ടിരുന്നു.

വീട്ടിൽ നിന്നും ഏകദേശം അരമണിക്കൂറിന് മുകളിൽ ദൂരെയുള്ള , കാൻപൂർ നഗരത്തിന്റെ അങ്ങേയറ്റത്തുള്ള ലാബിലേക്ക് പതിനൊന്ന് മണിയോടെ ഞങ്ങൾ പോകാൻ ഇറങ്ങി.

കൃത്യമായ ഊഹങ്ങൾ ഇല്ലാത്ത യാത്രയാണ്. അഡ്മിറ്റ് ആവാൻ ഒരു ആശുപത്രി കിട്ടിയെങ്കിലോ എന്ന പ്രതീക്ഷയുണ്ട് . എന്റെ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലോ എന്ന ആശങ്കയുണ്ട്, ഒരാൾ പോസിറ്റീവ് ആയാൽ മറ്റ് രണ്ട് പേരും ഉറപ്പായി പോസിറ്റീവ് ആവുമല്ലോ എന്ന വേവലാതിയുണ്ട് , അഡ്മിറ്റ് ആകുമ്പോൾ മൂന്ന് പേരും ഒന്നിച്ചു ആകുമോ എന്ന അനിശ്ചിതത്വമുണ്ട്.

തിരിച്ചു വരുമോ എന്ന ചോദ്യം എനിക്ക് മാത്രമായി എന്നോട് ഞാൻ ചോദിക്കുന്നുമുണ്ടായിരുന്നു.

ഇതിനിടയിൽ രണ്ട് ബാഗിലായി മൂന്ന് പേരുടെയും അത്യാവശ്യം ഉടുപ്പുകളും മറ്റും പൊന്നു അടുക്കി വച്ചിരുന്നതും വണ്ടിയിൽ എടുത്തു വച്ചു.

പൊന്നുവിനോട്  വണ്ടിയിൽ കിടന്ന് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു .

പരസ്പരം പറയാൻ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഇല്ലാതെ ആ മഞ്ഞ വെളിച്ചങ്ങളിലേയ്ക്ക് ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു.

രാത്രിയിൽ ഞാൻ പ്രണയിക്കുന്ന എന്റെ നഗരമേ , വഴിവിളക്കുകളെ ,എനിക്ക് വയ്യെന്ന് ഞാൻ മനസ്സിൽ പറഞ്ഞു .

അന്വേഷിച്ചും അലഞ്ഞും ഞങ്ങൾ ലാബിൽ എത്തുമ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു .

വണ്ടി നിർത്തയപ്പോൾ  തന്നെ പുറത്തിറങ്ങിയ ഞാൻ നിലതെറ്റി വഴിയരികിൽ ഛർദ്ദിച്ചു.

എന്റെ ശരീരത്തിലെ അണുക്കൾ എവിടെയൊക്കെ പടരുന്നു എന്ന നിസ്സഹായത ഞാനപ്പോൾ അറിയുന്നുണ്ടായിരുന്നു.

ആളുകൾ പകൽ എന്നപോലെ ആ ലാബിലും അതിനോട് ചേർന്നുള്ള മെഡിക്കൽ സ്റ്റോറിലും വന്നുപോയിരുന്നു. അവിടെ മഞ്ജൻ ഡോക്ടറുടെ കുറിപ്പ് കാണിച്ചു. അവർ ആധാർ കാർഡ് അടക്കമുള്ള രേഖകൾ വേണമെന്ന് പറഞ്ഞു. എല്ലാം കൊടുക്കാൻ തയ്യാറായി നിന്നപ്പോൾ ടെസ്റ്റിന് സാമ്പിൾ എടുക്കേണ്ട ആൾ ഇപ്പോൾ അവിടെ ഇല്ലെന്നും ഒരു മണിക്കൂർ കാത്തു നിൽക്കണം എന്നും അവർ പറഞ്ഞു.

തിരിച്ചു പോയി വരാനുള്ള ദൂരമല്ല ഉള്ളത് എന്നു ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു വന്നു .  ഒരു മണിക്കൂർ കാത്തിരിക്കുന്നത് എനിക്ക് അസാധ്യമായ ഒരു കടമ്പയാണ് എന്നു തോന്നി.

