26 April Friday

ശാസ്‌ത്രവിരുദ്ധതയും അശാസ്‌ത്രീയതയും രാജ്യത്ത്‌ മേൽക്കൈ നേടുന്നുണ്ടോ?

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Dec 25, 2022

ഡോ. ടി പ്രദീപ്‌ / ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

‘‘പഠിച്ചത്‌ പൊതുവിദ്യാലയങ്ങളിൽ. അതും മലയാളം മീഡിയത്തിൽ. പൊന്നാനിയിലും തൃശൂരിലും ഫറോക്കിലുമുള്ള ക്യാമ്പസുകളിൽ പഠിക്കുമ്പം വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു. സമരം ചെയ്‌തിട്ടുണ്ട്‌. വിദ്യാർഥി യൂണിയൻ ഭാരവാഹിയായിട്ടുണ്ട്‌. മലപ്പുറത്തെ തനി നാട്ടിൻപുറമായ പന്താവൂരിൽ നിന്നാണ്‌ ഞാൻ വരുന്നത്‌. എന്ത്‌ ചെയ്യുമ്പോഴും ഈ നാടിനും നാട്ടുകാർക്കും ഗുണകരമാകണമെന്നതാണ്‌ ചിന്ത. കാരണം എന്റെ ‘ജീവിത രസതന്ത്രം’ രൂപപ്പെടുത്തിയത്‌ ഈ നാടും ക്യാമ്പസും ഇവിടുത്തെ മനുഷ്യരുമാണ്‌.’’

ഡോ. ടി പ്രദീപിനെ ചെന്നൈ ഐഐടിയിലെ പ്രൊഫസറും ശാസ്‌ത്രകാരനുമെന്നുമാത്രം പറഞ്ഞാൽ എല്ലാവരും തിരിച്ചറിയില്ല. ലോകം ആദരിക്കുന്ന മലയാളിയായ ശാസ്‌ത്ര പ്രതിഭ. പദാർഥ വിജ്ഞാനീയത്തിൽ, പ്രത്യേകിച്ച് "നാനോ സാങ്കേതികവിദ്യ'യിൽ സങ്കീർണ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന തലാപ്പിൽ പ്രദീപ്‌ ചെന്നൈ ഐഐടിയിൽ രസതന്ത്ര വിഭാഗം മേധാവിയും  ദീപക്‌പരേഖ് ചെയർ പ്രൊഫസറുമാണ്. ശാസ്‌ത്രമികവിന്‌ ഏറ്റവുമൊടുവിൽ വിയറ്റ്‌നാമിൽനിന്നാണ്‌ ബഹുമതി എത്തിയത്‌. നാല്‌കോടി രൂപയുടെ വിൻഫ്യൂചർ പുരസ്‌കാരം. രണ്ടുകോടിയിലധികം ജനങ്ങൾക്ക് ശുദ്ധമായ ജീവജലം എത്തിക്കാൻ സഹായിച്ച ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയതിന്‌ സൗദി സുൽത്താൻ അബ്ദുൾ അസീസിന്റെ പേരിലുള്ള അന്താരാഷ്ട്ര ജല പുരസ്‌കാരം  ലഭിച്ചത്‌ ജൂണിലായിരുന്നു. കുടിവെള്ളത്തിൽ നിന്ന് ആർസെനിക്, വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും നീക്കാനും  പരിസ്ഥിതി സൗഹൃദമായ ‘വാട്ടർ പോസിറ്റീവ്' നാനോ സ്‌കെയിൽ വസ്‌തുക്കൾ പ്രഫ. ടി  പ്രദീപും സംഘവും വികസിപ്പിച്ചെടുത്തതാണ്‌.

