26 April Friday

നർമവും മർമവും-ദിൽസെ;ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര പതിനാറാം ഭാഗം

പ്രഭാവർമ്മUpdated: Tuesday Dec 27, 2022

പാർലമെന്റ്‌ മന്ദിരം

ബ്രിട്ടീഷ് പാർലമെന്റിലെ(House of commons) നർമരസ പ്രധാനങ്ങളായ സംവാദങ്ങളെക്കുറിച്ച് വായിച്ച് ഏതാണ്ട് വ്യക്തമായ ഒരു ധാരണ നേരത്തെതന്നെ ഉറപ്പിച്ചിരുന്ന ഞാൻ അത്തരം നിമിഷങ്ങൾക്കുവേണ്ടി ലോകസഭയുടെയും രാജ്യസഭയുടെയും പ്രസ്‌ ഗ്യാലറികളിൽ കണ്ണുംകാതും കൂർപ്പിച്ച് ഇരിക്കുമായിരുന്നു. ഭരണ പ്രതിപക്ഷ ബഞ്ചുകളിൽ ഒരു ഗ്ലാഡ്സ്റ്റണെയോ ഡിസ്റയേലിയേയോ കാണാനുണ്ടോ എന്ന് ഞാൻ തിരഞ്ഞുകൊണ്ടേയിരുന്നു.

‘A man is not poor if he can still laugh’ -
‐ Hitchcock

അസാമാന്യമായ പ്രത്യുൽപ്പന്നമതിത്വവും നർമ ബോധവുംകൊണ്ട് ശ്രദ്ധേയമായിരുന്നു ആ ഘട്ടത്തിൽ ഇന്ത്യൻ പാർലമെന്റ്. ഉരുളയ്ക്കുപ്പേരിപോലുള്ള മറുപടികൾ, പുരാവൃത്ത പരാമർശങ്ങൾ, അനക്ഡോട്ടുകൾ, തമാശകൾ എന്നിവയൊക്കെ ചിതറിത്തിളങ്ങി നിൽക്കുമായിരുന്നു ഗൗരവമുള്ള വിഷയങ്ങളിലെ പ്രസംഗങ്ങളിൽപ്പോലും.

വെറുതെ പ്രസ്‌ ഗ്യാലറിയിൽ ഇരുന്നാൽ മതി, അറിവുകളും നർമങ്ങളും നമ്മുടെ മനസ്സിൽ വന്ന് നിറയും. വലിയ ഒരനുഭവമായിരുന്നു അത്. വാജ്പേയ്, മധുദന്തവാദെ, സുബ്രഹ്മണ്യ സ്വാമി, സത്യസാദൻ ചക്രവർത്തി എന്നുവേണ്ട, സ്പീക്കർ ബൽറാം ഝാക്കർവരെ അസാമാന്യമായ നർമ ബോധംകൊണ്ട് സഭയെ സജീവമാക്കിയിരുന്നു. 

ബ്രിട്ടീഷ് പാർലമെന്റിലെ (House of commons) നർമരസപ്രധാനങ്ങളായ സംവാദങ്ങളെക്കുറിച്ച് വായിച്ച് ഏതാണ്ട് വ്യക്തമായ ഒരു ധാരണ നേരത്തെതന്നെ ഉറപ്പിച്ചിരുന്ന ഞാൻ അത്തരം നിമിഷങ്ങൾക്കുവേണ്ടി ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രസ്‌ ഗ്യാലറികളിൽ കണ്ണുംകാതും കൂർപ്പിച്ച് ഇരിക്കുമായിരുന്നു.

ഭരണ പ്രതിപക്ഷ ബഞ്ചുകളിൽ ഒരു ഗ്ലാഡ്സ്റ്റണെയോ ഡിസ്റയേലിയേയോ കാണാനുണ്ടോ എന്ന് ഞാൻ തിരഞ്ഞുകൊണ്ടേയിരുന്നു.

