26 April Friday

കേരളം മാറിച്ചിന്തിക്കണം- അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച്...വൈശാഖൻ

വൈശാഖൻ Updated: Monday Jan 9, 2023

കേരളീയർ ഭൂരിഭാഗവും ബിരുദധാരികളായി മാറിയിട്ടും എന്തുകൊണ്ട് ഇവിടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കുറവു വന്നില്ല? എന്നുമാത്രമല്ല, പഴയകാലത്തേപ്പോലെ കൂടുതൽ കൂടുതൽ ക്രൂരവും  മനുഷ്യത്വവിരുദ്ധമായ കർമങ്ങളിലേക്ക് അഭ്യസ്തവിദ്യർ നീങ്ങുന്നു എന്നതാണ് അവസ്ഥ. ഇതേപ്പറ്റി ആഴത്തിൽ ആലോചിക്കാൻ ഒട്ടും മറന്നുകൂടാ.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

എന്തുകൊണ്ടാണ് അഭ്യസ്തവിദ്യർക്ക് സ്വന്തം ചിന്തയിലും കർമത്തിലും ഉണ്ടാകേണ്ട സാമൂഹികതയും നൈതികതയും നഷ്ടമാകുന്നത്  ? ഇച്ഛാശക്തിയാലും യുക്തിബോധത്താലുമുള്ള ആവിഷ്കാരങ്ങൾ നഷ്ടമാകുന്നത്? എന്നാൽ ജാതകവ്യവസായം കേരളത്തിൽ പൊടിപൊടിക്കുന്നു. ഏലസുകച്ചവടവും ചരട്‌ ജപിച്ചുകെട്ടലേർപ്പാടുകളും തകൃതിയായി നടക്കുന്നു. നക്ഷത്രക്കല്ലുവാങ്ങാനും, അക്ഷയതൃതീയക്ക് സ്വർണം വാങ്ങാനും അഭ്യസ്തവിദ്യർ ഓടിക്കൂടുന്നു. പിന്നീട് അതിനെല്ലാം എന്തുണ്ടായി എന്ന് സാമൂഹിക പ്രവർത്തകരോ മാധ്യമങ്ങളോ പരിശോധിക്കുന്നില്ല. റിപ്പോർട്ട് ചെയ്യുന്നില്ല. ഇതാണ് പ്രശ്നം. കാതലായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നില്ലെന്നുമാത്രമല്ല പ്രശ്നത്തിന്റെ കാതലും അവർ കണ്ടെത്തുന്നില്ല. 

പ്രബുദ്ധരെന്നാണ് നാം നമ്മളെ വിശേഷിപ്പിക്കുന്നത്. എന്നാൽ ചൊവ്വാദോഷം നീക്കാത്തതാണ് ദാമ്പത്യത്തകർച്ചയുടെ കാരണമെന്ന് കവിടി നിരത്തി കണ്ടെത്തുന്നവരുടെ പിന്നാലെ പോകാൻ കേരളീയർക്ക് മടിയില്ല. വിവാഹിതരാകാൻ അനുവദിക്കാതെ പെൺമക്കളുടെ ജീവിതം തകർക്കുന്ന ക്രിമിനലുകളാണ് ജ്യോതിഷികൾ. അവരുടെ പേരിൽ ഗൂഢാലോചനാകുറ്റം ചുമത്താൻ കഴിയേണ്ടതല്ലേ? ചൊവ്വാഗ്രഹമാണ് മനുഷ്യവാസയോഗ്യം, ശുക്രനല്ല എന്ന് ഇന്ന് കൃത്യമായി അറിയാം.

എന്നിട്ടതേപ്പറ്റി  ജ്യോതിശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ സമൂഹത്തിലിറങ്ങി ഉറക്കെ പറയാത്തത് കഷ്ടം തന്നെ. അജ്ഞതയെവച്ച് മുതലെടുക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ട ബാധ്യത സമൂഹത്തിനുണ്ട്. അന്ധവിശ്വാസ ചൂഷണത്തിനെതിരായ നിയമത്തിന്റെ പ്രസക്തി അവിടെയാണ്.