രണ്ടു പൈസക്ക്‌ ഒരു ലിറ്റർ ജലം ശുദ്ധീകരിക്കാനുള്ള കണ്ടുപിടിത്തം, അതുവഴി ഇന്ത്യൻ ഗ്രാമങ്ങളിലെ 2.8 കോടി ജനങ്ങൾക്ക്‌ ശുദ്ധജലം യാഥാർഥ്യമാക്കി.  മലപ്പുറം ജില്ലയിലെ ആലങ്കോടിനടുത്ത്‌ പന്താവൂരിലെ റിട്ടയേഡ്‌ അധ്യാപകനും കവിയുമായ എൻ എൻ തലാപ്പിലിന്റെയും (തലാപ്പില്‍ നാരായണന്‍ നായർ) പി പി കുഞ്ഞിലക്ഷ്‌മിയമ്മയുടെയും മകനാണ്‌ ഈ 59കാരൻ. പന്താവൂർ, മൂക്കുതല ഗവ.സ്‌കൂളുകളിലും പൊന്നാനി എംഇഎസ്, തൃശൂര്‍ സെന്റ് തോമസ്, കോഴിക്കോട് ഫാറൂഖ് കോളേജുകളിലുമായിരുന്നു പഠനം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സയൻസിൽനിന്ന് ഭൗതിക രസതന്ത്രത്തിൽ ഡോക്‌ടറേറ്റ് കരസ്ഥമാക്കി. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ, ബെര്‍ക്കിലി, പെര്‍ഡ്യൂ യൂണിവേഴ്സിറ്റി, ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്‌ടറല്‍ ഗവേഷണം. ഭാര്യ ശുഭ, മക്കള്‍, അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ഥിയായ രഘുവും  എംബിബിഎസ് വിദ്യാര്‍ഥി ലയയും. ഈയടുത്ത്‌ ഡോ. പ്രദീപ്‌ തൃശൂരിലെത്തി. പ്രദീപുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്‌.

നെല്ലിൻ തണ്ട്‌ മണക്കും പന്താവൂർ വഴികൾ

ജീവിതത്തിൽ എന്നും ഓർമിക്കുന്നത്‌ പന്താവൂരിലെ കുട്ടിക്കാലമാണ്‌. വൈദ്യുതി എത്താത്ത വികസനമെന്ന്‌ പറയാൻ വലുതായൊന്നും ഇല്ലാത്ത എന്റെ പന്താവൂർ. ആ ഗ്രാമത്തിന്റെ നാട്ടുപാതയും നടവഴികളും സ്‌കൂളും മനുഷ്യരും ഇന്നും ജീവിത വഴികളിൽ മായാതെയുണ്ട്‌.  ‘‘നെല്ലിൻ തണ്ട്‌ മണക്കും വഴികൾ...’’എന്ന്‌ കവി കടമ്മനിട്ട പാടിയില്ലേ. അതുപോലെ. ആ വഴികളിലൂടെ വട്ടുരുട്ടിയാണ്‌ സ്‌കൂളിൽ പോയിരുന്നത്‌. പന്താവൂരിൽ മീൻ വാങ്ങാനൊക്കെ പോയിരുന്നതും വട്ടുരുട്ടിയാണ്‌.

സ്‌കൂൾ കാലത്തേ എനിക്ക്‌ മറക്കാനാകാത്തവരായി രണ്ടുമൂന്ന്‌ അധ്യാപകരുണ്ട്‌. മൂക്കുതല സ്‌കൂളിൽ ഊർജതന്ത്രം പഠിപ്പിച്ച കുറുപ്പ്‌ മാഷാണ്‌ ആദ്യം ഓർമയിൽ  വരുന്നത്‌. പള്ളിക്കര ബാലകൃഷ്‌ണൻ മാഷ്‌, തൃശൂർ സെന്റ്‌തോമസ്‌ കോളേജിലെ കെ പി ആന്റണി മാസ്‌റ്റർ, ഫാറൂഖ്‌ കോളേജിലെ ഷാഹിദ്‌ ലതീഫ്‌...... ഈ ഗുരുവരന്മാരെല്ലാം ശാസ്‌ത്ര മേഖലയിൽ ഞാൻ എത്തിച്ചേർന്നതിൽ പ്രധാന  കാരണഭൂതരാണ്‌. ഡിഗ്രിക്കാലത്ത്‌  തൃശൂർ സെന്റ്‌തോമസിൽവച്ച്‌ ഒരുനാൾ കെ പി ആന്റണിസാറ്‌ പറഞ്ഞു, താനേ ഈ രാഷ്‌ട്രീയം കളിച്ച്‌ നടന്നാ പോരാ, പഠിക്കണം. വീട്ടിലേക്ക്‌വാ. ഞാൻ മാത്രം വന്നാപ്പോര സാറേ. എന്റെ കുറേ കൂട്ടുകാരും ക്ലാസിൽ കയറാതെ പഠിക്കാതുണ്ട്‌. അവരേം കൂട്ടിക്കോ എന്നായി സാർ. സാറിന്റെ വീട്ടിൽപ്പോയി. പത്തു പതിമൂന്നു ദിവസം. അത്‌ നമ്മളെ അടിമുടി മാറ്റി. മറ്റൊരാൾ മുരളി മാഷാ. (പ്രൊഫ. എം മുരളീധരൻ). അദ്ദേഹമെന്നെ പഠിപ്പിച്ചിട്ടില്ല.

