26 April Friday

മനഃസാക്ഷിയും ധാർമികതയും -ദിൽസെ;ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര പതിനാലാം ഭാഗം

പ്രഭാവർമ്മUpdated: Saturday Dec 17, 2022

ഭോപാൽ ദുരന്തത്തിലെ ഇരകൾ

 

സത്യത്തിൽ ഒരു പത്രപ്രവർത്തകൻ തനിക്ക് എന്തുപറ്റും എന്നുനോക്കാതെ, അത്തരം രംഗങ്ങളിലേക്ക് പാഞ്ഞു ചെല്ലേണ്ടതാണ്. എനിക്ക് എന്തോ, ആ അർഥത്തിൽ നല്ല പത്രപ്രവർത്തകനാകാൻ കഴിഞ്ഞിട്ടില്ല. ഏതാണ്‌ ധർമം? ഏതാണധർമം? ചില സന്ദിഗ്ധ ഘട്ടങ്ങളിൽ തീർപ്പുകൽപ്പിക്കാൻ വിഷമം വരും.

‘Rise above principle and do what’s right’
                                                               – Walter Heller

ഒരു വിദേശയാത്ര കഴിഞ്ഞുവരുമ്പോൾ വിമാനത്തിലുണ്ടായ ഒരു സീൻ മറക്കാനാവുന്നതല്ല. കേരളത്തിൽനിന്നുള്ള ഒരു രാഷ്ട്രീയ നേതാവുണ്ടായിരുന്നു അതേ വിമാനത്തിൽ. അദ്ദേഹം നന്നായി മദ്യപിച്ച നിലയിലായിരുന്നു. അർധരാത്രി കഴിഞ്ഞ സമയം. ഉറക്കത്തിലായിരുന്ന എല്ലാവരും ഒരു എയർ ഹോസ്റ്റസിന്റെ നിലവിളികേട്ട്‌ ഞെട്ടിയുണർന്നു. ആ നേതാവിനെ തുടരെ ഭർത്സിച്ചുകൊണ്ട് അവർ കോക്പിറ്റിന്റെ ഭാഗത്തേക്ക്‌ പാഞ്ഞുപോകുന്നതാണ് കണ്ടത്. പിന്നീട് ആകെ ഒരു കോലാഹലം!

നേതാവ് ആ എയർഹോസ്റ്റസിനെ മാനഭംഗപ്പെടുത്തുന്ന വിധത്തിൽ പെരുമാറിയത്രെ. വിമാന ജീവനക്കാരാകെ അയാളുടെ ചുറ്റും! യാത്രക്കാരും അവിടേക്ക്. നേതാവ് മുഖം പൊത്തിയിരുന്നു. എയർ ഹോസ്റ്റസ് പെട്ടെന്നുതന്നെ പരാതി തയ്യാറാക്കി. വിമാനം ലാൻഡ്‌ ചെയ്തു. നേതാവ് അവിടെ തടഞ്ഞുവെക്കപ്പെട്ടു. പരാതിയുടെ പകർപ്പ് എടുത്ത്, സാക്ഷികളായവരുടെ അഭിപ്രായവും ശേഖരിച്ചാണ് ഞാൻ എയർപോർട്ടിൽനിന്ന്‌ പോയത്.

പിറ്റേന്ന്‌ ഞാൻ വിശദമായ വാർത്ത തയ്യാറാക്കി ടെലിപ്രിന്ററിനടുത്തിരിക്കുമ്പോൾ നേതാവിന്റെ ഫോൺകോൾ  : വർമ ആ വാർത്ത കൊടുക്കരുത്. ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. എന്റെ മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. ഇപ്പോൾ ഇങ്ങനെയൊരു വാർത്ത വന്നാൽ അതുമുടങ്ങും. അവൾ ആത്മഹത്യ ചെയ്യും. പിന്നെ ഞാൻ ഉണ്ടാവുകയുമില്ല.

ഞാൻ ഒരു നിമിഷം ആലോചിച്ചു. മനസ്സിൽ തെളിഞ്ഞത് നിരപരാധിയായ ഒരു പെൺകുട്ടിയുടെ തൂങ്ങിയാടുന്ന ജഡമാണ്. ആ ദൃശ്യം മനസ്സിൽ നിന്നുപോവുന്നില്ല. ഒടുവിൽ ഞാൻ ആ വാർത്ത കൊടുക്കേണ്ടതില്ല എന്ന്‌ നിശ്ചയിച്ചു. ഞാൻ അതുകൊടുക്കുന്നില്ലെങ്കിൽ, ആ വാർത്ത വെളിച്ചം കാണില്ല. കാരണം, ആ വിമാനത്തിലുണ്ടായ കാര്യം നേരിട്ടറിഞ്ഞ ഏക മലയാളി ഞാനാണ്. മലയാളിക്കല്ലാതെ ഇയാൾ വലിയ നേതാവാണെന്നറിയുകയുമില്ല.

ഞാൻ ഒരു നിമിഷം മനസ്സിലിങ്ങനെ സങ്കൽപ്പിച്ചു. പിറ്റേന്ന് പത്രത്തിൽ അയാളുടെ ഫോട്ടോ സഹിതം ചിത്രം വാർത്തയായി വരുന്നു. അയാളുടെ മകൾ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ, ആ മരണം ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടില്ലേ? പത്രപ്രവർത്തനത്തിന്റെ ധാർമികത അനുവദിക്കുന്നുവോ ഇല്ലയോ എന്ന് എനിക്കറിയില്ല.

ഏണസ്റ്റ് ഹെമിങ്വേ

ഏണസ്റ്റ് ഹെമിങ്വേ

ഏതായാലും ഞാൻ ആ വാർത്ത കൊടുത്തില്ല. ആ കുട്ടിയുടെ വിവാഹം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെ മംഗളകരമായി നടക്കുകയും ചെയ്തു. അവർ സന്തോഷമായി ജീവിക്കുന്നു!  What is moral is what you feel good after words and what is immoral is what you feel bad after words” എന്നുപറഞ്ഞത് ഏണസ്റ്റ് ഹെമിങ്വേ ആണ്.