ചില അനുഭവങ്ങൾ പറയട്ടേ

ഞാൻ ആദ്യമായി പ്രേതത്തെ നേരിട്ടുകണ്ട അനുഭവം വിവരിക്കാം. തമിഴ്നാട്ടിലെ വടക്കൻ ആർക്കാട് ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ. രണ്ടുവശത്തും റെയിൽപ്പാത, ഒരു വശത്ത് തടാകം, (ഏറി) മറുവശത്ത് ശ്മശാനം. പലപല മൃതശരീരങ്ങൾ കൊണ്ടുവരുന്നു. കുഴിച്ചു മൂടുന്നു. ഒരു ദിവസം രാത്രി. മദ്രാസിലേക്കുള്ള വണ്ടിക്ക് പച്ചവിളക്ക് കാണിച്ച്‌ നിൽക്കുമ്പോൾ ശ്മശാനത്തിൽ ഒരു വെളിച്ചം കണ്ടു. വണ്ടിയുടെ സമയം ഓഫീസിൽ പറഞ്ഞു ഞാൻ അങ്ങോട്ടു നടന്നു. ഞാൻ മാത്രമേയുള്ളൂ. കൂടെയുള്ള പോർട്ടർ കിടന്നുറങ്ങുന്നുണ്ടാവും.

വീണ്ടും നോക്കിയപ്പോൾ ശ്മശാനത്തിലെ വെളിച്ചം പലതവണ  ഉയരുകയും താഴുകയും ചെയ്യുന്നു. അപ്പോൾ രാത്രി ഒന്നര മണി. നല്ല ഇരുട്ട്. അസ്ഥികളിലെ ഫോസ്ഫറസ് രാത്രിയിൽ തിളങ്ങുമെന്ന്, പണ്ട് കേട്ടിട്ടുണ്ട്. പക്ഷേ, വെളിച്ചം ചലിക്കുന്നു. വെളിച്ചം സാവധാനം എന്റെ നേരെ വരുന്നു. ഞാൻ വിചാരിച്ചു ഒരു പ്രേതം വന്നു സംസാരിച്ചാലും വിരോധമില്ല. അത്ര വലിയ ഏകാന്തതയാണ് അവിടെ ഞാൻ അനുഭവിച്ചിരുന്നത്. അങ്ങനെ നോക്കുമ്പോൾ വെളിച്ചം എന്റെ

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

അടുത്തെത്തി. തെളിഞ്ഞുനോക്കിയപ്പോൾ മനസ്സിലായി.  കടുംനീല യൂണിഫോമിട്ട റെയിൽവേ പോർട്ടർ ആയിരുന്നു അതെന്ന്. അദ്ദേഹം ഉറങ്ങുകയായിരുന്നില്ല. ഞാനൊന്നും ചോദിച്ചില്ല. ഓഫീസിലേക്ക് കയറിയിരുന്നു. അദ്ദേഹം ഒരു നീല കർച്ചിഫ്പൊതി എന്റെ മേശപ്പുറത്തുവച്ചു. എന്നിട്ട് അദ്ദേഹം തന്നെ ആ പൊതി അഴിച്ചു. നോക്കുമ്പോൾ ചാരം പുരണ്ട കുറച്ചു നാണയങ്ങൾ. എന്നിലെ വിസ്മയവും വേദനയും ഒടുങ്ങുന്നില്ല. അതിന്റെ വസ്തുത വളരെ ദയനീയമായിരുന്നു.

അവിടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാൽ സ്വന്ത ബന്ധുക്കൾ പൈസ എറിയും. ആ പൈസയാണ് അയാൾ പെറുക്കിക്കൊണ്ടുവന്നിട്ടുള്ളത്. ആരെങ്കിലും അതറിഞ്ഞാൽ മോശമാണ്.  അയാൾ എന്നോട് അദ്ദേഹത്തിന്റെ സങ്കടാവസ്ഥ വിവരിച്ചു.

“ഇരന്ത് പോനവങ്കള്ക്ക് എതുക്ക് സർ പൈസ?”
ഞാൻ ഒട്ടും ശകാരിച്ചില്ല. അദ്ദേഹം എന്നോട് ചോദിച്ചത് തത്വജ്ഞാനപരമായ ചോദ്യമാണ്. അയാൾക്ക് ചെറിയ ശമ്പളമേയുള്ളൂ. വേറെ വരുമാനമില്ല. മൂന്നു കുട്ടികൾ. ഭാര്യ. ആ കുടുംബം പോറ്റാൻ എന്തുചെയ്യും? ഞാൻ പറഞ്ഞു
“പരവായില്ലെയ്”(സാരമില്ല).
 ഇതാണ് ഞാൻ കണ്ട പ്രേതത്തിന്റെ കഥ.

