26 April Friday

മാർക്സിന്റെ കൈയെഴുത്ത് പ്രതി മലയാളത്തിലെത്തുമ്പോൾ

പുത്തലത്ത് ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Jan 22, 2023

കാറൽ മാർക്സിന്റെ കൈയെഴുത്ത് പ്രതി മലയാളത്തിലെത്തി. 26കാരനായ മാർക്സിന്റെ ചിന്തകളാണ് 1844-ലെ സാമ്പത്തികവും തത്വശാസ്ത്രപരവുമായ കൈയെഴുത്ത് പ്രതികൾ എന്ന പുസ്തകത്തിലുള്ളത്. പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ നിരന്തരം വികസിച്ച് മുന്നേറിയതാണ് മാർക്സിന്റെ ചിന്തകൾ. 

മൂലധനത്തിന്റെ മൂന്നാം വാല്യം തയ്യാറാക്കുന്ന പ്രവർത്തനത്തിലാണ് മാർക്സിന്റെ മരണശേഷം ഏംഗൽസ് ഊന്നിയത്. 1932-ൽ ജർമൻ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക്ക് പാർടിയുമായി ബന്ധമുണ്ടായിരുന്ന സീഗ്ഫീഡ് ലാന്റഡ്ഷൂട്ടും ജേക്കബ് പീറ്റർ മേയറും ചേർന്നാണ് ഇതിന്റെ അദ്യ പതിപ്പ് പുറത്തിറക്കിയത്. ഹിറ്റ്‌ലറുടെ ആധിപത്യം വികസിക്കുന്നു എന്നറിഞ്ഞപ്പോൾ ഈ കൈയെഴുത്ത് പ്രതികൾ ഉൾപ്പെടെ ആംസ്റ്റർഡാമിലേക്ക് മാറ്റി. 

ജോലി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഒരു ചെറുപ്പക്കാരന്റെ നിരീക്ഷണമെന്നപേരിൽ മാർക്‌സ്‌ 17–-ാം  വയസ്സിൽ ഒരു  പ്രബന്ധം രചിച്ചു. വ്യക്തിപരമായ പൂർണതയല്ല മനുഷ്യ സമൂഹത്തിന്റെ ക്ഷേമമാണ് ജോലി തെരഞ്ഞെടുക്കുന്നതിൽ നമ്മെ നയിക്കേണ്ടത് എന്ന നിലപാട് അതിൽ  അദ്ദേഹം മുന്നോട്ടുവച്ചു. ജനങ്ങൾ മാതൃകയായി കണക്കാക്കി അനുകരിക്കുന്നവരെല്ലാം മനുഷ്യ സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് എന്നും ഓർമിപ്പിച്ചു. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള മാർക്സിന്റെ അന്വേഷണം 26–--ാം വയസ്സിൽ ഏത് ദിശയിലാണ് വികസിച്ചെത്തിയത് എന്ന് വ്യക്തമാക്കുന്നത് കൂടിയാണ്  കൈയെഴുത്ത് പ്രതികൾ.

മുതലാളിത്ത സമൂഹത്തിൽ തൊഴിലാളി വർഗത്തിന് സംഭവിക്കുന്ന അന്യവൽക്കരണമെന്ന ആശയം ഇതിൽ അവതരിപ്പിക്കുന്നുണ്ട്. തൊഴിലാളിയുടെ അധ്വാന ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ അവർക്ക് അന്യം നിൽക്കുകയാണ്. ഈ അവസ്ഥ മാറണമെങ്കിൽ മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ അവസാനിപ്പിച്ച് സമത്വത്തിന്റേതായ ലോകം രൂപപ്പെടുത്തേണ്ടതുണ്ട്‌.  തൊഴിലിനെയും കൂലിയെയും മൂലധനത്തെയും ഒക്കെ കുറിച്ചുള്ള  സാമൂഹ്യവും സാമ്പത്തികവുമായ അടിത്തറകൾ മാർക്സ് ഇതിൽ പരിശോധിക്കുന്നുണ്ട്. മൂലധനത്തിൽ പിൽക്കാലത്ത് അവതരിപ്പിച്ച ആശയങ്ങളുടെ നാമ്പുകൾ ഈ കുറിപ്പുകളിൽ കാണാം. നാടുവാഴിത്ത ഭൂസ്വത്താണ് ചരക്ക് ഉൽപ്പാദനത്തിനുള്ള ചരിത്രപരമായ സാധ്യതയും ആവശ്യകതയും ഉയർത്തിക്കൊണ്ടുവന്നതെന്ന നിരീക്ഷണത്തിലൂടെ മുതലാളിത്ത സമൂഹത്തിലെ സ്വകാര്യ സ്വത്തിന്റെ ഉത്ഭവത്തിലേക്കാണ്  മാർക്സ് എത്തിച്ചേരുന്നത്.

