27 April Saturday

പ്ലാസ്‌റ്റിക്‌ മാലിന്യമാകുമ്പോൾ

ഡോ. അബേഷ്‌ രഘുവരൻUpdated: Sunday Jul 10, 2022


കരയിലും കടലിലും പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധി ലോകം ഗൗരവത്തോടെ കണ്ടു തുടങ്ങിയിരിക്കുന്നു. എന്നാൽ
പ്ലാസ്റ്റിക്‌ വസ്‌തുക്കളുടെ നിർമാണവും ഉപയോഗവും വർധിച്ചു വരികയുമാണ്‌.  ഈ സാഹചര്യത്തിൽ  പ്ലാസ്‌റ്റിക്‌ മലിനീകരണം തടയാനും നിയന്ത്രിക്കാനുമുള്ള നടപടികൾക്ക്‌ മുന്തിയ പരിഗണന ലഭിക്കേണ്ടതുണ്ട്‌.

ഒരു മിനിറ്റിൽ  ഒരു ട്രക്ക് പ്ലാസ്റ്റിക്  സമുദ്രത്തിലേക്ക്‌
പ്ലാസ്റ്റിക്‌ മാലിന്യത്തിലെ  വിഷമയമായ പദാർഥങ്ങൾ വെള്ളത്തോട്‌ ചേർന്ന് മണ്ണിലും, അടുത്തുള്ള പുഴകളിലും എത്തിച്ചേരുകയും അവിടെയുള്ള ജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിനൊപ്പം നാം വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങളോടൊപ്പമുള്ള പ്ലാസ്റ്റിക് മൃഗങ്ങൾക്കും ഭീഷണിയാണ്‌.

1550 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇന്നേവരെ ഏതാണ്ട് 8.3 മില്യൺ ടൺ പ്ലാസ്റ്റിക്‌ ലോകത്ത്‌ ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 8 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും സമുദ്രങ്ങളിൽ എത്തിച്ചേരുന്നത്. ഓരോ മിനിറ്റിലും ഒരു ട്രക്ക്  പ്ലാസ്റ്റിക് മാലിന്യം വീതം സമുദ്രത്തിലേക്ക് എത്തുന്നതായാണ്‌ കണക്ക്‌ ഇങ്ങനെപോയാൽ 2050 ഓടെ കടലിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകൾ ആയിരിക്കുമെന്ന്‌ ശാസ്‌ത്രലോകം മുന്നറിയിപ്പ്‌ നൽകുന്നു.

കടലിലെത്തുന്ന  പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ പലകാരണങ്ങളാൽ ചെറുകഷണങ്ങളാകുന്നു. ഇതിനെ ‘പ്ലാസ്റ്റിക് ഫോട്ടോ ഡീഗ്രേഡേഷൻ (Plastic Photodegradation) എന്ന്‌ പറയും.  ഇവ കടൽവെള്ളത്തോട് ചേരുകയും കടൽജീവികൾ ഭക്ഷിക്കുകയും ചെയ്യുന്നു. കടലാമകളുടെ  ഭക്ഷണത്തിൽ ഏതാണ്ട് 74ശതമാനം  മൈക്രോപ്ലാസ്റ്റിക്കുകൾ ആണെന്നാണ്‌ കണക്ക്‌!

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലമായി വംശനാശം സംഭവിച്ച ജീവികൾ വരെയുണ്ട്. അവയിൽ കൂടുതലും കടൽ ജീവികളാണ്. കടലാമകൾ, ചില കടൽപ്പക്ഷികൾ, കടൽ സീലുകൾ എന്നിവയൊക്കെ ഉദാഹരണം.  2019 ൽ  ഒരു നീലത്തിമിംഗിലത്തിന്റെ ജഡത്തിൽ നിന്ന് കണ്ടെടുത്തത് നാൽപ്പതുകിലോ പ്ലാസ്റ്റിക്കായിരുന്നു !

ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്
സമുദ്രങ്ങളിലേക്ക് എത്തുന്ന പ്ലാസ്റ്റിക്‌ മാലിന്യം വലിയ ദ്വീപിന്റെ ആകൃതിയിൽ  കെട്ടിക്കിടക്കുന്നതിനെ  പ്ലാസ്റ്റിക് പാച്ചുകൾ എന്ന്‌ പറയും. ഇന്ത്യൻ മഹാസമുദ്രത്തിൽ ഒന്നും, പസഫിക് സമുദ്രത്തിലും, അറ്റ്‌ലാന്റിക് സമുദ്രത്തിലും രണ്ടുവീതവും ഭീമാകാരമായ  പ്ലാസ്റ്റിക് പാച്ചുകൾ കണ്ടെത്തിയിട്ടുണ്ട്.  പസഫിക് സമുദ്രത്തിൽ ഹവായിക്കും കലിഫോർണിയക്കും ഇടയിൽ കാണുന്ന  പ്ലാസ്റ്റിക്‌  ദ്വീപാണ് ‘ഗ്രേറ്റ്‌ പസഫിക് ഗാർബേജ് പാച്ച്'. രാജസ്ഥാന്റെ ഇരട്ടിയോളം വലിപ്പമുണ്ടിതിന്‌.  സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം എത്ര ഭീകരമാണെന്നതിന്റെ തെളിവാണിത്‌.

വായുവിലും
കരയിലും കടലിലും  പ്ലാസ്റ്റിക് മാലിന്യങ്ങളുള്ളതുപോലെ  വായുവിലും ഇവയുടെ സാന്നിധ്യമുണ്ട്‌. മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും അത് ജീവികളുടെ ശ്വസനവ്യവസ്ഥയെ  ബാധിക്കുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിൽ എത്തുന്ന ഇവ  രക്തത്തിൽ കലർന്ന്‌   ആരോഗ്യത്തെ ബാധിക്കും.  ശ്വാസകോശ അർബുദം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്‌.  പ്ലാസ്റ്റിക്‌ കത്തിക്കുന്നതു മൂലമുള്ള മലിനീകരണവും വേറെ.

ബില്ല്യാർഡ്‌സ്‌ ബോളിൽനിന്ന്‌
ബില്യാർഡ്‌സ് കളിക്കാനുള്ള  ബോൾ നിർമിച്ചിരുന്നത്‌ പണ്ട്‌ ആനയുടെ കൊമ്പ് ഉപയോഗിച്ചായിരുന്നു. ഈ ആവശ്യത്തിന്‌   വേട്ടയാടുന്നതുമൂലം പത്തൊമ്പതാം നൂറ്റാണ്ടിൽ  ആനകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഇത്‌ തടയാൻ ചിന്തകൾ തുടങ്ങി. 1863 ൽ അമേരിക്കക്കാരനായ ജോൺ വെസ്‌ലി ഹയാത് എന്നയാൾ  സസ്യകോശങ്ങളിൽ കാണുന്ന സെല്ലുലോസ് ഉപയോഗിച്ച്‌ സെല്ലുലോയിഡ് എന്ന പദാർഥം ഉണ്ടാക്കി. എന്നാൽ അത് പഴയ ബോളിനേക്കാൾ ഭാരമുള്ളതായിരുന്നു എന്ന് മാത്രമല്ല വേണ്ടത്ര ബൗൺസ് ചെയ്യുകയുമില്ലായിരുന്നു. എന്നിരുന്നാലും  അവ ഉപയോഗിച്ച് മറ്റു പല ആവശ്യങ്ങളും നിറവേറ്റാൻ കഴിഞ്ഞു. ഇതാണ് ആദ്യത്തെ പ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്.


