19 March Tuesday

മനസ്സിനും രോഗമുണ്ട്‌, ചികിത്സയും; ഇന്ന്‌ ലോക മാനസികാരോഗ്യദിനം

സ്വന്തം ലേഖികUpdated: Sunday Oct 10, 2021

തിരുവനന്തപുരം > ശാരീരിക അസുഖങ്ങൾക്ക്‌ ചികിത്സതേടുന്നതിന്‌ സമാനമാണ്‌ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രവർത്തകരുടെ സേവനം തേടുന്നതെന്ന്‌ പലരും തിരിച്ചറിയുന്നില്ല. മനസ്സിന്റെ ആരോഗ്യക്കുറവ്‌ ചികിത്സിച്ച്‌ ഭേദമാക്കുന്നതിൽനിന്ന്‌ സ്വയം പിന്മാറുന്ന നിരവധിപേരാണ്‌ സമൂഹത്തിലുള്ളത്‌. ചികിത്സയും മരുന്നും ആവശ്യമുള്ളതാണ്‌ മാനസിക പ്രശ്‌നങ്ങളുമെന്ന്‌ മനസ്സിലാക്കാൻ ആളുകൾ മടിക്കുന്നെന്ന്‌ വിദഗ്ധർ പറയുന്നു.

"മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ നേരിടുന്ന ഒറ്റപ്പെടലും അവഹേളനവും പരിഹരിക്കേണ്ടതാണ്‌. മറ്റേത് രോഗത്തെയും പോലെ അവയും ചികിത്സിച്ച് ഭേദപ്പെടുത്താം. പ്രശ്നം തോന്നിയാൽ അതിവേഗം ഡോക്ടറെ കാണുകയാണ്‌ വേണ്ടത്‌'–-തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം ഡോ. അരുൺ ബി നായർ പറഞ്ഞു.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി സർക്കാർ നടപ്പാക്കിയിട്ടുണ്ട്‌. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി 291 മാനസികാരോഗ്യ ക്ലിനിക് പ്രവർത്തിക്കുന്നു. ആർദ്രം മിഷന്റെ സമ്പൂർണ മാനസികാരോഗ്യം, ആശ്വാസം, അമ്മ മനസ്സ്‌, ജീവരക്ഷ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. 376 പഞ്ചായത്തിൽ സമ്പൂർണ മാനസികാരോഗ്യ പദ്ധതിയും നടപ്പാക്കി.

"ദിശ' കാട്ടി കേരളം

കോവിഡ്‌ കൂടുതൽപേരിൽ ഭയം, ഉൽക്കണ്ഠ, സമ്മർദം എന്നിവ സൃഷ്‌ടിച്ചതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. വീട്ടിലിരുന്നുള്ള ജോലി, തൊഴിലില്ലായ്മ, കുട്ടികളുടെ വിദ്യാഭ്യാസം ഇവയൊക്കെ മനസ്സിനെ ബാധിക്കും. ഇവർക്കായി ‘ദിശ’ ആരംഭിച്ച ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പദ്ധതി ഇന്നും നിരവധി പേർക്ക്‌ ആശ്രയമാണ്‌. മാനസികാരോഗ്യ വിദഗ്‌ധർ, സൈക്യാട്രിക്‌ സോഷ്യൽ വർക്കർ, കൗൺസിലർമാർ തുടങ്ങി 1126 ഓളം വരുന്ന സംഘമാണ്‌ ദിശയിൽ പ്രവർത്തിക്കുന്നത്‌. ഒന്നേകാൽ കോടിയിലധികം (1,26,26,854) ഫോൺവിളികളാണ്‌ ദിശ ഇതുവരെ കൈകാര്യം ചെയ്‌തത്‌. ഫോൺ: 0471- 2552056, 1056 (ടോൾ ഫ്രീ നമ്പർ).

മാനസികാരോഗ്യസേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തിലും: മന്ത്രി

മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യതലത്തിൽത്തന്നെ ലഭ്യമാക്കുക പ്രധാനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ്‌കാലത്ത്‌ മാനസികാരോഗ്യം അവഗണിക്കപ്പെടാൻ സാധ്യതയേറെയാണ്‌. "അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം' എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം. കോവിഡ് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് മുന്നിൽക്കണ്ട് മാനസികാരോഗ്യമേഖലയിലും  നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top