26 April Friday

അമ്മ, അച്ഛൻ!...സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപതാം ഭാഗം

സുനിൽ പി ഇളയിടംUpdated: Tuesday Jul 12, 2022

കൊടുങ്ങല്ലൂർ ക്ഷേത്രം പഴയ കാഴ്‌ച്ച-ഫോട്ടോ: അബുൾ കലാം ആസാദ്‌

ജീവിതപ്രയാസങ്ങളുടെ നടവഴിയിലൂടെ ഇടറിനീങ്ങിയ ഒരു യാത്രയായിരുന്നു അച്ഛന്റെ ജീവിതം. നിറവാർന്ന നിമിഷങ്ങളിൽ കണ്ണുനട്ടിരിക്കാൻ കാലം അച്ഛനെ ഏറെയൊന്നും അനുവദിച്ചില്ല. ആഹ്ലാദനിർഭരമായ വലിയ വിജയക്കുതിപ്പുകളൊന്നും അച്ഛനുണ്ടായിരുന്നില്ല.ഒരുപാട് പണിപ്പെട്ടു നേടിയ ചില ചെറിയ വിജയങ്ങളിൽ അച്ഛൻ ഏറെയൊന്നും സന്തുഷ്ടനായതുമില്ല. അവ്യാഖ്യേയമായ ഒരു വിഷാദച്ഛായ അച്ഛന്റെ ഓർമകളെ ഇപ്പോഴും വലയം ചെയ്യുന്നത് അതുകൊണ്ടാവണം. അഥവാ, ആ വിഷാദത്തിന്റെ പേരായിരിക്കുമോ ജീവിതം...

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

വിടവാങ്ങുന്നതിന് രണ്ടു ദിവസം മുൻപാണ് എന്നെ കാണണമെന്ന് ആശുപത്രിയിൽ കൂടെ നിൽക്കുന്നവരോട് അമ്മ പറഞ്ഞത്. ഒരുമാസത്തോളമായി അമ്മ മിക്കവാറും ആശുപത്രിയിൽ തന്നെയായിരുന്നു. ചേച്ചിയും മീനയുമാണ് മാറിമാറി കൂടെനിന്നിരുന്നത്. കോവിഡ് വ്യാപനത്തിന്റെ കാലമായിരുന്നതിനാൽ മറ്റാരെയും ആശുപത്രി മുറിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. അമ്മ മയക്കത്തിൽ നിന്ന് ഉണരുമ്പോഴൊക്കെ എന്നെയും മാധവനെയും അന്വേഷിച്ചുകൊണ്ടിരുന്നുവെന്ന് ചേച്ചി പിന്നീട് പറഞ്ഞു.

ആശുപത്രി അധികൃതരുടെ അനുവാദം വാങ്ങി അമ്മയെ ചെന്നുകണ്ടു. അമ്മ അപ്പോഴും പകുതി മയക്കത്തിലായിരുന്നു. ഞാൻ വിളിച്ചപ്പോൾ കണ്ണുതുറന്നു. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ പറ്റി. ‘നീ എവിടെയായിരുന്നു?’ ക്ഷീണിതമായ നേർത്ത ശബ്ദത്തിൽ അമ്മയെന്നോട് ചോദിച്ചു. ‘ഞാനിവിടെത്തന്നെയുണ്ടല്ലോ’ എന്നു പറഞ്ഞ് അമ്മയുടെ നെറ്റിയിലും മുഖത്തും കൈചേർത്തുവച്ച് അവിടെ നിശ്ശബ്ദനായി നിന്നു. ‘നന്നായി ഭക്ഷണം കഴിക്കണം’ എന്നു ഞാൻ അമ്മയോട് പറഞ്ഞു. ഒന്നും പറയാതെ അമ്മ അല്പനേരം എന്നെ നോക്കിക്കിടന്നു. പിന്നെ പതിയെ കണ്ണുകളടച്ച് മയക്കത്തിലേക്ക് വീണ്ടും. ഞാൻ മുറിയിൽനിന്നും പുറത്തിറങ്ങി. കുറെനേരം ആശുപത്രി വരാന്തയിൽ ഒറ്റയ്ക്കിരുന്നു. നെഞ്ചിലൂടെ ദുഃഖഭാരങ്ങളുടെ നദി ഒഴുകുന്നുണ്ടായിരുന്നു.

ജീവിതയാത്രകൾ ഒട്ടൊക്കെ പൂർത്തിയായ എൺപത്തിയൊന്നാം വയസ്സിലാണ് അമ്മ മടങ്ങിയത്. അക്കാര്യത്തിൽ അച്ഛനിൽനിന്ന്‌ അമ്മ വ്യത്യസ്തയായിരുന്നു. അച്ഛൻ അറുപത്തിയഞ്ചാം വയസ്സിൽ യാത്രയായി. അമ്മയുടെ ജീവിതത്തിന് കാലത്തിന്റെ കൈത്താങ്ങ് കുറെയേറെക്കൂടി ലഭിച്ചു. മക്കളോടും ചെറുമക്കളോടും അവരുടെ മക്കളോടും ഒപ്പം, നാലുതലമുറകളുമായി ഇടകലർന്നാണ് അമ്മ യാത്രയായത്. ജീവിതത്തോട് അമ്മയ്ക്കുണ്ടായിരുന്ന ഗാഢമായ സ്നേഹം ജീവിതവും കാലവും അമ്മയ്ക്കും തിരിച്ചുനല്കി.

 അച്ചൻ: എം സി  പങ്കജാക്ഷൻ ഇളയിടം-അമ്മ രമണിദേവി

അച്ചൻ: എം സി പങ്കജാക്ഷൻ ഇളയിടം-അമ്മ രമണിദേവി

വിടവാങ്ങുന്നതിന്റെ തലേദിവസം അമ്മയെ ആശുപത്രിയിൽനിന്നും വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രിയിൽ തുടരുന്നതിൽ കാര്യമില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. ഒരുമാസത്തോളമായി അമ്മ ആശുപത്രിയിലായിരുന്നു. 2021 മെയ് ആദ്യവാരം വീട്ടിലെ മുറിയിൽ കാലുതട്ടി വീണതാണ്. അതിനു മുൻപും ചെറുതും വലുതുമായ പല വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും അന്നത്തെ വീഴ്ച മാരകമായി. നേരത്തെ ശസ്ത്രക്രിയ നടത്തിയ കാൽമുട്ട് നുറുങ്ങിപ്പോയി. അന്നുതന്നെ എറണാകുളത്തെ ആശുപത്രികളിലൊന്നിലെത്തി. അടുത്ത ദിവസം ശസ്ത്രക്രിയ വിജയകരമായി തന്നെ നടന്നു.

എട്ടാം ദിവസം വീട്ടിൽ മടങ്ങിയെത്തി ഒരാഴ്ച കഴിഞ്ഞ് ഫിസിയോ തെറാപ്പിയും മറ്റുമായി അമ്മ ജീവിതത്തിലേക്കുള്ള മടക്കത്തിലായിരുന്നു. അതിനിടയിലാണ് സർജറി ചെയ്ത ഭാഗത്ത് അണുബാധ തുടങ്ങിയത്. വീണ്ടും ആശുപത്രിയിലെ ദീർഘവാസം. രണ്ടാഴ്ചയോളം കഴിഞ്ഞ് മടങ്ങിയെങ്കിലും പിന്നീട് രോഗം കൂടുതൽ വഷളായി. അമ്മ മടക്കമില്ലാത്ത യാത്ര തുടങ്ങിയിരുന്നു. ആശുപത്രിക്കിടക്കയിൽ വച്ച് “നീയെവിടെയാണ്?” എന്നു ചോദിച്ച്, പതുക്കെ കണ്ണുകളടച്ചതോടെ ജീവിതയാത്രയുടെ അവസാനപടവുകൾ അമ്മ പിന്നിട്ടുതുടങ്ങി. രണ്ടുദിവസം കൂടി കഴിഞ്ഞ് ജൂലായ് 4ന് ആ ജീവിതയാത്രയ്ക്ക് പരിസമാപ്തിയായി.

ജീവിതോത്സാഹവും ശുഭാപ്തിബോധവുമായിരുന്നു അമ്മയുടെ ബലം.