പത്രപ്രവർത്തനത്തിലെ ധാർമികതയുടെ പ്രശ്നം മുമ്പിൽ വന്ന മറ്റൊരു നിമിഷം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ഡി വിജയമോഹനുമായി ബന്ധപ്പെട്ടുണ്ടായതാണ്.

എക്സ്ക്ലൂസീവ് വാർത്തകൊണ്ട്‌ വായനാസമൂഹത്തെ ഞെട്ടിക്കുകയും അതിലൂടെ ലഭിക്കുന്ന ക്രെഡിറ്റിൽ അതിരുവിട്ട് അഭിമാനിക്കുകയും ചെയ്യാൻ താൽപ്പര്യപ്പെടുന്നവരാണ് പൊതുവെ പത്രക്കാർ. വാർത്ത കൊടുക്കുന്നതിലല്ലാതെ അത് വ്യക്തിമനസ്സുകളെ, വ്യക്തി ജീവിതങ്ങളെ എങ്ങനെ ബാധിക്കും എന്നത് അധികംപേർ ചിന്തിക്കാറില്ല എന്നർഥം.

ഏതാണ്‌ ധർമം? ഏതാണധർമം? ചില സന്ദിഗ്ധ
ഘട്ടങ്ങളിൽ തീർപ്പുകൽപ്പിക്കാൻ വിഷമം വരും.
“ശിരസ്സു കൈകളാൽ താങ്ങി
ചൊല്ലുന്നു ഗുരുഃദുഷ്കരം
മനീഷികൾക്കും കണ്ടെത്താൻ
ധർമത്തിൻ ഗഹനം ഗതി!” എന്ന് കവി വിഷ്ണുനാരായണൻ നമ്പൂതിരി.

എന്നാൽ, എന്ത്‌ ചെയ്യുമ്പൊഴും അത്‌ ബാധിക്കാനിടയുള്ള മനസ്സുകളെക്കൂടി മനസ്സിൽക്കണ്ട് വാർത്തയെ സമീപിക്കുന്ന മനുഷ്യത്വത്തിന്റെ സമുന്നതമായ രീതിയാണ് ഡി വിജയമോഹൻ എന്നും അനുവർത്തിച്ചത്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ഒന്നുമാത്രം ചൂണ്ടിക്കാട്ടാം.

 ഡി വിജയമോഹൻ

ഡി വിജയമോഹൻ

സ്വിറ്റ്സർലണ്ടിലെ പാർലമെന്റാണ് ഫെഡറൽ അസംബ്ലി. അതിൽ അംഗമായിട്ടുള്ള 'നിക്' എന്ന നിക്കോളാസ് സാമുവൽ ഒരു മലയാളി അമ്മയുടെ ഉപേക്ഷിക്കപ്പെട്ട മകനാണെന്ന്‌ വിജയമോഹൻ കണ്ടെത്തി. ഉഡുപ്പി ലൊബാർഡ് ആശുപത്രിക്കുമുമ്പിൽ ജനിച്ചതിന്‌ തൊട്ടുപിന്നാലെ തന്നെ കുഞ്ഞിനെ കൈവിടുകയായിരുന്നുവത്രെ അനസൂയ എന്നു പേരുള്ള ഒരു ബ്രാഹ്മണ സ്ത്രീ.

ഉത്തര മലബാറിലെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ പരിശീലകരായിരുന്ന ഫ്രീറ്റ്സ്‐എലിസബത്ത് ജർമൻ ദമ്പതികൾ ആ കുട്ടിയെ ഏറ്റുവാങ്ങി ജർമനിയിലേക്ക്‌ കൊണ്ടുപോയി. പിന്നീട് സ്വിറ്റ്സർലണ്ടിലേക്കും. അങ്ങനെ പോയ മലയാളിക്കുട്ടിയാണ് പിന്നീട് എംപിയായത്.

ഈ വാർത്ത എംപിയുമായുള്ള അഭിമുഖം ഉൾപ്പെടെ നടത്തി പ്രസിദ്ധീകരിച്ച വിജയമോഹനോട്‌ ഞാൻ പിന്നീട്‌ ചോദിച്ചു. 'നമുക്ക് ഈ അനസൂയയെ ഒന്ന് അന്വേഷിച്ച്‌ പോയാലോ? നല്ല ഒരു ഫോളോഅപ്പ് ആവില്ലേ?' 'ഞാൻ അന്വേഷിക്കില്ല; വർമ അന്വേഷിക്കുകയും വേണ്ട'. ഇതായിരുന്നു വിജയമോഹന്റെ മറുപടി. അനസൂയയെ കണ്ടെത്തിയാൽ അത് നല്ല ഒരു ഫോളോഅപ്പ് ആയിരിക്കും. സംശയമില്ല. എന്നാൽ, അവരെ കണ്ടെത്തി വാർത്ത കൊടുത്താൽ പിന്നീട് അവരുടെ ജീവിതം എന്താവും? ഭർത്താവും കുട്ടികളുമൊക്കെയായി സ്വസ്ഥമായി എവിടെയോ കുടുംബജീവിതം നയിക്കുകയാവും അവർ‐ വിജയമോഹൻ വിശദീകരിച്ചു.

മറ്റുള്ളവരെക്കുറിച്ചുള്ള ഈ കരുതൽ, ഈ സ്നേഹം വിജയമോഹന്റെ മനസ്സിന്റെ മുദ്രയായിരുന്നു എന്നും. അതിനെ പത്രപ്രവർത്തനത്തിന്റെ ധാർമിക മൂല്യമാക്കി ലയിപ്പിച്ചുചേർത്തുതന്നെ കൊണ്ടുനടന്നു അദ്ദേഹം എല്ലായ്പ്പോഴും. എനിക്ക് എന്റേതായ ശരികളുണ്ട്. അത്‌ സമൂഹത്തിന്റെ ശരിയായിക്കൊള്ളണമെന്നില്ല. എന്റെ മനഃസാക്ഷിയുടെ ശരി. അതാണ് എന്റെ ശരി. അങ്ങനെ ചിന്തിക്കുന്നത്‌ തെറ്റാവാം. എന്നാൽ, ആ തെറ്റാണ് എനിക്കു ശരി. വിജയമോഹനും അങ്ങനെ തന്നെ ആയിരുന്നു.

