26 April Friday

കടൽകടന്നൊരു സജാദ്

എം അനിൽ anilmsarunima@gmail.comUpdated: Sunday Aug 8, 2021

സജാദ്‌ തങ്ങളും ഉമ്മ ഫാത്തിമ ബീവിയും ഫോട്ടോ: ആർ സഞ്‌ജീവ്‌

നടി  റാണിചന്ദ്രയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട 1976ലെ വിമാനാപകടത്തിൽ മരിച്ചുപോയെന്ന്‌ കരുതിയ മകൻ നാലര പതിറ്റാണ്ടിനുശേഷം തിരിച്ചെത്തിയ ഉമ്മയുടെ സന്തോഷത്തെക്കുറിച്ച്‌ മാത്രമല്ല ഇവിടെ പറയുന്നത്‌.  തലനാരിഴയ്‌ക്ക്‌ അപകടമൊഴിഞ്ഞശേഷം ആ മനുഷ്യൻ ജീവിച്ച സിനിമാറ്റിക്ക്‌ ജീവിതത്തെക്കുറിച്ചുകൂടിയാണ്‌. അനുഭവങ്ങളുടെ കടൽ നീന്തിക്കടന്ന സജാദ്‌ തങ്ങളെക്കുറിച്ച്‌

സിനിമ അത്രയേറെ ഇഷ്ടമാണ് സജാദിന്. യൗവ്വനത്തിന്റെ ചോരത്തിളപ്പിൽ കടൽകടന്ന തന്റെ ജീവിതം സിനിമയെ വെല്ലുന്നതായെന്ന് ഈ എഴുപതുകാരന്റെ സാക്ഷ്യം. 1976ൽ നടന്ന വിമാനാപകടം അന്നത്തെ പ്രിയതാരം റാണിചന്ദ്രയെ മാത്രമല്ല കവർന്നത്, സജാദെന്ന ചെറുപ്പക്കാരന്റെ ഭാവിയുമാണ്. തനിക്കുപകരം സുഹൃത്തിനെ റാണിചന്ദ്രയ്‌ക്കൊപ്പം വിമാനത്തിലയക്കുമ്പോൾ തന്റെ മനഃസമാധാനംകൂടി എന്നെന്നേക്കുമായി നഷ്‌ടമാകുകയാണെന്ന് സജാദ് കരുതിയില്ല. അപകടം സൃഷ്ടിച്ച മനോവിഷമത്തിൽനിന്ന് കരകയറാനാകാതെ അലച്ചിലിന്റെ പാതയിൽ ദുബായിലും മുംബൈയിലും. ഒടുവിൽ 45 വർഷത്തിനുശേഷം നാട്ടിലേക്ക്.

‘‘ഇപ്പോഴും കൺമുന്നിലെന്നപോലെയുണ്ട് ആ ദുരന്തം. ആകെ തകർന്നു ഞാൻ. വീട്ടിലോ നാട്ടിലോ ആരെയും വിളിച്ചിട്ടില്ല അതിനുശേഷം.’’ വിമാനാപകടത്തിൽനിന്ന് തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടെങ്കിലും കൊല്ലം ശാസ്‌താംകോട്ട വേങ്ങ (കാരാളിമുക്ക്‌) പടനിലത്ത്‌ തെക്കതിൽ വീട്ടിൽ സജാദ്‌ തങ്ങൾക്ക് അതൊരു ആഘാതമായി.

‘1976നുശേഷം ഒരുതവണകൂടി ഞാൻ എന്റെ വീടിനരികിലൂടെ പോയി, 1982ലോ മറ്റോ. പക്ഷേ വീട്ടിൽ പോകാൻ തോന്നിയില്ല. അത്രയ്‌ക്ക്‌ സംഘർഷമായിരുന്നു മനസ്സിൽ. മുംബൈയിൽ പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശി അജിക്കൊപ്പം അജിയുടെ ഭാര്യവീടായ  പന്തളത്തേക്കായിരുന്നു ആ കാർയാത്ര. അന്നാണ്‌ ആദ്യമായി ശബരിമലയ്‌ക്ക്‌ പോയതും.’

