26 April Friday
നഷ്ടപരിഹാരംതേടി അഞ്ചുവർഷത്തിനുള്ളിൽ
 സർക്കാരിന്‌ ലഭിച്ചത്‌ 10,700 അപേക്ഷ

‘കാലനാണ്‌ ’ കാട്ടുപന്നി; 
പൊലിഞ്ഞത് 21 ജീവൻ

ജെയ്സൻ ഫ്രാൻസിസ്Updated: Saturday May 28, 2022


തിരുവനന്തപുരം  
സംസ്ഥാനത്ത്‌ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ 21 പേർ. നാലു വർഷത്തിനിടെ 515 പേർക്ക്‌ പരിക്കേറ്റു. 2020–-21ൽ മാത്രം നഷ്ടമായത് എട്ട് ജീവൻ .കാട്ടുപന്നി ശല്യംകാരണം കൃഷിനാശത്തിന്‌ നഷ്ടപരിഹാരംതേടി അഞ്ചുവർഷത്തിനുള്ളിൽ സർക്കാരിന്‌ ലഭിച്ചത്‌ 10,700 അപേക്ഷ. 7000 പേർക്ക്‌ നഷ്ടപരിഹാരം നൽകി. 5.75 കോടിയാണ്‌ ഈ ഇനത്തിൽ വിതരണം ചെയ്‌തത്‌. ശേഷിക്കുന്ന അർഹർക്ക്‌ തുക നൽകാനുള്ള നടപടി പുരോഗമിക്കുന്നു.

കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിൽ 10 വർഷത്തിനുള്ളിൽ സംസ്ഥാനമാകെ പൊലിഞ്ഞത്‌ 1048 ജീവൻ. ജനവാസകേന്ദ്രത്തിലിറങ്ങുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്‌ നശിപ്പിക്കാൻ അനുവദിക്കണമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പലതവണ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു എന്നാൽ, ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വിചിത്ര നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഒടുവിൽ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ വനംവകുപ്പ്‌ അനുമതി നൽകിയപ്പോഴും എതിർപ്പുയർത്തി. ബിജെപി എംപി മേനക ഗാന്ധി വനംവകുപ്പ്‌ ഉത്തരവിനെതിരെ രംഗത്തുവന്നെങ്കിലും കർഷകരുടെ കണ്ണീരൊപ്പുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോവുകയാണ്‌ സംസ്ഥാനം.


 

2 മാസം നശിപ്പിച്ചത്‌ 
145.86 ഹെക്ടർ കൃഷി
കാട്ടുപന്നിയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ രണ്ട്‌ മാസത്തിൽ നശിപ്പിച്ചത്‌ 145.86 ഹെക്ടർ കൃഷി. ഏപ്രിൽ, മെയ്‌ മാസത്തെ കൃഷിവകുപ്പിന്റെ കണക്കാണിത്‌. 1.33 കോടിയുടെ നഷ്ടമുണ്ടായി.

ജനങ്ങളെ ചതിച്ചത്‌ കേന്ദ്രം
കാട്ടുപന്നി, പരിസ്ഥിതി ലോല മേഖല നിശ്ചയിക്കൽ വിഷയങ്ങളിൽ കേരളീയരെ ചതിച്ചത്‌ കേന്ദ്രസർക്കാർ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയ കേന്ദ്രം സമാനനിലപാടാണ്‌ പരിസ്ഥിതി ലോല മേഖല നിർണയിക്കുന്നതിലും സ്വീകരിച്ചത്‌.

തിരുവനന്തപുരം നെയ്യാർ–-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക്‌ ചുറ്റുമുള്ള പ്രദേശം ഇതിനുദാഹരണമാണ്‌. ഈ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കി കരട്‌വിജ്ഞാപനം പുറത്തിറക്കിയത്‌ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെയാണ്‌. ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം.

കർഷകർക്ക്‌ ആത്മവിശ്വാസം നൽകുന്ന തീരുമാനം: 
കർഷകസംഘം
ജനവാസമേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുകയും കർഷകരെ ആക്രമിക്കുകയുംചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകിയത്‌ കർഷകർക്ക്‌ ആത്മവിശ്വാസം നൽകുന്ന ഉത്തരവാണെന്ന്‌  കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌  എം വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷകസംഘം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച സംസ്ഥാന സർക്കാർനടപടി അഭിനന്ദനാർഹമാണ്‌. 

കർഷകർക്ക്‌ ഏറെ ആശ്വാസം പകരുന്നതാണ്‌ സർക്കാർ ഉത്തരവ്‌. കർഷകർ വനപാലകരെ അറിയിച്ച്‌ പന്നിയെ വെടിവച്ച്‌ കൊല്ലുകയായിരുന്നു.  കെണിവച്ചും കിടങ്ങുകൾ കുഴിച്ചും രക്ഷാമാർഗങ്ങൾ കർഷകർ സ്വീകരിച്ചിട്ടും കാട്ടുപന്നി ശല്യം തടയാൻ സാധിക്കാത്ത പശ്‌ചാത്തലത്തിലാണ്‌ കർഷകസംഘം നിരവധി പ്രക്ഷോഭം സംഘടിപ്പിച്ചത്‌. ഈ പ്രക്ഷോഭങ്ങളുടെ ഫലംകൂടിയാണ്‌ പുതിയ തീരുമാനം. 

കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയ സർക്കാരിന്‌ അഭിവാദ്യം അർപ്പിച്ച്‌ സംസ്ഥാനത്തെ മുഴുവൻ ജില്ല, ഏരിയ, വില്ലേജ്‌ കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്താൻ എം വിജയകുമാർ ആഹ്വാനം ചെയ്‌തു.  വാർത്താസമ്മേളനത്തിൽ കർഷക സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി എസ്‌ പത്മകുമാറും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top