അമ്മ രമണിദേവി (പഴയകാല ചിത്രം)

അമ്മ രമണിദേവി (പഴയകാല ചിത്രം)

കടുത്ത പ്രതിസന്ധികളിലും അമ്മ അവയെച്ചൊല്ലി വ്യാകുലപ്പെട്ടിരുന്നില്ല. ഓരോ തവണയും അതിനപ്പുറത്തേക്കുള്ള ചുവടുകൾ വച്ച് അമ്മ മുന്നേറി. അവസാനദിനങ്ങളിൽ പക്ഷേ, അമ്മ, അങ്ങനെയായിരുന്നില്ല എന്നു തോന്നിയിരുന്നു. തന്റെ ജീവിതയാത്രയ്ക്ക് വിരാമമായെന്ന തോന്നൽ അമ്മയ്ക്കുണ്ടായിരുന്നു. ഇത്തവണ താൻ എഴുന്നേൽക്കാനിടയില്ലെന്ന് ആശുപത്രിയിലും വീട്ടിലും കൂടെ നിന്നവരോട് അമ്മ ഇടയ്ക്ക് പറയുകയും ചെയ്തു. അല്പകാലം മുൻപ് ബംഗളൂരുവിൽ വച്ച് വിവാഹിതരായ എന്റെ മകൾ ജാനകിയും അവളുടെ പങ്കാളി നിലോയ്ന്ദുവും ആശുപത്രിവാസത്തിന്റെ ദിവസങ്ങളിൽ അമ്മയെ കാണാൻ എത്തിയിരുന്നു.

ആശുപത്രി അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി അവർ അമ്മയെ കണ്ടു. അമ്മ അവരെ തിരിച്ചറിഞ്ഞു. ചെറുതായി ചിരിച്ചു. ഇരുവരോടും ‘ബെസ്റ്റ് വിഷസ്’ പറഞ്ഞു. ചെറുമകളുടെ ജീവിതം അടുത്ത പടവിലേക്ക് നീങ്ങിയതിൽ അമ്മയ്ക്ക് സന്തോഷമുണ്ടായിരുന്നു. അതിന്റെ തൃപ്തിയോടെ വീണ്ടും മയക്കത്തിലേക്ക് വീണു. ഇച്ഛയുടെ കൊടിമരംപോലെ ഉയർന്നുപാറിയ ജീവിതോത്സാഹത്തിന് തന്റെ ജീവിതത്തെ ഇനിയും നയിക്കാനാവില്ലെന്ന് അമ്മ തിരിച്ചറിഞ്ഞുകാണണം. ഒടുവിൽ വിജിഗീഷുവായ മൃത്യു ആ കൊടിപ്പടം താഴ്ത്തി.

അന്തിമവേളയിൽ എല്ലാവരും ചുറ്റുമുണ്ടായിരുന്നു. ചേച്ചിയും ഞാനും മീനയും ഉണ്ണിച്ചേട്ടനും ചെറുമക്കളും അടുത്ത ബന്ധുക്കളുമെല്ലാം വീട്ടിലെത്തി പിറ്റേദിവസം വൈകുന്നേരമായപ്പോഴേക്കും അമ്മയുടെ ശ്വാസഗതിക്ക് വേഗമേറി. അവസാന നിമിഷങ്ങൾ എത്തുകയാണെന്ന് ഞങ്ങൾക്കു മനസ്സിലായി. ചേച്ചിയും മീനയും വിതുമ്പി. ബന്ധുക്കളിൽ ചിലർ കൈകൂപ്പി നിന്നു. ചിലർ പ്രാർഥനയിലാണ്ടു. വിടവാങ്ങുന്ന അമ്മയെ നോക്കി, കട്ടിലിനോടുചേർന്ന് ഞാൻ നിന്നു. എന്നെ, ലോകവും ജീവിതവുമായി ബന്ധിച്ച ഏറ്റവും ബലമുള്ള കണ്ണി മുറിയുകയാണ്.

സുനിൽ പി ഇളയിടം അമ്മ രമണിദേവിക്കൊപ്പം

സുനിൽ പി ഇളയിടം അമ്മ രമണിദേവിക്കൊപ്പം

ജീവിതത്തിന്റെ താളം ഇനിയൊരിക്കലും പഴയതാവില്ലെന്ന് എനിക്കു തോന്നി. അമ്മയുടെ കൈയിൽ ഞാൻ എന്റെ കൈ ചേർത്തുവച്ചു. ചേച്ചി അപ്പോഴേക്കും നിറഞ്ഞുകരയാൻ തുടങ്ങിയിരുന്നു. ഉയർന്നുവരുന്ന ശ്വാസഗതിയോടൊപ്പം അമ്മ അന്തിമമായി വിടപറയുന്നത് അടുത്തുചേർന്നുനിന്ന് ഞാൻ കണ്ടു. കാലമേഘം പോലെ ഉള്ളിൽ കനം വന്നു നിറയുന്നുണ്ടായിരുന്നു. അവസാനശ്വാസത്തിനു മുൻപ് അമ്മ ഒരുവട്ടം കൺമിഴിച്ചു. എട്ടുപതിറ്റാണ്ടുകൾ ജീവിതത്തിന്റെ സുഖ ദുഃഖങ്ങൾ നിറഞ്ഞ പടവുകളിലൂടെ അടിയുറച്ചു നടന്നുവന്ന ഒരു ജീവിതയാത്രയുടെ അവസാനത്തെ ചുവടുവയ്പായിരുന്നു അത്.

അണയാത്ത ജീവിതോത്സാഹമായിരുന്നു അമ്മയുടെ മുഖമുദ്ര. ഒരു പ്രതിസന്ധിയിലും അമ്മ വീണുപോകുമായിരുന്നില്ല. അതിനപ്പുറത്തേക്ക് ചുവടുകൾ വയ്ക്കാൻ എപ്പോഴും സ്വയം ബലം കണ്ടെത്തും. അതിനുള്ള ന്യായങ്ങളിൽ ഉറച്ചുവിശ്വസിക്കും. അത് ചുറ്റുമുള്ളവരോട് ഉറച്ചുപറയും. ‘കുഴി വെട്ടി മൂടുക വേദനകൾ’ എന്ന കവിവാക്യം അമ്മയ്ക്ക് അറിയുമായിരുന്നോ എന്നു നിശ്ചയമില്ല. പക്ഷേ, അമ്മയുടെ ജീവിതയാത്രയുടെ അടിപ്പടവ് അതായിരുന്നു. ഒരു വേദനയേയും തന്നെ വിഴുങ്ങാൻ അമ്മ അനുവദിച്ചില്ല. അതിനപ്പുറത്തേക്കുള്ള വഴികളിലൂടെ അമ്മ പദമുറച്ചു നടന്നു.

അമ്മയുടെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു. മുത്തച്ഛൻ അമ്മയുടെ നാട്ടിലെ സ്വാതന്ത്ര്യസമര സേനാനിയും സമുദായ പ്രവർത്തകനും ഒക്കെയായിരുന്നു. നാട്ടിൽ ഏറെ ആദരിക്കപ്പെട്ടിരുന്ന ഒരാളായിരുന്നു മുത്തച്ഛനെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ ജനിക്കുന്നതിനു മുൻപേ മുത്തച്ഛൻ യാത്രയായി. എങ്കിലും ആ ജീവിതത്തിന്റെ ഓർമകൾ പിൽക്കാലത്ത് പലരിലൂടെയും കേൾക്കാനിടവന്നു. അധ്യാപകരായിരുന്ന അച്ഛന്റെയും അമ്മയുടെയും പിൻബലം അമ്മയുൾപ്പെടെയുള്ള നാലു മക്കളുടെയും ജീവിതത്തിൽ വലിയ സ്വാധീനമായിട്ടുണ്ടാവണം. അതിസമ്പന്നതയൊന്നുമില്ലെങ്കിലും പട്ടിണിയില്ലാത്ത ബാല്യവും വിദ്യാഭ്യാസവും അമ്മയ്ക്കും സഹോദരങ്ങൾക്കും ഉണ്ടായിരുന്നു. നാലുപേരും അന്നത്തെ നിലയിൽ നല്ല വിദ്യാഭ്യാസം നേടി ജോലിയിൽ പ്രവേശിച്ചു. സ്വാശ്രിതമായ ജീവിതത്തിന്റെ ബലം നിറഞ്ഞതായിരുന്നു അവരുടെയെല്ലാം ജീവിതയാത്രകൾ.

അധ്യാപക പരിശീലനം കഴിഞ്ഞ് കാലടിക്കടുത്ത് മാണിക്യമംഗലത്തെ ഒരു സ്കൂളിലാണ് അമ്മ അധ്യാപികയായി ആദ്യം ചേർന്നത്. പിന്നീട് കാലടി എന്റെയും ജീവിതത്തിന്റെ താവളമായി. അമ്മ ജോലിചെയ്ത വിദ്യാലയത്തിൽ പിൽക്കാലത്തൊരിക്കൽ പ്രസംഗത്തിനായി ഞാൻ പോവുകയും ചെയ്തു. വാക്ക് നമ്മളെ എവിടെയെല്ലാം കൊണ്ടുപോകുന്നു എന്ന കാര്യം ഞാനന്ന് ഓർമിച്ചു. അവിടെയത് പറയുകയും ചെയ്തു. മാണിക്യമംഗലത്തു നിന്നാണ് അമ്മ ചെറായിയിലെ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലെത്തിയത്. മൂന്നുപതിറ്റാണ്ടോളം നീണ്ടതായിരുന്നു അമ്മയുടെ അധ്യാപനജീവിതം. അതിൽ മഹാഭൂരിപക്ഷവും ചെറായിയിലായിരുന്നു. ജോലിയുടെ അവസാനവർഷങ്ങളിൽ അമ്മ അവിടത്തെ എൽ പി സ്കൂളിലെ പ്രധാനാധ്യാപികയുമായി.