ഇവിടെ ‘പ്രേതം’ ഒരു ദരിദ്രനായ പോർട്ടർ ആണ്. ആ നാട്ടിലാകെ നിറയെ പ്രേതവിശ്വാസികളാണ്. ആ പ്ലാറ്റ് ഫോമിൽ രണ്ടുതരം മരങ്ങൾ ഉണ്ട്. വേപ്പും ഉങ്ങും. എല്ലാം അന്ധവിശ്വാസം പേറുന്നവ. പറമ്പിൽ ഉള്ളത് പനകളാണ്. അവരുടെ വിശ്വാസങ്ങളെല്ലാം പ്രാകൃതമാണ്.  രണ്ട്‌ പിശാചുക്കളുണ്ട്. ഒന്ന്‌ മോഹിനിപ്പിശാച്. 

മോഹിനിപ്പിശാച് പനയിലാണ് വസിക്കുന്നത്. നമ്മുടെ യക്ഷിയെപ്പോലെ. മറ്റൊന്ന് മുനീശ്വരൻ. മുനീശ്വരൻ വേപ്പിലാണ് താമസിക്കുന്നത്. നമ്മുടെ മാടൻ പോലെയാണ്. ഇതെല്ലാം അവരുടെ ആശ്രയസ്ഥാനങ്ങളാണ്. നിസ്സഹായരുടെ മിഥ്യാ അഭയംമാത്രം.

കാവന്നൂർ എന്ന ഈ സ്ഥലത്തെ മറ്റൊരു അനുഭവം കൂടി ഇവിടെ പറയട്ടേ. ഒരു ദിവസം പകൽ. ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു. പൊതുവേ യാത്രക്കാർ കുറവാണ് അവിടെ. പാസഞ്ചർ ട്രെയിനിന് മാത്രമേ സ്റ്റോപ്പുള്ളൂ. സ്റ്റേഷനിൽ തിരക്കുണ്ടാകുന്നത് ആടി ‐കൃത്തിക ( മുരുകന്റെ വിശേഷദിവസം) ക്കാണ്. വിശ്വാസികൾ ഹുണ്ടിക (കാശുകുടുക്ക)യിലെ പൈസ സ്റ്റേഷനിൽ കൊണ്ടുവന്ന് തുറന്ന കാശെടുത്ത്, ടിക്കറ്റെടുത്ത് ഉത്സവത്തിനു പോകും.
ആ സ്റ്റേഷനിലെ ഒരു മധ്യാഹ്നം. ഒരാൾ ഓടി വന്നു. കിതച്ചുകൊണ്ട് അയാൾ പറഞ്ഞു.

“പാടത്തു വെച്ച് ഒരാളെ പാമ്പു കടിച്ചു. ഫോൺ ചെയ്യണം”.
എനിക്ക് മനസ്സിലായില്ല എന്നു ഞാൻ പറഞ്ഞു.
“ ഇത് റെയിൽവേ ഫോൺ ആണ്”.

സ്റ്റേഷനിലെ ഫോൺ എടുത്താൽ അത് മദ്രാസിലെ റെയിൽവേ ഓഫീസിലേക്കാണ് കണക്ടാവുക. അപ്പോൾ പോർട്ടർ പറഞ്ഞു.
“സർ, ഇത് കൺട്രോൾ ഫോണിൽ പറഞ്ഞാൽ മതി”.
“എന്തു പറയണം” ഞാൻ ചോദിച്ചു
“ആദ്യം സ്റ്റേഷന്റെ സ്ഥലം, പിന്നെ എ സ്നേക്ക് ബൈറ്റ് എന്ന്.  പിന്നെ  പാമ്പ് കടിച്ചയാളുടെ പേര്, വയസ്സ്, പാമ്പിന്റെ പേര്”
ഇതാണ്‌  മദ്രാസിലെ സ്റ്റേഷൻ കൺട്രോളറോട് വിളിച്ചുപറയേണ്ടത്. അയാളുടെ നിർബന്ധവും അപ്പോഴത്തെ വെപ്രാളവും കണ്ട് മറ്റു നിവൃത്തിയില്ലാത്തതിനാൽ ഞാൻ ഫോണെടുത്ത് കാവന്നൂർ എന്നുപറഞ്ഞു. പിന്നെ “എ സ്നേക്ക് ബൈറ്റ്” എന്നും.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

“പേര്  ? ” കൺട്രോളറുടെ മറുചോദ്യം
“മുരുകേശൻ”
“എത്ര വയസ്സ്?”
“45 വയസ്സ് ”
“കോൺഷ്യസ് ഓർ അൺകോൺഷ്യസ്? ”
“കോൺഷ്യസ് ”ഞാൻ പറഞ്ഞു.