പക്ഷെ വഴിയിൽവച്ച്‌  സംസാരിക്കും. വീട്ടിൽ കൊണ്ടുപോകും. അങ്ങനെയാണ്‌ ഞാൻ ഇപിഡബ്ല്യു (Economics and Political Weekly) ആദ്യമായി വായിക്കുന്നത്‌.   മറക്കാനാകാത്ത മറ്റൊരാൾ ബിഷപ്‌ ഡോ. പൗലോസ്‌ മാർ പൗലോസാണ്‌. വിമോചന ദൈവശാസ്‌ത്ര ചിന്ത്ര പ്രചരിപ്പിച്ച  ബിഷപ്പിന്റെ വീട്ടിൽ അയ്യായിരത്തോളം പുസ്‌തകമുള്ള വലിയ ലൈബ്രറിയുണ്ട്‌. അതിൽ കുറേ വായിക്കാനായി. സെന്റ്‌തോമസ്‌ കോളേജിലും വലിയ ലൈബ്രറിയായിരുന്നു. ഒരു പുസ്‌തകമെങ്കിലും വായിക്കാത്ത ദിവസം കോളേജ്‌ കാലത്ത്‌ ഉണ്ടായിരുന്നില്ല. അതിനുള്ള കാരണം അന്നത്തെ വിദ്യാർഥി രാഷ്‌ട്രീയം, പ്രവർത്തന ശൈലി, നേതൃത്വം, അതെല്ലാം അത്രമാത്രം സർഗാത്മകമായിരുന്നു എന്നത്‌ കൂടിയാണ്‌. 

സെന്റ്‌തോമസിൽ എസ്‌എഫ്‌ഐ പ്രതിനിധിയായി മത്സരിച്ച്‌ ജയിച്ച്‌ മാഗസിൻ എഡിറ്ററായി. 1983–-85 കാലത്താണ്‌ കോഴിക്കോട്‌ ഫാറൂഖ്‌ കോളേജിൽ എംഎസ്‌‌സി പഠനം. 84–-85ൽ അവിടെ എസ്‌എഫ്‌ഐ സ്ഥാനാർഥിയായി (യുയുസി) ജയിച്ചു. അന്നാദ്യമായി ഫാറൂഖ്‌ കോളേജ്‌ യൂണിയൻ എസ്‌എഫ്‌ഐ നേടി. എംഎസ്‌‌സിക്ക്‌ ആകെ ക്ലാസിൽ പോയത്‌ 23 ദിവസമായിരുന്നു. എംഎസ്‌‌സി കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ ഇതൊന്നും ഒന്നുമല്ല. ഇനിയുമേറെ പഠിക്കാനുണ്ടെന്ന്‌. അങ്ങനെ പിഎച്ച്‌ ഡിക്ക്‌ ചേർന്നു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്‌ ഓഫ്‌ സയൻസിൽ (ഐഐഎസ്‌). അന്ന്‌ പിഎച്ച്‌ഡി പഠനകാലത്ത്‌  പ്രഗത്ഭനും പ്രതിഭാശാലിയുമായ  ഡോ. സി എൻ ആർ റാവുവിനെ പരിചയപ്പെട്ടു. മറ്റൊരാൾ ഡോ.സതീഷ്‌ ധവാനായിരുന്നു. ഡോ. എം വിജയനാണ്‌ മറക്കാനാകാത്ത മറ്റൊരു പേര്‌.  ധവാൻ കാണുമ്പോഴെല്ലാം പഠനം എന്തായി, എന്താണ്‌ പുതിയ ഗവേഷണം എന്ന്‌ താൽപ്പര്യത്തോടെ തിരക്കും. സി എൻ ആർ റാവു നടക്കാനിറങ്ങുമ്പം കൂടെ വിളിക്കും. ക്യാമ്പസിലൂടെഅതിവേഗത്തിലാണ്‌ സാറിന്റെ നടത്തം. ലോകത്തിലുള്ള എല്ലാത്തിനെപ്പറ്റിയും ആ  സമയത്ത്‌ സംസാരിക്കും. അദ്ദേഹം രാജീവ്‌ ഗാന്ധിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവുമായിരുന്നു. 

