27 April Saturday

ഞങ്ങളും നിങ്ങളുമല്ല നമ്മളാണ്‌; മുഖ്യമന്ത്രി പിണറായി വിജയൻ ഓണത്തെക്കുറിച്ച്‌ സംസാരിക്കുന്നു

എൻ എസ്‌ സജിത്‌ nssajith@gmail.comUpdated: Saturday Aug 21, 2021

എല്ലാ വിഷമസന്ധികളെയും ദൂരേക്ക്‌ മാറ്റിനിർത്തി  മലയാളികൾ ഇന്ന്‌  തിരുവോണമാഘോഷിക്കുന്നു.   ദുരന്തങ്ങളും മഹാമാരിയും അതിജീവിക്കാനാകുമെന്ന  സന്ദേശമാണ്‌ ഈ ഓണക്കാലം നമുക്ക്‌ നൽകുന്നത്‌. ഒരുമയുടെയും ഐക്യത്തിന്റെയുംസന്ദേശം. കേരളീയർക്ക്‌ ഒരു മാവേലിക്കാലത്തിന്റെ ദീപ്‌ത സ്‌മരണയിൽ കാണം വിൽക്കാതെ മനസ്സുനിറഞ്ഞ്‌ ഓണമുണ്ണാൻ അവസരമൊരുക്കുന്നു  ഈ സർക്കാർ. സർക്കാരിനെ നയിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ ഓണത്തെക്കുറിച്ച്‌  സംസാരിക്കുന്നു

എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന, സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണം. ഇന്നത്തെ സാഹചര്യത്തിൽ ഈ കാഴ്‌ചപ്പാട് സർക്കാരിനെത്രത്തോളം കരുത്തും ദിശാബോധവും നൽകുന്നുണ്ട്

ഇന്നത്തെ സാഹചര്യത്തിൽ മാത്രമല്ല, എക്കാലത്തേക്കും പ്രസക്തമായ സന്ദേശമാണ് ഓണം സമൂഹത്തിന് നൽകുന്നത്. ‘മാനുഷരെല്ലാരും ഒന്നുപോലെ' എന്ന രണ്ടു വാക്കിൽ സമത്വവും സാഹോദര്യവും കളിയാടുന്ന മഹത്തായ സാമൂഹ്യസങ്കൽപ്പം ഉൾക്കൊണ്ടിരിക്കുന്നു. ആ സങ്കൽപ്പം യാഥാർഥ്യമാക്കുക എന്നത് വലിയൊരു ലക്ഷ്യമാണ്. അതിനായി ഒരുപാട് ദൂരം ഇനിയും നമ്മൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു.  ചൂഷണങ്ങൾക്ക് അന്ത്യംകുറിച്ചുകൊണ്ട് നിലവിലെ വ്യവസ്ഥിതിയെ മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. ഒരുപാട് മനുഷ്യർ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ആ ലക്ഷ്യം കൈവരിക്കുന്നതിനായി അണിനിരക്കേണ്ടതുണ്ട്. ആ കാഴ്‌ചപ്പാടാണ് എൽഡിഎഫ് സർക്കാരിനെ നയിക്കുന്നത്. പ്രളയങ്ങളും നിപായും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാൻ സർക്കാരിനു സാധിച്ചത് അതുകൊണ്ടാണ്. ജനങ്ങളെ ഒറ്റക്കെട്ടായി നിർത്തിക്കൊണ്ട് അവയോട് പോരാടാനാണ് ശ്രമിച്ചത്. ഇനിയും അതേ ദിശയിലായിരിക്കും സർക്കാരിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളും മുന്നോട്ടുപോകുക.