  അതിനുശേഷം ഇങ്ങനെ അറിയിച്ചാൽ എന്താണുണ്ടാവുക എന്ന്  പോർട്ടറോട് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. “ഈ വിവരങ്ങൾ പാമുലു സത്യനാരായണ എന്ന സ്റ്റേഷൻമാസ്റ്ററോട് പറയും. അദ്ദേഹം അമാനുഷിക കഴിവുകളുള്ള ആളാണ്. അദ്ദേഹത്തിന് ഡ്യൂട്ടിസമയത്ത് മുണ്ടുടുക്കാൻ റെയിൽവേ അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ പാമ്പുകടിച്ച വിവരം അറിയുമ്പോൾ അദ്ദേഹം മുണ്ടിൽനിന്ന് ഒരു ഇഴനൂലെടുത്ത് തുളസിയിൽ ചുറ്റും. അപ്പോൾ വിഷമിറങ്ങും”. ഇതാണ് ആ വിശ്വാസത്തിന്റെ വിശേഷം.

ഏതായാലും ഞാൻ അവരോട് മുരുകേശനെ അടുത്തുള്ള വെല്ലൂർ ആശുപത്രിയുടെ റൂറൽ ഹെൽത്ത് സെന്ററിലേക്ക്  കൊണ്ടുപോകാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് ഞാൻ ഈ കാര്യത്തെപ്പറ്റി പലരോടും അന്വേഷിക്കുകയുണ്ടായി. അവരെല്ലാം ഇത് ശരിവച്ചു. ഇങ്ങനെ വരുന്ന കേസിൽ ഭൂരിഭാഗവും വിഷമില്ലാത്ത പാമ്പായിരിക്കും കടിച്ചിരിക്കുക.

മറ്റു ചിലപ്പോൾ മുള്ളു കൊണ്ട് രക്തം വന്നതാകാം. ഈ സ്റ്റേഷൻമാസ്റ്റർ ശരിക്കും ഇല്ലാത്ത ഒരവതാരമാണെന്ന് ചുരുക്കം. കടികിട്ടിയ ആളെ ഹെൽത്ത് സെന്ററിൽനിന്ന് വെല്ലൂർ ആശുപത്രിയിലേക്കയച്ചു. ആന്റിവെനം കുത്തിവച്ചു. അങ്ങനെ അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ ആളുകളുടെ വിശ്വാസമോ? നേരെമറിച്ചും. ഇതാണ് വാസ്തവത്തിൽ അന്ധവിശ്വാസം.

വിശ്വാസവും അന്ധവിശ്വാസവും

വിശ്വാസവും അന്ധവിശ്വാസവും നിർവചിക്കാൻ പ്രയാസമാണ്. ഒരു ദൈവമുണ്ടെന്ന വിശ്വാസം സാധാരണ മനുഷ്യന് താൽക്കാലിക ആശ്വാസം നൽകിയേക്കാം. എന്നാൽ സങ്കൽപ്പജീവിയായ ദൈവം ഒരിക്കലും ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. പക്ഷേ, പ്രശ്നം കിടക്കുന്നത് അവിടെയല്ല. മാരകരോഗം പിടിപെട്ട് ചികിത്സിക്കാതെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ രോഗം മാറുമെന്ന് വിചാരിച്ചാൽ രോഗി മരിച്ചുപോകും. ആചാരങ്ങൾ പുരോഹിതന്മാർ ഉണ്ടാക്കിയതാണ്. വഴിപാടുകൾ, ആചാരങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ എന്നിവയൊക്കെ. പുരോഹിതന്മാരുടെ അനാവശ്യ ഇടപെടലുകളാണ് മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്ക് ആഴ്ത്തുന്നതിന്റെ ഒരു കാരണം.

ഭയത്തിലാണ് വിശ്വാസവും ആചാരവും നിലനിൽക്കുന്നത്. കാര്യം നടന്നില്ലെങ്കിൽ, “ദൈവഹിതം അതായിരുന്നു” എന്നുപറയും. അകാലത്തിൽ മരിച്ചാൽ “ദൈവത്തിന് ഇഷ്ടമുള്ളവരെ വേഗം വിളിച്ചതാണ്” എന്നുപറയും.

കേരളത്തിൽ ഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. എന്നിട്ടും എത്രയെത്ര അന്ധവിശ്വാസങ്ങളാണ് ഇവിടെയുള്ളത്? വാസ്തു, ശകുനം, ചൊവ്വ‐വെള്ളി ദുർദിനങ്ങൾ, ജാതകം, പൊരുത്തം, മന്ത്രച്ചരട്, ഊതിയ വെള്ളം, ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, 13 എന്ന ചീത്ത നമ്പർ, പൊങ്കാല, മഷിനോട്ടം, വെറ്റില ജോത്സ്യം, ജ്യോതിഷം, സംഖ്യാശാസ്ത്രം, പുതിയതായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന കൃപാസനം പത്രം, പിന്നെ വെള്ളിമൂങ്ങ, ഇരുതലമൂരി, മുളകരച്ച് ബിംബത്തിൽ തേക്കൽ തുടങ്ങിയങ്ങനെ നീളുന്നു ആ നിര.