മധുദന്തവാദെ

മധുദന്തവാദെ

ബ്രിട്ടീഷ് പാർലമെന്റിന്റെ കാര്യമിരിക്കട്ടെ, വായിച്ചുമാത്രം അറിഞ്ഞിട്ടുള്ള റാം മനോഹർ ലോഹ്യയെയും ആചാര്യ കൃപലാനിയെയും പിലുമോദിയെയും ജി എസ് ധില്ലനെയും പോലുള്ളവരെങ്കിലുമുണ്ടോ എന്ന് ഓരോ പാർലമെന്ററി ഡിബേറ്റിലും ഞാൻ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും നിരാശയായിരുന്നു ഫലമെങ്കിലും ചിലപ്പോഴൊക്കെ മനസ്സിൽ പുഞ്ചിരി വിടർത്തുന്ന മുഹൂർത്തങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

ഒരിക്കൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ നടക്കുന്നു. ഉള്ളിയുടെ കുത്തനെയുള്ള വിലക്കയറ്റത്തെക്കുറിച്ചുപറയാൻ ഒരു രാജ്യസഭാംഗം എത്തിയത് ഉള്ളിമാല കഴുത്തിലണിഞ്ഞുകൊണ്ടായിരുന്നു. ഇതുകണ്ട സഭാധ്യക്ഷൻ എം ഹിദായത്തുള്ള പറഞ്ഞു: “ചർച്ച ചെരുപ്പുകളെക്കുറിച്ചുള്ളതാവാതിരുന്നത് നന്നായി”.

സ്പീക്കറായിരിക്കെ അനന്തശയനം അയ്യങ്കാർ ദീർഘ ദീർഘമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഡോ. എസ് രാധാകൃഷ്ണൻ “താങ്കളുടെ പേര് സത്യത്തിൽ അനന്തവചനം അയ്യങ്കാർ എന്നാവേണ്ടതായിരുന്നു” എന്നുപറഞ്ഞതായി കേട്ടറിഞ്ഞിട്ടുണ്ട്. “ഭൂരിപക്ഷം എന്റെ കൂടെയാണ്” എന്നുപറഞ്ഞ ജവഹർലാൽ നെഹ്റുവിനോട് “പക്ഷേ, യുക്തി എന്റെകൂടെയാണ്” എന്നുപറഞ്ഞ രാജാജിയെക്കുറിച്ചും കേട്ടിരിക്കുന്നു.

കേരളത്തിൽനിന്നുള്ള ഒരു രാജ്യസഭാംഗം ഭക്ഷ്യ മായംചേർക്കൽ തടയൽ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിച്ചതത്രയും വ്യഭിചാരത്തെക്കുറിച്ചായി. അഡൽറ്ററേഷൻ ആണല്ലോ ഭക്ഷ്യ മായംചേർക്കൽ. എന്നാൽ ആ വാക്കല്ല സഭാംഗത്തിന്റെ നാവിൽ വന്നത്. അത് അഡൽറ്ററി ആയിപ്പോയി. അങ്ങനെ ഭക്ഷ്യ മായംചേർക്കൽ വ്യഭിചാരമായി മാറി. “When I am on your leg, you should sit down” എന്ന് നിരന്തരം പറയുമായിരുന്ന ഒരു ഡെപ്യൂട്ടി സ്പീക്കറെ ലോക്‌സഭയിൽ കണ്ടിട്ടുണ്ട്.

ഡോ.സുബ്രഹ്മണ്യംസ്വാമി ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഇടക്കിടെ ഇടപെട്ട് ‘സ്വാമി അമേരിക്കൻ ഏജന്റാണ്’ എന്നുപറഞ്ഞുകൊണ്ടിരുന്ന

സെയ്ഫുദീൻ ചൗധരി

സെയ്ഫുദീൻ ചൗധരി

സെയ്ഫുദീൻ ചൗധരിയോട്  ‘അടുത്ത തവണ ഞാൻ അമേരിക്കയിൽ പോകുമ്പോൾ താങ്കളെ കൊണ്ടുപോയി അവിടെ ഉപേക്ഷിച്ചേക്കാം’ എന്ന് സ്വാമി മറുപടി പറഞ്ഞു

. സെയ്ഫുദീൻ താമസിച്ചിരുന്നത് വിതൽഭായ് പട്ടേൽ ഹൗസിലെ എന്റെ ഫ്ലാറ്റിനോടുചേർന്ന ഫ്ലാറ്റിലാണ്. രാത്രിയിൽ ഒരുമിച്ചിരുന്ന നിമിഷങ്ങളിൽ സ്വാമിയുടെ പരാമർശം ഞാൻ എടുത്തിട്ടു. സെയ്ഫുദീൻ പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പൊഴും അത് ആസ്വദിച്ചു.

