27 April Saturday

കടലിൽ നിറയുന്ന നക്ഷത്രപ്പൂക്കൾ

ആൻസ്‌ ട്രീസാ ജോസഫ്‌ annsjoseph204@gmail.comUpdated: Sunday Dec 25, 2022

ആഞ്ഞു പുൽകിയും അപ്പാടെ തുടച്ചെടുത്തും മടുപ്പേതുമില്ലാതെ വന്നുപോകുന്ന തിരകളെ കണ്ടില്ലേ... കടലിന്റെ ആ തുടിപ്പ് അവിടത്തെ മനുഷ്യരുടെ ജീവിതതാളംകൂടിയാണ്. ഉള്ളാകെ തണുപ്പിച്ച് ഒരു ജനുവരിയുടെകൂടി ആഘോഷങ്ങൾ വന്നണയുകയാന്ന്. പിന്നിട്ട നാളുകളുടെ സങ്കടങ്ങളെ മായ്ച്ചുപോകുന്ന അത്ഭുതത്തിരകൾക്കൊപ്പം തീരദേശ ജനതയും ആഘോഷത്തിലാണ്.

തീരത്ത് ക്രിസ്മസ് രാവുമുതൽ പുതുവർഷപ്പുലരിവരെയുള്ള ദിനങ്ങൾ ഉത്സവമാക്കുകയാണ് ഇവർ. പാതിരാകുർബാനയ്ക്കുള്ള പള്ളിമണി മുഴക്കത്തിനുമുമ്പേ പള്ളിയിൽ എത്താനുള്ള തിരക്കും ഉറക്കമിളച്ച് കണ്ടുതീർക്കുന്ന കുർബാനയും പിറവിച്ചടങ്ങുകൾക്കുശേഷം കിട്ടുന്ന കേക്കിൻകഷ്ണത്തിന്റെ മധുരവുമാണ് ഈ ക്രിസ്മസിനും.

കടലോരം കീഴടക്കി പാപ്പാഞ്ഞി

വിണ്ണിലെ താരകദൂതരിറങ്ങിയ മണ്ണിൽ സമാധാന രാത്രിയുടെ ഈരടികളോടെ പാപ്പാഞ്ഞിയും സംഘവും തീരവും തിരയുംതൊട്ട് ക്രിസ്മസിന്റെ വരവറിയിച്ച് ഓരോ വീട്ടിലുമെത്തി. ആഴ്ചകൾക്കുമുമ്പേ ടീമുണ്ടാക്കി ഒരുക്കവും റിഹേഴ്സലും കഴിഞ്ഞാണ് ബുധനാഴ്ചമുതൽ പല ഗ്രൂപ്പുകളായി തിരിഞ്ഞ് കരോൾ സംഘം ഇറങ്ങിയത്. സ്റ്റേജോ മറ്റു ക്രമീകരണങ്ങളോ ഇല്ലാതെ കടൽത്തീരത്ത് കാത്തുനിന്നവർക്കിടയിൽ അവർ അരങ്ങൊരുക്കി. ഹെറോദോസ് രാജാവും പടയാളികളും പപ്പാഞ്ഞിയും മേരിയും ഔസേപ്പും ഒക്കെയായി വേഷമിട്ട സംഘം ബൈബിളിലെ യേശുവിന്റെ ജനനവും ജീവിതവും അവതരിപ്പിച്ചു. മേമ്പൊടിക്ക് പാപ്പാഞ്ഞിയുടെ തൊപ്പിയണിഞ്ഞെത്തിയ കുരുന്നുകളുടെ ഡാൻസും പാട്ടുമെല്ലാം. രാത്രി ഏഴുമുതൽ ആരംഭിച്ച് ഒമ്പതോളം നീണ്ടുനിൽക്കുന്ന കരോൾ സംഘത്തെ വരവേൽക്കാൻ വഴിയരികിൽ കാത്തുനിൽക്കുന്നവരുമുണ്ട്.