അഞ്ചാം ക്ലാസ്‌ മുതൽ ഞാൻ അമ്മ ജോലിചെയ്ത വിദ്യാലയത്തിലാണ് പഠിച്ചത്. എന്റെ ജീവിതയാത്രയിലെ പ്രധാന വഴിത്തിരിവായിരുന്നു അതെന്ന് പിന്നീട് പലപ്പോഴും തോന്നാറുണ്ട്. കോട്ടുവള്ളിയിൽ ഞാൻ പഠിച്ചിരുന്നത്  സർക്കാർ യു പി സ്കൂളിലാണ്. ഏഴു വരെയേ അവിടെ പഠിക്കാനാവൂ. അതുകൊണ്ടാവണം അഞ്ചാം ക്ലാസ് മുതൽ അമ്മ എന്നെയും തനിക്കൊപ്പം കൂട്ടിയത്. ദിവസവും രണ്ടു ബസ്സുകൾ കയറിവേണം സ്കൂളിലെത്താൻ. യാത്രയുടെ സ്വാശ്രിതത്വവും കാര്യപ്രാപ്തിയുമെല്ലാം കൈവരുന്നതിന് അതൊരു കാരണമായി. സ്കൂൾ യുവജനോത്സവ മത്സരങ്ങളിലൊക്കെ അമ്മ നിർബന്ധിച്ച് എന്നെ ചേർക്കും. പ്രസംഗത്തിലും ഉപന്യാസ രചനയിലുമെല്ലാം പങ്കെടുക്കാൻ തുടങ്ങിയതങ്ങനെയാണ്. അന്ന് ചില സമ്മാനങ്ങളൊക്കെ ലഭിക്കുകയും ചെയ്തിരുന്നു. സ്കൂളിലെ പ്രസംഗ മത്സരത്തിന് വിഷയമൊക്കെ തലേദിവസം തന്നെ പ്രഖ്യാപിക്കും.എഴുതിപ്പഠിച്ച് പ്രസംഗിക്കാം.

 അമ്മയുടെ സുഹൃത്തുക്കൾ എഴുതിത്തരുന്ന പ്രസംഗം കാണാതെ പഠിച്ചാണ് എന്റെ പ്രസംഗജീവിതം തുടങ്ങിയത്. ചില ആശയങ്ങളൊക്കെ എഴുതാൻ പഠിച്ചതും ആ മത്സരങ്ങളിൽ പങ്കുചേർന്നതുവഴിയാണ്. അമ്മയുടെ നിർബന്ധമില്ലായിരുന്നുവെങ്കിൽ എഴുത്തിലും പ്രസംഗത്തിലും എത്തുമായിരുന്നോ എന്നു സംശയമാണ്.

അമ്മയുടെ സുഹൃത്തുക്കൾ എഴുതിത്തരുന്ന പ്രസംഗം കാണാതെ പഠിച്ചാണ് എന്റെ പ്രസംഗജീവിതം തുടങ്ങിയത്. ചില ആശയങ്ങളൊക്കെ എഴുതാൻ പഠിച്ചതും ആ മത്സരങ്ങളിൽ പങ്കുചേർന്നതുവഴിയാണ്. അമ്മയുടെ നിർബന്ധമില്ലായിരുന്നുവെങ്കിൽ എഴുത്തിലും പ്രസംഗത്തിലും എത്തുമായിരുന്നോ എന്നു സംശയമാണ്. എവിടെ നിന്നും ഉൾവലിയുന്ന ഒരു അന്തർമുഖത്വം ഇപ്പോഴും എന്നിലുണ്ട്. അച്ഛനിൽ നിന്ന് കൈമാറിക്കിട്ടിയതാണത്. അതിന്റെ പിടി ഇന്നെത്രയോ അയഞ്ഞിരിക്കുന്നു. സ്കൂളിൽ വച്ചാണ് അത് അയഞ്ഞുതുടങ്ങിയത്. ആ മത്സരങ്ങൾ വഴി.

അമ്മയോടൊപ്പം ചെറായിയിലെ സ്കൂളിൽ വിദ്യാഭ്യാസത്തിനെത്തിയത് വേറെ രണ്ടുതരത്തിലും എനിക്ക് തുണയായി. സ്കൂളിലെ വലിയ ഗ്രന്ഥശേഖരവും സ്കൂളിനടുത്തുണ്ടായിരുന്ന സിംഫണി എന്ന ക്ലബ്ബ് കേന്ദ്രമായി നടന്നിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങളും. അമ്മ അതിനൊന്നും തടസ്സം പറഞ്ഞില്ല. കഴിയുന്ന പിന്തുണ തരികയും ചെയ്തു. അതിന്റെ ബലമായിരുന്നു പിൽക്കാല ജീവിതത്തിന്റെ ആധാരമത്രയും. എഴുത്തും വായനയും പ്രവൃത്തിയുമായി അതിന്നും കൂടെയുണ്ട്. അമ്മയും.

വായനയുടെ വഴിതെളിയുന്നതിൽ അമ്മയുടെ പിന്തുണ വേറെയുമുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് അമ്മയുടെ പേരിലാണ് എൻ ബി എസിലെ പുസ്തക സ്കീമിൽ ചേർന്നത്. മൂവായിരം രൂപയുടെ പുസ്തകങ്ങൾ ഒരുമിച്ച് വാങ്ങാം. മാസംതോറും നൂറുരൂപയോ മറ്റോ അടയ്ക്കണം. സ്ഥിരജോലിയുള്ളവരെയാണ് സ്കീമിൽ ചേർക്കുക.

അമ്മയുടെ പേരിൽ ആ പദ്ധതിയിൽ ചേർന്നാണ് ഞാൻ ആദ്യമായി കുറെ പുസ്തകങ്ങൾ വാങ്ങിയത്. കേസരിയുടെ സാഹിത്യവിമർശങ്ങൾ ഉൾപ്പെടെ പലതും അങ്ങനെ കൈയിലെത്തി. പിൽക്കാലത്ത് ആ ഗ്രന്ഥശേഖരം ഒരുപാട് വലുതായി. ഞാൻ പുസ്തകങ്ങൾ അടുക്കി നമ്പറെല്ലാമിട്ട് ക്രമമായി സൂക്ഷിക്കുന്നതിൽ അമ്മയ്ക്ക് സന്തോഷമുണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലെ ചെറിയ ദിവാനിൽ അമ്മ അതു നോക്കിക്കിടക്കും.

അമ്മയുടെ പേരിൽ ആ പദ്ധതിയിൽ ചേർന്നാണ് ഞാൻ ആദ്യമായി കുറെ പുസ്തകങ്ങൾ വാങ്ങിയത്. കേസരിയുടെ സാഹിത്യവിമർശങ്ങൾ ഉൾപ്പെടെ പലതും അങ്ങനെ കൈയിലെത്തി. പിൽക്കാലത്ത് ആ ഗ്രന്ഥശേഖരം ഒരുപാട് വലുതായി. ഞാൻ പുസ്തകങ്ങൾ അടുക്കി നമ്പറെല്ലാമിട്ട് ക്രമമായി സൂക്ഷിക്കുന്നതിൽ അമ്മയ്ക്ക് സന്തോഷമുണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലെ ചെറിയ ദിവാനിൽ അമ്മ അതു നോക്കിക്കിടക്കും.

നാട്ടിലും സ്കൂളിലും എല്ലാം അമ്മയ്ക്ക് ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. നാട്ടിൽ വനിതാസമാജം മുതൽ നെൽക്കൃഷിസംഘവും ഗ്രന്ഥശാലാപ്രവർത്തനവും വരെ. കുടുംബക്ഷേത്രത്തിലെ നടത്തിപ്പിലും അമ്മ വലിയതോതിൽ പങ്കാളിയായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം കാൽനൂറ്റാണ്ട് തികഞ്ഞപ്പോഴും അമ്മയ്ക്ക് ജീവിതവൈമുഖ്യങ്ങൾ ഉണ്ടായിരുന്നില്ല. അവസാനകാലത്ത് ശരീരവും ഓർമയും ക്ഷീണിതമായപ്പോൾ യാത്ര പ്രയാസമായി. അപ്പോഴേക്കും കോവിഡ് വന്ന് എല്ലാവരുടെയും ജീവിതത്തെ അടഞ്ഞ തുരുത്തുകളാക്കിയിരുന്നു. അമ്മയുടെ ജീവിതത്തെ അത് സാരമായി ബാധിച്ചതായി തോന്നിയിട്ടുണ്ട്. ഏകാന്തത അമ്മയുടെ സ്വഭാവഘടനയുടെ ഭാഗമായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട മനുഷ്യരോടൊപ്പമായിരുന്നു അമ്മയുടെ ജീവിതം.