മുളകരച്ച് ബിംബത്തിൽ തേക്കൽ പാലക്കാട് ജില്ലയിൽ മൂന്നിടത്തുള്ളതായി എനിക്കറിയാം. മുളക് തേച്ചാൽ ശത്രുവിന് എരിയും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്ന സമയംപോലും തീരുമാനിച്ചത് ജ്യോതിഷികളുടെ അഭിപ്രായം കേട്ടാണ് എന്നത് കുപ്രസിദ്ധമാണല്ലോ. ‘വാസ്തു എടുക്കുക’ എന്നത്  മത്സ്യപുരാണത്തിൽ നിന്ന് വന്നതാണ്. യഥാർഥത്തിൽ വീടുകൾക്ക് വേണ്ടത് വെളിച്ചവും വായു സഞ്ചാരവുമാണ്.

എന്റെ അനുഭവത്തിലെ ഒരു വാസ്തുപ്രശ്നം പറയാം. ഒരു വീട്ടിൽ കയറിവരുന്ന ഭാഗത്ത് രണ്ട്‌ വാതിൽ ഉണ്ട്. അതിലൊന്ന് പുതിയതായി ഉണ്ടാക്കിയതാണ്. അത് വാസ്തുപ്രശ്ന പരിഹാരാർഥം ചെയ്തതാണ്. യഥാർഥത്തിൽ അവിടെ അതിന്റെ ആവശ്യമില്ല. ഈ വീട്ടിൽ എല്ലാവരും അഭ്യസ്തവിദ്യരാണ്. ഈ പുതിയ വാതിൽ വെട്ടിവച്ച് കുറച്ചുകഴിഞ്ഞപ്പോൾ മകളുടെ ഭർത്താവ് ക്യാൻസർ വന്നു മരിച്ചു. മകന് തുടർച്ചയായി രോഗങ്ങൾ വന്നു. അതോടെ ഇളയ മകളുടെ കല്യാണം വൈകി. ഗൃഹനാഥൻ രോഗം പിടിച്ച്‌ കിടപ്പിലായി. പക്ഷേ, വാതിലിന് മാത്രം ഒന്നും സംഭവിച്ചില്ല.

v

v

ജാതകപ്പൊരുത്തം നോക്കി വിവാഹം കഴിച്ച നാല് സിനിമാതാര ദമ്പതികളെങ്കിലും ഈ രണ്ടു വർഷത്തിനിടെ തല്ലിപ്പിരിഞ്ഞിട്ടുണ്ട്. എന്നിട്ടും നമ്മുടെ പത്രങ്ങളിൽ നായർസുന്ദരി‐ചൊവ്വാദോഷം,   ഈഴവസുന്ദരി‐ചെറിയ ദോഷം  എന്നുള്ള പരസ്യങ്ങൾ, വരുന്നു. നിരവധി പെൺകുട്ടികളുടെ വിവാഹം ചൊവ്വാദോഷം മൂലം ഇന്നും നടക്കുന്നില്ല. മനുഷ്യർ ഇവിടെ നിന്നയച്ച ചൊവ്വദൗത്യം അവിടെ മണ്ണു മാന്തുന്ന സമയത്താണ് ഇതു നടക്കുന്നത്. എത്ര ദയനീയമാണ് സ്ഥിതി?

ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നു. ആരുടെ രക്ഷയ്ക്ക് വേണ്ടിയാണിത്? ദൈവത്തിന്റെ രക്ഷയ്ക്കോ? ഭക്തന്മാരുടെ രക്ഷയ്ക്കോ? ഗ്രഹണസമയത്ത് ഭക്ഷണത്തിൽ വിഷമുണ്ടാകുമത്രേ. ഏതെങ്കിലും ഹോട്ടലിൽ അന്നേരം ഭക്ഷ്യവിഷബാധയുണ്ടായാൽ അവർക്ക് രക്ഷപ്പെടാൻ ഒരു കാരണമായി ഇതിനെ കാണണം?

എം സി ജോസഫ് വീടു നിർമിച്ചത് എല്ലാ വാസ്തുപ്രയോഗങ്ങൾക്കും എതിരായിട്ടാണ്. എന്നിട്ട് എന്തുണ്ടായി? ആ വീടിന് ഒരു കുഴപ്പവുമില്ല. എം സി ദീർഘായുസ്സോടെ ജീവിച്ചു മരിച്ചു. മകൾ അച്ചാപിള്ള ജോസഫും 100 വയസ്സിനോടടുത്ത് ജീവിച്ചു. ഡോക്ടർ ആയിരുന്നു. ഈയിടെയാണ് അവർ മരിച്ചത്.

