04 May Saturday

ഉയിരെടുക്കുന്ന നിലവിളി; മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കേരളത്തിൽ 30 ശതമാനവും വനമേഖലയാണ്. ജനസാന്ദ്രതയിൽ രാജ്യത്ത് ഒന്നാമതും. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ വർധിക്കുന്നു. ഇതേക്കുറിച്ചുള്ള പരമ്പര ‘കാടിറങ്ങുന്ന കണ്ണുനീർ’ തയ്യാറാക്കിയത് തൃശൂർ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സി എ പ്രേമചന്ദ്രൻ

അട്ടപ്പാടി താഴെ സാമ്പാർകോട്ട് ഊരിലെ ഭീമനും ഭാര്യ മരുതിയും  കൃഷിയിടത്തിൽനിന്ന്‌ വീട്ടിലേക്ക്‌ തിരിച്ചതാണ്. ഭീമൻ കടയിൽ കയറി.  മരുതി റോഡിലൂടെ വീട്ടിലേക്ക്‌.  ആനയുടെ ഛിന്നം വിളിയും മരുതിയുടെ കരച്ചിലും ഒന്നിച്ചാണ് കേട്ടത്. ഭീമൻ ഓടിയെത്തുമ്പോഴേക്കും ഉടയോളുടെ ജീവൻപോയിരുന്നു.  "ഏത്‌ വഴിക്കാ ആന വന്നെന്ന്‌ അറിയില്ല'...  ഭീമന്റെ  ഭീതിയുടെ ഈ വാക്കുകൾ അട്ടപ്പാടിയിൽ ഒതുങ്ങുന്നില്ല.  

തൃശൂർ പാലപ്പിള്ളി ഹാരിസൺ എസ്‌റ്റേറ്റിലെ പാടിയിൽ താമസിച്ചിരുന്ന റാബിയ അടുക്കള വാതിൽ തുറന്നപ്പോൾ കൺമുന്നിൽ കൊമ്പൻ. കൊലവിളി കേട്ട്  പിന്നിലേക്ക്‌ മറിഞ്ഞുവീണു. ആ വീഴ്‌ച മരണത്തിലേക്കായിരുന്നുവെന്ന് ഭർത്താവ് മുഹമ്മദ് പറഞ്ഞു. അട്ടപ്പാടിയിലും വയനാട്ടിലും  ഇടുക്കിയിലുമെല്ലാം  ആനക്കലിക്കിരയായ മനുഷ്യജീവനുകളുടെ  ചോരമണം മായുന്നില്ല. പാലക്കാട് കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽപ്പോലും കാട്ടാനക്കൂട്ടമിറങ്ങി. 

വയനാടൻ ഗ്രാമങ്ങൾ കടുവാഭീതിയിലാണ്‌. പുൽപ്പള്ളിയിൽ ജനവാസമേഖലയിൽ എത്തിയ കടുവയെ തുരത്താൻ പോയതാണ്  ഫോറസ്‌റ്റ്‌ റെയ്‌ഞ്ചർ ടി ടി ശശികുമാർ. ചാടി വീണ കടുവ ഗുരുതരമായി പരിക്കേൽപ്പിച്ചു. കോതമംഗലത്ത്‌ വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിലാണ് റോസിലിക്ക് നേരെ പുലി  ചാടിവീണത്.

തൃശൂർ പാലപ്പിള്ളിക്കടുത്ത്‌ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന്‌ ബൈ ക്ക്‌ മറിഞ്ഞ് യുവാവിന്റെ ജീവൻ നഷ്ടമായി. തൃശൂർ നഗരത്തിൽ പൂങ്കുന്നത്ത്‌  പറന്നെത്തിയ മയിൽ ഇടിച്ച് ബൈക്ക്‌ യാത്രികനായ നവവരന്‌ ജീവൻ നഷ്ടപ്പെട്ടത് കേരളത്തിൽ ആദ്യാനുഭവം. പാലപ്പിള്ളിയിൽ വൈദ്യുതി കെണിയിൽപ്പെട്ട്‌  ആനയും ചത്തുവീണു.

തൃശുർ പാലപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാനകൾ

തൃശുർ പാലപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാനകൾ


 

വന്യമൃഗങ്ങളിറങ്ങി കൃഷിയെല്ലാം നശിപ്പിക്കുമ്പോൾ  കർഷകജനതയുടെ ഉള്ളുരുകുകയാണ്. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ ഭക്ഷണം തേടിയാണ് വന്യജീവികൾ കാടിറങ്ങുന്നത്. നേരത്തേ, വേനലിൽ വെള്ളംതേടിയാണ്‌ ആനക്കൂട്ടം ഇറങ്ങുക പതിവ്‌. ഇപ്പോൾ പേമാരിക്കാലത്തും ജനവാസമേഖലകളിൽ ആനക്കൂട്ടമെത്തുന്നു.  മൃഗവേട്ട  കുറഞ്ഞതോടെ വന്യജീവികൾ വർധിച്ചതായാണ്‌ കണക്കുകൾ.

വയനാട്, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ്‌  വന്യജീവി–മനുഷ്യ സംഘർഷം കൂടുതലുള്ളതെന്നാണ്‌ പഠനം. അടുത്തിടെ മലപ്പുറം,  ഇടുക്കി,  കോട്ടയം, എറണാകുളം,  കൊല്ലം, കോഴിക്കോട്‌, പത്തനംതിട്ട, കാസർകോട്‌, തിരുവനന്തപുരം തുടങ്ങി വനത്തോട്‌ ചേർന്നുകിടക്കുന്ന എല്ലാ ജില്ലയിലും പ്രശ്‌നം രൂക്ഷമായി. ആന, കടുവ, പുലി, പന്നി,  മാൻ, മുള്ളൻപന്നി, കുരങ്ങൻ  എന്നിവയെല്ലാം നാട്ടിലെത്തുന്നു.  കേന്ദ്ര–-സംസ്ഥാന  സർവേപ്രകാരം കേരളത്തിൽ 2012ൽ ഏകദേശം 2735 ആനയാണുള്ളത്‌. 2017ൽ ഇത്‌ 3054 ആയി. 2014ൽ കടുവകൾ ഏകദേശം 136 എന്നത്‌ 2018ൽ 190 ആയി. ഈ എണ്ണം വർഷംതോറും വർധിക്കുന്നു.

കേരളത്തിന്റെ ഭൂവിസ്‌തൃതിയിൽ 30 ശതമാനത്തോളം വനമേഖലയാണ്. ജനസാന്ദ്രതയാകട്ടെ രാജ്യത്ത് ഏറ്റവും കൂടുതൽ. അതിനാൽ ജനസംഖ്യയിൽ വലിയ ശതമാനത്തിന്റെയും താമസവും കൃഷിയും വനത്തോടു ചേർന്നാണ്. മനുഷ്യന്റെ  കൃഷി കാട്ടുമൃഗങ്ങൾക്ക് ഇഷ്ടഭക്ഷണം. ഇത്‌ വന്യമൃഗ–- മനുഷ്യ സംഘർഷം വർധിപ്പിക്കുന്നു.

(‘കടുവ ചാടുമോ, വയനാടിന് ഉറക്കമില്ല’...  നാളെ-)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top