പോസ്‌റ്റ്‌  ഡോക്ടറൽ പഠനകാലത്ത്‌ നോബൽ സമ്മാന ജോതാക്കളടക്കം പല പ്രശസ്‌തരുടെയും അറിവുകൾ, അനുഭവങ്ങൾ, പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി. കലിഫോർണിയ സർവകലാ-ശാ-ലയിലെ ബെർക്കിലി-യിൽ  ഗവേഷണങ്ങൾക്ക്‌ ഊർജം പകർന്ന  പ്രൊഫ.ഡേവിഡ് എ ഷർളി, പ്രൊഫ. ഗ്രഹാം കുക്‌സ് തുടങ്ങിയവർ അറിവിന്‌ തെളിമപകർന്നു. ഡോ. ഗ്ലെൻ ടി സീബോർഡിന്റെ സാമീപ്യം ബെർക്കിയിലെ മറക്കാനാവാത്ത ഓർമയാണ്‌. ഒമ്പത് ട്രാൻസ് യുറേനിക്ക് മൂലകങ്ങൾ കണ്ടു-പിടിച്ച രസ-ത-ന്ത്ര-ത്തിൽ നോബൽ സമ്മാനം നേടിയ മഹാപ്രതിഭയാണദ്ദേഹം.

രണ്ട്‌ പൈസയ്‌ക്ക്‌ ജലശുദ്ധീകരണം

1993–-ലാണ്‌ ഐഐടിയിൽ ചേരുന്നത്‌. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ചിന്തയുണ്ടായിരുന്നു. ആ സമയത്താണ്‌ കുടിവെള്ളത്തിൽ   രാസ-മാലിന്യങ്ങളും കീടനാശിനികളുമുണ്ടെന്ന വാർത്ത  ശ്രദ്ധയിൽപ്പെടുന്നത്. നാനോ കണങ്ങൾ മൂലമുള്ള ചില പ്രവർത്തനങ്ങളിലൂടെ ഇതൊഴിവാക്കാമെന്ന് ഞങ്ങൾ കണ്ടെത്തി. ഇതിന്റെ പ്രയോഗ സാധ്യത മനസ്സിലാക്കി . രാജ്യത്തിന്റെ പലഭാഗങ്ങളിലും  കുടി-വെ-ള്ളത്തിൽ ആഴ്-സെ-നിക്കുണ്ടെന്ന് നമു-ക്കറി-യാം. ഇത്- നിർമാർജനം ചെയ്യുന്നതിന്‌ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു. അങ്ങനെയാണ്‌ നാനോ ടെക്‌നോളജി ബോട്ടിലിങ്‌ വാട്ടർ എന്ന റിസർച്ചുണ്ടാകുന്നത്‌. അങ്ങനെ എന്റെ ആദ്യത്തെ പേറ്റന്റുണ്ടാകുന്നു. 2005-ൽ. പിന്നീട്‌ 2007-ൽ അതിന്റെ  ഉൽപ്പന്നമുണ്ടായി. തുടർന്ന്‌ ഒരു കമ്പനി രൂപീകരിച്ചു. ചെലവുകുറഞ്ഞ ഈ സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചു. 1.2 കോടിയോളം ജനങ്ങളിലെത്തി ഈ കണ്ടെത്തലിന്റെ നേട്ടം. ഇതാണെന്നെ സന്തോഷിപ്പിക്കുന്നത്‌.