കേരളത്തിൽ നിന്നുള്ള ഒരു വിദേശകാര്യ സഹമന്ത്രിയോട് സുബ്രഹ്മണ്യം സ്വാമി ഒരിക്കൽ ചോദിച്ചു “പാക്കിസ്ഥാൻ നിരന്തരം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുകയാണ്.

നിങ്ങൾ എന്തുനടപടി സ്വീകരിച്ചു?” മന്ത്രി ഒരു നിമിഷം എന്തുപറയണമെന്നറിയാതെ എഴുന്നേറ്റ് വിളറി നിന്നു. ഉദ്യോഗസ്ഥ ഗ്യാലറിയിൽ നിന്ന് അപ്പോൾ അദ്ദേഹത്തിനൊരു കുറിപ്പു കിട്ടി.

അത് നിവർത്തി അദ്ദേഹം ഇങ്ങനെ വായിച്ചു: “ഞങ്ങൾ എയർ ഇന്ത്യയെക്കൊണ്ട് അവരുടെ പ്രചാരണത്തെ നിരീക്ഷിക്കുന്നുണ്ട്.” പൊടുന്നനെ സ്വാമി എഴുന്നേറ്റു: “എയർ ഇന്ത്യക്ക് ഇതിൽ എന്താണുകാര്യം?” സത്യത്തിൽ എഐആർ (ഓൾ ഇന്ത്യാ റേഡിയോ) എന്നു കണ്ടയുടൻ എയർ ഇന്ത്യ എന്ന്‌ വായിച്ചതായിരുന്നു മന്ത്രി.

സുബ്രഹ്മണ്യം സ്വാമി

സുബ്രഹ്മണ്യം സ്വാമി

ബ്രിട്ടീഷ് പാർലമെന്റിലോ ഇന്ത്യയുടെതന്നെ മുൻ ലോക്‌സഭകളിലോ ഉണ്ടായിട്ടുള്ള ഉയർന്ന നിലവാരത്തിലുള്ള നർമ സംവാദങ്ങൾ അതേ നിലവാരത്തിൽ ഇന്ത്യൻ പാർലമെന്റിൽ ഈ ഘട്ടത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയം. ഒന്നു ബ്രിട്ടീഷ് പാർലമെന്റിലേക്കു പോയിവരാം.

നിരന്തരം ഏറ്റുമുട്ടിയിരുന്ന രണ്ട്‌ രാഷ്ട്രീയ നേതാക്കളാണ് ബഞ്ചമിൻ ഡിസ്റയേലിയും (Benjamin Disraeli) വില്യം ഗ്ലാഡ്സ്റ്റണും (William Ewart Gladstone). രാഷ്ട്രീയ രംഗത്ത്‌ വിരുദ്ധ ധ്രുവങ്ങളിൽ നില്ക്കുന്നവർ തമ്മിൽ സ്വാഭാവികമായുണ്ടാവുന്നതിൽ കവിഞ്ഞ വ്യക്തിപരമായ ശത്രുത കൂടി ഇവർക്കിടയിൽ നിലനിന്നു; മൂന്നുപതിറ്റാണ്ടോളം.

വിക്ടോറിയൻ രാഷ്ട്രീയം ചരിത്രത്തിൽ അടയാളപ്പെട്ടത് ഇവരുടെ ശത്രുതകൊണ്ടുകൂടിയാണ്. ഡിസ്റയേലി ലിബറൽ നേതാവ്, ഗ്ലാഡ്സ്റ്റൺ കൺസർവേറ്റീവ് നേതാവ്.

വില്യം ഗ്ലാഡ്-സ്റ്റൺ

വില്യം ഗ്ലാഡ്-സ്റ്റൺ

ഇരുവരും വ്യത്യസ്ത ഘട്ടങ്ങളിൽ ബ്രിട്ടന്റെ പ്രധാനമന്ത്രിമാർ. ഒരാൾ പ്രധാനമന്ത്രിയായി ട്രഷറി ബഞ്ചിലിരിക്കുമ്പോൾ മറ്റേയാൾ പ്രതിപക്ഷ നേതാവായി മറുപക്ഷത്ത്. ഇങ്ങനെ മാറിയും തിരിഞ്ഞും ഏറെ വർഷങ്ങൾ. ഗ്ലാഡ്സ്റ്റൺ വലിയ ധാർമിക വാദി. ധാർമികതയുടെ പേരിൽ പലവട്ടം അധികാരം ത്യജിച്ചയാൾ. ഡിസ്റയേലിയാകട്ടെ, കരുനീക്കങ്ങളിലൂടെ ഉയർന്നുയർന്നുപോയ ആൾ.