വർഷങ്ങളായി ഇതേപോലെയുള്ള ആഘോഷങ്ങൾ ഇവിടെ നടക്കുന്നു. കോവിഡ് കാരണം 2020ൽ മാത്രമാണ് നടത്താൻ കഴിയാത്തതെന്ന് തിരുവനന്തപുരം മരിയനാട് പള്ളിയിലെ വികാരിയച്ചൻ ഫാ. സൈറസ് പറയുന്നു. പള്ളിയുടെ നേത-ൃത്വത്തിലാണ് എല്ലാവരെയും തയ്യാറാക്കിയത്. നാടിന്റെ ഓരോ മേഖല തിരിച്ചാണ് ഓരോ ദിവസവും കരോൾ സംഘം ഇറങ്ങുന്നത്. എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടൽനക്ഷത്രങ്ങൾ

കരയിൽമാത്രം ഒതുങ്ങുന്നതല്ല കടൽമക്കളുടെ ക്രിസ്മസ്. ആഘോഷത്തിന്റെയും അലങ്കാരത്തിന്റെയും ഓളങ്ങൾ കടലിലും അവർ നിറയ്ക്കുകയാണ്. നക്ഷത്രവും മാലബൾബുംകൊണ്ട് അലങ്കരിച്ച ബോട്ടുകളാണ് ക്രിസ്മസിന്റെ തലേരാവുവരെ കടൽ. ശനിയാഴ്ച രാത്രി വലനിറച്ചെത്തിയാൽ പിന്നെ ക്രിസ്മസ് കഴിഞ്ഞിട്ടേ പണിക്കായി പോകുകയുള്ളൂ. ക്രിസ്മസ് ദിനത്തിലെ പള്ളികളിലെ ചടങ്ങിനുശേഷം വീണ്ടുമവർ കടലിലിറങ്ങും. പക്ഷേ, വലനിറയ്ക്കാനല്ല മത്സരിക്കാനാണ്. വള്ളംവലിയാണ് പ്രധാന മത്സരം. ഏഴുപേരുള്ള സംഘമായി ചേർന്ന് വലിയ വള്ളം കടലിൽനിന്ന് കരയിലേക്ക് കുറഞ്ഞസമയത്തിൽ അടുപ്പിക്കുന്നവർ വിജയികളാകും. കട്ടമരൻ വള്ളം തുഴച്ചിലാണ് മറ്റൊരു പ്രധാനമത്സരം. കുടുംബസമേതമാണ് മിക്കവരും  പങ്കെടുക്കുന്നത്‌ എന്നതാണ് കൗതുകം. പള്ളിയിലും ആഘോഷങ്ങളിലും നിറഞ്ഞുനിൽക്കുന്നവർ ഉച്ചയോടെയാണ് വീട്ടകങ്ങളിലെ ആഘോഷത്തിലേക്ക് ചുരുങ്ങുന്നത്.

പുൽക്കൂടും നക്ഷത്രവിളക്കും നിറഞ്ഞ മുറ്റങ്ങൾ

മുളയിലും പുല്ലിലും കാർഡ്ബോർഡിലുമുള്ള പുൽക്കൂടുകളാണ് ഓരോ വീട്ടിലേക്ക് ക്രിസ്മസിനെ വരവേൽക്കുന്നത്. മുറ്റത്ത് പ്രത്യേകമായി ഒരുക്കുന്ന പുൽത്തകിടിയും മരുഭൂമിയുമെല്ലാം പുൽക്കൂടിന്റെമാത്രം കാഴ്ചകളാണ്. വീടിന്റെയും പുൽക്കൂടിന്റെയും മോടികൂട്ടാൻ പല വർണത്തിലെ ബൾബുകളും അലങ്കാരത്തിന് പകിട്ടേകും.

നവംബർ പകുതിയോടെ വീടുകളിലെയും പള്ളികളിലെയും ക്രിസ്മസിന്റെ ഒരുക്കം ആരംഭിക്കും. എല്ലാവർഷവും കഴിഞ്ഞവർഷത്തേക്കാളും മികച്ചതാക്കാനുള്ള ശ്രമങ്ങളാണ്. പള്ളിയോട് ചേർന്നുള്ള വീട്ടിലെ യുവാക്കളാണ് ഈ അലങ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. പച്ചയണിഞ്ഞ ക്രിസ്മസ് ട്രീയും കൂറ്റൻ നക്ഷത്രവും പള്ളിമുറ്റവും സമീപത്തെ ഗ്രൗണ്ടുകളിലും നിറയും. മുൻ വർഷത്തേക്കാൾ വലുപ്പത്തിൽ നക്ഷത്രമൊരുക്കുക എന്നതിനാണ് മുൻതൂക്കം. പുത്തൻത്തോപ്പ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ ഇത്തവണത്തെ സ്പെഷ്യൽ വലിയൊരു ക്രിസ്മസ് ട്രീയാണ്. ഇതിനൊപ്പംനിന്ന് ചിത്രങ്ങളെടുക്കാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top