കൊടുങ്ങല്ലൂർ ക്ഷേത്രം പുതിയ കാഴ്‌ച

കൊടുങ്ങല്ലൂർ ക്ഷേത്രം പുതിയ കാഴ്‌ച

അവരുടെ ജീവിതയാത്രകളിലെല്ലാം പറ്റുന്നതുപോലെ അമ്മയും കൂടെച്ചേർന്നു. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിലെല്ലാം പറ്റുന്നത്രയും പങ്കെടുത്തു. കഴിയുന്നത്ര യാത്ര ചെയ്തു. സ്കൂളിൽ നിന്ന് കുട്ടികളോടൊപ്പം വിനോദയാത്രകൾക്ക് പോയി. അമ്മയുടെ ജന്മനാട്ടിലെ ക്ഷേത്രത്തിലേക്ക് മാസംതോറും പോവുമായിരുന്നു. അതിന്റെ നടത്തിപ്പിലെല്ലാം പങ്കാളിയായി. മനുഷ്യരോടൊപ്പമുള്ള വേളകളായിരുന്നു അമ്മയുടെ ഊർജത്തിന്റെയും ഉത്സാഹത്തിന്റെയും കെടാത്ത സ്രോതസ്സ്. കോവിഡ് കാലം അതു കെടുത്തിക്കളഞ്ഞു.വൈകാതെ അമ്മയുടെ ജീവിതത്തെയും.

കോവിഡ് അമ്മയെ ബാധിച്ചില്ലെങ്കിലും അക്കാലത്തെ അടച്ചിരുപ്പ് അമ്മയുടെ ഓർമയിൽ മങ്ങൽ വീഴ്ത്തി. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനാവാത്ത ജീവിതം വിഷാദത്തിന്റെ കരിനിഴൽ വീണതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അക്കാലത്ത് വീടിനു മുന്നിലെ വരാന്തയിൽ കസേരയിട്ടിരുന്ന് അമ്മ വഴിയിലെ യാത്രികരെ നോക്കിയിരിക്കുമായിരുന്നു. അതിലെ പോകുന്ന പരിചയക്കാരോടെല്ലാം കുശലം പറഞ്ഞു. അമ്മയുടെ ജീവിതോത്സാഹത്തിന്റെ അവസാനത്തെ ആളിപ്പടരലായിരുന്നു അതെല്ലാം. എത്രയും ദുർബലമായിരുന്നെങ്കിലും അതിലും അമ്മയുടെ ജീവിതേച്ഛ നിറഞ്ഞുനിന്നിരുന്നു.

മക്കളോടും ചെറുമക്കളോടും അമ്മയ്ക്ക് ഗാഢമായ സ്നേഹമുണ്ടായിരുന്നു. തന്റെ പ്രകൃതത്തിലെ ബലിഷ്ഠത അത് മൃദുലമായി പ്രകടിപ്പിക്കുന്നതിൽ അമ്മയെ പലപ്പോഴും തടയുന്നതായി തോന്നിയിട്ടുണ്ട്. പലപ്പോഴും ശാസനകളിലൂടെയും നിർദേശങ്ങളിലൂടെയും തെളിയുന്ന സ്നേഹവാത്സല്യമായിരുന്നു അമ്മയുടേത്. പ്രതിസന്ധികളുടെ സമയത്ത് അതിനു ബലം കൂടി. ഹൈന്ദവ വർഗീയവാദികളുമായി നാട്ടിലുണ്ടായ സംഘർഷങ്ങളുടെ സമയത്ത് എനിക്കെതിരായ പുലഭ്യം വിളികളുമായി അവർ വീടിനുമുന്നിലൂടെ ജാഥ നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. അമ്മ അതിനെയൊന്നും വകവച്ചതേയില്ല. വിദ്യാർഥി സംഘടനാ പ്രവർത്തനകാലത്ത് മഹാരാജാസിലെ യൂണിയൻ പ്രവർത്തനങ്ങൾ രണ്ടുവർഷവും എനിക്കു വലിയ കടം വരുത്തിയിരുന്നു.

കോളേജിലെ സുഹൃത്തുക്കളായ വിദ്യാർഥിനികളുടെ സ്വർണമാല പണയം വച്ചാണ് അപ്പോഴൊക്കെ പെട്ടെന്ന് പണമുണ്ടാക്കുക. ഒരുതവണ അത് തിരിച്ചെടുക്കാനാകാതെ വന്നു. പറവൂരിലെ സഹകരണബാങ്കിൽ നിന്നു സ്വയംതൊഴിൽ വായ്പയെടുത്താണ് അത് തിരിച്ചെടുത്തത്. അമ്മയുടെ ശമ്പള സർട്ടിഫിക്കറ്റാണ് അന്ന് തുണയായത്. പിന്നീട് പാരലൽകോളേജ് ജോലിക്കാലത്ത് ആ ലോൺ അടച്ചുതീർത്തു.

ശബരിമല പ്രശ്നത്തിന്റെ വേളയിൽ നാട്ടിലെ വലിയ വിഭാഗം ബന്ധുക്കളും ശത്രുപക്ഷത്തായപ്പോഴും അമ്മയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. ‘ആവശ്യമുള്ളവർ കയറട്ടെ. അല്ലാത്തവർ പോകണ്ട’ എന്ന നിലപാടുമായി അമ്മ ഉറപ്പോടെ നിന്നു. ബന്ധുക്കൾക്കിടയിൽ താനൊറ്റപ്പെട്ടുപോയപ്പോഴും അമ്മയ്ക്ക് സംശയമൊന്നുമില്ലായിരുന്നു. അമ്മയുടെ സ്നേഹത്തിന്റെ ബലം ലോകബന്ധങ്ങളെക്കാൾ ദൃഢതയുള്ളതായിരുന്നു.

ശബരിമല പ്രശ്നത്തിന്റെ വേളയിൽ നാട്ടിലെ വലിയ വിഭാഗം ബന്ധുക്കളും ശത്രുപക്ഷത്തായപ്പോഴും അമ്മയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. ‘ആവശ്യമുള്ളവർ കയറട്ടെ. അല്ലാത്തവർ പോകണ്ട’ എന്ന നിലപാടുമായി അമ്മ ഉറപ്പോടെ നിന്നു. ബന്ധുക്കൾക്കിടയിൽ താനൊറ്റപ്പെട്ടുപോയപ്പോഴും അമ്മയ്ക്ക് സംശയമൊന്നുമില്ലായിരുന്നു. അമ്മയുടെ സ്നേഹത്തിന്റെ ബലം ലോകബന്ധങ്ങളെക്കാൾ ദൃഢതയുള്ളതായിരുന്നു.

അമ്മ വലിയ ഈശ്വരവിശ്വാസിയായിരുന്നു. സന്ധ്യാനാമവും ക്ഷേത്രവും പൂജയും എല്ലാമായി അത് പ്രകടവുമായിരുന്നു. ഈശ്വരബോധവും ഭക്തിയുമെല്ലാം അമ്മയുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ലോകവുമായുള്ള അമ്മയുടെ ബന്ധത്തിന്റെ വഴികളിലൊന്ന്. മറ്റൊന്ന് അമ്മയുടെ സൗഹൃദങ്ങളായിരുന്നു. സ്കൂളിലെ സഹധ്യാപികമാരും ബന്ധുക്കളുമായി അമ്മ മരണംവരെ നിരന്തരസൗഹൃദം പുലർത്തി. എല്ലാവരെയും മറക്കാതെ വിളിച്ചു. പുറത്തുപോകാനാവാതെ വന്ന കാലത്ത് ചേച്ചിയും അമ്മായിയും മുതൽ സ്കൂൾകാലസുഹൃത്തുക്കൾ വരെയുള്ളവരെ അമ്മ നിത്യേനയെന്നോണം വിളിക്കുമായിരുന്നു. ലോകവുമായുള്ള ബന്ധമായിരുന്നു ആ ജീവിതത്തിന്റെ ആധാരശില. അവസാനംവരെ അത് മുറിഞ്ഞതുമില്ല. കോവിഡ് നിരോധനത്തിന്റെ കാലമായിരുന്നിട്ടും അവസാനമായി അമ്മയെ കാണാനെത്തിയവരിൽ അതുണ്ടായിരുന്നു.