ഛർദ്ദിക്കാൻ ഇറങ്ങിയ എന്റെ പുറം തിരുമ്മി തരാൻ ഉണർന്നു വന്ന പൊന്നു വീണ്ടും വണ്ടിക്കുള്ളിൽ ബാഗിൽ തല ചാരി മയങ്ങാൻ തുടങ്ങിയിരുന്നു.

ലാബിലേക്ക് ഉള്ള വഴി തിരിയുന്നിടത്ത് കാൻപൂരിലെ മെഡിക്കൽ കോളേജ് ആയ GSVM മെഡിക്കൽ കോളേജ് ആണ് ഉള്ളത് എന്ന് വരുന്ന വഴിയിൽ കണ്ടിരുന്നു.

കച്ചിതുരുമ്പുകൾ തേടിയുള്ള യാത്ര ആയതിനാൽ എന്നെയും പൊന്നുവിനേയും വണ്ടിയിൽ  ഇരുത്തി എല്ലാ കുറിപ്പടികളുമായി മഞ്ജൻ ആ മെഡിക്കൽ കോളേജിലേക്ക് നടന്നു പോയി.

സമയം അപ്പോൾ ഒരുമണിയോട് അടുത്തിരുന്നു.

നീണ്ടു വിശാലമായി കിടക്കുന്ന, മുന്പൊരിയ്ക്കലും പോയി പരിചയമില്ലാത്ത ആ ആശുപത്രിയിൽ ഈ പാതി രാത്രിയിൽ മഞ്ജൻ എന്നെ കുറിച്ചു സംസാരിക്കാൻ ആരെ കണ്ടെത്താൻ ആണെന്ന് ഇടയ്ക്ക് എനിക്ക് വേവലാതി തോന്നി.

എന്തെങ്കിലും ആവട്ടെ എന്ന ക്ഷീണത്തിൽ ഞാൻ വണ്ടിയുടെ ഗ്ലാസ്സിൽ തല ചായ്ച്ചു കണ്ണടച്ചു. മങ്ങി മയങ്ങിയ സ്വപ്നങ്ങളിൽ തട്ടിവീണു ഞാൻ ഇടയ്ക്കിടെ ഉണർന്നു , വീണ്ടും മയങ്ങി.

ഏതോ സ്വപ്നത്തിന്റെ വിളുമ്പിൽ നിന്ന് മഞ്ജന്റെ ഫോൺ വിളി എന്നെ ഉണർത്തിയെടുത്തു.

"ഇവിടൊരു ഡോക്ടറെ കണ്ടേ, പെഷ്യന്റിനെ വേഗം കൊണ്ട് വാ, ഗ്യാൻ ലാബിലൊന്നും പോകരുത്, അവർ നിങ്ങളെ ചുറ്റിയ്ക്കും , കോവിഡ് ടെസ്റ്റ് ഇവിടെ നടക്കും , എന്നാ അയാൾ പറഞ്ഞത്. ഞാൻ വരുവാണെ , നമുക്ക് ഇവിടെ ഡോക്ടറെ കാണാം കേട്ടോ " മഞ്ജൻ എന്നോട് പറഞ്ഞു.

ഞാൻ ഉണർന്നു മഞ്ജനെ കാത്തിരുന്നു.  നിമിഷങ്ങൾക്ക് അകം ഞങ്ങൾ ആ മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്നു ഉള്ളിൽ എത്തി . ഇരുട്ട് വീണ മുറ്റത്ത് വണ്ടി ഒതുക്കി പൊന്നുവിനോട് അതിൽ തന്നെ ഇരിക്കാൻ പറഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് നടന്നു.

അവിടെയെങ്ങും മഞ്ജൻ ആദ്യം കണ്ട ഡോക്ടർ ഉണ്ടായിരുന്നില്ല.

ആദ്യം കണ്ട വരാന്തയിൽ നിന്നും ഉള്ളിലേക്ക് കടന്നപ്പോൾ കണ്ടത് ഒരു ഹാൾ ആണ് , അവിടെ ആക്സിഡന്റ് നടന്നിടത്തു നിന്ന് അപ്പോൾ കൊണ്ട് വന്ന പച്ച മനുഷ്യർ ചോര വാർന്നു സ്ട്രെച്ചറിൽ അനക്കം ഇല്ലാതെ കിടക്കുന്നുണ്ടായിരുന്നു.

