27 April Saturday

കടലിലെ പ്ലാസ്റ്റിക്ക്‌ കെണി ; പ്രേത വലകൾ മുതൽ സൂക്ഷ്മ പ്ലാസ്റ്റിക്കുകൾ വരെ

ഡോ. എ ബിജുകുമാർUpdated: Thursday Aug 27, 2020


പ്ലാസ്റ്റിക്കുകൾ ആധുനിക മനുഷ്യന്റെ  ദൈനംദിന ജീവിതത്തിന്റെ  ഭാഗമായിട്ട് ഏതാനും ദശാബ്ദങ്ങൾ മാത്രമേ ആയിട്ടുള്ളൂ.  ഇന്ന് ഭൂമിയിൽ കൃത്രിമമായി നിർമിക്കുന്ന വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് പ്ലാസ്റ്റിക്ക്‌. ഇപ്പോൾ പ്രതിവർഷം നാം 360 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ്‌ നിർമിക്കുന്നത്‌. 1950–-2015 കാലഘട്ടത്തിൽ ആഗോളതലത്തിൽ 7.8 ബില്ല്യൺ ടൺ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ്‌ ലോകത്ത്‌ നിർമിച്ചു കൂട്ടിയത്‌. - ഇന്ന് ജീവിച്ചിരിക്കുന്ന ഓരോവ്യക്തിക്കും ഒരു ടൺ പ്ലാസ്റ്റിക് എന്ന നിലയിൽ!

കടലിലെ കെണി
ഒരാഴ്‌ച മുമ്പ്‌ കൊല്ലം നീണ്ടകര പരിമണത്ത്‌ കരയ്‌ക്കടിഞ്ഞ ഡോൾഫിൻ ചത്തത്‌ പ്ലാസ്‌റ്റിക്‌ വല ആമാശയത്തിൽ കുരുങ്ങിയാണെന്ന വാർത്ത വന്നിരുന്നു. ലോകമെമ്പാടുനിന്നും ഇത്തരം സംഭവങ്ങൾ പതിവായി റിപ്പോർട്ടു ചെയ്യുന്നുണ്ട്‌.  നാം നിർമിക്കുന്ന പ്ലാസ്റ്റിക്കുകളിൽ പകുതിയോളം പായ്ക്കിങ്‌ വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ്‌. മൊത്തം ഉൽപ്പാദിപ്പിക്കുന്ന  പ്ലാസ്റ്റിക് സാധനങ്ങളിൽ  40 ശതമാനം ഒരു വിധത്തിലും ഉള്ള സംസ്‌കരണ, പുനഃചംക്രമണ പ്രക്രിയകൾക്കും വിധേയമാകുന്നവയല്ല. ഓരോ വർഷവും  എതാണ്ട് 5 മുതൽ 13 വരെ ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ,വലിയ പ്ലാസ്റ്റിക് കഷണങ്ങൾ ആയോ പൊടിഞ്ഞ് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ ആയോ കടലിൽ എത്തിച്ചേരുന്നു. കടലിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സിംഹഭാഗവും കരയിൽനിന്ന് തന്നെയാണ്. ഓരോ വർഷവും എട്ടു ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നാം കടലിലേക്ക് എത്തിക്കുന്നത്. ഇത്‌  ഏതാണ്ട് 26,600 ബോയിങ് 747 വിമാനങ്ങളുടെ ഭാരം വരും!  പുഴകളിലൂടെ, അഴുക്കുചാലുകളിലൂടെ, കായലുകളിലൂടെ, എന്തിന് വായുവിലൂടെയും അവ കടലിൽ എത്തും. കരയിലേതിനെക്കാൾ ഗുരുതരമായ ഭീഷണിയാണ് കടലിൽ പ്ലാസ്റ്റിക്കുകൾ സൃഷ്ടിക്കുന്നത്.




സൂക്ഷ്മ പ്ലാസ്റ്റിക്കുകൾ എണ്ണത്തിൽ വമ്പൻ

കടലിൽ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെറിയ കഷണങ്ങൾ ആകുമ്പോൾ ആണ് സൂക്ഷ്മ പ്ലാസ്റ്റിക്കുകൾ രൂപം കൊള്ളുന്നത്‌. സാധാരണയായി 0.002 മില്ലീമീറ്റർ അഥവാ രണ്ട് മൈക്രോൺ മുതൽ 5 മില്ലീമീറ്റർ വരെയുള്ള പ്ലാസ്റ്റിക് കഷണങ്ങളാണിവ. സമുദ്ര ജലപ്രവാഹങ്ങളും തിരമാലകളും ഇവയെ  ദൂരങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ന് സമുദ്രോപരിതലത്തിൽ 40 ശതമാനവും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു എന്നാണ് അനുമാനം. തീരപ്രദേശത്തെ മണൽപരപ്പുകളിലും കടലിന്റെ അടിത്തട്ടിലും ഇവ അടിഞ്ഞുകൂടുന്നു.  

 ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് സമുദ്രോപരിതലത്തിൽ 3 ലക്ഷം പ്ലാസ്റ്റിക് ഇനങ്ങളും അടിത്തട്ടിൽ ഒരു ലക്ഷം സൂക്ഷ്മ പ്ലാസ്റ്റിക്കുകളും ഉണ്ടാകാം എന്ന്  പഠനങ്ങൾ പറയുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന സൂക്ഷ്മ പ്ലാസ്റ്റിക് തരികളാണ് നർഡിലുകൾ (nurdles). ഇവ പ്രധാനമായും കപ്പലുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. കപ്പലപകടങ്ങൾ ഇവയെ വലിയതോതിൽ കടലിൽ എത്തിക്കുന്നു.      

വസ്ത്രങ്ങൾ, വിരികൾ, കർട്ടനുകൾ തുടങ്ങിയവയിൽ സിംഹഭാഗവും പോളിസ്റ്റർ, നൈലോൺ, തുടങ്ങി പ്ലാസ്റ്റിക് നാരുകളാൽ നിർമിതമാണ്‌.  ഇവയൊക്കെ കഴുകുമ്പോൾ ഓരോ തവണയും ലക്ഷക്കണക്കിന്‌ കൃത്രിമ സൂക്ഷ്മ നാരുകൾ വെള്ളത്തിലേക്ക്‌ എത്തിച്ചേരുന്നുണ്ട്. ഇത് സമുദ്ര ഭക്ഷ്യ ശൃംഖല വഴി  മനുഷ്യരിലേക്കും എത്തും.

ഒരു മില്ലിമീറ്ററിനു താഴെ മാത്രം വ്യാസം വരുന്ന സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, സോപ്പുകൾ, ടൂത്ത്‌പേസ്റ്റ്‌ എന്നിവയുടെ നിർമാണത്തിന്‌  വ്യാപകമായി ഉപയോഗിക്കുന്നു.  എന്നാൽ ഇവയും ഉയർന്ന തോതിൽ ശുദ്ധജലത്തിലും അതുവഴി സമുദ്രങ്ങളിലും എത്തിച്ചേരുകയാണ് പതിവ്. ജലശുദ്ധീകരണപ്രക്രിയകളിൽ ഒന്നും ഇവ നീക്കംചെയ്യപ്പെടുന്നില്ല. ഇവയും തിരിച്ച് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പെട്ടെന്ന് മനുഷ്യന്റെ ശരീരത്തിൽ എത്തിപ്പെടും.

കൊല്ലം നീണ്ടകര പരിമണത്ത്‌  കരയ്‌ക്കടിഞ്ഞ ഡോൾഫിന്റെ ജഡം

കൊല്ലം നീണ്ടകര പരിമണത്ത്‌ കരയ്‌ക്കടിഞ്ഞ ഡോൾഫിന്റെ ജഡം


 

പ്ലാസ്റ്റിക്ക് മൂടിയ കടൽ ചുഴികൾ (Gyres)
 കടലിൽ  എത്തിച്ചേരുന്ന പ്ലാസ്‌റ്റിക്ക്‌ മാലിന്യത്തെ  സമുദ്രജലപ്രവാഹങ്ങൾ  ചുഴികളിലേക്ക് വലിച്ചുകൊണ്ട് എത്തിക്കുന്നു. ലോകത്തെ എല്ലാ സമുദ്രങ്ങളിലെയും ചുഴികൾ ഇത്തരത്തിൽ പ്ലാസ്റ്റിക്കുകൾ കൊണ്ട് ആവൃതമാണ്. പസ
ഫിക്‌ സമുദ്രത്തിലടക്കം ഇത്തരം ചുഴികൾ ധാരാളമായി ഉണ്ട്‌.