കേരളത്തിൽ ജാതിമതഭേദമന്യേ ചാത്തൻസ്വാമിയുടെ അനുഗ്രഹങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ ഏറിവരുന്നുണ്ട്. അഭ്യസ്തവിദ്യരുടെ എണ്ണം കൂടുന്തോറും ചാത്തന്റെ ഉപദ്രവങ്ങൾ വർധിക്കുന്നുണ്ടോ? ജീവിതാനുഭവങ്ങൾ എന്താണ് ഇത്തരക്കാരെയൊന്നും പഠിപ്പിക്കാത്തത്? മുമ്പ് ചാത്തനേറ് സർവസാധാരണമായി ഉണ്ടായിരുന്നു. ഒരിക്കൽ ഒരാൾ വന്ന്‌ ശ്രീനാരായണഗുരുവിനോട് ചാത്തന്റെ ഉപദ്രവത്തെക്കുറിച്ച് പറഞ്ഞു. അതുകേട്ട് ഗുരു പറഞ്ഞു; “ഞാൻ ചാത്തന് ഒരു കത്തു തരാം. അതു വെച്ചാൽ മതി” അതോടെ ഉപദ്രവം കുറഞ്ഞുവത്രേ. മനുഷ്യന്റെ ദുർബലതകളാണ്‌  വിശ്വാസചൂഷണത്തിന് ഉപയോഗപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. അതിൽ ഒരു ടീച്ചറാണ് അവതാരക. അവരുടെ സുഹൃത്തിന്റെ മകന് ആത്മഹത്യാ പ്രവണതയുണ്ട്. പലയിടത്തും പോയി മന്ത്രവാദം ചെയ്തു. 15,000 രൂപ മന്ത്രവാദിക്ക് നൽകി. അപ്പോൾ ടീച്ചർ പറഞ്ഞു. 'കൃപാസനം' പത്രം തരാം. അതരച്ച് ചമ്മന്തിയാക്കി നൽകി. പിന്നീട് കപ്പയിൽ ചേർത്തും നൽകി. അവന്റെ ആത്മഹത്യാ പ്രവണത മാറിയെന്ന് ടീച്ചർ വീഡിയോയിലൂടെ  അവകാശപ്പെടുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നു. ആരും നടപടി എടുക്കുന്നില്ല.

ധാബോൽക്കറുടെ മരണം

ഒരു ഗ്രാമത്തിലേക്കുള്ള കുടിവെള്ളം മുഴുവൻ ഒരു കള്ളസന്യാസി ഹോളി ആഘോഷത്തിന് ഉപയോഗിച്ചു. അതിനെ ചോദ്യം ചെയ്തതാണ് ധാബോൽക്കറെ വധിക്കാൻ കാരണമായത്.
ശബരിമലയിൽ എഴുതിവച്ചിട്ടുള്ളത് “തത്ത്വമസി” എന്നാണ്. “അത് നീ തന്നെയാകുന്നു”.  പിന്നെ എന്തിനാണ് അവിടേക്ക് മനുഷ്യർ  കെട്ടുംകെട്ടി പോകുന്നത്. എഴുതിവച്ചത് ആർക്കും മനസ്സിലാവുന്നില്ല. പണ്ട് നമ്മുടെ നാട്ടിൽ പ്രേതബാധ വളരെ വ്യാപകമായിരുന്നു. മിക്കവാറും അത് പെൺകുട്ടികൾക്കാണുതാനും. ഇപ്പോൾ അത് കേൾക്കുന്നില്ല. എന്താണ് കാരണം?

നരേന്ദ്ര  ധാബോൽക്കർ

നരേന്ദ്ര ധാബോൽക്കർ

പെൺകുട്ടികൾ വിദ്യാഭ്യാസം ആർജിച്ചു എന്നതാണ്. അവരിന്നു ഉയർന്നുചിന്തിച്ചു തുടങ്ങി. നമ്മുടെ നാട്ടിൽനിന്ന് ഒടിയൻ പോയത് എങ്ങനെയാണ്? ഇലക്‌ട്രിക് ലൈറ്റിന്റെ പ്രഭാവത്തിൽ ഒടിയന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. എന്നാലിന്ന് ഒടിയൻ സീരിയലിലും സിനിമയിലുംകൂടി തിരിച്ചുവരുന്നു.