അതിലൊന്നും നോക്കരുത് എന്നു മഞ്ജൻ എന്നെ ചേർത്ത് പിടിച്ചു.

പിപിഈ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ , ഡോക്ടറോ നേഴ്സോ എന്നു അവർ തിരിച്ചറിയാൻ പാകത്തിൽ ആയിരുന്നില്ല, ഒരു മേശയ്ക് അപ്പുറം നിരന്ന് ഇരിക്കുന്നുണ്ടായിരുന്നു.

ആക്സിഡന്റിൽ എത്തപ്പെട്ട രോഗികളുടെ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്ന അവരോട് മഞ്ജൻ എന്റെ അവസ്ഥകളും അവിടെ കണ്ട ഡോക്ടർ അവിടേക്ക് വിളിച്ചതും പറഞ്ഞു.

അതിലൊരാൾ ചൂണ്ടിക്കാണിച്ച വാതിൽ കടന്നു ഞങ്ങൾ നടന്നു.

പിന്നാലെ അറ്റെൻഡർ എന്ന് തോന്നിക്കുന്ന ഒരാളും വന്നു. അയാൾ ഞങ്ങളെ ഒരു വാർഡിലേക്ക് ആണ് കൊണ്ട് പോയത്. അവിടെ എല്ലാവരും തന്നെ പി പി ഈ കിട്ടി ധരിച്ചവർ ആയിരുന്നു. വൃത്തിയായി വെള്ള വിരിപ്പ് വിരിച്ച കട്ടിലുകൾ ഉണ്ടായിരുന്നു. ഒന്നിൽ  ചിലതിൽ മാത്രം രോഗികൾ തളർന്നു കിടന്നിരുന്നു.

കറുത്ത ഷർട്ട് ഇട്ട ഒരു ചെറുപ്പക്കാരൻ, അയാൾ മാസ്ക്കും ഗ്ലൗസും മാത്രമേ ധരിച്ചിരുന്നുള്ളൂ, എന്റെ റീപോര്ടുകൾ പരിശോധിച്ചു.

എന്റെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ഞാൻ അയാളോട് പറഞ്ഞു. അയാൾ അവിടുത്തെ ഡോക്ടർ ആയിരുന്നു.

ഇതിനിടയിൽ അറ്റെൻഡർ ചീട്ട് എടുക്കാൻ മഞ്ജനെ പറഞ്ഞയച്ചു.

ആ ഡോക്ടർ എന്റെ ചൂണ്ടു വിരലിൽ ഓക്സി മീറ്റർ ഘടിപ്പിച്ചു ഓക്സിജൻ ലെവൽ നോക്കി, അത് അപ്പോഴും ഡോക്ടർ കപൂർ അളന്നു കുറിച്ച 95% എന്ന അളവിൽ തന്നെ ആയിരുന്നു.

"നിങ്ങൾക്ക് ന്യുമോണിയ ഉണ്ട് , മുൻപ് ന്യുമോണിയയോ ശ്വാസ തടസമോ നിങ്ങൾക്ക് വന്നിട്ടില്ലാത്തത് കൊണ്ട് കോവിഡ് ആവാൻ ആണ് സാധ്യത, അത് അറിയാൻ ടെസ്റ്റ് ചെയ്യണം. ഇപ്പോൾ നിങ്ങളെ അഡ്മിറ്റ് ചെയ്യാൻ നിർവാഹമില്ല " ഇത്രയും പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളേജിന്റെ ചീട്ടിൽ കോവിഡ് ടെസ്റ്റിന് വേണ്ടി എഴുതി. അതിന് താഴെ ഡോക്ടർ കപൂറിന്റെ മരുന്നുകൾക്ക് ഒപ്പം കഴിക്കാനായി കുറച്ചു മരുന്നുകൾ കൂടി എഴുതി.

ഞാൻ ആ കുറിപ്പടിയുമായി വാർഡിനു പുറത്ത് ഇറങ്ങി മഞ്ജനെ കാത്ത് നിന്നു.