കവിയായിരുന്നു വിജയമോഹൻ എന്ന് അധികം പേർക്ക് അറിയില്ല. 'ചെന്താർക്കഴൽ' എന്ന പേരുള്ള ഒരു കാവ്യസമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുപോലുമുണ്ട്. എഴുതിവെച്ചതും പ്രസിദ്ധീകരിക്കാനയക്കാതിരുന്നതുമായ കവിതകളിൽനിന്ന് ചെന്താർക്കഴലിലേക്കുള്ള കവിതകൾ തെരഞ്ഞെടുത്തത് വിജയമോഹനും ഞാനും കൂടിയാണ്. നിരവധി വർഷങ്ങൾ ഒരുമിച്ചുനടന്നിട്ടും കവിതകളെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്തിട്ടും എന്റെ തന്നെ കവിതകളെക്കുറിച്ച് പലകുറി അഭിപ്രായം പറഞ്ഞിട്ടും താൻ കവിത എഴുതുമെന്ന് വിജയമോഹൻ അതുവരെ എന്നോട്‌ സൂചിപ്പിച്ചിട്ടു പോലുമില്ല. പുസ്തകമാക്കുന്ന ഘട്ടത്തിലേ ആ 'രഹസ്യം' വെളിപ്പെടുത്തിയുള്ളു.

നോക്കിയപ്പോൾ ഒന്നാന്തരം കവിതകൾ. സംസ്കൃത വൃത്തത്തിലുള്ളതുണ്ട്; ദ്രാവിഡ വൃത്തത്തിലുള്ളതുമുണ്ട്. എല്ലാം ഭാവാത്മകമായ, ശിൽപ്പപ്പൊരുത്തമുള്ള കവിതകൾ... പത്രപ്രവർത്തനത്തിന്റെ നടുക്കയത്തിലേക്കെടുത്ത്‌ ചാടിയിരുന്നില്ലെങ്കിൽ വിജയമോഹനിലെ പ്രഗത്ഭനായ കവിയെ നമുക്കു ലഭിച്ചേനേ.

'ശ്യാമമാധവം' പുറത്തുവന്നപ്പോൾ അതേക്കുറിച്ച് ആദ്യം പ്രബന്ധമെഴുതിയവരിലൊരാൾ വിജയമോഹനാണ്. ഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഹാളിലും മാവ്ലങ്കാർ ഹാളിലും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനുമുമ്പിലുള്ള ലോണിലും ഒക്കെ വെച്ച് എന്റെ കവിതയുടെ ആദ്യ ആസ്വാദകനായി വിജയമോഹൻ.

അങ്ങനെ എത്രയോ അപരാഹ്നങ്ങൾ... 'അർക്കപൂർണിമ' വായിച്ചുകേട്ടിട്ട് എന്നോട്‌ പറഞ്ഞു: 'ഇതിന്‌ വർമയ്ക്ക്‌ സാഹിത്യ അക്കാദമി അവാർഡ് കിട്ടും. അതു ഫലിച്ചു. 'ശ്യാമമാധവം' വായിച്ചിട്ട് എനിക്കെഴുതി: 'ഇതിന്‌ വയലാർ അവാർഡ് കിട്ടും'. അതും ഫലിച്ചു.

ടാഗോർ

ടാഗോർ

തത്വചിന്ത വിജയമോഹന്റെ വ്യക്തിത്വത്തിലലിഞ്ഞുചേർന്ന ഒന്നായിരുന്നു. ജീവിതത്തെ ദാർശനികമായി കാണുന്ന പരിപാകം എന്നും ആ വാക്കുകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ മനോഭാവമാവണം ഉപനിഷദ് ചിന്തകളിലേക്കും പൗരസ്ത്യ ദാർശനികതയിലേക്കും വിജയമോഹനെ അടുപ്പിച്ചത്. ആ അടുപ്പമാവാം 'സ്വാമി രംഗനാഥാനന്ദ'യുടെ ജീവചരിത്രമെഴുതുന്നതിലേക്ക്‌ നയിച്ചതും. ആ കൃതി തത്വചിന്താപരമായ നിരീക്ഷണങ്ങൾ കൊണ്ടുകൂടി ശ്രദ്ധേയമായിരിക്കുന്നു.ശാസ്ത്രീയ സംഗീതത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്നു വിജയമോഹന്.

എം ഡി ആറിന്റെയും അരയക്കുടിയുടെയും ഒക്കെ ആലാപനത്തെക്കുറിച്ച് മൗലികമായ അഭിപ്രായങ്ങൾ പറയുമായിരുന്നു. എന്നാൽ, തനിക്ക് സംഗീതത്തിൽ അറിവുണ്ടെന്ന കാര്യമേ അദ്ദേഹം പുറത്തൊരാളോടും പ്രകടിപ്പിച്ചിരുന്നില്ല. ആര് എന്തു പറഞ്ഞാലും മൂളിക്കേൾക്കും. തിരുത്താൻ പോലും നിൽക്കില്ല. അത്രയ്ക്കായിരുന്നു വിനയം.

വിജയമോഹനും സണ്ണിക്കുട്ടി എബ്രഹാമും ഞാനും ഏതാണ്ട് ഒരേ ഘട്ടത്തിലാണ് ഡൽഹിയിൽ പത്രപ്രവർത്തനത്തിനെത്തിയത്. അതുകൊണ്ടുകൂടിയാവാം ഞങ്ങൾക്കിടയിൽ വലിയ ഒരു സൗഹൃദം രൂപപ്പെട്ടുവന്നു. ടി വി ആർ ഷേണായി, വി കെ മാധവൻകുട്ടി, നരേന്ദ്രൻ എന്ന നായർ സാർ എന്നീ അതികായന്മാരുടെ തണലിലുള്ള ഒരു സൗഹൃദം. വിജയമോഹനും സണ്ണിക്കുട്ടിക്കും എനിക്കും മക്കളുണ്ടായത് ഒരേ വർഷം ഒരേ മാസം ഒരേ ആഴ്ചയാണ് എന്നതുകൂടി ഇതിനോട്‌ ചേർത്തുവെയ്ക്കട്ടെ.