ഈ ഉയർന്നുപോക്കിന് ഇംഗ്ലീഷിൽ ഒരുphrase ഉണ്ട് ‘plotting ones way up the greasy pole!' greasy pole   ഡിസ്റയേലിയുടെ തന്നെ പ്രയോഗമാണ്. രാഷ്ട്രീയമായി പ്രയോജനപ്പെടുന്ന ബന്ധങ്ങളെ വളർത്തിയെടുത്തു നേട്ടം കൊയ്യുന്ന ആ പ്രക്രിയയിൽ വിക്‌ടോറിയാ രാജ്ഞിയുമായും നല്ല ബന്ധം സ്ഥാപിച്ചു ഡിസ്റയേലി. അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ വന്നതുതന്നെ പാർലമെന്റംഗം എന്ന immunity ഉപയോഗിച്ച്‌ ജയിലിൽ പോകുന്നതൊഴിവാക്കാനായിരുന്നു. വലിയ കടബാധ്യത ഉണ്ടാക്കിയ കേസുകളിൽപ്പെട്ടുഴലുകയായിരുന്നു അദ്ദേഹം. അന്ന് ഡിസ്റയേലി ഗ്ലാഡ്സ്റ്റണെക്കുറിച്ച്  ‘Arch Villain'  എന്ന്‌ വിശേഷിപ്പിച്ചപ്പോൾ ഗ്ലാഡ്സ്റ്റൺ ഡിസ്റയേലിയെക്കുറിച്ച്‌ പറഞ്ഞത്,‘Worst and most immoral minister'  എന്നാണ്.

ബഞ്ചമിൻ ഡിസ്---റയേലി

ബഞ്ചമിൻ ഡിസ്---റയേലി

ഗ്ലാഡ്സ്റ്റൺ ഹോമറുടെ കൃതികളെക്കുറിച്ച്‌ ഗവേഷണത്തിലേർപ്പെട്ടപ്പോൾ ഡിസ്റയേലി പൈങ്കിളി നോവൽ എഴുതി പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ നേതാവായാൽ പോര, സാഹിത്യനായകൻ കൂടിയാകണമെന്നതായിരുന്നു പൂതി!

ഡിസ്റയേലി നല്ല പ്രസംഗകനായിരുന്നു. വാക്കുകൾ അനർഗളം ഒഴുകും. അതിൽ അതുവരെ കേട്ടിട്ടില്ലാത്ത വാക്കുകൾ പോലുമുണ്ടാവും. ഈ പ്രവാഹത്തെ നേരിടാൻ ഗ്ലാഡ്സ്റ്റൺ വിഷമിച്ചു.

അതുകൊണ്ടുതന്നെ കഴമ്പില്ലാത്തതാണ്‌ ഡിസ്റയേലിലൂടെ പ്രസംഗമെന്നും വാക്കുകൾ കൊണ്ടുള്ള കാടു സൃഷ്ടിക്കൽ എന്നതിനപ്പുറം അതിൽ കഥയേതുമില്ലെന്ന്‌ പറയുമായിരുന്നു ഗ്ലാഡ്സ്റ്റൺ  ''Full of sound and fury, signifying nothing' എന്നു ഷേക്സ്പിയർ പറഞ്ഞിട്ടില്ലേ, അതിലേതുപോലെ!
അങ്ങനെയിരിക്കുമ്പോഴാണ്, പാർലമെന്റിലെ ഒരു പ്രസംഗത്തിൽ ഡിസ്റയേലി Catastrophe and calamity എന്നു പ്രയോഗിച്ചത്. ഉടൻ ഒരു വടി കിട്ടിയാലെന്ന പോലെ ഗ്ലാഡ്സ്റ്റൺ എഴുന്നേറ്റു. വാക്കുകളുടെ അനാവശ്യമായ ആവർത്തനമാണ് ഡിസ്റയേലി നടത്തുന്നത് എന്നും Catastrophe  എന്ന്‌ പറഞ്ഞു കഴിഞ്ഞാൽ calamity  എന്നുപ്രയോഗിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവാക്കുകൾക്കും ഒരേ അർഥമാണ്. അർഥമില്ലാത്ത വാക്കുകളുടെ വെടിക്കെട്ടുസൃഷ്ടിച്ച് സഭയുടെ വിലപ്പെട്ട സമയം കളയരുത് ‐ ഗ്ലാഡ്സ്റ്റൺ പറഞ്ഞു.