ഒറ്റയ്ക്ക് ആണ് , വീണു പോവരുത് എന്ന തോന്നലിൽ ഞാൻ കുറച്ചു കരുത്തയായി അപ്പോൾ മാറിയിരുന്നു, അതൊരു മായാജാലം ആണെന്ന് ഓർത്തു എനിക്കപ്പോൾ ചെറുതായി സന്തോഷം തോന്നി .

എനിക്ക് അഭിമുഖമായി കിടന്ന സ്ട്രെച്ചർ ഞാൻ അപ്പോൾ ആണ് ശ്രദ്ധിച്ചത്.

അതിൽ അൽപം തൊലി മാത്രം അവശേഷിക്കുന്ന ദേഹത്ത് ഒരു പച്ച നിറമുള്ള സാരി പുതപ്പിച്ച ഒരു വല്യമ്മ കിടക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഓക്സിജൻ മാസ്ക് വച്ചിട്ടുണ്ടായിരുന്നു. ഒന്നുകൂടി നോക്കിയപ്പോൾ ആ ഇരുമ്പ് കിടക്കയിൽ തോണിയിലെന്ന പോലെ കിടന്ന അവരോട് ചേർന്ന് തുരുമ്പിച്ച ഓക്സിജൻ സിലിൻഡറും കിടക്കുന്നുണ്ടായിരുന്നു .

എനിക്ക് വേദനയോ നിരാശയോ ഒന്നും തോന്നിയില്ല , അവിടെ ഏത് കാഴ്ച്ചയും കാണാൻ ഏതോ ഒരു നിമിഷത്തിൽ ഞാൻ പാകപ്പെട്ടിരുന്നു.

പേരെഴുതിയ കടലാസ്സുമായി മഞ്ജൻ വന്നു. അപ്പോൾ ഓക്സിജൻ സിലിണ്ടർ കൂട്ടു കിടക്കുന്ന വല്യമ്മയെ നോക്കാൻ കറുത്ത ഷർട്ട് ഇട്ട ഡോക്ടർ വാർഡിൽ നിന്നും ഇറങ്ങി വന്നു.

അഡ്മിറ്റ് ആക്കാൻ ആവില്ലെന്നും മരുന്ന് കുറിച്ചു തന്നു എന്നും ഞാൻ മഞ്ജനോട് പറഞ്ഞു.

മഞ്ജൻ അദ്ദേഹത്തോട് സംസാരിക്കാൻ ചെന്നു.

മഞ്ജനെ കണ്ടപ്പോൾ തന്നെ, ചോദ്യങ്ങൾ ചോദിക്കും മുൻപേ അദ്ദേഹം എന്നോട് പറഞ്ഞതെല്ലാം ഒരിക്കൽ കൂടി വിശദീകരിച്ചു.

ഓക്സിജൻ 90 ഇൽ താഴെ ആയാൽ കൊണ്ട് വരൂ അഡ്മിറ്റ് ചെയ്യാം എന്നു അദ്ദേഹം തീർത്തു പറഞ്ഞു .

"ഇവർക് അത്ര കുഴപ്പം ഇല്ല, നിങ്ങൾ നാളെ ടെസ്റ്റ് ചെയ്യൂ, റിപ്പോർട് കിട്ടാൻ രണ്ട് ദിവസം എടുക്കും, അത് വരെ മരുന്നുകൾ കഴിക്കൂ , അഥവാ ഓക്സിജൻ താഴ്ന്നാൽ വരൂ " എന്നു വീണ്ടും അദ്ദേഹം വെക്തമാവാൻ എന്നവണ്ണം ഒരിക്കൽ കൂടി പറഞ്ഞു.

ഒറ്റയ്ക്ക് ആകുമ്പോൾ വീണു പോവുകയും മറ്റുള്ള ആരുടെയും മുൻപിൽ അങ്ങിനെ ആവാതെ എഴുന്നേറ്റ് നേരെ നിൽക്കുകയും ചെയ്യുന്ന എന്റെ ശരീരത്തിന്റെ മായജാലത്തോട് എനിക്ക് അമർഷം തോന്നി .