‘നമ്മൾ ഒന്നിച്ചങ്ങ് ഇറങ്ങുകയല്ലേ' എന്ന് 2018-ലെ പ്രളയകാലത്ത് താങ്കൾ നടത്തിയ ആഹ്വാനം കേരളമൊന്നാകെ ഏറ്റെടുക്കുകയുണ്ടായി. അതിന്റെ തുടർച്ച ഇനിയും സാധ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ

അത് പറഞ്ഞത് അതാണ് കേരളത്തിന്റെ മനസ്സ് എന്നതുകൊണ്ടാണ്. നിങ്ങൾ-–-ഞങ്ങൾ ഭേദമില്ലാതെ നമ്മളായി പരസ്‌പരം കൈകോർത്ത് നാടിനുവേണ്ടി നിലകൊണ്ട അനുഭവങ്ങൾ അനേകം താണ്ടിയവരാണ് കേരളീയർ. അതിന്റെ തുടർച്ചയാണ് ഇക്കാലംവരെ ഉണ്ടായത്. ജാതി-–-മത, -ദേശ ഭേദങ്ങളാൽ വിഭജിക്കപ്പെട്ടുപോകാതെ, അതിനെല്ലാമപ്പുറം കേരളമെന്ന നമ്മുടെ നാടിന്റെ നന്മയ്‌ക്കും പുരോഗതിക്കുമായി ഒരുമിച്ചുനിൽക്കുകയെന്ന ആശയം ജനങ്ങളേറ്റെടുത്തതു കൊണ്ടാണ് കേരളം പ്രതിസന്ധികളിൽ തളരാതിരുന്നത്. ആ ആശയത്തെ അവർ ഹൃദയത്തിലേറ്റു വാങ്ങിയതുകൊണ്ടാണ് എൽഡിഎഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കലും അപ്രസക്തമാകാത്ത ആ കൂട്ടായ്‌മ ഈ ഘട്ടത്തിൽ തങ്ങളുടെ അതിജീവനത്തിനും വളർച്ചയ്‌ക്കും അനിവാര്യമാണെന്ന് ഓരോ കേരളീയനും വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസം ഇനിയും കൂടുതൽ ശക്തമാകുകയും കൂടുതൽ ഉയരങ്ങളിലേക്ക്‌ കേരളം ചെന്നെത്തുകയും ചെയ്യും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. 

കോവിഡ് കാലത്ത് ജനങ്ങളുടെ വിശപ്പകറ്റാൻ നിരവധി പദ്ധതി  സർക്കാർ ആവിഷ്‌കരിച്ചിരുന്നു. ‘കിറ്റ് വിജയൻ' എന്ന എതിരാളികളുടെ പരിഹാസത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്

അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല. ജനങ്ങൾക്ക് വാങ്ങാനും സർക്കാരിന് കൊടുക്കാനും അമിത താൽപ്പര്യമുണ്ടായിട്ടല്ല ഭക്ഷ്യവസ്‌തുക്കളുടെ കിറ്റ് വിതരണം ചെയ്യുന്നത്. ഖജനാവ് നിറഞ്ഞു കവിഞ്ഞതുകൊണ്ടുമല്ല. ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്ന് ഞങ്ങൾ കാണുന്നു. ആ അവകാശം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണ്. ആരെങ്കിലും പരിഹസിച്ചതുകൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ ആ കർത്തവ്യനിർവഹണത്തിൽനിന്ന് പിന്മാറാനാകില്ലല്ലോ.

മുഖ്യമന്ത്രി പിണറായി വിജയനും  ഭാര്യ കമലയും (ഫയൽ ചിത്രം)                       ഫോട്ടോ:ദേശാഭിമാനി

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും (ഫയൽ ചിത്രം) ഫോട്ടോ:ദേശാഭിമാനി

പ്രതിസന്ധി കാലത്ത് ജനങ്ങൾ പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണവിതരണ പദ്ധതികൾ നടപ്പാക്കിയതിൽ പരിഹാസം കണ്ടെത്തുന്നവരുടെ സാമൂഹ്യബോധം എത്രമാത്രം അധഃപതിച്ചതായിരിക്കണം! വിശപ്പിന്റെ വിലയറിയുന്നവരുടെ പ്രസ്ഥാനത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. അവർ തെരഞ്ഞെടുത്ത സർക്കാരാണിത്. ആ സർക്കാരിന് മനുഷ്യർ പട്ടിണി കിടക്കുന്നത് കൈകെട്ടി നോക്കി നിൽക്കാനാകില്ല. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്തവരുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണത്. അതിനിയും വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകും. പരിഹാസം അതിന്റെ വഴിക്ക്‌ നടക്കട്ടെ.