അമ്മ യാത്രയായിട്ട് ഒരുവർഷം പിന്നിടുന്നു. കഴിഞ്ഞ ജൂലായ് 4ന് സന്ധ്യയോടെയാണ് അമ്മ മടങ്ങിയത്. അമ്മപോകുന്നതോടെ ജീവിതവുമായുള്ള ഒരാളുടെ ഏറ്റവും ആഴമേറിയ ബന്ധം അവസാനിക്കുന്നു. ആ ശൂന്യത അവസാനിക്കുന്നില്ല. ഇപ്പോഴും അമ്മയുടെ മുറിയിലേക്ക് കടക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്മയവിടെയുണ്ടെന്ന് ഒരുനിമിഷത്തേക്ക് തോന്നാറുണ്ട്. അല്പം കഴിഞ്ഞ് അവിടെ ശൂന്യത വന്നു നിറയും. ബാക്കിയായ എന്റെ ജീവിതം ആ ശൂന്യതയുടേതുകൂടിയാണ്.

രണ്ട്

ജീവിതോത്സാഹങ്ങളെ ഒതുക്കിനിർത്തിയ ഒരാളായിരുന്നു അച്ഛൻ. ജീവിതപ്രയാസങ്ങളുടെ നടുക്കടലിലൂടെ ഉലഞ്ഞുനീങ്ങിയ കൗമാര‐യൗവനങ്ങൾ അച്ഛനെ അങ്ങനെയാക്കിയതാവണം. കൗമാരം പിന്നിടും മുൻപേ ജീവിതഭാരം മുഴുവൻ ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ച് അച്ഛൻ ചിലപ്പോഴൊക്കെ പറയുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ തന്നെ സ്കൂളിൽ അധ്യാപകനായിരുന്നു മുത്തച്ഛൻ. അച്ഛന്റെ കൗമാരം പിന്നിടും മുൻപേ അദ്ദേഹം യാത്രയായി. അമ്മയും നാലു സഹോദരങ്ങളുമുള്ള വീട് അച്ഛൻ തനിച്ച് നോക്കിനടത്തേണ്ടതുണ്ടായിരുന്നു. അച്ഛന്റെ മൂത്ത സഹോദരിമാർ രണ്ടുപേർ അതിനകം വിവാഹിതരായിരുന്നു.

ആറേഴുപേരടങ്ങുന്ന കുടുംബം കൊണ്ടുനടക്കാനുള്ള പാകവും സാമ്പത്തികശേഷിയും ഒന്നും അച്ഛനന്ന് കൈവന്നിരിക്കാനിടയില്ല. പോയ നൂറ്റാണ്ടിന്റെ പകുതിയിൽ, ഒരു സ്കൂൾ അധ്യാപകന്റെ തുച്ഛമായ വരുമാനത്തിൽ പുലർന്ന വലിയൊരു കുടുംബത്തെ പൊടുന്നനെ ചുമലേറ്റേണ്ടി വന്നതിന്റെ പ്രയാസങ്ങൾ പിൽക്കാലത്ത് അച്ഛന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ട്. പൊതുലോകത്തുനിന്നും കൂട്ടായ്മകളിൽ നിന്നും മിക്കവാറും പിൻവാങ്ങിനിന്ന പ്രകൃതമായിരുന്നു അച്ഛന്റേത്.

മനസ്സിനിണങ്ങിയ ചുരുക്കം പേരോട് ഉല്ലാസപൂർവം ഇടപെടുന്നതു കണ്ടിട്ടുണ്ട്. അല്ലാത്തപ്പോഴെല്ലാം പുറമേക്ക് കർക്കശമെന്നു തോന്നിക്കാവുന്ന ഒരു ഉൾവലിയൽ അച്ഛനുണ്ടായിരുന്നു. തന്നിലേക്കും തന്റെ ജീവിതപ്രയാസങ്ങളിലേക്കും നിരന്തരം പിടിച്ചുവലിച്ച ഒരു ജീവിതകാലത്തിന്റെ അവശിഷ്ടമുദ്രപോലെ ആ പിൻവാങ്ങൽ അച്ഛനെയെപ്പോഴും വലയം ചെയ്തു.

യൗവനം ഏറെ പിന്നിടും മുൻപേ അച്ഛന്  FACT ൽ ജോലി കിട്ടി. സെക്യൂരിറ്റി ഗാർഡായാണ് ജോലിയിൽ പ്രവേശിച്ചതെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. പിന്നീടതിൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നു. കമ്പനിയിലെ ഭക്ഷണശാലയുടെ സൂപ്പർവൈസറായാണ് അച്ഛൻ വിരമിച്ചത്. എനിക്ക് ഓർമ വന്ന കാലം മുതൽക്ക് അച്ഛൻ ആ തസ്തികയിലായിരുന്നു. മൂന്നു ഷിഫ്റ്റുകളായുള്ള ജോലി. രാവിലെ എട്ടിനും വൈകുന്നേരം നാലിനും രാത്രി പന്ത്രണ്ടിനും തുടങ്ങുന്ന ജോലിസമയം. ആഴ്ചതോറും അത് മാറിമാറി വരും. വീട്ടിൽനിന്ന് ഏറെ ദൂരെയല്ല ഏലൂരിലെ കമ്പനി. പത്തു‐പതിനഞ്ച് കിലോമീറ്ററേ വരൂ. ഇന്നത്തെ നിലയ്ക്ക് അരമണിക്കൂർ യാത്ര.

 FACT

FACT

എങ്കിലും അന്ന് ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. രണ്ടു കടത്തുകളും കടവുകളിലേക്കുള്ള നടത്തവും എല്ലാമായി ആ ദൂരം താണ്ടാൻ കുറെ സമയമെടുക്കും. എട്ടുമണിക്ക് ജോലിക്കു കയറാൻ അച്ഛൻ പുലർച്ചെ ആറുമണിക്കു മുൻപേ പുറപ്പെടും. നാലുമണി കഴിയുമ്പോൾ എഴുന്നേറ്റ് ഒരുക്കങ്ങൾ തുടങ്ങുന്ന അച്ഛനാണ് കുട്ടിക്കാലത്തെ ഓർമകളിലുള്ളത്. ഞങ്ങളുണർന്നു വരുമ്പോഴേക്കും അച്ഛൻ തയ്യാറായിട്ടുണ്ടാവും. വീടിനു തൊട്ടു മുന്നിലെ പള്ളിയിൽ പുലർച്ചെ ആറുമണിക്ക് മണിയടിക്കുമായിരുന്നു. ആ പള്ളിമണികൾക്കൊപ്പം തന്റെ ജീവിതപ്രയാസങ്ങളിലൂടെ അച്ഛൻ യാത്ര തുടങ്ങും.

വലിയ ജീവിതപ്രയാസങ്ങളുടെ നടുവിലും ഞങ്ങളുടെ പഠനം അച്ഛന്റെ ശ്രദ്ധയിലുണ്ടായിരുന്നു. നാട്ടിലെ സാധാരണ വിദ്യാലയങ്ങളിലും പിന്നെ കോളേജിലും ഒക്കെയായി എന്റെയും ചേച്ചിയുടെയും പഠനം നടന്നു. അധ്യാപകപരിശീലനം കഴിഞ്ഞ് ഏറെ വൈകാതെ ചേച്ചിക്ക് ജോലി കിട്ടി. എന്റെ ബിരുദപഠനം കഴിഞ്ഞപ്പോൾ കമ്പനിയിലെ താത്ക്കാലിക ജോലി അച്ഛൻ ആരോടൊക്കെയോ പറഞ്ഞുവച്ചിരുന്നു. എങ്കിലും ഞാനതിന് ചേർന്നില്ല. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനമായിരുന്നു അന്നത്തെ സ്വപ്നം. എന്നോട് പറഞ്ഞിട്ടില്ലെങ്കിലും അതിൽ അച്ഛന് പ്രയാസം തോന്നിയിരുന്നു. പിൽക്കാലത്ത് ജോലിയില്ലാതെ നടന്ന ആറേഴുവർഷക്കാലത്ത് ഇടയ്ക്കെല്ലാം ഞാൻ സ്വീകരിക്കാതിരുന്ന ജോലിയെക്കുറിച്ച് അച്ഛൻ ദുഃഖത്തോടെ ഓർത്തുകൊണ്ടിരുന്നു.