 

സെല്ലുലോയിഡ് പെട്ടെന്ന് തീപിടിക്കുന്നതിനാൽ   ഉൽപ്പാദനം  അപകടം പിടിച്ചതായിരുന്നു.  1907ൽ ശാസ്ത്രജ്ഞർ കൽക്കരി ടാറിന്റെ ഉപോൽപ്പന്നമായ ഫിനോൾ ഫോർമാൽഡിഹൈഡുമായി സംയോജിപ്പിച്ച്‌ ബേക്കലൈറ്റ് എന്ന പോളിമർ ഉണ്ടാക്കിയെടുത്തു.  ഇത്‌ അത്രവേഗം തീ  പിടിക്കാത്തതും അസംസ്കൃതവസ്തുക്കൾ കൂടുതൽ ലഭ്യമായതുമായിരുന്നു.  1920ൽ  ഗവേഷകർ പോളിസ്റ്റയറിൻ  ഉണ്ടാക്കി. തുടർന്ന്‌  വിനൈൽ, പോളിവിനൈൽ, അക്രിലിക്, നൈലോൺ എന്നീ പോളിമറുകൾ വികസിപ്പിച്ചെടുത്തു. 1933 ൽ പോളിഎത്തിലീൻ എന്ന  പ്ലാസ്റ്റിക് വികസിപ്പിച്ചു. ഇന്ന് ഏറ്റവുമധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്. ഇൻജക്ഷൻ മോൾഡിങ് എന്ന രീതി കണ്ടുപിടിച്ചതോടെ പ്ലാസ്റ്റിക്ക് ചൂടാക്കിയതിനുശേഷം വിവിധ അച്ചുകൾ ഉപയോഗിച്ച് വിവിധതരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചു. അമേരിക്കയിൽ സൈന്യത്തിന്റെ ഹെൽമറ്റുകൾ, വിനൈൽ മഴക്കോട്ടുകൾ, പ്രതിരോധശേഷിയുള്ള നൈലോൺ ഉപയോഗിച്ച് ഉണ്ടാക്കിയ പാരച്യൂട്ടുകൾ എന്നിവ വ്യാപകമായി നിർമിച്ചു. യുദ്ധകാലം കഴിഞ്ഞതോടെ കൂടുതൽ കമ്പനികൾ വിവിധതരത്തിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. തടി, ചില്ല്, തുണി എന്നിവയെയൊക്കെ പിന്നിലാക്കി പ്ലാസ്റ്റിക് വാണിജ്യലോകത്തെ  കീഴടക്കി.

വില്ലൻ മാത്രമല്ല
പ്ലാസ്റ്റിക്കിനെ വില്ലന്റെ സ്ഥാനത്തുമാത്രം കാണരുത്‌.  മനുഷ്യന്റെ പുരോഗതിയിൽ പ്ലാസ്റ്റിക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് വലിച്ചെറിയപ്പെടുമ്പോളും ഭൂമിയിൽ കുന്നുകൂടുമ്പോളുമാണ് പ്രശ്‌നമാകുന്നത്. ആരോഗ്യരംഗത്ത്‌ പ്ലാസ്റ്റിക് വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ജീവൻരക്ഷാ ഉപകരണങ്ങൾ ഏറെയും ഉണ്ടാക്കുന്നത് പ്ലാസ്റ്റിക്‌ ഉപയോഗിച്ചാണ്. ബഹിരാകാശവാഹനങ്ങൾ, വാഹനങ്ങളുടെ ഭാഗങ്ങൾ  തുടങ്ങി നമ്മുടെ ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെ സഹായമില്ലാതെ ഒരുദിവസം പോലും കടന്നുപോകാറില്ല.

നിയന്ത്രണവും ബോധവൽക്കരണവും
ഇന്ത്യയിൽ ജൂലൈ ഒന്നു മുതൽ ചില പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്‌. കേരളം  നേരത്തെ തന്നെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഈ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്‌. വലിയ രീതിയിലുള്ള ബോധവൽക്കരണം ഇനിയും തുടരണം. ചില രാജ്യങ്ങൾ പ്ലാസ്റ്റിക്കിനെതിരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെനിയയാണ് അതിൽ പ്രധാനം. പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് നാലുവർഷം തടവും, 38,000 ഡോളർ പിഴയുമാണ് അവിടെ ശിക്ഷ. അതുപോലെതന്നെ യുകെ, തയ്‌വാൻ, സിംബാബ്‌വേ, ഓസ്‌ട്രേലിയ, ക്യാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top