മറ്റുള്ളവരുടെ ഉൽക്കർഷത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നയാൾ. ഒരാളെക്കുറിച്ചും നെഗറ്റീവായി അഭിപ്രായം പറയാത്തയാൾ. അങ്ങനെ നോക്കിയാൽ ഒരുപാട് അർഥത്തിൽ ഉത്തമനായ മനുഷ്യൻ കൂടിയായിരുന്നു രാഷ്ട്രീയ അപഗ്രഥനത്തിൽ അന്യാദൃശ്യമായ പാടവമുണ്ടായിരുന്ന ഈ പത്രപ്രവർത്തകൻ.

എനിക്ക് ആരായിരുന്നു വിജയമോഹൻ? സുഹൃത്ത്... സഹപ്രവർത്തകൻ... സഹോദരൻ... എന്നാൽ, ഇതിനൊക്കെയപ്പുറം എനിക്ക്‌ ഞാൻ തന്നെയായിരുന്നു വിജയമോഹൻ.

അതുകൊണ്ടാവണമല്ലൊ വ്യക്തിമനസ്സുകളിൽ  പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന്‌ പരിശോധിക്കാനുള്ള ഉരകല്ല് മനഃസാക്ഷിയാവണമെന്ന കാര്യത്തിൽ ഞങ്ങൾ ഇരുവരും ഒരേ ചിന്താഗതിക്കാരായത്.

വിജയമോഹൻ കോവിഡ് ബാധിതനായതുമുതൽ ഓരോ ദിവസവുമെന്നോണം ജോസ് പനച്ചിപ്പുറത്തെയും ജോമിയെയും ജയശ്രീയെയും ഒക്കെ വിളിച്ച്‌ ഞാൻ വിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. നൂറുശതമാനവും വെന്റിലേറ്ററിന്റെ സഹായത്തിൽ എന്ന്‌ കേട്ടപ്പോഴും വിജയമോഹൻ മടങ്ങിവരുമെന്നുതന്നെ ഞാൻ പ്രതീക്ഷിച്ചു... ഒടുവിൽ വിജയമോഹൻ അങ്ങു പോയി!

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'കന്യാവനങ്ങളി'ലാണെന്നു തോന്നുന്നു, രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കൃതിയിലെ നിരവധി പേജുകൾ

പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള

അതേപടി ഉണ്ടായിരുന്നു. ഇത്‌ വിവാദമായി. കൃതിക്ക്‌ പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അക്കാദമി പിൻവലിക്കുമോ എന്നാരാഞ്ഞാലോ എന്നായി ഞാൻ. വിജയമോഹനും ഒപ്പം കൂടി. ഞങ്ങൾ ഫിറോസ് ഷാ റോഡിലെ രബീന്ദ്ര ഭവനിലെത്തി. ഇന്ദ്രനാഥ് ചൗധരിയാണ് അക്കാദമി സെക്രട്ടറി.

ഞങ്ങൾ രണ്ടുമണിക്കൂറോളം അദ്ദേഹവുമായി ചെലവഴിച്ചു. ഒടുവിൽ ചൗധരി പറഞ്ഞു: അക്കാദമിക്ക് അവാർഡ്   കൊടുക്കാനല്ലാതെ തിരിച്ചുവാങ്ങാൻ അധികാരമില്ല! ഞങ്ങൾ അത്‌ റിപ്പോർട്ട്‌ ചെയ്തു.
പത്രപ്രവർത്തന രംഗത്ത്‌ വീരസാഹസികതയെ വരിക്കുന്ന ഒരാളായിരുന്നില്ല ഞാൻ. ഭോപ്പാൽ ഗ്യാസ് ദുരന്തമുണ്ടായ ഘട്ടത്തിൽ അപ്പുക്കുട്ടൻ വള്ളിക്കുന്ന് ചോദിച്ചു: ഭോപ്പാലിൽ പോയി റിപ്പോർട്ട്‌ ചെയ്യുമോ? രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ ഞാൻ മറുപടി പറഞ്ഞു, പറ്റില്ല! അപ്പുക്കുട്ടൻ ഏതായാലും അന്ന് അത്‌ ധിക്കാരമായി കണ്ടില്ല.

വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽനിന്ന്‌ കൂട്ടംകൂട്ടമായി കിട്ടുന്ന വണ്ടികൾ കയറി ജനങ്ങൾ എല്ലാമുപേക്ഷിച്ച്‌ പലായനം ചെയ്യുന്ന വേളയായിരുന്നു അത്. എങ്കിലും അടുത്ത ദിവസങ്ങളിൽ ചില പത്രക്കാർ അവിടെ പോയി. ഞാൻ ആ കൂട്ടത്തിൽ കൂടിയില്ല. അന്നുപോയ പല പത്രപ്രവർത്തകരും കടുത്ത ആസ്ത്മാ രോഗികളായി ജീവിതത്തിലുടനീളം കഴിഞ്ഞ കാര്യം എനിക്കറിയാം. സത്യത്തിൽ ഒരു പത്രപ്രവർത്തകൻ തനിക്ക് എന്തുപറ്റും എന്നു നോക്കാതെ, അത്തരം രംഗങ്ങളിലേക്ക് പാഞ്ഞുചെല്ലേണ്ടതാണ്. എനിക്ക് എന്തോ, ആ അർഥത്തിൽ നല്ല പത്രപ്രവർത്തകനാകാൻ കഴിഞ്ഞിട്ടില്ല.

കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനം

കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനം

കുറേക്കാലം സിപിഐ എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഫ്ലാറ്റിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. പോളിറ്റ്ബ്യൂറോ അംഗവും എം പിയുമൊക്കെയാണ്. പക്ഷേ, ഒരു മുറി, ഒരു ബാൽക്കണി, ഒരു ചെറിയ അടുക്കള, ബാത്റൂം ഇത്രയേ ഉള്ളൂ സൗകര്യങ്ങൾ. അവിടെ കൊച്ചി തുറമുഖത്തുനിന്നും മറ്റും വരുന്ന യൂണിയൻകാരും, വൈദ്യുതി ബോർഡ് സംഘടനാ പ്രതിനിധികളും ഒക്കെയുണ്ടായെന്നുവരും ചിലപ്പോൾ. പല ശൈത്യകാല ദിവസങ്ങളിലും കട്ടൻ കാപ്പിയുണ്ടാക്കി കൊണ്ടുവന്ന,്  ''എഴുന്നേൽക്ക്, നേരമൊത്തിരിയായി'' എന്നുപറഞ്ഞ്‌ വിളിച്ചുണർത്തിയിട്ടുണ്ട് ആ പി ബി മെമ്പർ! അശോക റോഡിലെ പതിനാലാം നമ്പർ കെട്ടിടമാണ് അന്ന്‌  സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസ്. അവിടെയാണ്‌ ഭക്ഷണം. ഭക്ഷണം എന്നുപറഞ്ഞാൽ രണ്ടുമൂന്ന് ഉണക്കച്ചപ്പാത്തിയും ദാലും. വലിയ ഒരു മേശ. അതിനു മുമ്പിൽ കസേരയിട്ടിരുന്ന്‌ കഴിക്കുമ്പോൾ ഇടതുവശത്ത് ബി ടി ആറാവും. വലതുവശത്ത് എം ബി എന്ന ബാസവ പുന്നയ്യയാവും.

എല്ലാവരും ഒരുപോലെ!അകാലത്തിൽ വേർപെട്ടുപോയ ഗോപനും ഇപ്പോൾ മനസ്സിലേക്ക്‌ കടന്നുവരുന്നു. സ്നേഹസ്വരൂപനായ സുഹൃത്ത്. അതായിരുന്നു എനിക്ക് ടി എൻ ഗോപകുമാർ. മാധ്യമപ്രവർത്തകൻ, സാഹിത്യകാരൻ

ടി എൻ ഗോപകുമാർ.

ടി എൻ ഗോപകുമാർ.

എന്നൊക്കെയുള്ള വ്യക്തിത്വ മികവിനുമേലെ മനസ്സിൽ പതിഞ്ഞത് ആരോടും കാലുഷ്യമില്ലാത്ത, സ്നേഹം മാത്രം സൂക്ഷിച്ച, സൗമനസ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായ ആ വിശുദ്ധി. ആരോടും വിദ്വേഷമില്ലാതിരിക്കുക; ഒരു ശത്രുവുമില്ലാതിരിക്കുക. ഈ കാലത്ത് അങ്ങനെയും ജീവിക്കാൻകഴിയും എന്ന്‌ തെളിയിച്ചു ഗോപൻ.

എൺപതുകളുടെ തുടക്കത്തിലാണ് ഡൽഹിയിൽ ഗോപനെ ആദ്യം കാണുന്നത്. അങ്ങോട്ടുചെന്നുകാണുകയായിരുന്നില്ല; ഇങ്ങോട്ടുവന്ന് പറഞ്ഞു: 'ഞാൻ ഗോപകുമാർ; നിങ്ങളുടെ പി കൃഷ്ണപിള്ളയുണ്ടല്ലോ; അദ്ദേഹത്തിന്റെ ഭാര്യയുടെ മകൻ'. അമ്പരപ്പിക്കുന്ന സുതാര്യതയുള്ള  പരിചയപ്പെടുത്തൽ. ആ വിശുദ്ധിയുടെ വെൺമയ്ക്കുപുറത്ത് ഗോപനെ നിർത്തേണ്ടിവന്ന ഒരുനിമിഷംപോലും മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ സൗഹൃദത്തിൽ ഉണ്ടായില്ല.

ഞാൻ ചോദിച്ചിട്ടുണ്ട്‌; എങ്ങനെയാണ് ഈ വിധം എല്ലാവരോടും സ്നേഹം പുലർത്താൻ കഴിയുന്നത് എന്ന്. എന്നെത്തന്നെ സ്നേഹിക്കുന്നതുകൊണ്ട്‌ എന്നായിരുന്നു ഉത്തരം. ഗോപൻ വിശദീകരിച്ചു: 'ഞാൻ ഒരാളോട് വിദ്വേഷം പുലർത്തുന്നുവെന്നു വന്നാൽ ആ എന്നെ എനിക്കു സ്നേഹിക്കാൻ കഴിയില്ല'. സ്നേഹത്തിനുള്ള മഹനീയ നിർവചനമായി അത് അനുഭവപ്പെട്ടു. ഗോപനെ അപേക്ഷിച്ച് എത്രയോ ചെറുതാണ് ഞാൻ എന്ന് മനസ്സ് പറഞ്ഞു.

എൻ നരേന്ദ്രന്റെ ഡൽഹി കേരള കൗമുദി ബ്യൂറോ, കൗമുദി ഓഫീസ് മാത്രമായിരുന്നില്ല. പത്രപ്രവർത്തകരുടെ സംഗമവേദികൂടിയായി. ന്യൂസ് ടൈമിൽ പ്രവർത്തിച്ച വേളയിൽ ഗോപൻ അവിടത്തെ മുഹൂർത്തങ്ങളെ ജ്വലിപ്പിച്ച ചൈതന്യവത്തായ സാന്നിധ്യമായി. നന്ദിദാദാ, ടി വി ആർ ഷേണായി, വി കെ മാധവൻകുട്ടി, അശോക് ദാമോദരൻ, വി കെ ചെറിയാൻ, ബി സി ജോജോ അങ്ങനെ എത്രയോ പേർ. ഓരോ പ്രശ്നത്തോടുമുള്ള പത്രസമീപനങ്ങൾക്ക് ദിശകുറിക്കുന്നതായി ആ സായാഹ്നസംഗമങ്ങൾ. മൗലിക വീക്ഷണത്തോടെ പത്രസമീപനങ്ങൾക്ക് ദിശാനിർണയം നടത്തുന്നതിൽ ഗോപൻ വഹിച്ച പങ്ക് മറക്കാവതല്ല.

