26 April Friday

ഇടിഞ്ഞിറങ്ങി ദുരന്തം ; മരണം ഒഴുകിവന്നു; വിറങ്ങലിച്ച്‌ ഗ്രാമവാസികൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021


ഡെറാഡൂൺ
‘ഭയാനകമായ ശബ്ദത്തോടെ മരണം ഒഴുകിവന്നു. ആരെയും അറിയിക്കാൻപോലും സമയം കിട്ടിയില്ല. നാടും വീടും പ്രിയപ്പെട്ടവരെയുമൊന്നും ഇനി കാണില്ലെന്ന്‌ ഉറപ്പിച്ച നിമിഷങ്ങൾ’–- റെയ്‌നി ഗ്രാമത്തിന്റെ മുകൾഭാഗത്ത്‌‌‌ താമസിക്കുന്ന സഞ്ജയ്‌ സിങ്‌ റാണ ദുരന്തത്തെ മുന്നിൽക്കണ്ട നിമിഷത്തെ ഓർത്തെടുക്കുന്നതിങ്ങനെ. ഭൂപ്രദേശത്തിന്റെ സവിശേഷതകൊണ്ട്‌ മാത്രമാണ്‌ ഗ്രാമത്തിന്റെ ഈ ഭാഗം അപകടത്തിൽ പെടാതിരുന്നത്‌. എന്നിരുന്നാലും സ്വന്തവും സ്വത്തുക്കളും ഉൾപ്പെടെ പ്രിയമായി ചേർത്തുപിടിച്ചവയെല്ലാം മിനിറ്റുകൾക്കുള്ളിൽ നാമാവശേഷമായതിന്റെ നടുക്കത്തിലാണ്‌ പ്രദേശവാസികൾ.

മഞ്ഞുമല ഇടിഞ്ഞുണ്ടായ അതിശക്തമായ ഹിമപാതവും അതിനൊപ്പം കലങ്ങിമറിഞ്ഞ്‌ ഒഴുകിവന്ന കല്ലും മണ്ണും ഭൂപ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറ്റി. അളകനന്ദ നദിയിൽ നിമിഷങ്ങൾകൊണ്ട്‌ ഒരു മീറ്റർ ജലനിരപ്പ്‌ ഉയർന്നു. ദൗലി ഗംഗ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നു.

മരിച്ചവർ തൊഴിലാളികൾ
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർ്ന്നുണ്ടായ ഹിമപാതത്തിൽപ്പെട്ട്‌ മരിച്ചവർ തൊഴിലാളികൾ. നിർമാണത്തിലിരുന്ന തപോവൻ വൈദ്യുത പദ്ധതിയിലെ നൂറ്റമ്പതോളം തൊഴിലാളികളെയാണ്‌‌ കാണാതായത്‌.  തപോവൻ നിലയം പൂർണമായും തകർന്നു. അവധിദിനമല്ലായിരുന്നെങ്കിൽ‌ മരണസംഖ്യ ഗണ്യമായി ഉയരുമായിരുന്നെന്ന്‌‌ മുഖ്യമന്ത്രി  ത്രിവേന്ദ്ര സിങ്‌ റാവത്ത് പറഞ്ഞു. തപോവൻ പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി. 

പ്രതികൂല കാലാവസ്ഥയുണ്ടാകില്ല
ദുരന്തബാധിത പ്രദേശത്ത്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമാകുംവിധം പ്രതികൂല കാലാവസ്ഥ ഉണ്ടാകില്ലെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. അടുത്ത രണ്ടുദിവസം പ്രദേശത്ത്‌ വരണ്ട കാലാവസ്ഥയായിരിക്കും. മഴയോ ഹിമപാതമോ ഉണ്ടാകില്ലെന്നും വകുപ്പ്‌ അറിയിച്ചു.

ഉത്തർപ്രദേശ്‌ ജാഗ്രതയിൽ
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന്‌ ഗംഗാനദിയിൽ ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതിനാൽ സംസ്ഥാനത്ത്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ച്‌ ഉത്തർപ്രദേശ്‌ സർക്കാർ. ഗംഗാനദിയുടെ തീരത്തുള്ള എല്ലാ ജില്ലയും ജാഗ്രത പാലിക്കണം. ജലനിരപ്പ്‌ നിരീക്ഷിച്ച്‌ ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാനും ജില്ലാ മജിസ്‌ട്രേറ്റുമാരോട്‌ നിർദേശിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളോടും തയ്യാറായി നിൽക്കാൻ നിർദേശിച്ചു.

