26 April Friday

തൊണ്ണൂറ്റി ഏഴാം വയസ്സിലും പിന്നണി ഗായകൻ; നൂറാംവയസ്സിൽ കച്ചേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020

കൊച്ചി > മേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്ന ചിത്രത്തിലെ ‘എന്റടുക്കെ വന്നടുക്കും പെൺപിറന്നോളെ’ എന്ന ഗാനം പാപ്പുക്കുട്ടി ഭാഗവതർ ആലപിച്ചത്‌ 97–-ാംവയസ്സിൽ‌. ഏഴാംവയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി അഭിനയിച്ച്‌ കലാസ്വാദകർക്കു മുന്നിലെത്തിയ അദ്ദേഹം നൂറാംവയസ്സിൽ വേദിയിൽ കച്ചേരി അവതരിപ്പിച്ച്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഇടംനേടി.

കുട്ടിക്കാലത്തുതന്നെ സംഗീതം അഭ്യസിച്ച ഭാഗവതർ ആയിരക്കണക്കിന്‌ വേദികളിൽ കച്ചേരി അവതരിപ്പിച്ചു.  യുവാവായിരിക്കെ ഫോർട്ടുകൊച്ചിയിലെ കല–-സാംസ്‌കാരിക കൂട്ടായ്‌മകളുടെ ഭാഗമായി. ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെയും തിക്കുറിശ്ശിയുടെയും നാടകങ്ങളിലൂടെ ശ്രദ്ധേയനായി.

പക്ഷിരാജ സ്റ്റുഡിയോയുടെ പ്രസന്ന എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയിൽ അരങ്ങേറിയത്‌. ഇതിൽ ‘വിധിയുടെ ലീല’ എന്ന അശരീരിഗാനവും ആലപിച്ചു. കറുത്ത കൈ എന്ന ചിത്രത്തിൽ ‘കള്ളനെ വഴിയിൽ മുട്ടി’ എന്ന ഗാനം യേശുദാസിനൊപ്പം പാടി. ആശാചക്രം, ദീപം തുടങ്ങിയ ചിത്രങ്ങളിലും പാടി. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, ഒരാൾകൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യർ, അഞ്ചു സുന്ദരികൾ, വിരുതൻ ശങ്കു, പഠിച്ച കള്ളൻ, ശ്യാമളച്ചേച്ചി, ആദ്യകിരണങ്ങൾ, കാട്ടുകുരങ്ങ്, വൈസ്ചാൻസലർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  സംഗീതനാടക അക്കാദമി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഭാഗവതരെ തേടിയെത്തി. 2015ലെ സ്വരലയ–-ഈണം സുവർണ പ്രതിഭാ പുരസ്‌കാരവും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top