26 April Friday

കൊളുത്തിവച്ച ഒറ്റനക്ഷത്രം

പദ്മദാസ്Updated: Friday Feb 26, 2021

 കദനക്കടലിന്റെയും ധർമസങ്കടങ്ങളുടെയും നടുവിൽപെട്ട് ദിഗ്ഭ്രമമൂർഛയാൽ ദിശാബോധം നഷ്ടപ്പെട്ട മനുഷ്യമനസ്സുകൾക്ക് മുന്നിൽ  "നിനക്കുയരെ ഞാൻ കൊളുത്തിവെച്ചിടാം ഒരൊറ്റനക്ഷത്ര‐ ക്കൊടിവിളക്കിതാ' എന്നു പറയുന്ന വഴികാട്ടിയായ സാന്ത്വനത്തിന്റെ  ആകാശദീപ്തി! "എനിക്കുമീമണ്ണിൻ‐ തരിക്കുംതമ്മിലേ‐ തനീജന്മസൗഹൃദപരമ്പര?' എന്ന ചരാചരബന്ധിതമായ ലോകത്തെക്കുറിച്ച് അത്ഭുതം കൂറിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയെ ഇങ്ങനെ വിശേഷിപ്പിക്കാം.

ആയിരത്തിൽപ്പരം പുറങ്ങളിലായി അഞ്ഞൂറിൽപ്പരം കവിതകൾ! മലയാളകാവ്യലോകത്തിന് വിസ്മരിക്കാനാവാത്ത, എത്രമുങ്ങിയാലും മതിവരാത്ത "വാഗ്ഗംഗ' തന്നെ; എന്റെയും നിങ്ങളുടെയും നഷ്ടപ്പെട്ട "മുഖമെവിടെ' എന്നു തിരഞ്ഞ കവിയുടെ സമ്പൂർണ സമാഹാരം‐  "വൈഷ്ണവം'. ഓരോ മുങ്ങിനിവരലിലും പുതിയൊരു ഓജസ്സ് പകരുന്ന വാഗ്സരിത്ത്. ഓരോ വായനയിലും ഭിന്നലോകങ്ങളിലേക്ക് ദേശാടനം ചെയ്യിക്കുന്ന കവിതകൾ. പുതിയ ആസ്വാദകലോകം നെറ്റിചുളിക്കുമെന്ന ശങ്ക തെല്ലുമില്ലാതെ, ഈ വാഗ്ഗംഗയിൽ മുങ്ങുകയാണ്, മുഴുകുകയാണ്. അന്യംനിന്നുപോകേണ്ട ഒന്നാണോ  അപരിഗ്രഹസംസ്കൃതി?, പൊള്ളുന്ന വർത്തമാന ആസുരതയിലും പ്രാക്തനമൂല്യങ്ങൾ കൈവെടിയേണ്ടതുണ്ടോ?, ഗാർഹികതയും കൊണ്ടാടപ്പെടേണ്ടതല്ലേ?‐ എന്നിങ്ങനെ ഒട്ടേറെ സമസ്യ കാവ്യവിഷയമായി വിചാരണചെയ്യപ്പെടുന്നു അവയിൽ. കാളിദാസനിൽനിന്നും വൈലോപ്പിള്ളിയിൽനിന്നും യേറ്റ്സിൽനിന്നും ഉറവെടുത്ത സ്നേഹധാരകൾ മേളിച്ച് രാസപരിണാമവിധേയമായി ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടിയിണക്കി പുതിയ കാവ്യവിചാര സംസ്കൃതി ഉരുവാക്കിയെടുത്തു കവി."ഉജ്ജയിനിയിലെ രാപ്പകലുകൾ', "സുഭദ്രാർജുനം', "ഭൂമിഗീതങ്ങൾ', "ദിലീപൻ', "യാങ്സിയിലെ ചെന്താമര', "കാശ്യപൻ', "കേദാരസന്ധ്യ', "നിഷാദപർവം' തുടങ്ങി ‘നീരാജനംപോൽ പ്രസന്ന’മായ ഒട്ടേറെ കവിതകൾ "ഹൃദയത്തിൽ തെളിയൂറുന്ന' "തീർഥകണം' നുകരാൻ അനുവാചകരെ ക്ഷണിക്കുന്നു.

മുൻവിധി ചുരുട്ടിയെറിഞ്ഞുമാത്രം പ്രവേശിക്കുക നാം ആ കാവ്യലോകത്തേക്ക്. സമാനഹൃദയരുടെ സന്തോഷത്തിനപ്പുറം തന്റെ കവിതയ്ക്ക് വലിയ പ്രസക്തിയില്ലെന്ന്  വിനീതനായപ്പോഴും, "ധർമദുഃഖക്കടൽ നീന്തിയെത്തുന്നതാണ് നീതി' എന്നു തിരിച്ചറിയുകയും, "നമ്മുടേതല്ലാത്ത കുന്നിനെയും ചോലയെയും മരങ്ങളെയും നാം വിൽക്കുന്നതെങ്ങനെ'? എന്ന് സംശയാലുവാവുകയും "അധർമത്തിന്റെ തുംഗഫണങ്ങളരിയാൻ സുദർശനചക്രമേന്തുക'യെന്ന് ഉദ്ഘോഷിക്കുകയും, "പൂജകൊണ്ടുമാത്രം തൃപ്തികൊള്ളുന്ന മൂഢനല്ല' താനെന്നും "അഗ്നിയിൽനിന്ന് അഗ്നിയിലേക്ക് കുതിക്കുന്നതാണ് ഗാണ്ഡീവം ധരിച്ച' തന്റെ സർഗചൈതന്യമെന്ന് മനസിലാക്കുകയും ചെയ്തു. "വസുന്ധരയുടെ അതിരെഴാത്ത തനയവാത്സല്യം' വരികളിലാവാഹിച്ചും, "ഞാൻ പെയ്ത പാട്ടിനെ' അമ്പെയ്യുവാൻ നിങ്ങൾക്കാകുമോ എന്ന് ചങ്കൂറ്റമാർന്നും സൂര്യചന്ദ്രാദികളില്ലാതായാലും "വെളിച്ചത്തെ വാക്കുപോറ്റിടും' എന്ന് ദൃഢപ്രതീക്ഷയാർന്നും മുന്നോട്ടാഞ്ഞതാണ് "ഹിമഗന്ധ'മാർന്ന വിഷ്ണുവിന്റെ കാവ്യവൈഖരി. കൈചൂണ്ടുവാനുള്ള മാതൃക അന്തർധാനം ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാന കാവ്യവൈപരീത്യങ്ങളിൽ "മൗലിയിൽ വാക്കുമാണിക്യമായി ചൂടുന്ന' ഈ ഒറ്റനക്ഷത്രത്തിളക്കം ആസ്വാദകനെ മുന്നോട്ടുനയിക്കും; മുന്നിലെ ജീവിതപ്പാത പ്രഭാപൂർണമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top