11 May Saturday

ആഘോഷമെന്തുമാകട്ടെ പണമൊഴുക്കി ‘എസ്‌കെപി’

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


തിരുവനന്തപുരം
ബിജെപി നേതാക്കളുടെ വിവാഹ വാർഷികത്തിനും ജന്മദിനാചരണത്തിനുമായി പണം ഒഴുക്കിയിരുന്നത് വ്യവസായിയായ ബിജെപി നേതാവ്‌ എസ്‌ കെ പി രമേശ്. ബിജെപി ഓഫീസുകളുടെ നവീകരണത്തിനടക്കം ലക്ഷങ്ങൾ ഇയാൾ ചെലവിട്ടിരുന്നു. കൗൺസിലർകൂടിയായ ഇയാളുടെ ബിനാമിയാണ്‌ സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായർ എന്നാണ്‌ ആക്ഷേപം. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെയും കേന്ദ്ര സഹമന്ത്രിയുടെയും ഗ്രൂപ്പിലാണ്‌ രമേശ്‌. ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്റെ വലംകൈ. സന്ദീപ് നായരുടെ വർക്‌ഷോപ് ഉദ്ഘാടനത്തിന്‌  വി വി രാജേഷിനെ ക്ഷണിച്ചിരുന്നു. ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം രാജേഷ്‌ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിച്ചപ്പോൾ വി വി രാജേഷ് ഉപയോഗിച്ച വാഹനം സന്ദീപ് നായരുടേതായിരുന്നു.

വി വി രാജേഷിന്റെ 14 -ാം വിവാഹ വാർഷിക ആഘോഷത്തിന്‌‌ പൊതുവേദി ഒരുക്കിയത്‌ എസ്‌ കെ പി രമേശായിരുന്നു. രാജേഷ്‌ ജില്ലാ പ്രസിഡന്റായതിനു പിന്നാലെ എസ്‌ കെ പിയാണ്‌   ജില്ലാ ഓഫീസ്‌ നവീകരിച്ചത്‌.  മുടക്കിയ 10 ലക്ഷം രൂപയിൽ ഒരു വിഹിതം സന്ദീപ്‌ നായരും  നൽകി.കുടുംബ ബിസിനസിൽ കേന്ദ്രീകരിച്ചിരുന്ന എസ്‌ കെ പിയെ മണ്ഡലം പ്രസിഡന്റാക്കിയതും, പലരെയും ഒഴിവാക്കി കൗൺസിലറായി മത്സരിപ്പിച്ചതും ഈ ഗ്രൂപ്പ്‌ നേതാക്കളാണ്‌.

എസ്‌കെപിയുടെ സ്ഥാപനത്തിലെ ജീവനക്കാരനായതാണ്‌ സന്ദീപിന്റെ സാമ്പത്തിക വളർച്ചയുടെ തുടക്കമെന്ന്‌‌ നാട്ടുകാർ പറയുന്നു. കേന്ദ്ര സഹമന്ത്രിക്കും എസ്‌കെപിക്കും പങ്കാളിത്തമുള്ള ബിയർ കമ്പനി മംഗലാപുരത്തുണ്ടെന്ന ഊമക്കത്ത്‌ പ്രചരിച്ചു. മെഡിക്കൽകോളേജ് കോഴവിവാദ സമയത്തായിരുന്നു ഇത്‌. ജില്ലാ പ്രസിഡന്റിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചും പിന്നാമ്പുറത്ത്‌ സംസാരമുയർന്നിട്ടുണ്ട്‌‌. ഒന്നുമില്ലായ്‌മയിൽനിന്ന്‌ കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് വഞ്ചിയൂരിൽ കോടികൾ വിലമതിക്കുന്ന വീടും, വിലകൂടിയ കാറും സ്വന്തമാക്കി‌. ഇതിൽ‌ ബിജെപിയിലെ ഒരു വിഭാഗത്തിന്‌ സംശയമുണ്ട്‌. മുൻ സംസ്ഥാന പ്രസിഡന്റാണ്‌ ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസെന്നാണ്‌ അവർ ആരോപിക്കുന്നത്‌. ഇതും വിവാദ വ്യവസായിയിലേക്കും സന്ദീപ്‌ നായരിലേക്കും ചെന്നെത്തുന്നു. എസ്‌കെപി രമേശിന്റെ എറണാകുളത്തെ ഫ്‌ളാറ്റിൽ ചില നേതാക്കൾ താമസിക്കാറുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന പലതും പുറത്തുവരുമെന്നും എതിർപക്ഷം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top