കോവിഡ്-–-19 രണ്ടാം തരംഗം തീർത്ത വലിയൊരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഇത്തവണ ഓണം. ഓണക്കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ എന്തെല്ലാം പദ്ധതിയാണ് നടപ്പാക്കിയത്

കോവിഡ് രണ്ടാം തരംഗം വളരെ ശക്തമായാണ് രാജ്യമെമ്പാടും ആഞ്ഞടിച്ചത്. കേരളത്തിലും അതിശക്തമായ പ്രതിസന്ധി ഉരുത്തിരിഞ്ഞു. എങ്കിലും മരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞനിലയിൽ നിയന്ത്രിച്ചുനിർത്താനും  വാക്‌സിനേഷൻ വളരെ വേഗത്തിൽ നൽകാനും കേരളത്തിനു സാധിക്കുന്നുണ്ട്. കർശനമായ സാമൂഹ്യനിയന്ത്രണങ്ങൾ നടപ്പാക്കേണ്ടിവന്നത് സംസ്ഥാനത്തിന്റെ ഒന്നാകെയുള്ള സാമ്പത്തികസ്ഥിതിയെ ബാധിച്ചു. അതു കണക്കിലെടുത്ത് ജനങ്ങളുടെ കൈകളിൽ പണമെത്തിക്കാനും വ്യവസായ,- വ്യാപാര പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാനും ഭക്ഷ്യവസ്‌തുക്കൾ കൃത്യമായി വിതരണം ചെയ്യാനും ആവശ്യമായ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാൻ സാധിച്ചു.

ചെറുകിട വ്യാപാര, -വ്യവസായങ്ങൾക്ക് കരുത്തുനൽകാൻ 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജ് സർക്കാർ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായിത്തന്നെ 526 കോടി രൂപ ചെലവഴിച്ചുകൊണ്ട് ഏകദേശം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഇതിനുപുറമെ, ആഗസ്ത്‌, സെപ്തംബർ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. അന്തിമ പട്ടികപ്രകാരം 48.5 ലക്ഷത്തിലധികം ആളുകൾക്ക് 3200 രൂപ വീതം ഇങ്ങനെ ലഭ്യമായി. 25 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും  നടന്നു. ഇത്തരത്തിൽ ഓണം ആഘോഷിക്കാൻ എല്ലാവർക്കും സാധ്യമാകുന്ന സാഹചര്യമൊരുക്കാൻ പരമാവധി കാര്യം സർക്കാർ ചെയ്‌തിട്ടുണ്ട്.

ദാരിദ്ര്യമില്ലാത്ത, ആരും പട്ടിണി കിടക്കാത്ത സമത്വസുന്ദരമായ ഒരു ലോകത്തെയാണ് ഓണം വിഭാവനം ചെയ്യുന്നത്. ആ സ്വപ്‌നം യാഥാർഥ്യമാക്കാൻ സർക്കാർ എന്തെല്ലാം പ്രായോഗിക പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്

ആ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പാണ് അതിതീവ്ര ദാരിദ്ര്യം നിർമാർജനം ചെയ്യാൻ  ആവിഷ്‌കരിച്ച പദ്ധതി. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ അതീതീവ്ര ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ ഭാഗമായി നടക്കുന്ന സർവേ നാലു മാസത്തിനകം പൂർത്തിയാകും. തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോ പ്ലാനുകൾ തയ്യാറാക്കി അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ അതിൽനിന്ന്‌ മോചിതരാക്കാൻ ആവശ്യമായ പ്രവർത്തനം നടപ്പാക്കും. സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്.

ഇതിനുപുറമെ എല്ലാവർക്കും തൊഴിൽ ലഭ്യമാകണം. അതിനായി കാർഷിക, വ്യാവസായിക മേഖലകളിൽ  കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ വിപുലപ്പെടുത്തി 

മുന്നോട്ടുകൊണ്ടു പോകുന്നതോടൊപ്പം പുതിയ പദ്ധതികളും ആവിഷ്‌കരിച്ചുനടപ്പാക്കും. അടിസ്ഥാനസൗകര്യങ്ങളും പൊതുവിദ്യാഭ്യാസവും  ആരോഗ്യമേഖലയും കൂടുതൽ കരുത്തുറ്റതാക്കും.

