26 April Friday

സൂക്ഷിക്കണം അരുമകളെയും

റഷീദ്‌ ആനപ്പുറംUpdated: Tuesday Sep 13, 2022

വീടുകളിലെ അരുമകളായ നായകളും അത്ര സുരക്ഷിതരല്ല. കേരളത്തിൽ ഈ വർഷം പേവിഷബാധയേറ്റ്‌ മരിച്ച 21 പേരിൽ ഒരാളെ കടിച്ചത്‌ വളർത്തുനായയാണ്‌. പാലക്കാട്‌ മങ്കരയിലെ ശ്രീലക്ഷ്‌മിയെയാണ്‌ അടുത്തവീട്ടിലെ വളർത്തുനായ കടിച്ചത്‌. ഉടമയെ കടിച്ച നായ തുടൽ പൊട്ടിച്ച്‌ മതിൽചാടി റോഡിലിറങ്ങുകയായിരുന്നു. ഈ നായക്ക്‌ വാക്‌സിനെടുത്തിരുന്നില്ല. വളർത്തുനായ്‌ക്കൾക്ക്‌ മൂന്നുമാസം പ്രായമായാൽ ആദ്യ കുത്തിവയ്‌പ്‌ എടുക്കണം. നാലാഴ്‌ച കഴിഞ്ഞ്‌ ആദ്യ ബൂസ്‌റ്റർ ഡോസ്‌. പിന്നീട്‌ എല്ലാ വർഷവും. കേരളത്തിൽ ഏകദേശം ഒമ്പത്‌ ലക്ഷം വളർത്തുനായ്‌ക്കളുണ്ട്‌.

എന്നാൽ, 2021–-22 വർഷത്തിൽ 1,94,081 എണ്ണത്തിനാണ്‌ വാക്‌സിൻ നൽകിയത്‌. ഈ വർഷം ഇതുവരെ 1,70,113 വാക്‌സിൻ നൽകി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ്‌ നടത്തുന്ന റാബീസ്‌ ഫ്രീ കേരള വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായാണ്‌ ഇത്രയെങ്കിലും നൽകാനായത്‌. കോവിഡ്‌ കാലത്ത്‌ വളർത്തുനായ്‌ക്കൾക്ക്‌ വാക്‌സിനെടുക്കാൻ പലരും തയ്യാറായില്ല. ഇക്കാലത്ത്‌ ഒട്ടേറെപ്പേർ പുതുതായി നായ്‌ക്കളെ വളർത്തിത്തുടങ്ങി. അവരും വാക്‌സിൻ നൽകിയില്ല. ഇതോടെയാണ്‌ റാബീസ്‌ ഫ്രീ കേരള വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയത്‌. ഇതിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തകരെയും സന്നദ്ധ സംഘടകളെയും കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
 
തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവർ

വീട്ടിലെ മാലിന്യംപോലെ വളർത്തുനായ്‌ക്കളെയും തെരുവിലേക്ക്‌ വലിച്ചെറിയുന്നവരുണ്ട്‌. പ്രായമാകുന്ന  നായ്‌ക്കളെയാണ്‌ കൂടുതലായി ഉപേക്ഷിക്കുന്നത്‌. വളർത്താനുള്ള പ്രയാസംകൊണ്ടും ചിലർ തെരുവിൽ വിടുന്നു. വീടുകളിൽ നല്ല പരിചരണത്തിൽ കഴിഞ്ഞ അവയ്‌ക്ക്‌ തെരുവ്‌ ഭാരമാകുന്നു. അനാവശ്യമായ ബ്രീഡിങ്ങാണ്‌ മറ്റൊരു പ്രശ്‌നം. നായകൾക്ക്‌ ഒറ്റ പ്രസവത്തിൽ ശരാശരി ആറ്‌ കുഞ്ഞുങ്ങളെവരെയുണ്ടാകും. കുഞ്ഞുങ്ങളിൽ ഒന്നിനെമാത്രം എടുത്ത്‌ അവശേഷിക്കുന്നവയെ പണം വാങ്ങിയോ അല്ലാതെയോ ആർക്കെങ്കിലും കൊടുക്കും. പലതിനെയും തെരുവിൽ തള്ളും. ഇത്തരം സന്ദർഭങ്ങളിൽ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുകയാണ്‌ വേണ്ടത്‌.

തുറന്നുവിടരുത്‌

വളർത്തുനായ്‌ക്കളെ തുറന്ന്‌ വിടുന്നതും പ്രശ്‌നമാകുന്നുണ്ട്‌. പകൽ തുറന്ന്‌ വിടുന്നവ ഏറെ അലഞ്ഞാണ്‌ തിരികെയെത്തുക. ഈ സമയം ഏതൊക്കെ നായ്‌ക്കളുമായി സമ്പർക്കം പുലർത്തി എന്നറിയാനാകില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top