ഡിസ്റയേലി ആകട്ടെ, തന്റെ ഭാഗം ഇങ്ങനെ ന്യായീകരിച്ചു. 'രണ്ടു വാക്കുകളും ഒരേ അർഥമുള്ളതാണെന്ന് ബുദ്ധിയില്ലാത്തവർക്കുതോന്നും. എന്നാൽ, രണ്ടിനും രണ്ട് അർഥച്ഛായകളുണ്ട്. ബുദ്ധിയുള്ളവർക്കേ അത്‌ മനസ്സിലാവൂ!’ എങ്കിൽ ആ അർഥ വ്യത്യാസങ്ങൾ വിശദീകരിച്ചു ബോധ്യപ്പെടുത്തണമെന്നായി ഗ്ലാഡ്സ്റ്റൺ. അതിനെന്താ വിഷമം എന്നുചോദിച്ച് ഡിസ്റയേലി തുടർന്നു:

"If Gladstone falls in to English Canal, that would be a catastrophe, and if somebody pulls out and rescues him, that I suppose, would be a calamity!’സഭയാകെ ഒരു പൊട്ടിച്ചിരിയിലമർന്നു. അതിനുവീണ്ടും തിരികൊളുത്തുംപോലെ ഡിസ്റയേലി തുടർന്നു! 'സർ, catastrophe ഒരാളുടെ വ്യക്തി ജീവിതത്തെ മാത്രം ബാധിക്കുന്ന ദുരന്തമാണ്, എന്നാൽcalamity ഒരു സമൂഹത്തെയാകെ ബാധിക്കുന്ന ദുരന്തമാണ്.ഗ്ലാഡ്സ്റ്റൺ ഇംഗ്ലീഷ് കനാലിൽ വീണാൽ അത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന ദുരന്തം! അവിടെ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതോ, നാടിനെയാകെ ബാധിക്കുന്ന ദുരന്തം!’ ഏതായാലും തന്റെ മരണത്തെക്കുറിച്ച്‌ നർമം കലർത്തിയാണെങ്കിലും ഇങ്ങനെ പറഞ്ഞ ഡിസ്റയേലി മരിച്ചപ്പോൾ ഗ്ലാഡ്സ്റ്റൺ സംസ്കാരച്ചടങ്ങിനുപോയില്ല എന്നത്‌ ചരിത്രം! എന്തോ മുടന്തൻ കാരണം പറഞ്ഞൊഴിഞ്ഞു.

ഈ സംഭവകഥയിലെ  catastrophe എന്ന വാക്കിനുപകരം ഡിസ്റയേലി പറഞ്ഞത്misfortune  എന്നാണെന്നും ഇംഗ്ലീഷ് കനാൽ എന്നതിനു പകരം ഉപയോഗിച്ച വാക്ക് തെംസ് നദി എന്നാണെന്നും ഒരു പാഠഭേദം ഉണ്ട്. അതവിടെ നിൽക്കട്ടെ.

പാർലമെന്റിലേക്കുള്ള ഒറ്റയടിപ്പാതയിൽ ഡിസ്റയേലിയും ഗ്ലാഡ്സ്റ്റണും മുഖത്തോടുമുഖം വന്നുനിന്നു. ഒരാൾ മാറിയാലേ മറ്റെയാൾക്കു പോകാനാവൂ. ഗ്ലാഡ്സ്റ്റൺ പറഞ്ഞു “ഞാൻ വിഡ്ഢികൾക്കുവേണ്ടി വഴിമാറിക്കൊടുക്കാറില്ല”. ഉടൻ വന്നു ഡിസ്റയേലിയുടെ മറുപടി “ഞാൻ അതുചെയ്യാറുണ്ട്”.