സൗഹൃദങ്ങൾ ഗോപൻ എന്നും കൂടെ കൊണ്ടുപോന്നു. ഡൽഹി വിട്ട് ഞങ്ങൾ ഒരേസമയത്താണ് കേരളത്തിലെത്തുന്നത്. ആ ഘട്ടത്തിലാണ് മലയാറ്റൂരിന്റെ 'വേരുകൾ' ദൂരദർശനുവേണ്ടി പരമ്പരയാക്കാൻ അദ്ദേഹം മുതിരുന്നത്. അതിന് ശീർഷകഗാനവും രണ്ട് അനുബന്ധഗാനങ്ങളും വേണം. പാട്ട് ഭാസ്കരൻമാഷ് എഴുതട്ടെ എന്ന് ആരോ പറഞ്ഞു.

ഗോപന്റെ മറുപടി ഇതായിരുന്നു. ഗാനരചന ഒഴികെയുള്ളതിനെക്കുറിച്ചുമാത്രം ചർച്ച മതി. അത് നിശ്ചയിച്ചുകഴിഞ്ഞു. അടുത്തനിമിഷം എനിക്ക്‌ ഗോപന്റെ ഫോൺ. മലയാറ്റൂരും ഗോപനും എം ജി രാധാകൃഷ്ണനും ഞാനും കൂടിയിരിക്കെ, ഭാസ്കരൻ മാഷ് എന്ന നിർദേശം അറിഞ്ഞ ഞാൻ ഗോപനോട് ചോദിച്ചു. 'ഭാസ്കരൻ മാഷ് എഴുതുന്നതാവില്ലേ നന്നാവുക?'. ഗോപന്റെ മറുപടി: 'വർമയെക്കാൾ നന്നായി ഭാസ്കരൻ മാഷ് എഴുതും എന്ന് പറഞ്ഞുതരേണ്ടതില്ല. പക്ഷേ, എന്റെ സീരിയലിൽ വർമയേ എഴുതൂ'. അതായിരുന്നു ആ സ്നേഹം.

സീരിയലിന്റെ കമേഴ്സ്യൽ സ്വീകാര്യതയ്ക്ക്  മാഷിന്റെ പേരാണ് ഉതകുക എന്നറിയുന്ന ഗോപൻ സ്വീകാര്യത കുറഞ്ഞാലും വേണ്ടില്ല, സുഹൃത്തിനെക്കൊേണ്ട പാട്ടെഴുതിക്കൂ എന്നുവച്ചു. മലയാറ്റൂരും എം ജി രാധാകൃഷ്ണനും ഗോപനും ഞാനും അന്ന് ആ ദൂരദർശൻ പരമ്പരയ്ക്കുവേണ്ടി പാട്ടുണ്ടാക്കാനായി ഒരുമിച്ച സായാഹ്നങ്ങൾ നർമത്തിന്റെയും സ്നേഹത്തിന്റെയും വിസ്മയ മുഹൂർത്തങ്ങളായി.

അദ്ദേഹത്തിന്റെ കറുത്ത ബുള്ളറ്റിന്റെ പിന്നിലിരുന്ന് ഡൽഹിയിൽ എത്രയോ സഞ്ചരിച്ചിരിക്കുന്നു. കോൺഗ്രസ്, ബിജെപി ഓഫീസുകളിലേക്ക്, പാർലമെന്റിലേക്ക്, പ്രസ് ക്ലബ്ബിലേക്ക്, അങ്ങനെയങ്ങനെ. ഞാൻ ഒ വി വിജയനെ കാണാൻ ആദ്യം ചാണക്യപുരിയിലെ വസതിയിലേക്കു പോയതും ആ പിൻസീറ്റിലിരുന്ന്. ഗോപൻ ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്, ഞാനും. അത്തരം യാത്രകളിൽ ചർച്ച പത്രംവിട്ട് ഇംഗ്ലീഷ് കവിതകളിലേക്ക് വഴുതുമായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സാഹിത്യ പരിജ്ഞാനത്തിനുമുന്നിൽ ഞാൻ ശിഷ്യനെപ്പോലെ ഇരുന്നിട്ടുണ്ട്.

ഇംഗ്ലീഷിൽ നന്നായി സാഹിത്യരചന നടത്താൻ കഴിയുന്നവർ ഒ വി വിജയൻ, വി കെ എൻ, ടി എൻ ഗോപകുമാർ, മലയാറ്റൂർ തുടങ്ങിയവർ എന്തുകൊണ്ട് അതിന് മുതിരുന്നില്ല എന്ന്‌ ഞാൻ  ഗോപനോട് ചോദിച്ചു. ഭാഷയിൽ നിന്നല്ലല്ലോ, സംസ്കാരത്തിൽനിന്നല്ലേ സാഹിത്യം വരുന്നത് എന്നായിരുന്നു മറുപടി. അതിൽ സാഹിത്യത്തെക്കുറിച്ചുള്ള വലിയ പാഠമുണ്ടെന്ന് തോന്നി. സത്യത്തിൽ ആ സംസ്കാരത്തിന്റെ പ്രതിഫലനം തന്നെയല്ലേ ഗോപന്റെ സാഹിത്യലോകം. ശുചീന്ദ്രത്തെയും മറ്റും തമിഴ് മലയാള സങ്കലന സംസ്കാരത്തിന്റെ ബാല്യകാല പശ്ചാത്തലമല്ലേ ഗോപനെ എഴുത്തുകാരനാക്കിയത്? മലയാറ്റൂരിന്റെ തമിഴ്‐മലയാള ചേരുവയുടെ സംസ്കാരമുണ്ടല്ലൊ, സൂക്ഷ്മമായി നോക്കിയാൽ അതാണ് ഗോപന്റെയും. ഇരുവരെയും അത്രയേറെ അടുപ്പിച്ചതും അതുതന്നെ.