കമ്പനി ജോലിയാണ് അച്ഛനെ പരാധീനതകളിൽ നിന്നും പുറത്തുകൊണ്ടുവന്നതെന്ന് തോന്നുന്നു. സഹോദരിമാരുടെ വിവാഹവും ഞങ്ങളുടെ വീടുപണിയലും എല്ലാം നടന്നത് അതിന്റെ ബലത്തിലാവണം.   പഴയ വീട് പൊളിച്ച് അച്ഛൻ ചെറിയൊരു പുതിയ വീട് നിർമിച്ചു. 1975‐ലോ മറ്റോ ആണത്. റോഡിന് അഭിമുഖമായുള്ള പഴയ വീട് ഓലമേഞ്ഞതായിരുന്നു എന്നാണോർമ. ആറേഴു വയസ്സുള്ളപ്പോഴാണ് അത് പൊളിച്ച് പുതിയ വീടു പണിതത്. പഴയ വീടിന്റെ മരവും കല്ലും എല്ലാമുപയോഗിച്ച് പണിത ഒന്ന്. അരനൂറ്റാണ്ട് പഴകിയ ആ വീട്ടിലാണ് ഞങ്ങൾ ഇപ്പോഴും താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ചില നവീകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും. പഴയ വെട്ടുകല്ലുകളും ഓടുമേഞ്ഞ മേൽക്കൂരയും കുമ്മായത്തേപ്പും ഒക്കെയായി അതിപ്പോഴും വലിയ കേടുപാടുകളില്ലാതെ നിൽക്കുന്നു.

അച്ഛൻ ഇടതുപക്ഷ അനുഭാവിയായിരുന്നു. 1967ലോ മറ്റോ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർഥിയായി ഞങ്ങളുടെ വാർഡിൽ അച്ഛൻ മത്സരിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. ആ മത്സരത്തിൽ അച്ഛൻ വിജയിച്ചില്ല. ജീവിതമത്സരങ്ങളിൽ വലിയ വിജയങ്ങളൊന്നും അച്ഛനെ തേടിയെത്തിയില്ല. നിത്യജീവിതത്തിന്റെ അരികുകൾ കൂട്ടിമുട്ടിക്കലായിരുന്നു അച്ഛന്റെ ലക്ഷ്യം.

 

അച്ഛൻ ഇടതുപക്ഷ അനുഭാവിയായിരുന്നു. കമ്പനിയിൽ യൂണിയൻ പ്രവർത്തകനും. ഇടതുപക്ഷ അനുഭാവിയായിരുന്നപ്പോൾ തന്നെ അച്ഛൻ വലിയ ഭക്തനുമായിരുന്നു. 1967ലോ മറ്റോ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർഥിയായി ഞങ്ങളുടെ വാർഡിൽ അച്ഛൻ മത്സരിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. ആ മത്സരത്തിൽ അച്ഛൻ വിജയിച്ചില്ല. ജീവിതമത്സരങ്ങളിൽ വലിയ വിജയങ്ങളൊന്നും അച്ഛനെ തേടിയെത്തിയില്ല. നിത്യജീവിതത്തിന്റെ അരികുകൾ കൂട്ടിമുട്ടിക്കലായിരുന്നു അച്ഛന്റെ ലക്ഷ്യം. അതിനായി നന്നായി പണിപ്പെട്ട് കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. ഭക്തിയും ഈശ്വരബോധവും അതിന് വലിയ തുണയായതായി തോന്നിയിട്ടുണ്ട്. ചില കീർത്തനങ്ങളൊക്കെ അച്ഛന് നന്നായി ചൊല്ലാനറിയാമായിരുന്നു.

എഴുത്തച്ഛന്റെ ഹരിനാമകീർത്തനം പ്രത്യേകിച്ചും. അക്ഷരവ്യക്തതയോടെ അത് മനസ്സിലുറച്ചത് കുട്ടിക്കാലത്തു കേട്ട ആ നാമജപങ്ങൾ വഴിയാണ്. സന്ധ്യകളിൽ അച്ഛനൊപ്പമിരുന്ന് ഞാനുമത് ചൊല്ലിപ്പഠിച്ചു. ഇപ്പോഴും ആവശ്യം പോലെ ആ വരികൾ നാവിലോടിയെത്തും. ശബരിമല സ്ത്രീപ്രവേശനത്തിന്റെ കാലത്ത് “ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും...” എന്ന ശ്ലോകം പ്രാചീനമായ ഒരു സ്മൃതിശേഖരത്തിൽ നിന്നെന്നപോലെ പൊടുന്നനെ എന്റെ ഓർമയിലെത്തി. ആ പ്രസംഗത്തിൽ നന്നായി ഫലിച്ച സന്ദർഭങ്ങളിലൊന്നായിരുന്നു അത്!

അച്ഛന്റെ ഭക്തി പ്രകടനപരമല്ലായിരുന്നു. അതുപോലെതന്നെ രാഷ്ട്രീയവും. സാമൂഹികരാഷ്ട്രീയ കാര്യങ്ങളിൽ സജീവമായ താൽപ്പര്യം പുലർത്തിയിരുന്നുവെങ്കിലും കമ്പനിയിലെ തൊഴിലാളി സംഘടനയിൽ അംഗമായതിനപ്പുറമുള്ള പ്രകടമായ രാഷ്ട്രീയപ്രവർത്തനത്തിന് അച്ഛൻ മുതിർന്നിട്ടില്ല. അരക്ഷിതമായ തന്റെ കുടുംബത്തിന്റെയും കുട്ടികളുടെയും പരിപാലനത്തിനിടയിൽ അതിനപ്പുറമുള്ള ജീവിതസാഹസങ്ങൾക്കൊന്നും ഇടമില്ലെന്ന് അച്ഛൻ കരുതിയിരുന്നതായി തോന്നുന്നു. വീടിനടുത്തുള്ള കുടുംബക്ഷേത്രവും ഇടയ്ക്കുള്ള ഗുരുവായൂർ യാത്രയുമായിരുന്നു അച്ഛന്റെ ഭക്തിയുടെ വഴികൾ.

ആദ്യകാലത്തെ ഗുരുവായൂർ ക്ഷേത്രം

ആദ്യകാലത്തെ ഗുരുവായൂർ ക്ഷേത്രം

ആ ഗുരുവായൂർ യാത്രകളാണ് കുട്ടിക്കാലത്തെ ഞങ്ങളുടെ വലിയ സന്തോഷം. അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട് ഉച്ചയോടെ ഗുരുവായൂരെത്തും.

അന്നവിടെ തങ്ങി പിറ്റേന്നു മടങ്ങും. ജീവിതത്തിലെ ഏറ്റവും മിഴിവാർന്ന യാത്രകളായിരുന്നു അത്. കൊടുങ്ങല്ലൂർ അമ്പലപ്പറമ്പിലെ ധ്യാനസ്ഥലമായ ആൽച്ചുവടുകൾ, അവിടത്തെ ചെറിയ ചായക്കടകളിലെ പ്രഭാതഭക്ഷണം, കോട്ടപ്പുറത്തും ചേറ്റുവയിലും അഴിമുഖത്തേക്കൊഴുകുന്ന പുഴകൾക്കു കുറുകെയുള്ള ബോട്ടുയാത്രകൾ, ഗുരുവായൂരിലെ നടവഴികൾ, സുഗന്ധപൂരിതമായ സന്ധ്യകൾ, ഭക്തിയുടെ ദീപക്കാഴ്ചകൾ, “അഗ്രേപശ്യാമി...” എന്ന് അലയടിച്ചെത്തുന്ന പി ലീലയുടെ നാരായണീയം, രാത്രിയിൽ ക്ഷേത്രവഴികളിലൂടെയുള്ള അലക്ഷ്യമായ നടത്തം... ഞങ്ങളുടെ ചെറിയ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയും സന്തോഷവും അതായിരുന്നു. ഗുരുവായൂരിലെത്തുമ്പോൾ അച്ഛൻ പൊതുവെ ഉദാരനായിരുന്നു.

ജീവിതപ്രയാസങ്ങളുടെ ഭാണ്ഡങ്ങൾ എവിടെയോ അഴിച്ചുവച്ച് ഭക്തിയിലാണ്ടു നിൽക്കുന്ന ഒരാളായിരുന്നു അപ്പോഴദ്ദേഹം. വലിയ തിരക്കിനു നടുവിലും കൈക്കൂപ്പി കണ്ണടച്ച് തൊഴുതുനിൽക്കുന്ന അച്ഛന്റെ ചിത്രം ഇപ്പോഴും  മങ്ങലില്ലാതെ മനസ്സിലുണ്ട്. പിൽക്കാലത്ത് ‘ഗുരുവായൂരിലേക്കുള്ള ബസ്സുകാത്തുനിൽക്കവേ/ഗുരുവായൂരിലേക്കുള്ള ദൂരമറിഞ്ഞു ഞാൻ...’ എന്ന് കുഞ്ഞുണ്ണിമാഷിന്റെ വരികൾ വായിച്ചപ്പോഴൊക്കെ അച്ഛനെയോർത്തു. അച്ഛനിലേക്കുള്ള ദൂരത്തെയും.

