26 April Friday

ഒരു നാട്‌ ഒരുമിച്ച്‌ പറഞ്ഞു, പ്രസന്റ്‌ ടീച്ചർ; മഹാമാരിയിലും പഠനാഘോഷത്തിൽ കേരളം

വിജേഷ്‌ ചൂടൽ vijeshchoodal@gmail.comUpdated: Sunday Jun 7, 2020
‘മണലാരണ്യത്തിന്‌ നടുവിലെ ഇടുങ്ങിയ മുറിയിലിരുന്ന്‌ ഈ അമ്പതാം വയസ്സിൽ ഞാൻ വീണ്ടും മൂന്നാംക്ലാസിൽ പഠിക്കുന്നു. എന്തൊരു വിസ്‌മയമാണ്‌ നിങ്ങൾ തീർക്കുന്നത്‌’–- മൂന്നാംക്ലാസിൽ നൗഫൽ മാഷിന്റെ കദളിപ്പഴക്കഥ കേട്ടൊരാൾ സൗദിയിൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ‘സത്യം പറഞ്ഞാൽ, ഇപ്പോൾ പഠിച്ചാൽ മതിയായിരുന്നു. ഈ പിള്ളേരോട്‌ അസൂയ തോന്നീട്ട്‌ പാടില്ല’–- അധ്യാപികയാകാൻ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവച്ച്‌ മറ്റൊരാൾ. ടിടിസി കഴിഞ്ഞ്‌ ജോലിക്കായി ശ്രമിക്കുന്ന തങ്ങൾക്ക്‌ നല്ല റഫറൻസാണ്‌ ഈ ക്ലാസുകളെന്ന്‌ അഭിപ്രായം പങ്കുവച്ചവർ ഏറെ. മഹാമാരിയിലും കേരളം പഠനാഘോഷത്തിമിർപ്പിലാണ്‌.

സായ്‌ ശ്വേത

സായ്‌ ശ്വേത

കോവിഡ്‌ കാലത്ത്‌ ലോകത്ത്‌ മറ്റൊരിടത്തും ഇങ്ങനെയൊരു ആഘോഷത്തിന്‌ ആരവമുയർന്നിട്ടില്ല. ലോകത്തിന്റെ ഒരു മൂലയിലും ദശലക്ഷക്കണക്കിന്‌ കുട്ടികൾ ഇങ്ങനെ തുള്ളിച്ചാടിയിട്ടില്ല. അതുകണ്ട്‌ കോടിക്കണക്കിന്‌ മനുഷ്യർ നിറഞ്ഞുചിരിച്ചിട്ടില്ല. പ്രതിസന്ധികളെ അവസരമാക്കുയെന്ന അതിജീവനപാഠം കേരളത്തിൽനിന്ന്‌ ലോകം വീണ്ടും പഠിച്ചു. ആരോഗ്യമേഖലയ്‌ക്കൊപ്പം കേരളത്തിലെ വിദ്യാഭ്യാസരംഗവും ലോകത്തിന്‌ വിസ്‌മയമാകുകയാണ്‌. സ്‌കൂൾ എന്നു തുറക്കുമെന്നുപോലും അറിയാനാകാതെ ഇതര സംസ്ഥാനങ്ങൾ അന്തിച്ചുനിൽക്കുമ്പോൾ സന്ദേഹമില്ലാതെ കേരളം ഫസ്റ്റ്‌ബെല്ലടിച്ചു.

 ജൂൺ ഒന്നിന്‌ ക്ലാസിൽ കയറിയത്‌ 41 ലക്ഷം വിദ്യാർഥികൾ മാത്രമല്ല. അതിനും എത്രയോ ഇരട്ടി മുതിർന്നവരാണ്. മക്കൾക്കൊപ്പം അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ടിവിക്ക്‌ മുന്നിലിരുന്നു. നിലത്തെഴുത്ത്‌ പള്ളിക്കൂടത്തിൽ പഠിച്ച ബാല്യം മുത്തച്ഛൻ ഓർത്തെടുത്തു. ചേമ്പില ചൂടി മഴ നനഞ്ഞ്‌ സ്‌കൂളിലേക്കോടിയ ഒന്നാംക്ലാസുകാരന്റെ കഥ അച്ഛൻ പറഞ്ഞുകൊടുത്തു. രസതന്ത്രം ഏറെ രസത്തോടെ പഠിപ്പിച്ചിരുന്ന അധ്യാപികയെക്കുറിച്ച്‌ അമ്മ വാചാലയായി. 