ഓണം കാർഷികോത്സവം കൂടിയാണല്ലോ. കാർഷികമേഖലയിൽ എന്തെല്ലാം പുതിയ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്

കാർഷികമേഖലയിൽ വലിയ ഉണർവാണ്  അഞ്ചു വർഷത്തിനിടയിൽ ഉണ്ടായത്. തരിശായി കിടന്ന ഒരുപാട് ഭൂമിയിൽ നമ്മൾ ഇക്കാലയളവിൽ നൂറുമേനി കൊയ്‌തു. കർഷകർക്ക്‌ അനുകൂലമായ നയങ്ങളാണ്  സർക്കാർ നടപ്പാക്കിയത്. പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളമാണ്. 

2021--–-22 സാമ്പത്തിക വർഷത്തിലും നിരവധി പദ്ധതിയാണ് കാർഷികമേഖലയ്‌ക്ക്‌ ഊർജം പകരാനായി പ്രാവർത്തികമാകുക. അതിന്റെ ഭാഗമായി 14 ജില്ലയിലും ഓരോ സ്‌മാർട്ട്  കൃഷിഭവൻ, മായമില്ലാത്ത കാർഷികോൽപ്പന്നങ്ങൾ  ലഭ്യമാക്കാൻ ജൈവകൃഷി മിഷൻ, അട്ടപ്പാടിയിൽ ഇൻകുബേഷൻ സെന്റർ, കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ സിയാൽ മോഡൽ കമ്പനി, ഫുഡ് പാർക്കുകൾ, അഗ്രി പാർക്കുകൾ എന്നിവ സ്ഥാപിക്കും. കാർഷിക ദൗത്യസേനയും  പ്രവാസികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളും കാർഷിക സ്റ്റാർട്ടപ്പുകളും രൂപീകരിക്കും.  

ഒളിമ്പിക്‌സിൽ ഹോക്കി താരം ശ്രീജേഷ് നേടിയ മെഡൽ കേരളത്തിന്‌ അഭിമാനമായി. അന്താരാഷ്‌ട്രതലത്തിൽ മികവിലേക്കുയരാൻ പര്യാപ്തമാകുംവിധം  കുട്ടികളെ സജ്ജമാക്കാൻ കേരളത്തിന്‌ സാധിക്കേണ്ടേ  

ഒളിമ്പിക്‌സ് ലക്ഷ്യമിട്ട്  തെരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നൽകുന്ന ഓപ്പറേഷൻ ഒളിമ്പ്യ, മികച്ച പ്രതിഭയുള്ള കായികതാരങ്ങളെ കണ്ടെത്തി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന എലൈറ്റ് എന്നീ പരിശീലനപദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി അവർക്ക് മികച്ച കായികപ്രതിഭകളായി വളരാനും നേട്ടം കൊയ്യാനുമുള്ള അവസരമൊരുക്കുന്നതിനാണ് ഊന്നൽ നൽകേണ്ടത്. അതിനു സഹായകരമായ പദ്ധതികളും നടപ്പാക്കിവരുന്നു. ഫുട്‌ബോളിനായി കിക്കോഫ്, ബാസ്‌കറ്റ്‌ ബോളിനായി ഹൂപ്‌സ്, നീന്തലിനായി സ്‌പ്ലാഷ് എന്നിവ അത്തരം പദ്ധതികളാണ്. അത്‌ലറ്റിക്‌സിനായി സ്‌പ്രിന്റ്‌, ജൂഡോയ്‌ക്കായി ജൂഡോക്ക, ബോക്‌സിങ്ങിനായി പഞ്ച് എന്നീ പരിശീലനപരിപാടികൾ പുതുതായി ആരംഭിക്കും. കായിക ഡയറക്ടറേറ്റിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മൂന്ന്‌ ഫുട്‌ബോൾ അക്കാദമി നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിക്കുകയാണ്. ഇതിൽ രണ്ടെണ്ണം പെൺകുട്ടികൾക്കു മാത്രമാണ്. കോവിഡ് നിയന്ത്രണം മാറുന്ന മുറയ്‌ക്ക്‌ ഈ പദ്ധതികൾ കൂടുതൽ കാര്യക്ഷമതയോടെ നടപ്പാകും.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യമാണല്ലോ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നത്. ഓണവുമായി അഭേദ്യമായ ബന്ധമുള്ള നമ്മുടെ പരമ്പരാഗത വ്യവസായമാണ് കൈത്തറി. കൈത്തറിമേഖലയുടെ വികസനത്തിനായി എന്തെല്ലാം പദ്ധതിയാണുള്ളത്