കടൽ ജൈവവൈവിധ്യത്തിന് ഭീഷണി
കടലിൽ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ തരത്തിലാണ് ജീവജാലങ്ങൾക്ക്‌  ഭീഷണിയാകുന്നത്‌. പല കടൽ ജീവികളും പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ആഹാരമാക്കുകയും അതുവഴി ചാകുകയും ചെയ്യുന്നു. വടക്കൻ ശാന്ത സമുദ്രത്തിലെ മത്സ്യങ്ങൾ ഓരോ വർഷവും 12000 മുതൽ 24000 വരെ ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ആഹരിക്കുന്നുണ്ട് എന്നാണ് കണക്ക്. കുടലുകളിൽ മുറിവിനും അടവിനും മാത്രമല്ല ജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. കൂടാതെ ഭക്ഷ്യശൃംഖലയിൽ ഉയർന്ന  തലങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യം  മത്സ്യങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

കടലാമകൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെ ആഹാരം എന്ന് തെറ്റിദ്ധരിച്ചാണ് അകത്താക്കുന്നത്.   കൂടുതലായും പ്ലാസ്റ്റിക് സഞ്ചികളും തെർമോകോൾ കഷണങ്ങളുമാണ് ഇത്തരത്തിൽ ഇവ അകത്താക്കുന്നത്‌. ആമകളിൽ ഇത് കുടൽ അടഞ്ഞു പോകുന്നതിനും, അവയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നതിനും വ്രണങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. കുടലിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വിശപ്പില്ലായ്മക്കും പ്രത്യുൽപ്പാദന നിരക്കിലെ കുറവിനും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ജലോപരിതലത്തിലെ പ്ലാസ്റ്റിക് കഷണങ്ങളെ ആഹാരമാക്കുന്നതിലധികവും  പക്ഷികളാണ്. ദഹിച്ചു പോകാത്ത പ്ലാസ്റ്റിക് വസ്തുക്കൾ ആമാശയത്തിന്റെ ശേഖരണ ശേഷി കുറക്കുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കടൽ പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌  നൽകുന്ന  ആഹാരത്തിന്റെ 99 ശതമാനവും പ്ലാസ്റ്റിക് വസ്തുക്കൾ ആയിരിക്കുമത്രെ.

പരിമണത്ത് കരയ്‌ക്കടിഞ്ഞ ഡോൾഫിന്റെ ആമാശയത്തിൽ നിന്ന്‌ കണ്ടെടുത്ത വല

പരിമണത്ത് കരയ്‌ക്കടിഞ്ഞ ഡോൾഫിന്റെ ആമാശയത്തിൽ നിന്ന്‌ കണ്ടെടുത്ത വല




ഉടക്കുവലകൾ അഥവാ  ‘മരണത്തിന്റെ ഭിത്തി’
കടലിൽ കിലോമീറ്ററുകളോളം നീളത്തിൽ വിരിക്കപ്പെടുന്ന ഉടക്കുവലകൾ (gill nets) ഓരോ ദിവസവും ആയിരക്കണക്കിന് ജീവജാലങ്ങളുടെ നാശത്തിന്‌ കാരണമാകുന്നു. വാണിജ്യ പ്രാധാന്യമുള്ള ഏതാനും മത്സ്യങ്ങളെ പിടിക്കാനാണ് ഇത്തരം വലകൾ ഉപയോഗിക്കുന്നതെങ്കിലും ആകസ്മികമായി ഇവയിൽ കുടുങ്ങി  കടൽ സസ്തനികൾ, പക്ഷികൾ, കടലാമകൾ തുടങ്ങിയവ വൻതോതിൽ ചത്തൊടുങ്ങുകയാണ്‌. വലകളിൽ കുടുങ്ങി ഇവയ്ക്ക് അംഗഭംഗം സംഭവിക്കുന്നതും തളർച്ച സംഭവിക്കുന്നതും സാധാരണമാണ്. വാണിജ്യ മത്സ്യബന്ധനത്തിന് വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന നൈലോൺ ഉടക്കുവലകളെ അതുകൊണ്ടുതന്നെ ‘മരണത്തിന്റെ ഭിത്തി’ എന്നാണ്  വിളിക്കുന്നത്‌.

പ്രേത വലകൾ

കേടുപാടുകൾ സംഭവിച്ച നൈലോൺ വലകളെ കടലിലേക്ക്‌ തന്നെ വലിച്ചെറിയുന്ന രീതി ലോകത്ത്‌  വളരെ വ്യാപകമാണ്. വെള്ളത്തിൽ നിർബാധം ഒഴുകി നടക്കുന്ന ഇത്തരം വലകളിൽ കുടുങ്ങി നിരവധി ജീവികൾക്ക്‌ നാശം  സംഭവിക്കുന്നത്‌ കൊണ്ടുതന്നെ ഇവ ‘പ്രേത വലകൾ’ (ghost nets) എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ  വംശനാശ ഭീഷണിനേരിടുന്ന ജീവികളും ഉണ്ട്.