റാണിചന്ദ്രയ്‌ക്കൊപ്പം നാട്ടിലേക്ക്

റാണിചന്ദ്ര

റാണിചന്ദ്ര

പടനിലത്ത്‌ തെക്കതിൽ വീട്ടിൽ പരേതനായ യൂനുസ്‌കുഞ്ഞിന്റെയും ഫാത്തിമബീവിയുടെയും മൂത്തമകൻ സജാദ്‌ തങ്ങൾ പത്താം ക്ലാസ്‌ പാസായത്‌ തേവലക്കര ബിഎച്ച്‌എസിൽനിന്ന്‌. തുടർപഠനം വഴിമുട്ടിയപ്പോൾ 1971ൽ ഗൾഫിലേക്ക്‌. ദുബായിൽ പരിചയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്‌ സ്റ്റേജ്‌ഷോ സംഘടിപ്പിച്ച്‌ വരുമാനം കണ്ടെത്തി. റാണിചന്ദ്ര അന്ന്‌ മിന്നുംതാരം. അബുദാബിയിലെ സ്റ്റേജ്‌ഷോയ്‌ക്കായി റാണിചന്ദ്രയെയും സംഘത്തെയും മദ്രാസിൽനിന്ന്‌ കൂട്ടിക്കൊണ്ടുവരണം. സജാദിനായി ചുമതല. അഞ്ചുവർഷത്തിനുശേഷം 1976ൽ സജാദ്‌ ആദ്യമായി നാട്ടിലെത്തി. 15 ദിവസത്തോളം വീട്ടിൽ. പിന്നെ മദ്രാസിൽചെന്ന് റാണിചന്ദ്രയെയും സംഘത്തെയും കൂട്ടി അബുദാബിയിലേക്ക്‌. തിരികെ എത്തിക്കേണ്ടതും സജാദിന്റെ ചുമതലയായപ്പോൾ വീട്ടിലറിയിച്ചു, ‘വീണ്ടും നാട്ടിൽ വരുന്നുണ്ട്‌, ടിക്കറ്റെടുത്തു’. പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. സജാദിന്‌ പകരം വിമാനം കയറിയത്‌ സുഹൃത്തായ വർക്കല സ്വദേശി സുധാകരൻ.

ആകാശത്ത് പൊലിഞ്ഞത്‌ 95 പേർ

ദുബായിൽനിന്ന് റാണിചന്ദ്രയും സംഘവുമായി വിമാനം മുംബൈയിലെത്തി. അവിടെനിന്ന്‌ മദ്രാസിലേക്കുള്ള യാത്രയ്‌ക്കിടെ 1976 ഒക്ടോബർ 12 നാണ് അപകടം. റാണിചന്ദ്ര അടക്കം 89 യാത്രികരും ആറ്‌ വിമാന ജീവനക്കാരും മരിച്ചു. സജാദും മരിച്ചെന്ന്‌ വീട്ടുകാർ കരുതി. മരിച്ചത് സുധാകരനാണെന്ന്‌ പിന്നീടറിഞ്ഞു. പക്ഷേ സജാദിനെക്കുറിച്ച്‌ ഒരു വിവരവുമില്ല. തെരയാത്ത സ്ഥലങ്ങളില്ല. ലോകത്തിന്റെ ഏത് കോണിലുണ്ടെങ്കിലും തിരിച്ചെത്തുമെന്ന് വിശ്വസിച്ച സജാദിന്റെ തിരോധാനത്തിന് നീളമേറിയപ്പോൾ മരണംതന്നെയാകും വേർപിരിച്ചതെന്ന് ബന്ധുക്കളും വിശ്വസിച്ചു.

മുംബൈയിലെ തട്ടുകടക്കാരൻ

ആ അപകടം സജാദിനെ മാനസികമായി തളർത്തി. ദുബായ്‌ വിട്ടു. മസ്‌കത്തിൽ ഡറ്റ്‌കോ കമ്പനിയിലെ എണ്ണായിരത്തിലേറെ വരുന്ന ജീവനക്കാരിലൊരാളായി. അധികനാൾ തുടർന്നില്ല, വീണ്ടും ദുബായിലേക്ക്. ‘ആ വിമാനദുരന്തത്തിന്റെ ഓർമകൾ എന്നെ വേട്ടയാടി. എന്തോ തെറ്റ്‌ ചെയ്‌തതുപോലെ...’ സജാദ്‌ മനസ്സുതുറന്നു. ‘ഒരു ലക്ഷ്യവുമില്ലാതെയാണ് പിന്നീട് മുംബൈയിലെത്തിയത്. എന്റെ സാധനങ്ങൾ കസ്റ്റംസുകാർ പിടികൂടി. അവ വീണ്ടെടുക്കാൻപോലും മിനക്കെട്ടില്ല. തെരുവിലായി ജീവിതം. ഒരു ഉന്തുവണ്ടി സംഘടിപ്പിച്ച്‌ ദിവ റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ തട്ടുകടയിട്ടു. കച്ചവടം റെയിൽവേ വിലക്കിയതോടെ അതു നിലച്ചു. ഇതിനിടെ കിട്ടിയ സുഹൃത്തുക്കളാണ് ആശ്വാസമായത്‌. മുബൈയിലെത്തിയത്‌ ഏത്‌ വർഷമെന്നറിയില്ല. കുറഞ്ഞത് 35 വർഷമായിട്ടുണ്ടാകാം. ഇപ്പോഴും എന്റെ മനസ്സ്‌ പിടയ്‌ക്കുന്നത്‌ അങ്ങോട്ട്‌ മടങ്ങാനാണ്‌.’ 