കേരളത്തിന്റെ അഭിമാനമാണ് അഴകും മികവുമുള്ള കേരള കൈത്തറി ഉൽപ്പന്നങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും മേന്മയേറിയ കൈത്തറി ഉൽപ്പന്നങ്ങളിൽ ഒന്നാണ് നമ്മുടേത്. കൈത്തറി മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക്‌ എത്തിക്കാൻ ആവശ്യമായ നിരവധി പദ്ധതി  നടപ്പാക്കിവരികയാണ്. അടിസ്ഥാനസൗകര്യം, ആധുനികവൽക്കരണം, മാർക്കറ്റിങ്, മാനവശേഷി വികസനം പരമ്പരാഗതമായ കഴിവുകളെ സംരക്ഷിക്കൽ, ക്ഷേമ പരിപാടികൾ, താങ്ങുവില എന്നിങ്ങനെ വിവിധ തലങ്ങളിൽ പിന്തുണ നൽകി അന്താരാഷ്‌ട്ര മാർക്കറ്റിൽ മത്സരിക്കാനുള്ള ശേഷി നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം 

തൊഴിലാളികൾക്ക് ന്യായമായ കൂലിയും തുടർച്ചയായ ജോലിയും ഉറപ്പുവരുത്തി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘സ്‌കൂൾ യൂണിഫോം' പദ്ധതി ആവിഷ്‌കരിച്ചത്. സർക്കാർ സ്‌കൂളുകളിലെ 1-7 വരെയും എയ്ഡഡ് സ്‌കൂളുകളിലെ 1-4 വരെയും സ്റ്റാൻഡേർഡുകളിലെ വിദ്യാർഥികൾക്കാണ് സൗജന്യമായി കൈത്തറി യൂണിഫോം ഈ പദ്ധതി വഴി നൽകുന്നത്. 

പ്രാഥമിക കൈത്തറി സഹകരണസംഘങ്ങളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം, ഹാൻടെക്‌സ്‌/ഹാൻവീവ് എന്നിവയിലെ ഓഹരി പങ്കാളിത്തം  എന്നിവ ഉറപ്പുവരുത്തുകവഴി കൂടുതൽ മൂലധനം കൈത്തറി മേഖലയിൽ കൊണ്ടുവന്നു. പ്രോത്സാഹനത്തിനും വികസനത്തിനുമായി നെയ്‌ത്തുകാർക്ക് ഗുണമേന്മയുള്ള അസംസ്‌കൃതവസ്‌തുക്കൾ ലഭ്യമാക്കുന്നതിനുള്ള സബ്സിഡി, ഗുണമേന്മയുള്ള അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുന്നതിനുള്ള മാർജിൻ മണി വായ്‌പ, കൈത്തറി മേഖലയിൽ സ്വയം തൊഴിൽ സൃഷ്ടിക്കൽ/യുവ വീവ് പദ്ധതി, നെയ്‌ത്തുകാർക്കും മാറ്റ് തൊഴിലാളികൾക്കുമുള്ള പ്രോ ത്സാഹനപരിപാടി, കൈത്തറി ഗ്രാമം, സമഗ്ര കൈത്തറി ഗ്രാമം എന്നീ പദ്ധതികൾ നടപ്പാക്കി. കൈത്തറി മേഖലയെ കൂടുതൽ കരുത്തുറ്റതാക്കണമെങ്കിൽ ജനങ്ങളുടെ പിന്തുണയും അനിവാര്യമാണ്. കൈത്തറി വസ്‌ത്രങ്ങൾകൂടി ഉപയോഗിക്കാൻ എല്ലാവരും തീരുമാനിച്ചാൽ തന്നെ വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കും.

എന്താണ് ഓണസന്ദേശം

  ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്‌ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തുനിർത്തട്ടെ.  പ്രതിബന്ധങ്ങളെ കൂട്ടായി തരണം ചെയ്യാം. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ച്‌ നല്ല നാളെകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top