26 April Friday

മനം കുളിർക്കാം... മഞ്ഞുതിരും പൊന്മുടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
വിതുര> മഞ്ഞലയിൽ മുങ്ങി നിൽക്കുകയാണ് സഞ്ചാരികളുടെ പ്രിയ പൊന്മുടി. ഇരുപത്തിരണ്ട് ഹെയർപിൻ വളവുകൾ ചുറ്റിക്കയറിയാലെത്തുന്ന പൊന്മുടി എന്നും സഞ്ചാരികളെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. കോടമഞ്ഞ് പെയ്തിറങ്ങുന്ന പൊന്മുടിയുടെ മലമടക്കുകൾ എല്ലാക്കാലത്തും വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഇക്കുറി മൂടൽമഞ്ഞും ചാറ്റൽ മഴയും പതിവിൽക്കവിഞ്ഞ സൗന്ദര്യമാണ് പൊന്മുടിക്ക് ചാർത്തുന്നത്. ഉച്ചയോടുകൂടി പൊന്മുടിയിൽ സന്ദർശകർ നിറയും. തൊട്ടടുത്ത കാഴ്ചയെപ്പോലും മറയ്ക്കുന്ന മൂടൽമഞ്ഞിന്റെ വശ്യചാരുതയിൽ സഞ്ചാരികൾ മതിമറക്കുകയാണ്. 
 
മധ്യവേനലവധി കഴിഞ്ഞിട്ടും തിരക്ക് നിലയ്ക്കുന്നില്ല. തോരാതെ മഴ പെയ്തിട്ടും സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവുമില്ല. അവധി ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ‌് പൊന്മുടിയിലെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ആറ് ലക്ഷത്തിൽപ്പരം ആളുകളാണ് പൊന്മുടി സന്ദർശിച്ചത്. തിരക്ക് കാരണം പല തവണ സഞ്ചാരികളെ ചെക്ക് പോസ്റ്റിൽ തടഞ്ഞു നിർത്തേണ്ടിയും കല്ലാറിൽവച്ച് മടക്കി അയക്കേണ്ടിയും വന്നു. അയ്യായിരത്തോളം വാഹനങ്ങളാണ് കഴിഞ്ഞ ഞായറാഴ്ചയിൽ മാത്രം പൊന്മുടി കയറിയത്.
 ജൂണിലാണ‌് ഏറ്റവും കൂടുതൽ സഞ്ചാരികൾ പൊന്മുടിയിലെത്തിയത്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്. 
 
എന്നാൽ, ഇരുചക്രവാഹനങ്ങളിൽ പൊന്മുടിയിലെത്തുന്ന യുവാക്കളിൽ പലരും അമിതവേഗതയിലാണ് പായുന്നത്. ലഹരിപദാർഥങ്ങളുപയോഗിച്ച‌് വാഹനമോടിക്കുന്നവരും കൂട്ടത്തിലുണ്ട‌്. കുടുംബസമേതം എത്തുന്നവർക്ക് ഇത് പലപ്പോഴും ഭീഷണിയാകുന്നുണ്ട്. അതിനാൽ, പൊലീസ് പട്രോളിങ‌് ശക്തമാക്കേണ്ടതുണ്ട‌്. പൊന്മുടിക്ക് പുറമേ മീൻമുട്ടി, വാഴ്വാന്തോൽ വെള്ളച്ചാട്ടങ്ങളിലേക്കും ബോണക്കാട്, പേപ്പാറ, ചിറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും നിരവധിയാളുകളാണ് എത്തുന്നത്. കുടുംബസമേതം പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാറിമറിയുന്ന കാലാവസ്ഥയാണ് പൊന്മുടിയിലേത്. പ്രത്യേക സീസൺ പറയാനാകില്ല. എന്നാൽ, ഇപ്പോൾ തുടർച്ചയായി മഞ്ഞുമൂടിയ കാലാവസ്ഥയാണുള്ളത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top