ജീവിതം തിരികെത്തന്ന ആശ്രമം

‘എല്ലാം കൈവിട്ടുപോവുകയാണെന്ന്‌ മനസ്സിലായി. കേറിക്കിടക്കാൻ ഒരിടമില്ല, ആഹാരത്തിനും വഴിമുട്ടി. സഹായിക്കുന്നവരെ എത്രകണ്ട്‌ ബുദ്ധിമുട്ടിക്കും. കൈയിൽ പണമില്ല.- ഒടുവിൽ നാട്ടിലേക്കുള്ള വഴി മനസ്സിൽ കുറിച്ചു. സുഹൃത്തുക്കളായ രാജൻ (വടകര), പ്രസാദ്‌ നാരായൺ തുടങ്ങിയവർ പലതവണ സഹായിച്ചു. അസുഖംവന്ന് കിടപ്പിലായ എന്നെ മുംബൈ നായേഴ്‌സ്‌ ആശുപത്രിയിൽ എത്തിച്ചത്‌ പ്രസാദ്‌ ആണ്‌. സുഹൃത്തുക്കൾതന്നെയാണ് സോഷ്യൽ ആൻഡ്‌ ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലൗ (സീൽ) എന്ന ആശ്രമത്തിലെത്തിച്ചതും. ‘എന്റെ ജീവൻ തിരിച്ചുതന്നത്‌ സീൽ  ആണ്‌, പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട്‌’ 

സജാദും വിമാനാപകടത്തിൽ കൊല്ലപ്പെട്ട സുധാകരനും

സജാദും വിമാനാപകടത്തിൽ കൊല്ലപ്പെട്ട സുധാകരനും

വീട്ടിലേക്കുള്ള വഴി

സ്‌നേഹവും കരുതലുമേകി, പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തുനിർത്തുകയാണ്‌  ആശ്രമമെന്ന് സജാദ് കണ്ടറിഞ്ഞു. നാലരപ്പതിറ്റാണ്ട് നീറി ജീവിച്ച, ഉമ്മയുടെ അടുത്തേക്കെത്തിച്ചതും ആശ്രമംതന്നെ. ആശ്രമം ക്യാമ്പ്‌ ഡയറക്ടർ സംഗീത്‌കുമാർ അന്വേഷിച്ചറിഞ്ഞ്‌ ‌സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. ഉമ്മയ്‌ക്ക്‌ വീഡിയോ ക്യാമറയിലൂടെ സജാദിനെ കാട്ടിക്കൊടുത്തു, സംസാരിപ്പിച്ചു. അങ്ങനെ 2021 ജൂലൈ 24 ന്‌ ജന്മനാട്ടിൽ. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിൽ നാട് സജാദിനെ സ്‌നേഹവായ്‌പ്പോടെ എതിരേറ്റു. കുടുംബവീടിന്റെ മുറ്റത്ത് ഉമ്മഫാത്തിമ ബീവിയും സഹോദരങ്ങളും സജാദിനെ വാരിപ്പുണരുന്ന കാഴ്‌ചയിൽ നാടലിഞ്ഞു. ജമീലാബീവി, മറിയംബീവി, സുഹറാബീവി, സൈനബ ബീവി, മുഹമ്മദ്‌കുഞ്ഞ്‌, അബ്‌ദുൾറഷീദ്‌, അബ്‌ദുൾ അസീസ്‌ എന്നിവരാണ് സഹോദരങ്ങൾ. എന്നെങ്കിലുമൊരിക്കൽ സജാദ് തിരികെ വരുമെന്ന പ്രതീക്ഷയിൽ കുടുംബം കരുതിവച്ചിരുന്ന പത്തരസെന്റിനും ഇതോടെ അവകാശിയായി.

ഒരു തിരക്കഥ പിറക്കുമോ

‘ജീവിക്കണം. അതിനിനി എന്തെങ്കിലും മാർഗം കണ്ടെത്തണം. മുബൈയിലേക്ക്‌ പോകണമെന്നുണ്ട്‌. പക്ഷേ ഇനി ഉമ്മയും സഹോദരങ്ങളും വിടില്ല’. സജാദ്‌ പറഞ്ഞു. സിനിമയെ അത്രയ്‌ക്ക്‌ സ്‌നേഹിക്കുന്ന സജാദിന് തന്റെ ജീവിതം എന്നെങ്കിലും സിനിമാക്കഥ ആകുമെന്നതും പ്രതീക്ഷയാണ്. റാണിചന്ദ്രയും സ്റ്റേജ്‌ ഷോകളും വിമാനാപകടവും മുംബൈവാസവുമെല്ലാം ഒരു സിനിമയ്‌ക്കുള്ളതിലേറെയുണ്ടല്ലോ. അല്ലെങ്കിലും വെള്ളിത്തിരയിലേതിനേക്കാൾ തീക്ഷ്ണമാണല്ലോ ജീവിതം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top