ഒഴുകുന്ന രാസമാലിന്യവാഹിനികൾ
വെള്ളത്തിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ  ഡിഡിറ്റി, പോളി ക്ലോറോ ബൈഫിനൈൽ തുടങ്ങി വിനാശകരമായ രാസവസ്തുക്കളെ ആഗിരണം ചെയ്ത് സൂക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചുറ്റുമുള്ള വെള്ളത്തിനേക്കാൾ ഒരു ലക്ഷം മുതൽ ഒരു ദശലക്ഷം വരെ മടങ്ങ്‌ അധികം ആണ് ഇത്തരം രാസവസ്തുക്കൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ശേഖരിക്കപ്പെടുന്നത്‌. പ്ലാസ്റ്റിക് മാലിന്യം ആഹാരമാക്കുന്ന ജീവികളുടെ ശരീരത്തിൽ ഈ രാസവസ്തുക്കൾ അടിഞ്ഞുകൂടുകയും ചെറിയ ജീവികളെ വലിയ ജീവികൾ ആഹാരമാക്കുമ്പോൾ അവയുടെ ശരീരത്തിൽ ഉയർന്ന അളവിൽ കടന്നുകൂടുകയും ചെയ്യുന്നു. 

വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യം പൊടിയുമ്പോൾ വിഷാംശമുള്ള രാസവസ്തുക്കളായ ബൈസ്ഫീനോൾ- എ (bisphenol-A) എന്ന രാസവസ്തു പുറത്തുവരുന്നു. മത്സ്യങ്ങളിലൂടെ ഇവ മനുഷ്യരിലും എത്താം. ദ്വീപുകളിൽ കൂടുകൂട്ടുന്ന 90 ശതമാനം കടൽ പക്ഷികളും അറിയാതെതന്നെ പ്ലാസ്റ്റിക് പ്രധാന ആഹാരമാക്കി മാറ്റുന്നുണ്ട്.

തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം പ്ലാസ്റ്റിക് മലിനീകരണം ഒരു പ്രധാന പ്രശ്നമാണ്. ലക്ഷക്കണക്കിന്‌ രൂപയാണ് ഭരണകൂടങ്ങൾക്ക്‌ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിനായും മറ്റു ശുചീകരണ പ്രവർത്തനങ്ങൾക്കുമായും ചെലവഴിക്കേണ്ടി വരുന്നത്. പലയിടങ്ങളിലും മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിറയുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്.




മലിനീകരണം എങ്ങനെ തടയാം?
കരയിലെതിനെക്കാൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവാണ് ആദ്യമായി ഉണ്ടാകേണ്ടത്. കരയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ എത്തിച്ചേരുന്നത് തടയാൻ കരയിൽ മാലിന്യസംസ്കരണം കൂടുതൽ ഫലവത്തായി നടപ്പിലാക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കുകയും  പരിസ്ഥിതി സൗഹൃദമുള്ള ബദൽ വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കുകയും വേണം.

പ്ലാസ്റ്റിക് മാലിന്യം കടലിൽ എത്താതിരിക്കാൻ കരയിൽ തന്നെ ഇവയെ വികേന്ദ്രീകൃതമായി സംസ്കരിക്കാനും പുനഃചംക്രമണം നടത്താനും സത്വരമായ പ്രവർത്തനങ്ങൾ വേണം. നിലവിൽ തീരപ്രദേശങ്ങളിലും കടലിലും അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തീരദേശവാസികൾ, വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെ ശ്രമങ്ങൾ ഉണ്ടാകണം.  ഹോട്ടലുകൾ, പാർക്കുകൾ തുടങ്ങിയവ പ്ലാസ്റ്റിക് മാലിന്യപരിപാലന പ്രവർത്തനങ്ങൾക്ക്‌  നേതൃത്വം നൽകണം. ചെറുകിടകച്ചവടക്കാർക്കും ഇക്കാര്യത്തിൽ പങ്ക്‌ വഹിക്കാനാകും. വൃത്തിയുള്ള കടൽ എന്ന ആശയം കൂടുതൽ തലങ്ങളിലേക്ക് എത്തേണ്ട ഒരു സാഹചര്യം നിലവിൽ ഉണ്ട്.

ശുചിത്വ സാഗരം  മാതൃക
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലെ പ്ലാസ്റ്റിക്മാലിന്യങ്ങൾ കരയിലെത്തിക്കുവാനും അവയെ റോഡ്‌നിർമാണത്തിനും മറ്റുമായി പ്രയോജനപ്പെടുത്താനുമായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് തുടക്കം കുറിച്ച ‘ശുചിത്വ സാഗരം’ പദ്ധതി അനുകരണീയവും ശ്ലാഘനീയവും ആണ്. ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോകാനുമായി.

( കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ്‌‌ ‌ ഫിഷറീസ് വിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top