 പ്രവേശനോത്സവത്തിന്‌ ക്ലാസിൽ കൊണ്ടുവിടുന്നതിനപ്പുറം കുട്ടി പഠിക്കുന്നത്‌ എന്തെന്നും എങ്ങനെയെന്നും അറിയാത്തവർക്ക്‌ അതിനുള്ള അവസരം കൂടിയാണ്‌ വിക്‌ടേഴ്‌സ്‌ ചാനൽ തുറന്നിട്ടത്‌.  ഇത്രയും ആസ്വാദ്യമായി ക്ലാസെടുക്കാമെന്ന്‌ അവർ കാട്ടിക്കൊടുത്തു. സ്‌കൂളിൽ ഒതുങ്ങിനിന്ന പ്രവേശനോത്സവം നാട്‌ ഏറ്റെടുത്തു. ഒന്നോ രണ്ടോ ദിവസം ഒതുങ്ങുമായിരുന്ന ആരവം ആഴ്‌ച പിന്നിട്ടിട്ടും തുടരുന്നു.

 48 മണിക്കൂറിനിടെ ഏഴുലക്ഷം പേരാണ്‌ വിക്‌ടേഴ്‌സിന്റെ യുട്യൂബ്‌ ചാനൽ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌. ഓൺലൈൻ ക്ലാസ്‌ ആരംഭിക്കുംമുമ്പ്‌ ചാനൽ പിന്തുടർന്നിരുന്നത്‌ വെറും 12000 പേർ. പരസ്യക്കാർ തിരക്കുകൂട്ടി. തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥപറഞ്ഞ സായിശ്വേത ടീച്ചറിന്റെ  വീഡിയോ ഇതെഴുതുമ്പോഴേക്കും 30 ലക്ഷം പേർ കണ്ടുകഴിഞ്ഞു. മൂന്നാംക്ലാസിലെ എൻ എസ്‌ നൗഫൽ മാഷിന്റെ മലയാളപാഠം ദശലക്ഷംപേരും. രണ്ടാം ക്ലാസിൽ നിഷ ടീച്ചറുടെയും സന്ധ്യ ടീച്ചറുടെയും ക്ലാസുകൾക്കും പത്തുലക്ഷത്തിനുമേൽ കാഴ്‌ചക്കാർ‌. ശരാശരി അഞ്ചുലക്ഷത്തോളം പേരാണ്‌ ഓരോ വീഡിയോയും കാണുന്നത്‌.

 ഫെയ്‌സ്‌ബുക് ലൈവിൽ അധ്യാപകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരംകൊണ്ട്‌ കുട്ടികളും മുതിർന്നവരും കമന്റ്‌ബോക്‌സ്‌ നിറയ്‌ക്കുകയാണ്‌. ‘സ്‌കൂൾ തുറന്നാലും ഞങ്ങൾക്ക് സാറിന്റെ ക്ലാസ്‌ തുടരുമോ? പ്ലീസ് സാർ’–- ആറാം ക്ലാസിൽ ഗണിതം പഠിപ്പിച്ച സ്വാമിനാഥൻ മാഷിനോട്‌ ഫെയ്‌സ്‌ബുക് ലൈവിൽ ഒരു കുട്ടി ചോദിച്ചു. രണ്ടാംക്ലാസുകാർക്ക്‌ നിഷ ടീച്ചർ പറഞ്ഞുകൊടുത്ത എയ്‌റോബിക്‌സ്‌ താളങ്ങൾക്കൊപ്പം കുട്ടികളും അമ്മമാരും ചുവടുവച്ചു. 

 തങ്കുപ്പൂച്ചയുടെയും കിട്ടുക്കുരങ്ങന്റെയും കഥ പറഞ്ഞ വടകര മുതുവടത്തൂർ വിവിഎൽപി സ്‌കൂൾ അധ്യാപിക സായിശ്വേതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു ആദ്യക്ലാസ്‌. അധ്യാപകക്കൂട്ടം വാട്‌സാപ് ഗ്രൂപ്പു വഴിയാണു സായ്‌ ശ്വേതയ്‌ക്കു ക്ലാസെടുക്കാൻ അവസരം ലഭിച്ചത്. മുന്നിലിരിക്കുന്ന കുട്ടികളോടു നേരിട്ടു സംസാരിക്കുന്നപോലെ, അവരുടെ മറുപടികളും സംശയങ്ങളും കേൾക്കുന്നതുപോലെ, കുട്ടികൾക്കു കൂടി പങ്കെടുക്കാൻ അവസരം നൽകി അഭിനയിച്ചു പഠിപ്പിച്ച ക്ലാസ്‌ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