ദാരുണം ഈ ദൃശ്യങ്ങൾ
ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുപാളി ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു‌. പ്രമുഖ തീർഥാടനകേന്ദ്രമായ ജോഷിമഠിന്‌ സമീപം വലിയ മഞ്ഞുപാളി ഇടിഞ്ഞതിനെ തുടർന്ന്‌ അളകനന്ദ, ദൗലിഗംഗാ നദികളിലുണ്ടായ വൻജലപ്രവാഹം എല്ലാം കുത്തിയൊലിപ്പിച്ച്‌ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ അപകട ഭീകരത വെളിപ്പെടുത്തുന്നു. അളകനന്ദാ നദിയിലെ ഋഷിഗംഗാ  ജലവൈദ്യുതപദ്ധതിക്കും എൻടിപിസിയുടെ നിർമാണം പുരോഗമിക്കുന്ന തപോവൻ ജല വൈദ്യുതപദ്ധതിക്കും വലിയ നാശനഷ്ടങ്ങളുണ്ടായത്‌ ദൃശ്യങ്ങളിൽ വ്യക്തം‌. അപ്രതീക്ഷിതമായ ജലപ്രവാഹത്തിൽ കാണാതായവർക്കുവേണ്ടി കാത്തിരിക്കുന്നവരുടെയും തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ പുറത്തെടുക്കുന്ന ഐടിബിപിക്കാരുടെയും ഉള്ളുലയ്‌ക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്‌.

മഹാപ്രളയത്തിന്റെ മുറിപ്പാട്‌ മായുംമുമ്പേ
മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമകൾ മായുംമുമ്പാണ്‌ ഉത്തരാഖണ്ഡിന്‌ ആഘാതമായി മറ്റൊരു ദുരന്തംകൂടിയെത്തുന്നത്‌. അതീവ പരിസ്ഥിതിലോല മേഖലയായ ഉത്തരാഖണ്ഡിൽ 2013ലാണ്‌ മഹാപ്രളയമുണ്ടായത്‌.  അശാസ്‌ത്രീയമായ നിർമാണപ്രവർത്തനങ്ങളും സ്വകാര്യമേഖലയിൽ വ്യാപകമാകുന്ന ജലവൈദ്യുത പദ്ധതികളുമാണ്‌ പ്രകൃതിക്ഷോഭങ്ങൾക്ക്‌‌ മുഖ്യകാരണമാകുന്നത്‌. എന്നിട്ടും നദീതീരങ്ങളിലും മറ്റും അനധികൃത നിർമാണങ്ങൾ നിയന്ത്രിക്കാനോ തടയാനോ ഭരണാധികാരികൾക്കാകുന്നില്ല. വിനോദസഞ്ചാരികളും തീർഥാടകരും കൂടുതലായെത്തുന്ന ഘട്ടത്തിലായിരുന്നു 2013 ലെ ദുരന്തം. മലയാളികൾ അടക്കം ആയിരക്കണക്കിനാളുകൾ കുടുങ്ങി. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ ദിവസങ്ങളെടുത്തു. ആറായിരത്തിലേറെ പേർക്കാണ്‌ ജീവൻ നഷ്ടമായത്‌. 4200 ഗ്രാമത്തിൽ നാശനഷ്ടങ്ങളുണ്ടായി.

പതിനായിരത്തിലേറെ കന്നുകാലികളും വളർത്തുമൃഗങ്ങളും ഒലിച്ചുപോയി. 3500നടുത്ത്‌ വീടുകൾ തകർന്നു. 13 ജില്ലയെയും പ്രളയം ബാധിച്ചെങ്കിലും ബാഗേശ്വർ, ചമോലി, പിത്തോറഗഢ്‌, രുദ്രപ്രയാഗ്‌, ഉത്തർകാശി ജില്ലകളെയാണ്‌ ഗുരുതരമായി ബാധിച്ചത്‌. കേദാർനാഥ്‌ ക്ഷേത്രപരിസരങ്ങളിലും ഋഷികേശിലും ഹരിദ്വാറിലുമെല്ലാം പ്രളയം വലിയ നാശം വിതച്ചു. കേദാർനാഥിലേക്കുള്ള തീർഥാടനപാത അപ്പാടെ തകർന്നു.  ഈ പാത പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. പ്രളയം വിതച്ച നാശനഷ്ടത്തിന്റെ ശേഷിപ്പുകൾ ഗംഗയടക്കമുള്ള നദീതീരങ്ങളിൽ മായാതെയുണ്ട്‌.