സ്‌ത്രീ–-പുരുഷ ബന്ധത്തിന്റെ സ്വഭാവത്തിൽ നിന്നും മനുഷ്യ പുരോഗതിയുടെ എല്ലാ തലങ്ങളും വിലയിരുത്താനാകുമെന്ന്‌ മാർക്സ് നിരീക്ഷിക്കുന്നു. മനുഷ്യന്റെ അസ്ഥിത്വത്തിൽ എത്രത്തോളം ഒരു സാമൂഹ്യജീവി കുടികൊള്ളുന്നുവെന്ന് ഈ ബന്ധങ്ങൾ വെളിപ്പെടുത്തും. സ്ത്രീ വിമോചനമെന്നത് മനുഷ്യ സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്വമാണെന്നും  മാർക്‌സ്‌ വിലയിരുത്തി.

ലൂയി അൽത്തൂസറിനെപ്പോലുള്ളവർ മാർക്സിന്റെ ചിന്തകളുടെ പ്രാഥമിക കാലത്തെ ഉൽപ്പന്നമെന്ന നിലയിൽ ഈ കുറിപ്പുകളെ നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാല മാർക്സും പിൽക്കാല മാർക്സും എന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്‌. ഹെഗലിന്റെ വൈരുദ്ധ്യാത്മക രീതി ഉപയോഗിച്ച് മാർക്സ് നടത്തിയ രാഷ്ട്രീയ സാമ്പത്തിക ഘടനയുടെ വായനയായാണ് അമേരിക്കൻ ഗവേഷകയായ മാർഗരറ്റ് ആലിസ് കൈയെഴുത്ത് പ്രതികളെ കാണുന്നത്. മാർക്സിന്റെ  കൈയഴുത്തിന്റെ ക്രമം പുസ്തക പ്രസാധകർ അവഗണിച്ചതുമൂലം ചില പതിപ്പുകൾ പരാജയപ്പെട്ടു എന്ന വിമർശവും ഉണ്ട്. 

ഇ എം എസ് ഈ പുസ്തകത്തെ വിശകലനം ചെയ്യുന്നുണ്ട്. ഹെഗലിന്റെ ആശയവാദത്തിൽ നിന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു മാർക്സ്. ഭൗതികവാദപരമായ ദർശനത്തിന്റെ അടിത്തറ അർഥശാസ്ത്രമാണെന്ന് അദ്ദേഹം പഠനങ്ങളിലൂടെ മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബൂർഷ്വാ ശാസ്ത്രകാരന്മാരുടെ രചനകളെല്ലാം ആഴത്തിൽ പഠിക്കുന്നു. അതിന്റെ ഭാഗമായി കുറിപ്പുകളെഴുതി സൂക്ഷിക്കാനും തുടങ്ങുന്നു. അങ്ങനെയാണ് 1844-ലെ ദാർശനികവും അർഥശാസ്ത്രപരവുമായ കുറിപ്പുകളിലേക്കെത്തുന്നത്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്‌  രൂപം നൽകുന്നതിന്റെ ഭാഗമായാണ് അർഥശാസ്ത്ര പഠനത്തിലേക്ക് മാർക്സ് കടന്നതെന്നർഥം.

മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന മാർക്സിന്റെ കൈയെഴുത്ത് പ്രതികൾ ജനവാർത്താ പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചത്. വാണിജ്യ താൽപ്പര്യങ്ങളേക്കാൾ തങ്ങളുടെ ആശയ പ്രകാശനം എന്ന നിലയിൽ പുസ്തക പ്രസാധനത്തെ കാണുന്നതുകൊണ്ടുകൂടിയാണ് ഇത്. മാർക്സിയൻ ചിന്തകളുടെ ആവിർഭാവവും വികാസവും മനസ്സിലാക്കുന്നതിന് ഏറെ സഹായകമാകുന്നു എന്നതാണ് ഈ പുസ്‌തകത്തിന്റെ സവിശേഷത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top