വിക്‌ടേഴ്‌്‌സ്‌ ചാനലിൽ ആദ്യ ക്ലാസെടുത്ത  രതി എസ്‌ നായർ, അരൂജ്‌ എം വി എന്നിവർ

വിക്‌ടേഴ്‌്‌സ്‌ ചാനലിൽ ആദ്യ ക്ലാസെടുത്ത രതി എസ്‌ നായർ, അരൂജ്‌ എം വി എന്നിവർ

ഓൺലൈൻ പഠനം സ്‌കൂൾവിദ്യാഭ്യാസത്തിന്‌ ബദലോ സമാന്തരമോ അല്ലെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. അടച്ചിടപ്പെട്ട കുട്ടികൾക്ക്‌ അറിവിന്റെ ലോകത്തേക്ക്‌ സാധ്യമായ മാർഗത്തിലൂടെ വാതിൽ തുറക്കുക എന്ന ലക്ഷ്യമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ നിറവേറ്റിയത്‌. ഓൺലൈൻ പഠനസൗകര്യമില്ലാത്ത 2.6 ലക്ഷം കുട്ടികൾക്ക്‌ പഠനം സാധ്യമാക്കാൻ നാടൊന്നാകെ കൈകോർക്കുന്നു. രണ്ടാഴ്‌ചത്തെ ട്രയൽറണ്ണിനുശേഷം പാഠഭാഗങ്ങൾ പുനഃസംപ്രേഷണംചെയ്യും.

‘ഫസ്റ്റ് ബെൽ’ ആദ്യദിവസം തന്നെ ഹിറ്റ് ആയതിന്‌ പിന്നിൽ ഏറെപ്പേരുടെ കഠിനാധ്വാനമുണ്ട്‌. മെയ് 21നാണ് ഷൂട്ട്  തുടങ്ങിയത്. ജൂൺ ഒന്നിനു ട്രയൽറൺ തീരുമാനിച്ച സാഹചര്യത്തിൽ ആദ്യഘട്ടത്തിനായി ഭൂരിഭാഗം അധ്യാപകരെയും തിരുവനന്തപുരത്തുനിന്നു തന്നെ കണ്ടെത്തി. ചുരുങ്ങിയ സമയത്തിൽ‌  അ‌വർ തന്നെയാണ് സ്‌ക്രിപ്റ്റ്‌ തയ്യാറാക്കി സ്വന്തം ശൈലിയിൽ അവതരിപ്പിച്ചത്‌. 30 മിനിറ്റ് ക്ലാസിനു വേണ്ട പാഠഭാഗങ്ങൾ പലപ്പോഴും നാലും അഞ്ചും മണിക്കൂർവരെ ഷൂട്ട് ചെയ്യേണ്ടിവന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചശേഷം മാറ്റങ്ങളോടെയാകും തുടർന്നുള്ള ക്ലാസുകൾ‐ കൈറ്റ്‌ വിക്‌ടേഴ്‌സ്‌ സിഇഒ കെ അൻവർ സാദത്ത്‌ പറഞ്ഞു.

കുട്ടികളോട്‌ കുറെ കാര്യങ്ങൾ ചോദിക്കുന്ന നൗഫൽ മാഷിനോട്‌ എന്താ ചോദിക്കാനുള്ളതെന്ന അന്വേഷണത്തിന്‌ ഒരു മൂന്നാംക്ലാസുകാരന്റെ അമ്മയുടെ മറുപടിയിങ്ങനെ: ‘ഒന്നും ചോദിക്കാനില്ല, ഒരുപാട്‌ ചോദ്യങ്ങളുടെ ഉത്തരമാണ്‌ മാഷ്‌’.

എൻ എസ്‌ നൗഫൽ

എൻ എസ്‌ നൗഫൽ

ഈ വിലയിരുത്തലിന്‌ അടിവരയിടുന്നു നൗഫൽ മാഷിന്റെ പ്രതികരണം: ‘ഞാൻ ഒരു താരമേയല്ല. ഇപ്പോൾ കുറച്ച്‌ ആൾക്കാർ അറിയുന്നുവെന്ന്‌ മാത്രം. എല്ലാ സ്‌കൂളിലും നൗഫൽമാഷും സായിടീച്ചറുമുണ്ട്‌. പൊതുസമൂഹത്തിനുമുന്നിൽ ഞങ്ങൾ അവരുടെ പ്രതിനിധികളായെന്നു മാത്രം. നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ നന്മയാണിത്‌. അത്‌ ശക്തിപ്പെടുത്താൻ സമൂഹമാകെ ഒന്നിച്ചുനിൽക്കണം. നല്ല അധ്യാപകരാകാൻ എളുപ്പമാണ്‌. നമ്മൾ ഇപ്പോഴും സ്‌നേഹത്തോടെ ഓർക്കുന്ന അധ്യാപകർ എങ്ങനെയാണ്‌ നമ്മുടെ ഹൃദയം കവർന്നതെന്ന്‌ തിരിച്ചറിഞ്ഞാൽ മതി’.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top