26 April Friday

പക്ഷിയുടെ മണം

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Mar 29, 2020


കിഴക്കൻ നാഗാലാൻഡിലെ പുങ്ക്‌റോം ഗ്രാമത്തിലൂടെ നടക്കുമ്പോൾ ഫോട്ടോഗ്രാഫർ ജയ്‌നി കുര്യാക്കോസിന്റെ മനസിൽ ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. "മിസിസ്‌ ഹ്യൂസ്‌ ഫെസന്റ്‌' എന്ന പക്ഷിയെ ക്യാമറയിൽ പകർത്തണം. ഗ്രാമീണർക്കൊപ്പം രാത്രിയായിരുന്നു യാത്ര. കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ്‌ പക്ഷിയെ കാണിച്ചുതന്നത്‌.  സമയം പാഴാക്കിയില്ല. മിസിസ്‌ ഹ്യൂസ്‌ ഫെസന്റ്‌ ( Mrs. Humes Pheasant ) ജയ്‌നിയുടെ ക്യാമറ ക്ലിക്കിലൊതുങ്ങി. " ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം'–-  ജയ്‌നി അഭിമാനത്തോടെ പറഞ്ഞു. 2016ൽ ആണ്‌ മിസിസ്‌ ഹ്യൂസ്‌ ഫെസന്റ്‌ എന്ന ഭംഗിയുള്ള തൂവലുകളുള്ള പക്ഷിയെ ജയ്‌നി കണ്ടെത്തിയത്‌.


 

ഇന്ത്യയിൽ ഈ പക്ഷിയെ ക്യാമറയിൽ പകർത്തിയ ഏക ഫോട്ടോഗ്രാഫറാണ്‌ എറണാകുളം പെരുമ്പാവൂരിനടുത്ത്‌ കീഴില്ലം സ്വദേശിയായ ജയ്‌നി കുര്യാക്കോസ്‌. കുട്ടിക്കാലം മുതൽ ഫോട്ടോഗ്രാഫിയിലാണ്‌ കമ്പം.  പപ്പ കുര്യാക്കോസ്‌ മകളെ പ്രോത്സാഹിപ്പിച്ചു. അച്ഛന്റെ സുഹൃത്ത്‌ കൃഷ്‌ണൻ ചേട്ടന്റെ സ്റ്റുഡിയോയിലാണ്‌ ജയ്‌നി ആദ്യമായി ക്യാമറ കാണുന്നത്‌. പിന്നെ അവിടുത്തെ സ്ഥിരം സന്ദർശക. ക്യാമറയെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നതും കൃഷ്‌ണൻ ചേട്ടനാണ്‌. അങ്ങനെ ഫോട്ടോഗ്രാഫിയുമായി ഇഷ്‌ടം കൂടി. 


 

2008ൽ ആണ്‌  പക്ഷികളുടെ ചിത്രങ്ങൾ പകർത്താൻ ആലോചിച്ചത്‌. ആദ്യം  ഹോബി മാത്രം. ബാംഗ്ലൂരിലെ അവധി ദിവസങ്ങളിൽ പുറത്തുപോകുമ്പോൾ അവിടെക്കാണുന്ന പക്ഷികളെക്കൂടി ക്യാമറയിൽ പകർത്തും. ആദ്യമെല്ലാം അവയുടെ പേരുകൾ ഓർത്തുവയ്‌ക്കാൻ  പ്രയാസമായിരുന്നു. പിന്നെ ക്യാമറയിൽ കുരുക്കിയ പക്ഷികളെക്കുറിച്ച്‌   പഠിച്ചു.  പക്ഷികളെക്കുറിച്ച്‌ അന്വേഷണമായി പിന്നീടുള്ള യാത്രകൾ.  ആദ്യം പോയത്‌ ജിം കോർബെറ്റ്‌ നാഷണൽ  പാർക്കിൽ. 2009 മുതൽ ഇന്ത്യയ്‌ക്ക്‌ പുറത്തേക്കും പോയിത്തുടങ്ങി.  സാഹസികത നിറഞ്ഞതായിരുന്നു  ഓരോ യാത്രയും. പ്രത്യേകിച്ചും കാടകങ്ങളിലൂടെയുള്ളവ. 

|

അത്യപൂർവ പക്ഷികളാൽ സമ്പന്നമായ പാപ്പുവ ന്യൂഗിനി ദ്വീപിലേക്കുള്ള യാത്ര അവിസ്‌മരണീയമാണ്‌.  ചെറുസംഘങ്ങളായിട്ടായിരുന്നു യാത്ര. ഭർത്താവ്‌ ധനേഷ്‌ കൂടി ഉൾപ്പെട്ട സംഘത്തിലെ  ഏക പെൺതരി ജയ്‌നി.  ബേർഡ്‌സ്‌ ഓഫ്‌ പാരഡൈസ്‌ എന്നറിയപ്പെടുന്ന അവിടെ അപൂർവയിനം പക്ഷികളാണ്‌ ജയ്‌നിയെ കാത്തിരുന്നത്‌. റഗിയാന, ബ്രേംസ്‌ ടൈഗർ പാരറ്റ്‌,  ബ്രൗൺ സിക്കിൾ ബിൽ തുടങ്ങിയവയുടെ ചിത്രങ്ങൾ അവിടെ നിന്നും പകർത്തിയതാണ്‌.  നിക്കോബാർ ദ്വീപിലേക്കുള്ള യാത്രയിലും നിരവധി പക്ഷികളെ പകർത്താനായി.   അപൂർവ ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഒരുക്കാനുള്ള തയാറെടുപ്പിലാണ്‌ ഈ ഫോട്ടോഗ്രാഫർ. പക്ഷിത്തൂവലുകൾക്ക്‌ പിന്നാലെ പറന്നെത്തുന്ന ഈ ഫോട്ടോഗ്രാഫർക്ക്‌ ഇനിയും സ്വപ്‌നങ്ങൾ ഏറെയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top