തുടർന്ന്‌ ആർസനിക്‌ ഫ്രീ പഞ്ചാബ്‌ എന്ന പദ്ധതി തുടങ്ങി. കമ്യൂണിറ്റി പ്യൂരിഫയിങ്‌ പ്ലാന്റകളായിരുന്ന ലക്ഷ്യം.  93 പ്ലാന്റ്‌ പഞ്ചാബിൽ സ്ഥാപിച്ചു.  ഇത്തരം 1,200ഓളം പ്ലാന്റുകൾ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ  സ്ഥാപിച്ച്‌ വെള്ളം ശുദ്ധീകരിച്ച്‌  ലഭ്യമാക്കുന്നു. ഇത്‌ രാജ്യമാകെ ചെയ്യാനാകും. ഡിജിറ്റലി വാട്ടർ മാപ്പിങ്‌ സംവിധാനം കൂടിയാണിത്‌.  ഓൺലൈനിലൂടെയാണ്‌ പ്ലാന്റുകളുടെ പ്രവർത്തനം  വിലയിരുത്തുന്നത്‌. ഇത്‌ നമുക്കിവിടെയും  പ്രയോഗിക്കാം. കേരളത്തിൽ ഇത്തരം ശുദ്ധീകരണത്തിന്റെ ആവശ്യമില്ല.  എന്നാൽ തീരദേശത്ത്‌ ശ്രദ്ധ വേണം.  ഞാൻ കുട്ടനാട്ടിൽ പോയിരുന്നു. അവിടെ ഒരുപാട്‌ ശുദ്ധീകരണശാലകളുണ്ട്‌. അവ നീരീക്ഷിക്കണം.  ബംഗളൂരു എന്നത്‌ ഇന്ന്‌ നിലനിൽക്കുന്നത്‌ ഡാറ്റയിലാണ്‌. നാളെ വെള്ളമെന്നതും ഡാറ്റയാണ്‌. വെള്ളത്തിൽ എന്തടങ്ങിയിരുക്കുന്നു, എത്ര മാലിന്യമുണ്ട്‌. മാലിന്യമുള്ള വെള്ളമെത്ര കുടിച്ചു. ഇതൊക്കെ അറിഞ്ഞാൽ നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും എന്ന്‌  കണ്ടെത്താനാകും. നമ്മൾ വെള്ളം കുടിച്ച്‌ കുടിച്ച്‌ അമ്പതുവർഷം ജീവിച്ചപ്പോൾ നമ്മുടെ എല്ലുകൾ മാറി എന്ന്‌ പറഞ്ഞാൽ  പുതിയ അവബോധമാണ്‌. അതുപയോഗിച്ച്‌ നാളെയെ വിശകലനം ചെയ്‌താൽ  ആർടിഫിഷ്യൽ ഇന്റലിജൻസ്‌ വകിസിച്ചനാളിൽ  നാളത്തെ നമ്മുടെ ആരോഗ്യ ആവശ്യമെന്ത്‌, പ്രശ്‌നമെന്ത്‌ എന്ന്‌  മുൻകൂട്ടി കാണാനാകും.  