മഹാപ്രളയത്തിന്‌ പുറമെ മൂന്ന്‌ ദശകത്തിനിടെ മൂന്ന്‌‌ വൻപ്രകൃതിക്ഷോഭംകൂടി ഉത്തരാഖണ്ഡിലുണ്ടായി. 1991 ഒക്ടോബറിലെ ഉത്തരകാശി ഭൂകമ്പത്തിൽ 768പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരക്കണക്കിന്‌ വീടുകളും തകർന്നു. 1998ൽ പിത്തോറഗഢിലെ മാൽപയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമമാകെ ഒലിച്ചുപോയി. 255 പേർ കൊല്ലപ്പെട്ടു. 55 കൈലാസ്‌ മാനസരോവർ തീർഥാടകരും മരിച്ചവരിൽ ഉൾപ്പെടും. ശാർദ നദിയുടെ ഒഴുക്കിനെത്തന്നെ മണ്ണിടിച്ചിൽ തടസ്സപ്പെടുത്തി. 1999ലെ ഭൂകമ്പത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം ചമോലി–- രുദ്രപ്രയാഗ്‌ ജില്ലകളിൽ‌ വലിയ നഷ്ടം വിതച്ചു.

8500 ചതുരശ്ര കിലോമീറ്റർ; 9600ലധികം മഞ്ഞുമല
ഭൂമിയുടെ മൂന്നാമത്തെ ധ്രുവമെന്ന വിശേഷണമുള്ള ഹിമാലയത്തിൽ 9600ലേറെ മഞ്ഞുമലയുണ്ട്‌. രാജ്യത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നവയാണ്‌ 8500 ചതുരശ്രകിലോമിറ്ററിലെ ഈ മഞ്ഞുമലകൾ. സിയാചിൻ, ഗംഗോത്രി, സെമു, മിലാം, ഭാഗീരഥ്‌ ഖാർഗ്‌, സതോപന്ഥ്‌ തുടങ്ങിയവയാണ്‌ ഇന്ത്യൻ പ്രദേശത്തെ പ്രധാന ഹിമാലയൻ മഞ്ഞുമലകൾ. ഗംഗ, സിന്ധു, ഝലം, ചിനാബ്‌ തുങ്ങിയ നദികളുടെ പ്രധാന ജലസ്രോതസ്സ്‌ ഉത്തരാഖണ്ഡിലെ 968 ഹിമാലയൻ മഞ്ഞുമലയാണ്‌. ബ്രഹ്മപുത്ര, രാവി, ബിയാസ്‌, സത്‌ലജ്,‌ ചെനാബ്‌ നദികളുടെ സ്രോതസ്സും ഇവതന്നെ‌.

ആഗോളതാപനംമൂലമുണ്ടാകുന്ന മഞ്ഞുമല ഇടിച്ചിൽ വെള്ളപ്പൊക്കവും കനത്തനാശവുമാണ്‌ ഹിമാലയൻ മേഖലയിൽ വരുത്തുന്നത്‌. മഞ്ഞുമലകളിൽ രൂപംകൊള്ളുന്ന തടാകം തകർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്‌ വഴിവയ്‌ക്കുന്നത്‌ കാലാവസ്ഥാ വ്യതിയാനമാണ്‌.  ഒരുനൂറ്റാണ്ടിനിടയിൽ ഹിമാലയത്തിലെ ഹിന്ദുക്കുഷ്‌ മേഖലയിൽ അമ്പതിലേറെ മഞ്ഞുമല തകർന്നു. 1929 ആഗസ്‌തിൽ കാരക്കോണം മലനിരകളിലെ മഞ്ഞുമല ഇടിച്ചിൽ പാകിസ്ഥാനിൽ വെള്ളപ്പൊക്കവും നാശവുമുണ്ടാക്കി. 1926ൽ കശ്‌മീരിലെ 400 കിലോമീറ്റർ പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയതും ‌ മഞ്ഞുമല ഇടിച്ചിലാണ്‌. 2013 ജൂൺ 17ന്‌ ക്ഷേത്രനഗരമായ കേദാർനാഥിലെ വെള്ളപ്പൊക്കത്തിനു കാരണമായത്‌ ‌ ഹിമാലയത്തിലെ ഛൊറാബാരി മഞ്ഞുമലയിലെ തടാകം തകർന്നതാണ്‌.

ഹിമാലയത്തിൽനിന്ന്‌  അപ്രത്യക്ഷമായ മഞ്ഞുമലകളാണ്‌ ത്രിലോക്‌നാഥ്‌ (ഹിമാചൽപ്രദേശ്‌), പിൻഡാരി, പോണ്ടിങ്‌, മിലാൻ, പോണ്ടിങ് (ഉത്തരാഖണ്ഡ്‌), ഛോട്ടാസിഗിരി, ബിരാസിഗിരി (ഹിമാചൽപ്രദേശ്‌), സിമു (സിക്കിം) എന്നിവ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top