ഡിസ്റയേലി ഇതുപറഞ്ഞുകൊണ്ട് വഴിമാറിക്കൊടുത്തു. ഹൗസ് ഓഫ് കോമൺസിൽ പുതുതായി വന്ന ഒരു വനിതാ അംഗം വിൻസ്റ്റൺ ചർച്ചിലിനോടു പറഞ്ഞു; “നിങ്ങൾ എന്റെ ഭർത്താവായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് വിഷം തന്നേനെ”. ഉടൻ ചർച്ചിൽ തിരിച്ചടിച്ചു; “നിങ്ങളുടെ ഭർത്താവ് ഞാനായിരുന്നെങ്കിൽ തരുന്ന നിമിഷം തന്നെ ഞാൻ അത് കഴിച്ചേനെ”.

ലോക്‌സഭയുടെ ദൃശ്യം

ലോക്‌സഭയുടെ ദൃശ്യം

ഈ നിലവാരത്തിലുള്ള നർമ ഭാഷണങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അധികം ഉണ്ടായിട്ടുണ്ടെന്ന് പറകവയ്യ. സംസാരിച്ചുകൊണ്ടിരിക്കെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന ജെ സി ജെയിനിനോട് “സ്റ്റോപ്പ് ബാർക്കിങ്” എന്ന് പിലുമോഡി ശബ്ദമുയർത്തിപ്പറഞ്ഞു. ആ പ്രയോഗം രേഖയിലുണ്ടാവില്ല എന്ന്‌ സ്പീക്കർ റൂളിങ് നൽകിയപ്പോൾ “എങ്കിൽ അത് സ്റ്റോപ്പ് ബ്രേയിങ് എന്നാക്കി മാറ്റിയേക്കാം” എന്നായി പിലുമോഡി.ആ ഭേദഗതി ജെയിനും സ്പീക്കറും അടക്കം എല്ലാവരും അംഗീകരിച്ചു. ബ്രേയിങ് എന്നത് കഴുതയുടെ കരച്ചിലാണ് എന്നുള്ളത് ആരും മനസ്സിലാക്കിയില്ല. പിലുമോഡി ചിരിച്ചുകൊണ്ട് ഇരുന്നു.

അക്സായി ചിഹ്ൻ എന്ന പ്രദേശത്തെക്കുറിച്ച് “അത് പുല്ലുമുളയ്ക്കാത്ത മൊട്ടക്കുന്ന് മാത്രമാണ്” എന്നുപറഞ്ഞ ഒരു പ്രധാനമന്ത്രിയോട് മഹാവീർ ത്യാഗി സ്വന്തം തൊപ്പിയൂരി തലയിലേക്ക്‌ ചൂണ്ടിക്കൊണ്ട് പറഞ്ഞു; “ഒരു രോമം പോലുമില്ല ഈ തലയിൽ. അതുകൊണ്ട് ഈ തല വിദേശികൾ വന്ന് വെട്ടിക്കൊണ്ടു പോകട്ടെ എന്നാണോ?”

മിക്കവാറും ഘട്ടങ്ങളിലെല്ലാം വിദേശത്തായിരുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഒരു നാൾ സഭയിൽ വന്നപ്പോൾ തെലുഗു ദേശം എംപി ആയിരുന്ന പി ഉപേന്ദ്ര എഴുന്നേറ്റ് നിന്ന്‌ ഭവ്യതയോടെ പറഞ്ഞു; “പ്രധാനമന്ത്രിക്ക് ഇന്ത്യയിലേക്കു സ്വാഗതം”. രാജീവിനേക്കാൾ കൂടുതലായി മിക്കപ്പോഴും വിദേശത്തു കഴിയുന്ന നരേന്ദ്ര മോദിയോട് ഒരാളും സഭയിൽ ഈ വിധത്തിൽ ഒന്നും പറയുന്നില്ല എന്നത് സഭയുടെ നർമബോധത്തിനുനേർക്ക് ഉയരുന്ന ചോദ്യമാണ്.

കരൺസിങ് ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ ഡോക്ടർമാരുടെ സമരം നീണ്ടുനീണ്ടുപോയി. അപ്പോൾ ഒരു പ്രതിപക്ഷ അംഗം എഴുന്നേറ്റു ചോദിച്ചു; “അങ്ങ് വെറും കരൺസിങ് ആണോ കുംഭകരൺ സിങ് ആണോ?” കുംഭകർണൻ ഉറക്കത്തിനു പ്രസിദ്ധനാണല്ലൊ.