അരിയിൽ വെള്ളിയും സ്വർണവും

ബംഗാളിലെ പുരുലിയയിൽ ‘ഗരീബ് സാല്‍' എന്ന അരിയുടെ തവിടില്‍ വെള്ളിയുണ്ടെന്ന്‌ ഗവേഷണത്തിൽ  കണ്ടെത്താനായി.  ഒരു കിലോ അരിയില്‍ 15 മില്ലി ഗ്രാം വെള്ളി അടങ്ങിയതായി 2017-ലാണ്‌ കണ്ടെത്തിയത്. അഞ്ഞൂറില്‍പ്പരം നെല്ലിനങ്ങളില്‍ മൂന്നു വര്‍ഷം നടത്തിയ ഗവേഷണങ്ങളിലൂടെയായിരുന്നു ഈ  കണ്ടെത്തൽ. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.  അതുപോലെ സ്വർണം   അടങ്ങിയ അരി കർണാടകത്തിൽ  ഉണ്ടെന്ന്‌ പറയുന്നു. ഞങ്ങളതിൽ ഗവേഷണം നടത്തിയിട്ടില്ല.  ഞങ്ങൾ അഞ്ഞൂറ്റിഅറുപതോളം നെൽവർഗത്തെക്കുറിച്ച്‌ പഠിച്ചു. രാജ്യത്ത്‌ഏഴായിരത്തിലധികമുണ്ട്‌. 1200 എണ്ണം നമുക്ക്‌ ലഭ്യമാണ്‌.  ഇത്തരം ഗവേഷണം പല കാരണങ്ങളാൽ തുടരാനായില്ല. വെള്ളത്തിലാണിപ്പോൾ ഞങ്ങളുടെ ശ്രദ്ധ.

ശാസ്‌ത്രം അജയ്യം

കൂടുതൽ കൂടുതൽ  അറിയുന്തോറും മറ്റു വിഷയത്തെക്കുറിച്ച്‌ അറിയാതിരിക്കുക എന്ന പരിമിതി ശാസ്‌ത്രലോകത്തിനുണ്ട്‌. ശാസ്‌ത്രവിരുദ്ധത, അശാസ്‌ത്രീയത തുടങ്ങിയവ നമ്മുടെ രാജ്യത്ത്‌ മേൽക്കൈ നേടുന്നുണ്ടോ എന്നത്‌ ഗൗരവമായി ചർച്ചയാകേണ്ട സമയമാണിത്‌. യുക്തിയാണ്‌ ശാസ്‌ത്രത്തെ നയിക്കേണ്ടത്‌, അതിൽ സംശയമില്ല. ശാസ്‌ത്രകാരന്മാർ അവരുടെ വേദികളിൽ, എഴുത്തിൽ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്‌. നമ്മുടെ സമൂഹം ജാതി– മതാധിഷ്‌ഠിതവും അതിൽ അഭിരമിക്കുന്നതുമാണ്‌. നെറ്റിയിൽ കുറിയിട്ട ശാസ്‌ത്രജ്ഞരെ കാണാം.  അത്‌ സമൂഹത്തിന്റെ ഭാഗമാണ്‌. അശാസ്‌ത്രീയത വിളമ്പുന്ന വേദികളിൽ നിങ്ങൾ  എത്ര ശാസ്‌ത്രകാരന്മാരെ കാണുന്നുണ്ട്‌. മയിലിന്റെ കണ്ണീരിലൂടെയാണ്‌ കുട്ടികളുണ്ടാകുന്നത്‌ എന്ന്‌ പറയുന്നവരുണ്ടാകാം.

പക്ഷെ അതിന്റെ വക്താവായി അധികം ശാസ്‌ത്രജ്ഞരില്ല. എന്താണ്‌ പ്രത്യുൽപ്പാദനം എന്ന്‌ ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. അത്‌ പത്താം ക്ലാസിലൊക്കെ പഠിക്കുന്നുണ്ട്‌. അതറിഞ്ഞാൽ മതി. അതറിയാത്ത പലരും  പറയുന്നുണ്ടാകാം. അങ്ങനെ അന്ധവിശ്വാസം പറയുന്നവർ പറയട്ടെ. ശാസ്‌ത്രീയതയെ നിങ്ങൾക്കൊരിക്കലും ഭേദിക്കാനാകില്ല. കുറച്ചുകാലം മൂടിവയ്‌ക്കാനും തെറ്റിധാരണ പരത്താനുമായേക്കാം. പക്ഷേ ശാസ്‌ത്രത്തിന്റെ കണ്ടെത്തൽ സത്യമായി ഇവിടെയുണ്ടല്ലോ. അത്‌ കൂടുതൽ തെളിഞ്ഞുവരിക തന്നെ ചെയ്യും. കാരണം ശാസ്‌ത്രമെന്നത്‌ പുതിയ ചിന്തയും അറിവും  വെളിച്ചവുമാണ്‌. ശാസ്‌ത്രം അജയ്യമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top