കപടശാസ്ത്രത്തെ ഭരണാധികാരികൾ വളർത്തുന്നു. പ്രധാനമന്ത്രി തന്നെ പൂജ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമിക്കുന്നതിലാണ് താല്പര്യം.

ഇത്തരം പൂജ അഭ്യാസങ്ങൾ ഇലക്ഷൻ കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുന്നു. നിയമനടപടി സ്വീകരിക്കാൻ അവർക്ക് ബാധ്യതയില്ലേ? സാങ്കല്പിക കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരാക്കി പറഞ്ഞു പ്രചരിപ്പിക്കുന്നു. പുരാണങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ഇത് അപകടകരമാണ്. വളരെ സൂക്ഷിക്കണം.

പാഞ്ചാലിയുടെ കഥയിൽ അഞ്ചു പുരുഷന്മാർക്ക് ഒരു സ്ത്രീയെ ഉപയോഗിക്കാൻ വിട്ടുകൊടുക്കുന്നു. പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കടന്നുകൂടാതെ ശ്രദ്ധിക്കണം. ശക്തമായി പ്രതിരോധിക്കണം.

പ്രപഞ്ചം ഉണ്ടായത് സംബന്ധിച്ച് ശാസ്ത്രീയമായ ബിഗ്ബാങ് തിയറി സ്കൂളിൽ പഠിപ്പിക്കുന്നു. എന്നാൽ മതപാഠശാലയിൽ ദൈവം സൃഷ്ടിക്കുന്നു എന്നും പറയുന്നു. ഇത് കുട്ടികളുടെ മനസ്സിനെ വിഘടിപ്പിക്കും. കുരങ്ങുകളുടെ ഒരു വിഭാഗത്തിൽനിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യനുണ്ടായതെന്ന ശാസ്ത്ര സത്യം ചില സ്കൂളുകളിൽ പഠിപ്പിക്കാൻ വിലക്കുണ്ട്.

യുക്തിചിന്തയും ശാസ്ത്രബോധവും ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എത്തേണ്ടിടങ്ങളിൽ എത്തുന്നില്ല. എംഎക്ക് റാങ്കുവാങ്ങിയ കുട്ടിയാണ്. ജാതകത്തിൽ പറഞ്ഞത്‌ സഫലീകരിക്കാൻ ഒന്നാമത്തെ ഭർത്താവിനെ 'കഷായം'കൊടുത്തുകൊന്നത്. ജ്യോതിഷത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് അവർ അതുചെയ്തത്.

സൂര്യനെയും ചന്ദ്രനെയും ഗ്രഹമായി സങ്കൽപ്പിച്ചിരിക്കുന്നു ജ്യോതിഷത്തിൽ. അതുതന്നെ വിശ്വസിക്കുന്ന അഭ്യസ്തവിദ്യരുള്ള നാടാണിത്. ബഹിരാകാശത്തേക്ക് റോക്കറ്റ് അയക്കുന്നതിനുമുമ്പ് ഇതിന്റെ ചെറുമാതൃക ക്ഷേത്രത്തിൽ പൂജിച്ച് തേങ്ങ ഉടയ്ക്കുന്നു. അങ്ങനെയാണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് ശാസ്ത്രതത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ റോക്കറ്റും ഉപഗ്രഹങ്ങളും രൂപകൽപ്പന ചെയ്യണോ?

ക്രിസ്തുവിനുമുമ്പ് ഗ്രീസിൽ അയോണിയൻ തത്വജ്ഞാനികൾ ഉണ്ടായിരുന്നു.

സ്‌റ്റീഫൻ  ഹോക്കിങ്‌

സ്‌റ്റീഫൻ ഹോക്കിങ്‌

സ്റ്റീഫൻ ഹോക്കിങ്‌സിന്റെ 'ഗ്രാൻഡ് ഡിസൈൻ' എന്ന പുസ്തകത്തിൽ പറയുന്നു, അവരാണ് അണു കണ്ടുപിടിച്ചത്, വായു കണ്ടുപിടിച്ചത്. പിന്നീട്‌ 1500 വർഷം ശാസ്ത്രം വളർന്നില്ല. മതപരമായ അന്ധവിശ്വാസവും പുരോഹിതാധിപത്യവും കാരണമാണത്.

കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും ബ്രൂണോയുടെയും ജീവിതചരിത്രങ്ങൾ പരിശോധിച്ചാൽ ഇത്‌ മനസ്സിലാകും. നാല്‌ കൊല്ലംമുമ്പാണ് കത്തോലിക്കാസഭ ഗലീലിയോയെ കുറ്റവിമുക്തനാക്കിയത്.