തനിക്കും തന്റെ തൊട്ടടുത്തിരിക്കുന്ന വനിതാ അംഗത്തിനും തങ്ങൾ അവിവാഹിതരാണെന്നതുകൊണ്ട് ഈ ബില്ലിൽ നിന്നും ഒരു പ്രയോജനവും ഉണ്ടാവാനില്ല എന്നു പറഞ്ഞ അംഗത്തോട് സ്പീക്കർ പറഞ്ഞു; “നിങ്ങളുടെ പ്രശ്നം നിങ്ങൾക്കുതമ്മിൽ തമ്മിൽ പരിഹരിക്കാമല്ലൊ”. സ്പീക്കർ ബെൽ മുഴക്കിയാൽ 15 മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ചുകൊള്ളാം എന്ന് ഏറ്റ മധുദന്തവാദയോട് സമയം കഴിഞ്ഞിട്ടും പ്രസംഗം നീളുന്നതായി കണ്ട സ്പീക്കർ പറഞ്ഞു; “ഞാൻ ഇപ്പോൾ ബെൽ മുഴക്കിയാൽ പിന്നെയും നിങ്ങൾ 15 മിനിറ്റ് പ്രസംഗിക്കുമല്ലൊ”.

വടിയുമായി സഭയിൽ വന്ന ഒരംഗത്തോട്; “ഒരുവിധത്തിലുള്ള സ്റ്റിക്കും അനുവദിക്കാനാവില്ല” എന്നു പറഞ്ഞ സ്പീക്കർ ബൽറാം ഝാക്കറോട് മധുദന്തവാദെ എഴുന്നേറ്റു ചോദിച്ചു; “ലിപ്സ്റ്റിക്കിനും അത് ബാധകമാണോ സാർ”. ലിപ്സ്റ്റിക്കണിഞ്ഞ ഭാര്യ പ്രമീള ദന്തവാദെ തൊട്ടടുത്തിരുന്നു ചിരിക്കുന്നുണ്ടായിരുന്നു.

ബൽറാം ഝാക്കർ

ബൽറാം ഝാക്കർ

“നിങ്ങൾ നിയമകാര്യത്തിൽ വെറും ശിശുവാണ്” എന്നുപറഞ്ഞ സീനിയർ പാർലമെന്റ് അംഗത്തോട്; “അങ്ങയെ ഞാൻ ഫാദർ ഇൻ ‘ലോ’ ആയി അംഗീകരിക്കാം” എന്ന് ഒരു വനിതാ മെമ്പർ മറുപടി പറഞ്ഞു. “ഞാൻ ഒരേ ചോദ്യം നിരവധി കാലമായി ചോദിക്കുന്നു. ഒരേ മറുപടി തന്നെ ഇവർ തന്നുകൊണ്ടുമിരിക്കുന്നു” എന്നു പരാതി പറഞ്ഞ അംഗത്തോട് “എന്തൊരു കൺസിസ്റ്റൻസി” എന്ന ഒരു മറുപടി പറഞ്ഞു സ്പീക്കർ ബൽറാം ഝാക്കർ.നരസിംഹറാവു വിദേശകാര്യ വകുപ്പ് വിട്ട് ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോൾ എ കെ റോയ് സംബോധന ചെയ്തത് ഇങ്ങനെയാണ്. “അവർ ഡിസ്റ്റിൻഗ്യൂഷ്ഡ് ഹോം മിനിസ്റ്റർ ആന്റ് എക്സ്റ്റിൻഗ്യൂഷ്ഡ് എക്സ്റ്റേർണൽ അഫേഴ്സ് മിനിസ്റ്റർ”. “ശ്രീരാമൻ 12 വർഷത്തെ വനവാസത്തിനുപോയി” എന്നുപറഞ്ഞ അംഗത്തോട്; “രാമനെ എനിക്കറിയാം. 14 വർഷത്തെക്കാണ് പോയത്” എന്ന് മറുപടി പറഞ്ഞ അംഗത്തിന്റെ പേര് ലക്ഷ്മൺ എന്നതായിരുന്നു.