ഡൽഹി നഗരം

ഡൽഹി നഗരം

ഡൽഹിയിൽ നിത്യേന കണ്ട നമുക്ക് കേരളത്തിൽ എത്തിയപ്പോൾ കാണാൻ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേയുള്ളു എന്നുവന്നല്ലോ എന്ന് പ്രസ് ക്ലബ്ബിന്റെ പടിയിറങ്ങിയ ഒരു സന്ധ്യയ്ക്ക് ഞാൻ ഗോപനോടു പറഞ്ഞു. അദ്ദേഹത്തിന് അത് മനസ്സിൽ കൊണ്ടു. എന്റെ കൈ കൂട്ടിപ്പിടിച്ച് കണ്ണുകളിലേക്ക് നോക്കി. പിന്നീട് എപ്പോൾ കാണുമ്പോഴും എന്റെ വാചകം സൂചിപ്പിക്കും. ഒരുവട്ടം ഞാൻ അന്ന് അങ്ങനെ പറഞ്ഞതായി കലാകൗമുദിയിലെ 'ശംഖുമുഖം' പംക്തിയിൽ എഴുതുകയും ചെയ്തു.

എറണാകുളത്ത് പത്രപ്രവർത്തകരെ ആദരിക്കുന്ന വിദേശസമിതിയുടെ ചടങ്ങ്. ആദരിക്കപ്പെടാൻ ഗോപനും ഞാനും കൂടി. എനിക്ക് ഉപഹാരം തന്നത് ഡോ. ഡി ബാബുപോൾ. ഗോപന് നൽകിയത് പിണറായി വിജയൻ. പിണറായി ഉപഹാരം നൽകുന്ന ഫോട്ടോ കിട്ടണമെന്നുണ്ടായിരുന്നു ഗോപന്. മരിക്കുന്നതിന്‌ ചില ആഴ്ചകൾക്ക്‌ മുമ്പുപോലും ഫോണിൽ ചോദിച്ചു. ദേശാഭിമാനി ഫോട്ടോ എഡിറ്റർ രവികുമാറിനോട് അത്‌ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. രവി അതുതന്നില്ല. ഗോപൻ മനസ്സിൽ മുത്തുപോലെ സൂക്ഷിക്കാനാഗ്രഹിച്ച ഫോട്ടോ ആണ് അത് എന്നറിയാം. പ്രിയപ്പെട്ട ഗോപൻ, അതുപോലും തരാൻ കഴിഞ്ഞില്ലല്ലോ.

സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും എന്റെ തലമുറയിൽപ്പെട്ട ആളായിരുന്നു ഗോപൻ. ആ തലമുറയിൽനിന്ന് കൊഴിഞ്ഞുപോകുന്ന ആദ്യത്തെ ആളും. കൂട്ടുകാരനല്ല, ഗുരുനാഥനായിരുന്നു പലതരത്തിലും. പഠിപ്പിച്ചത് ജീവിതംകൊണ്ട്; സ്നേഹത്തിന്റെ, വിനയത്തിന്റെ പാഠങ്ങൾ. ഒന്നും പഠിച്ചില്ലല്ലോ ഗോപൻ! രവീന്ദ്രന്റെ 'ഒരേ തൂവൽ പക്ഷികൾ' പനോരമയിൽപ്പെടാതെ വന്നതിനെത്തുടർന്ന്  സാമ്പത്തിക പ്രതിസന്ധിയിലാവുകയും എൻഎഫ്ഡി സിയുടെ പണം തിരിച്ചടയ്ക്കാനാവാതെ അദ്ദേഹം ആത്മഹത്യയ്ക്കും ഭ്രാന്തിനും നടുവിൽ ഉഴലുകയും ചെയ്ത ഘട്ടം. അവിവേകം കാട്ടുമോ എന്നുഭയന്ന ഞങ്ങൾ രവിയ്ക്ക് കൂട്ടിരുന്നു. അന്ന് ഉറക്കമിളച്ചിരിക്കാൻ തിരക്കുകൾ മാറ്റി ഗോപനും. അതായിരുന്നു ആ സ്നേഹവും കരുതലും.

നന്മയുള്ളവർ കടന്നുപോകുമ്പോൾ നല്ലത്‌ പറയാതിരിക്കാനാവാത്ത അവസ്ഥയുണ്ടാവും. അത് അവർ നന്മയുടെ ഒരുപാട് മുഹൂർത്തം സൃഷ്ടിച്ചാണ് പോകുന്നത് എന്നതുകൊണ്ടാണ്. അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അവശേഷിപ്പിച്ചിട്ടാണ് ഗോപനും പോയത്. അക്കാലത്ത്‌ ഞങ്ങളുടെ സൗഹൃദവലയങ്ങളിലിടയ്ക്കിടെ ഉണ്ടായിരുന്ന മറ്റൊരു ചലച്ചിത്ര സംവിധായകനുണ്ട്. പ്രമുഖൻ തന്നെ. രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ പനോരമയിൽ വരാതെ പോയതുകൊണ്ടുണ്ടായ സാമ്പത്തിക പ്രശ്നത്തെക്കുറിച്ചു പറഞ്ഞല്ലോ. അതേവർഷം അതേ അവസ്ഥയിലെ മറ്റൊരു ചിത്രത്തിന്റെ സംവിധായകനായിരുന്നു അത്. ഇരുവരും ഒരുമിച്ചാണ് അന്ന് ഡൽഹിയിൽ അലഞ്ഞുതിരിഞ്ഞത്.