ശബരിമലയും അച്ഛന്റെ പ്രിയപ്പെട്ട തീർഥാടനസ്ഥാനമായിരുന്നു. എന്റെ കുട്ടിക്കാലത്ത് മിക്കവാറും എല്ലാ വർഷങ്ങളിലും അച്ഛൻ ശബരിമലയ്ക്ക് പോകുമായിരുന്നു. കറുപ്പുടുത്തും താടിവളർത്തിയും വ്രതനിഷ്ഠയോടെയുള്ള യാത്രകൾ. അഞ്ചിലും ആറിലും പഠിക്കുമ്പോൾ അച്ഛൻ എന്നെയും കൂടെ കൂട്ടിയിരുന്നു. പമ്പയും ശരംകുത്തിയും രാത്രിയുടെ തണുപ്പുനിറഞ്ഞ ഇരുട്ടിലൂടെ അലയടിച്ചെത്തുന്ന ഹരിവരാസനവും ശരണവഴികളിലെ എണ്ണമറ്റ മനുഷ്യരുമെല്ലാം അക്കാലത്തെ ഓർമകളായി കൂടെയുണ്ട്.

യാത്രയുടെ കാഠിന്യവും അതുണ്ടാക്കുന്ന ക്ഷീണവും കൊണ്ടാകാം ശബരിമലയാത്ര എന്നെ ഗുരുവായൂർയാത്രയോളം കുട്ടിക്കാലത്ത് ആകർഷിച്ചില്ല. പ്രീഡിഗ്രി ആദ്യവർഷം പിന്നിട്ടപ്പോഴേക്കും ഞാൻ ഈശ്വരസങ്കല്പത്തിൽ നിന്ന് പുറത്തുവന്നിരുന്നു. അച്ഛൻ അതിനൊട്ടും എതിരുപറഞ്ഞില്ല. ആരോഗ്യസ്ഥിതികൊണ്ടാവാം, അപ്പോഴേക്കും ശബരിമലയാത്രകൾ അദ്ദേഹവും അവസാനിപ്പിച്ചിരുന്നു. എന്നാൽ ഗുരുവായൂർയാത്രകൾ മരണംവരെ അച്ഛൻ ഉപേക്ഷിച്ചില്ല. മിക്കവാറും ഒറ്റയ്ക്ക് അച്ഛൻ ഗുരുവായൂർ പോയി മടങ്ങി.

ബാല്യകാലത്തെ വലിയൊരു അപകടവഴിയിൽനിന്ന് എന്നെ തടഞ്ഞത് അച്ഛന്റെ ആഴമേറിയ രാഷ്ട്രീയ ബോധ്യങ്ങളാണ്. ആറിലോ ഏഴിലോ പഠിക്കുമ്പോൾ നാട്ടിലെ ക്ഷേത്ര മൈതാനിയിലെ കളികളിൽ ചേരാൻ എന്നെ മുതിർന്ന ചിലർ ക്ഷണിച്ചിരുന്നു. വീടിനടുത്ത് കാര്യമായ കളിക്കൂട്ടൊന്നും എനിക്കില്ലായിരുന്നു. സമപ്രായക്കാരായ ആരും അടുത്തുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്പലത്തിൽ കളിക്കാൻ പോകാൻ എനിക്കും താൽപ്പര്യമായിരുന്നു. അനുവാദം ചോദിച്ചപ്പോൾ അച്ഛൻ കർക്കശമായി തടഞ്ഞു. എന്തുകൊണ്ടാണെന്നൊന്നും വിശദീകരിച്ചില്ല. “അവിടെ നീ കളിക്കാൻ പോകണ്ട” എന്ന് തീർത്തുപറഞ്ഞു. പിന്നീട് വീടിനു മുന്നിലെ പള്ളിമുറ്റത്ത് വോളിബോൾ കളിയാരംഭിച്ചപ്പോൾ അവിടെ പോകുന്നതിന് അച്ഛൻ തടസ്സമൊന്നും പറഞ്ഞുമില്ല.

വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുന്നതിനോട് താൽപ്പര്യമില്ലായിരുന്നുവെങ്കിലും അച്ഛൻ അതിനും എതിരുപറഞ്ഞിട്ടില്ല. ഞാൻ ഡിഗ്രിയൊക്കെ ആയതോടെ അക്കാര്യത്തിൽ അഭിപ്രായം പറയുന്നതും അച്ഛൻ ഒഴിവാക്കിയിരുന്നു.

അമ്പലമുറ്റത്തെ ആ കളിയാണ് അച്ഛൻ കർക്കശമായി വിലക്കിയ ഒരേയൊരു കാര്യം. അന്ന് ആർ എസ് എസ് ശാഖകളെക്കുറിച്ചൊന്നും അന്ന്‌ എനിക്ക് യാതൊരറിവുമില്ല. ആഴമേറിയ ഈശ്വാരാവബോധത്തിന്റെയും ഭക്തിയുടെയും വഴികളിലും അച്ഛൻ പുലർത്തിയിരുന്ന രാഷ്ട്രീയബോധത്തിന്റെ ബലം പിന്നീടാണ് എനിക്ക് തിരിച്ചറിയാനായത്. നേരിട്ട് അതിനെക്കുറിച്ച് അച്ഛൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ തിരിച്ചും. തമ്മിൽ പറയാതെ തന്നെ അതിന്റെ പാഠങ്ങൾ ഞങ്ങൾ പങ്കുവച്ചു.

അമ്പലമുറ്റത്തെ ആ കളിയാണ് അച്ഛൻ കർക്കശമായി വിലക്കിയ ഒരേയൊരു കാര്യം. അന്ന് ആർ എസ് എസ് ശാഖകളെക്കുറിച്ചൊന്നും അന്ന്‌ എനിക്ക് യാതൊരറിവുമില്ല. ആഴമേറിയ ഈശ്വരാവബോധത്തിന്റെയും ഭക്തിയുടെയും വഴികളിലും അച്ഛൻ പുലർത്തിയിരുന്ന രാഷ്ട്രീയബോധത്തിന്റെ ബലം പിന്നീടാണ് എനിക്ക് തിരിച്ചറിയാനായത്. നേരിട്ട് അതിനെക്കുറിച്ച് അച്ഛൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ തിരിച്ചും. തമ്മിൽ പറയാതെ തന്നെ അതിന്റെ പാഠങ്ങൾ ഞങ്ങൾ പങ്കുവച്ചു.

അച്ഛന്റെ രാഷ്ട്രീയബോധ്യങ്ങൾക്ക് വളരെ കുറഞ്ഞ ആവിഷ്കാരങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിന്റേതാണ്. അക്കാലത്തെ തെരഞ്ഞെടുപ്പ് വാർത്തകൾക്കായി അച്ഛൻ റേഡിയോവിന് മുന്നിൽ ചെവികൂർപ്പിച്ചിരിക്കും. തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ പരാജയ വാർത്ത കേട്ട് ഉറങ്ങിക്കിടന്നിരുന്ന തന്നെ അച്ഛൻ നിർബന്ധിച്ച് തട്ടിയുണർത്തിയതിനെക്കുറിച്ച് അമ്മാവൻ പിന്നീട് പറഞ്ഞത് ഓർമയിലുണ്ട്. അമ്മാവൻ ആലുവയിലെ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ആത്മസൗഹൃദം എന്നുപറയാൻ പാകത്തിൽ അച്ഛനുണ്ടായിരുന്ന അടുപ്പങ്ങളിലൊന്ന് അമ്മാവനോടായിരുന്നു. ‘തന്റെ ഇന്ദിര തോറ്റെടോ’ എന്നു പറഞ്ഞ് അച്ഛൻ അമ്മാവനെ തട്ടിയുണർത്തിയതിനെക്കുറിച്ചുള്ള വിവരണം ഞാൻ കൗതുകപൂർവമാണ് കേട്ടത്. ജീവിതത്തിലെ ഏതെങ്കിലും വിജയമോ പരാജയമോ പുറമേക്ക് പ്രകടിപ്പിക്കുന്ന അച്ഛനെ ഞാൻ ഏറെയൊന്നും കണ്ടിട്ടില്ല. അതുകൊണ്ടാവും നേരിൽ കണ്ടതല്ലെങ്കിലും ആ രാത്രിചിത്രത്തിന്റെ വിവരണം എന്റെ ഓർമയിൽ വേരുപിടിച്ചത്.