“കർക്കശക്കാരനായ വെജിറ്റേറിയൻ ആയിരുന്നുകൊണ്ട് ഇത്ര വലിയ ശരീരത്തെ നിലനിർത്താൻ എങ്ങനെ കഴിയുന്നു” എന്ന ചോദ്യത്തിന്‌ മറുപടിയായി; സ്പീക്കറായിരുന്ന ബൽറാം ഝാക്കർ ഒരിക്കൽ പറഞ്ഞു; “ആന വെജിറ്റേറിയനാണെന്ന് അങ്ങയ്ക്ക് അറിയില്ലേ?”. 

കേരളത്തിൽ മുഖ്യമന്ത്രി പനമ്പള്ളി ഗോവിന്ദ മേനോൻ “ഈ കസേരയിൽ ഇരിക്കണമെങ്കിൽ അടുത്ത ജന്മം താങ്കൾ ഒരു കീടമായി ജനിക്കണം” എന്ന് ടി വി തോമസിനോട്‌ പറഞ്ഞതായും “ഈ ജന്മത്തിൽത്തന്നെ താങ്കൾക്ക് അതുസാധ്യമായല്ലോ” എന്ന് ടി വി തോമസ് മറുപടി പറഞ്ഞതായും കേട്ടിട്ടുണ്ട്.

“അമേരിക്ക നൽകുന്ന ആയുധം പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിക്കില്ല” എന്നു പറഞ്ഞ അംഗത്തോട്  “ഞാൻ ഇതുവരെ ഒരു വെജിറ്റേറിയൻ കടുവയെ കണ്ടിട്ടില്ല” എന്ന് മറ്റൊരു അംഗം പറഞ്ഞതും ഓട്ടോമൊബൈലുകളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് “ഇന്ത്യൻ വാഹനങ്ങളിൽ ശബ്ദമുണ്ടാക്കാത്തതായി ഒരു ഭാഗം മാത്രമേയുള്ളൂ”. അത് ഹോൺ ആണ് എന്ന് ഒരു അംഗം പറഞ്ഞതും ചരിത്രം.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ കേരളത്തോട്‌ ചിറ്റമ്മ നയമാണ്‌ കൈക്കൊണ്ടിരുന്നത് എന്നുപറഞ്ഞ ഒരംഗത്തോട്, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അതു മാറിക്കാണുമല്ലൊ അല്ലേ എന്നുചോദിച്ചതു മധുദന്തവാതെയാണ്; മധുദന്തവാതെ കൂട്ടിച്ചേർത്ത, ചിറ്റമ്മ നയം ചിറ്റപ്പൻ നയമായി മാറിക്കാണുമെന്നാ ഞാൻ ഉദ്ദേശിച്ചത്!

സീസൺസ് പാർലമെന്റേറിയൻ എന്ന് ഒരംഗത്തെ വിശേഷിപ്പിച്ച വ്യക്തിയോട് മറ്റൊരംഗം ചോദിച്ചു സീസൺസോ, അതോ സീസൺ പാർലമെന്റേറിയനോ?
അവിശ്വാസപ്രമേയ ചർച്ചയിൽ ക്ഷുഭിതയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് പ്രൊഫ. മധുദന്തവാതെ പറഞ്ഞു: കഴിഞ്ഞ ദിവസം ടെലിവിഷനിൽ കണ്ടപ്പോൾ എത്ര മധുരമായ പെരുമാറ്റമായിരുന്നു മാഡത്തിന്റേത്? ഇന്ദിരാഗാന്ധി ചിരിച്ചു.

ഉടൻ, അതുവരെ ക്ഷുഭിതരായിരുന്ന കോൺഗ്രസ് അംഗങ്ങളാകെ ചിരിച്ചു. അപ്പോൾ ദന്തവാതെ: ‘നോക്കൂ മാഡം; എന്തൊരു അടിമകളാണു നിങ്ങളുടെ അനുയായികൾ? അവർക്ക് ഒന്നു ചിരിക്കണമെങ്കിൽ പോലും നിങ്ങളുടെ മുഖത്തേക്ക്‌ നോക്കണം; നിങ്ങളുടെ മുഖത്തു ചിരിയുണ്ടോ എന്നുനോക്കണം’. സഭയാകെ നിശ്ശബ്ദമായി!.(തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top