ഇരുപേർക്കും ഒട്ടൊക്കെ തണലാവാൻ പലവിധത്തിൽ എനിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, ഈ രണ്ടാമത്തെ സംവിധായകൻ പിന്നീടൊരിക്കലും അതേക്കുറിച്ച് ഓർമിച്ചിട്ടേയില്ല. അഥവാ ഓർമിച്ചതായി നടിച്ചിട്ടേയില്ല. ഗോപൻ, പാട്ട് വർമ തന്നെ എഴുതിയാൽ മതി എന്നുപറഞ്ഞല്ലൊ. ആ നിമിഷത്തിലും ഞാൻ ഈ സംവിധായകനെ ഓർമിക്കാതിരുന്നില്ല. അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ നിർമാണത്തിരക്കിലായിരുന്നുതാനും അന്ന്.

ഇത്രയും പറയുമ്പോൾ, മറ്റൊരു സംവിധായകന്റെ മുഖം കൂടി മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ചിത്രം നിർമാണത്തിലായിരുന്നു. ഷൂട്ടിങ് മിക്കവാറുമൊക്കെ തീർന്നു. തമിഴ്നാട് അതിർത്തിയിലെവിടെയോ ഉള്ള വട്ടക്കോട്ടയിൽ കൂടി ചിത്രീകരണം നടത്തിയാലേ പൂർത്തിയാവൂ. വട്ടക്കോട്ട സംരക്ഷിത പൈതൃക പ്രദേശമാണ്. അവിടെ ഷൂട്ട് ചെയ്യാൻ ഡൽഹിയിൽ നിന്ന് ആർക്കിയോളജി വിഭാഗത്തിന്റെ പ്രത്യേകാനുമതി വേണം. ഓണത്തിന് റിലീസ് ചെയ്യേണ്ടതാണ്‌ ചിത്രം.

എ കെ ബാലൻ

എ കെ ബാലൻ

ആ ആഘോഷ വേളയിൽ റിലീസുചെയ്യാൻ പറ്റിയില്ലെങ്കിൽ പടം പൊളിയും. എങ്ങനെയെങ്കിലും അനുമതി വാങ്ങിത്തരണമെന്നായി സംവിധായകൻ. ആർക്കെങ്കിലും പണം കൊടുക്കണമെങ്കിൽ കൊടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുലക്ഷം രൂപ ഉടനെ എന്റെ അക്കൗണ്ടിലേക്ക് അയക്കുന്നു എന്നു പറഞ്ഞു. ഞാൻ പറഞ്ഞു  : “പണം കൊടുക്കണ്ട. അല്ലാതെതന്നെ ശരിയാവും”. രണ്ടുനാൾക്കുള്ളിൽ അനുമതി വാങ്ങി അയച്ചുകൊടുത്തു ഞാൻ. വട്ടക്കോട്ടയിൽ ചിത്രീകരണം നടന്നു. ചിത്രം ഓണത്തിന്‌ പുറത്തുവന്നു; പണം തൂത്തുവാരി.

‘ജനസംസ്കൃതി’ എന്ന ഞങ്ങളുടെ സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണത്തിന് അഞ്ഞൂറുരൂപയുടെ പരസ്യം തന്നാൽ കൊള്ളാമെന്ന് സംവിധായകനോട് ഇടയ്ക്ക്‌ ഞാൻ പറഞ്ഞിരുന്നു. പിന്നെന്താ! എന്നായിരുന്നു പ്രതികരണം. ആർക്കിയോളജി വകുപ്പിന്റെ പ്രത്യേകാനുമതി പത്രം അയച്ച കവറിൽ ജനസംസ്കൃതിയുടെ താരിഫും ഞാൻ വെച്ചിരുന്നു. അനുമതി പത്രം കിട്ടിയതായല്ലാതെ, താരിഫ് കിട്ടിയതായി നടിച്ചതേയില്ല സംവിധായകൻ. രണ്ടുലക്ഷം രൂപ കൈക്കൂലി കൊടുക്കാനയക്കാൻ തയ്യാറായ ആളാണ്. അദ്ദേഹത്തിന് കാര്യം സാധിച്ചപ്പോൾ അഞ്ഞൂറുരൂപ ചെലവാക്കാനുണ്ടായില്ല!

 ഇ ബാലാനന്ദൻ

ഇ ബാലാനന്ദൻ

എന്റെ ഡൽഹിക്കാലത്ത് സഭയിലുണ്ടായിരുന്നു ഇ ബാലാനന്ദൻ, എം എം ലോറൻസ്, സുശീലാ ഗോപാലൻ, എം. എ ബേബി, എ കെ ബാലൻ, സുരേഷ് കുറുപ്പ്, കെ മോഹനൻ, ഇ കെ ഇമ്പിച്ചിബാവ, തലേക്കുന്നിൽ, ചാത്തുണ്ണിമാസ്റ്റർ, കെ പി ഉണ്ണികൃഷ്ണൻ, സി എം സ്റ്റീഫൻ തുടങ്ങി പല ഘട്ടങ്ങളിലായി പല മലയാളി എം പിമാർ. ആദ്യമായി ലോകസഭയുടെ പ്രസ് ഗാലറിയിലേക്ക്‌ ഞാൻ ചെന്നപ്പോൾ, എ കെ ബാലൻ കേരളമനുഭവിക്കുന്ന അരിക്ഷാമത്തിന്റെ രൂക്ഷത ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നുവെന്ന് ഓർമിക്കുന്നു.

ഒരുകാലത്ത്, 1,35,000 ടൺ അരി കേന്ദ്ര സംഭരണിയിൽ നിന്ന്‌ കിട്ടിയിരുന്നത്‌ 35,000 ടൺ ആയി കുറഞ്ഞിരുന്നു. ഈ പ്രശ്നത്തിൽ എ കെ ബാലന്റെ ശബ്ദമുയരുന്ന സീറോ അവറിലാണ് ഞാൻ ലോകസഭയുടെ പ്രസ് ഗാലറിയിലേക്ക് ആദ്യമായി കടന്നുചെന്നത്. കെ പി ഉണ്ണികൃഷ്ണന്റെയും സി എം സ്റ്റീഫന്റെയും പ്രസംഗങ്ങൾ പ്രൗഢോജ്വലങ്ങളായിരുന്നുവെന്നതും ഓർമിക്കുന്നു (തുടരും)  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top