FACTയിൽ ജോലികിട്ടുന്നതിനു മുൻപ് അച്ഛൻ നാട്ടിലെ കരയോഗം പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. അക്കാലത്ത് നാട്ടിലെ ലൈബ്രറിയിലെ ലൈബ്രേറിയന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. അതുകൊണ്ട് വായനശാലയിലെ ആജീവനാന്ത അംഗത്വം അച്ഛനുണ്ടായിരുന്നു. ഒരേസമയം രണ്ടു പുസ്തകങ്ങൾ ലഭിക്കുന്നതായിരുന്നു അത്. അതുപയോഗിച്ചാണ് ഞാൻ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഹൈസ്കൂൾ കാലം മുതലേ മികച്ച പുസ്തകങ്ങൾ ലഭിക്കുന്നതിന് അത് കാരണമായി. ബിരുദവിദ്യാഭ്യാസം വരെയുള്ള കാലത്ത് നാട്ടിലെ പീപ്പിൾസ് ലൈബ്രറിയും അച്ഛന്റെ ആജീവനാന്ത അംഗത്വവുമായിരുന്നു എന്റെ വായനയുടെ പ്രധാനപ്പെട്ട ആധാരം.

ഖസാക്ക് മുതൽ ആരോഗ്യനികേതനം വരെയുള്ള വലിയ രചനകൾ അക്കാലത്ത് കൈയിലെത്തി. എന്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് അച്ഛനും നോവൽ വായനയിൽ മുഴുകുന്നത് കണ്ടിരുന്നു. പിന്നീടത് പതിയെപ്പതിയെ ദുർബലമായി. ഞാൻ പുസ്തകങ്ങൾ വാങ്ങുന്നതും ശേഖരിക്കുന്നതുമെല്ലാം കൗതുകപൂർവം നോക്കിയിരുന്നുവെങ്കിലും അച്ഛന്റെ വായന അപ്പോഴേക്കും പത്രങ്ങളും മാസികകളുമായി ഒതുങ്ങിയിരുന്നു. ജീവിതയാത്രയുടെ ഏതേ ഘട്ടത്തിൽ അച്ഛൻ തന്റെ ദീർഘവായനകൾ വഴിയിലുപേക്ഷിച്ചു. റിട്ടയർമെന്റിനു ശേഷമുള്ള കാലത്ത് പത്രവായനപോലും കുറഞ്ഞുകൊണ്ടിരുന്നതായി തോന്നിയിട്ടുണ്ട്. ചുറ്റുമുള്ള ലോകത്തിൽ നിന്ന് അച്ഛൻ തന്നിലേക്കുതന്നെ ചുരുങ്ങിക്കൊണ്ടിരുന്നു.

ജോലിയും വീടുമായിരുന്നു അച്ഛന്റെ അഭയങ്ങൾ. ജോലിയിൽ കണിശവും കൃത്യവുമായിരുന്നുവെന്ന് FACTലെ പലരും പറഞ്ഞിട്ടുണ്ട്. ജീവിതത്തെ വീടിനും ജോലിക്കും ഇടയിലെ യാത്രകളായി അച്ഛൻ ക്രമപ്പെടുത്തി. അതിലാണ്ടുമുഴുകി. അതിൽ സ്വയം കണ്ടെത്തി. പുറത്തെ ലോകസഞ്ചാരങ്ങൾ അച്ഛന് വളരെ കുറവായിരുന്നു. വിവാഹങ്ങൾ, മറ്റുള്ള ആഘോഷങ്ങൾ എന്നിവയിൽ നിന്നെല്ലാം കഴിയുന്നതും ഒഴിഞ്ഞു നിന്നു. താൻ അനിവാര്യമാകുന്ന ഇടങ്ങളിൽ മാത്രം ചെന്നുമടങ്ങി. റിട്ടയർമെന്റിനുശേഷം പൊടുന്നനെ ഒരു ശൂന്യത അച്ഛനെ വലയം ചെയ്തതങ്ങനെയാണ്. അതിന്റെ വിഷാദവും. അധ്യാപികയായ ചേച്ചി അപ്പോഴേക്കും വിവാഹിതയും കുടുംബിനിയും ഒക്കെയായി മാറിയിരുന്നു.

സുനിൽ പി ഇളയിടവും  ഭാര്യ മീനയും സഹോദരി ഉഷയും  അമ്മ രമണിദേവിക്കൊപ്പം

സുനിൽ പി ഇളയിടവും ഭാര്യ മീനയും സഹോദരി ഉഷയും അമ്മ രമണിദേവിക്കൊപ്പം

ഞാൻ രാഷ്ട്രീയത്തിൽ മുങ്ങിത്താഴ്ന്ന കാലം. ജോലിയിൽ നിന്നുള്ള വിടുതിയുണ്ടാക്കിയ ശൂന്യതയെ മറികടക്കാൻ അച്ഛൻ പണിപ്പെടുന്നുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ചേച്ചിയുടെ വീട്ടിൽച്ചെന്നു തങ്ങും. ചെറുമക്കളോടൊപ്പം ചതുരംഗവും മറ്റും കളിക്കും. തറവാട്ടുക്ഷേത്രത്തിലെ പ്രവൃത്തികളിൽ അച്ഛൻ ആണ്ടുമുഴുകുന്നത് അക്കാലത്താണ്. റിട്ടയർമെന്റ് കാലത്തെ ശൂന്യതയെ ഭക്തികൊണ്ട് നിറക്കാനുള്ള ശ്രമം ഒട്ടൊക്കെ പ്രകടവുമായിരുന്നു. ക്ഷേത്രങ്ങളിലേക്കുള്ള യാത്രകൾ നിരന്തരമായി. തന്നിലേക്കുള്ള വഴി അതാണെന്ന തോന്നലാവണം അച്ഛനുണ്ടായിരുന്നത്.

അറുപത്തിയഞ്ചാം വയസ്സിലാണ് അച്ഛൻ വിടവാങ്ങിയത്. യൗവനകാലം മുതലേ കൂടെയുള്ള രോഗങ്ങൾ അപ്പോഴേക്കും അച്ഛനെ കൂടുതൽ കൂടുതൽ അലട്ടാൻ തുടങ്ങിയിരുന്നു. ജോലിയിൽനിന്നുള്ള വിടുതൽ നല്കിയ ഏകാന്തതയും ഏറിത്തുടങ്ങിയിരുന്നു. അതിന്റെ അസ്വസ്ഥതകളും. അന്ന് അച്ഛൻ വാർധക്യത്തിലെത്തിയതായി തോന്നിയിരുന്നു.

തിരിഞ്ഞുനോക്കുമ്പോൾ വാർധക്യത്തേക്കാളധികം റിട്ടയർമെന്റ് ജീവിതം ഉളവാക്കിയ ശൂന്യതയാണ് അച്ഛനെ പ്രയാസപ്പെടുത്തിയത് എന്നും തോന്നിയിട്ടുണ്ട്. പുറത്തെ നിശ്ചലതയിൽ നട്ട കണ്ണുകളുമായി വീടിനുമുന്നിലെ ചെറിയ തിണ്ണയിലിരിക്കുന്ന അച്ഛൻ ഓർമയിലുണ്ട്. കാലം കടപുഴക്കിത്തുടങ്ങിയ ഒരു വൃക്ഷം പോലെ അച്ഛൻ ചുമരിൽ ചാരിയിരുന്നു. 2001 ഫെബ്രുവരി 21 രാത്രിയിലെ ഉറക്കത്തോടൊപ്പം വിടവാങ്ങി.

ജീവിതപ്രയാസങ്ങളുടെ നടവഴിയിലൂടെ ഇടറിനീങ്ങിയ ഒരു യാത്രയായിരുന്നു ആ ജീവിതം. നിറവാർന്ന നിമിഷങ്ങളിൽ കണ്ണുനട്ടിരിക്കാൻ കാലം അച്ഛനെ ഏറെയൊന്നും അനുവദിച്ചില്ല. ആഹ്ലാദനിർഭരമായ വലിയ വിജയക്കുതിപ്പുകളൊന്നും അച്ഛനുണ്ടായിരുന്നില്ല.

ജീവിതപ്രയാസങ്ങളുടെ നടവഴിയിലൂടെ ഇടറിനീങ്ങിയ ഒരു യാത്രയായിരുന്നു ആ ജീവിതം. നിറവാർന്ന നിമിഷങ്ങളിൽ കണ്ണുനട്ടിരിക്കാൻ കാലം അച്ഛനെ ഏറെയൊന്നും അനുവദിച്ചില്ല. ആഹ്ലാദനിർഭരമായ വലിയ വിജയക്കുതിപ്പുകളൊന്നും അച്ഛനുണ്ടായിരുന്നില്ല.

ഒരുപാട് പണിപ്പെട്ടു നേടിയ ചില ചെറിയ വിജയങ്ങളിൽ അച്ഛൻ ഏറെയൊന്നും സന്തുഷ്ടനായതുമില്ല. അവ്യാഖ്യേയമായ ഒരു വിഷാദച്ഛായ അച്ഛന്റെ ഓർമകളെ ഇപ്പോഴും വലയം ചെയ്യുന്നത് അതുകൊണ്ടാവണം. അഥവാ, ആ വിഷാദത്തിന്റെ പേരായിരിക്കുമോ ജീവിതം?.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top