എന്റെ അവസ്ഥ തീരെ മനസ്സിലാക്കാൻ കഴിയാത്ത ഈ മനുഷ്യൻ എങ്ങിനെ ഇത്ര ചെറുപ്പത്തിലേ ഒരു മെഡിക്കൽ കോളേജിലെ ഡോക്ടർ ആയി എന്നു ഞാൻ ഉള്ളിൽ പരിതപിച്ചു.

ടെസ്റ്റ് ചെയ്യാൻ ഹോസ്പിറ്റലിൽ വരണോ എന്നു മഞ്ജൻ അവസാന ചോദ്യം അയാളോട് ചോദിച്ചു.

മറുപടി ഇങ്ങനെ ആയിരുന്നു.

"നിങ്ങൾ ടെസ്റ്റ് പ്രൈവറ്റിൽ ചെയ്യൂ, അതാണ് നല്ലത് . ഇവിടെയും ഉണ്ട്. നാളെ പത്ത് മണി ആകുമ്പോൾ വരണം. പ്രൈവറ്റിലും പൈസ കൊടുക്കണം, ഇവിടെയും കൊടുക്കണം, ഇവിടെ കുറച്ചു മതി , പക്ഷെ ഇവിടെ നിങ്ങൾക്ക് ക്യൂ നിൽക്കണം, അത് നിങ്ങൾക്ക് സ്യൂട് ആകില്ല " .

ഞങ്ങൾ മിണ്ടാതെ അവിടെ നിന്നും തിരിച്ചു നടന്നു .

ആദ്യം അവിടേക്ക് ക്ഷണിച്ച ഡോക്ടർ അപ്പോഴും അവിടെ എവിടെയും ഉണ്ടായിരുന്നില്ല.

ഞങ്ങൾക്ക് വേണ്ടി ആ അപരിചിതമായ  രാത്രിയിലേയ്ക്ക് നോക്കി പൊന്നു ഉണർന്നിരിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ അവിടെ നിന്നും ലാബിൽ എത്തുമ്പോൾ അവിടെ ടെസ്റ്റ് സാമ്പിൾ എടുക്കുന്ന ആൾ എത്തിയിരുന്നു.

അപ്പോൾ സമയം രണ്ടര മണി ആയിരുന്നു.

ടെസ്റ്റിനുള്ള മൂവായിരം രൂപ അടച്ചു ഞാൻ സാമ്പിൾ ശേഖരിക്കുന്ന കൗണ്ടറിന് മുൻപിൽ നിന്നു, അയാൾ എന്റെ വായിൽ നിന്നും മൂക്കിൽ നിന്നും സാമ്പിൾ എടുത്തു.

എനിക്ക് അങ്ങനൊരു അനുഭവം എന്റെ ശരീരത്തിൽ ഉണ്ടായി എന്ന തോന്നൽ പോലും ഉണ്ടായില്ല, വേദനിച്ചോ എന്ന ചോദ്യങ്ങളോട് ഇല്ലെന്ന് തലകുലുക്കി ഞാൻ വണ്ടിയിൽ വന്നിരുന്നു.

അവിടെ നിന്നും ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി . നിഷയെ അഡ്മിറ്റ് ചെയ്യാൻ പാകത്തിൽ ആ പട്ടണത്തിൽ ഒരു ആശുപത്രിയും ഉണ്ടായിരുന്നില്ല എന്നല്ല , അഡ്മിറ്റ് ചെയ്യാതെ ഇരിക്കാൻ പാകത്തിൽ നിഷയുടെ ശരീരത്തിൽ ഓക്സിജൻ ഉണ്ട് എന്നതാണ് കാരണം എന്ന് ഞാൻ എന്നോട് പറഞ്ഞു.

ആ അൽപ്പം ഇരുട്ട് എങ്ങിനെ പകലായി ഉണർന്നെന്നോ വീട്ടിൽ എത്തിയത് എങ്ങിനെ എന്നോ എന്റെ ഓർമ്മ എന്നെ അറിയിക്കാതെ മായ്ച്ചു കളഞ്ഞു.

(തുടരും).

ഒന്നാം ഭാഗം:
ആദ്യദിനം: തീരെ വയ്യ...ക്ഷീണം കൂടിവരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top