ബഹിരാകാശത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണാനാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. എന്നിട്ടുവന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങണം. ബിഹാറിൽ സ്ത്രീകളെ നായയെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് ഇന്നും തുടരുന്നു. മഷിനോട്ടം ഉണ്ടെങ്കിൽ എന്തിനാണ് സിബി ഐ  ?

സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ

കേരളീയർ യുക്തിചിന്തയിലേക്ക് വന്നതായിരുന്നു നവോത്ഥാനകാല സമുദായപരിഷ്കരണങ്ങളുടെ മേന്മ. അന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യനെ ധാർമിക വിദ്യാഭ്യാസം ചെയ്യിക്കലായിരുന്നു; ആധുനിക ജീവിതവെളിച്ചത്തിലേക്ക് എത്തിക്കലായിരുന്നു. പക്ഷേ, ഇന്ന് വിദ്യാഭ്യാസപദ്ധതി ഉൽപ്പതിഷ്‌ ണുതാപരമായ ചിന്തകളും മൂല്യങ്ങളും വേണ്ടപോലെ വഹിക്കുന്നില്ല. ഇതാണ് ഗുരുതരമായ പ്രശ്നം.

നമ്മുടെ ചില അച്ചടി ദൃശ്യമാധ്യമങ്ങളും അന്ധവിശ്വാസങ്ങളെ അവരുടേതായ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ യുക്തിബോധം വികസിച്ചാൽ മാത്രമേ അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള ബോധവൽക്കരണം വിജയിക്കുകയുള്ളൂ. കാഴ്ചയുടെ വിസ്മയങ്ങളിൽമാത്രം അഭിരമിക്കുന്ന കുട്ടികളെ വായനയിലേക്ക് ആകർഷിക്കാൻ കഴിയണം.

പത്താം ക്ലാസിൽ എത്തിയ കുട്ടികളിൽ ചിലർക്ക്‌ അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല എന്ന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ ചില അധ്യാപകർ പറയുന്നതു കേട്ടിട്ടുണ്ട്. നാലാം ക്ലാസോ കൂടിയാൽ ഏഴാം ക്ലാസോ കടന്നുപോകണമെങ്കിൽ അക്ഷരം കൂട്ടി വായിക്കാൻ അറിഞ്ഞിരിക്കണം എന്ന കാര്യം ഉറപ്പു വരുത്തേണ്ടതുണ്ട്.

നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്രനിലവാരത്തിലെത്തി എന്നതിൽ നമുക്ക് അഭിമാനിക്കാം. പക്ഷേ, വായനയുടെ കാര്യത്തിൽ കുട്ടികൾ ആ നിലവാരത്തിൽ എത്തിയിട്ടില്ലല്ലോ. ശാസ്ത്രബോധം വളർത്താൻ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ശക്തമായ ഇടപെടലും വായനയും അത്യാവശ്യമാണ്. അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ചുള്ള ഒരു പാഠം ചെറിയ ക്ലാസുകളിലെതന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. അന്ധവിശ്വാസങ്ങൾ ഊട്ടി ഉറപ്പിക്കുന്ന പുരാണഭാഗങ്ങൾ ചെറിയ ക്ലാസുകളിൽനിന്ന് ഒഴിവാക്കണം.

കുട്ടിക്കാലത്തുതന്നെ മതപഠനത്തിലൂടെ  യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ബാലമനസ്സുകളിൽ അരക്കിട്ട് ഉറപ്പിക്കുകയാണല്ലൊ ഇന്ന്‌ ചെയ്തുകൊണ്ടിരിക്കുന്നത്. പുരോഗമനപരമായ ഏതുനീക്കത്തെയും മതനേതാക്കൾ സമരംകൊണ്ട്‌ നേരിടാൻ വന്നേക്കും.നമ്മുടെ പൊതുപ്രവർത്തകരും എഴുത്തുകാരും സാംസ്കാരികപ്രഭാഷകരും സാധാരണ ജനങ്ങളെ അഭിമുഖീകരിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ശാസ്ത്ര സത്യങ്ങളെക്കുറിച്ച് അവരോടു സംവദിക്കണം.

കച്ചവട സിനിമക്കാർ ദയാപൂർവം പകയും കൊലയും കടുത്ത അന്ധവിശ്വാസങ്ങളും ഉപയോഗപ്പെടുത്തി കോടി ക്ലബ്ബിൽ കയറേണ്ട എന്നും തീരുമാനിച്ചാൽ നന്നായി.
തയ്യാറാക്കിയത്‌: ഇ ഡി ഡേവിസ്‌

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top