26 April Friday
ചണ്ഡാലഭിക്ഷുകിക്ക്‌ നൂറാണ്ട്‌

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ

എൻ കെ സുനിൽ കുമാർ nksunilkumar.kumar@gmail.comUpdated: Sunday Dec 18, 2022

‘ചണ്ഡാലഭിക്ഷുകി'ക്ക്‌ നൂറു തികഞ്ഞു. 1922 ഡിസംബർ മൂന്നിനാണ് മഹാകവി എൻ കുമാരനാശാന്റെ ആ ഖണ്ഡകൃതി പുറത്തിറങ്ങിയത്. അതേ കൊല്ലം സെപ്‌തംബറിലാണ് ‘ദുരവസ്ഥ'യും പ്രസിദ്ധീകരിച്ചത്. ആശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്ര'മാക്കിയത് ചണ്ഡാലഭിക്ഷുകി കൂടിയാണ്. 

പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ  അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരം, 1915 ഓടെ ഗാന്ധിജി ഇന്ത്യയിലേക്ക് തിരികെയെത്തി സ്വാതന്ത്ര്യ സമരമുഖത്ത് അണിചേർന്നത്, അതേ കൊല്ലം കേരളത്തിൽ നടന്ന കല്ലുമാല സമരം, 1921 ൽ ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സമസ്ത കേരള സഹോദര സമ്മേളനം, 1921 ൽ സത്യം,ധർമം,ദയ,ശാന്തി എന്നിങ്ങനെ എഴുതിയ മുരുക്കുംപുഴ ക്ഷേത്ര പ്രതിഷ്ഠയും ജന്തുബലി നിരോധവും, 1921 ലെ മലബാർ കലാപം,1922 ൽ ശ്രീനാരായണ സ്വാധീനത്താലുള്ള കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രൂപീകരണം,1924–--25 ൽ രൂപപ്പെട്ടുവന്ന വൈക്കം സത്യഗ്രഹ സമരം, ഇംഗ്ലീഷ് വിദ്യാഭ്യാസം തൊടുത്തു തന്ന ആധുനിക ജനാധിപത്യാശയങ്ങളുടെ വർധിത പ്രചാരം എന്നിങ്ങനെ

രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയത്തിൽ നവാദർശങ്ങൾ രൂപപ്പെട്ടു വന്ന  കാലത്താണ് കുമാരനാശാന്റെ  ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധീകൃതമാകുന്നത്. ‘ദുരവസ്ഥ'യുടെ സഹോദരിയാണ് ‘ചണ്ഡാലഭിക്ഷുകി' എന്ന് മുഖവുരയിൽ കവി തന്നെ പറയുന്നുണ്ട്. ആത്മനിഷ്ഠമായ  സൗന്ദര്യാവിഷ്കാരമായിരിക്കെ തന്നെ വസ്തുനിഷ്ഠമായ ചരിത്രത്തോട് നീതി പുലർത്തുന്നു എന്നതാണ് ഈ കവിതയുടെ സാർവലൗകിക പ്രസക്തി. 

ദുരാചാര ബന്ധിതമായ സാമൂഹ്യ വ്യവസ്ഥിതിയും അസമമായ സാമ്പത്തിക ക്രമങ്ങളും സാമൂഹ്യ നീതിരാഹിത്യവും ചൂഷണവും അജ്ഞതയും വ്യവസ്ഥിതിയോടുള്ള ഭയചകിതമായ ആധമർണ്യവും നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ‘ചണ്ഡാലഭിക്ഷുകി'ജീവിതത്തെ കുറിച്ച് നിത്യ നിലാ സമാനമായ സ്നേഹ ദർശനം മുന്നോട്ട് വയ്ക്കുന്നത്. ‘നെല്ലിൻ ചോട്ടിൽ മുളയ്ക്കും കാട്ടു പുല്ലല്ല സാധു പുലയൻ'എന്ന് വിളിച്ചു പറയാൻ അക്കാലത്ത് ചില്ലറ ആർജവം മതിയാകുമായിരുന്നില്ല. ‘അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ ഹന്ത നിർമിച്ചു ചെറുമനേയും' എന്ന് ദുരവസ്ഥയിലും കവി പാടി.

വരണ്ടുണങ്ങിയ ഗ്രാമ ഭൂവിലൂടെ തളർന്നേറ്റം വിവശനായ് യാത്ര തുടരുന്ന ആനന്ദ ഭിക്ഷു, കിണറ്റിൻകരയിൽ പാളയിൽ വെള്ളം കോരിക്കൊണ്ടിരുന്ന മാതംഗ ബാലികയോട് കുടിവെള്ളം ചോദിക്കുന്ന സാഹചര്യമാണ് ചണ്ഡാലഭിക്ഷുകിക്ക്‌  നിദാനമായത്. പ്രശസ്ത ബുദ്ധിസ്റ്റ് തത്ത്വ ചിന്തകനും പണ്ഡിതനുമായ പ്രൊഫ. ലക്ഷ്മി നരസുവിന്റെ ‘ബുദ്ധിസം ആൻഡ് കാസ്റ്റ്'(Budhism and Caste)എന്ന പുസ്തകത്തിലെ ഒരു സന്ദർഭമാണ്, മനുഷ്യസ്നേഹത്തെ സംബന്ധിക്കുന്ന മഹത്തായ ഭാസുര സങ്കൽപ്പത്തെ മുന്നോട്ട് വയ്ക്കാൻ കവിക്ക്‌ ഊർജമായത്‌. ഉത്തര ഹിന്ദുസ്ഥാനത്തിലെ ശ്രാവസ്തിയാണ് സ്ഥല പശ്ചാത്തലം. ‘നീചനാരിതൻ കയ്യാൽ ജലംവാങ്ങി. യാചമിക്കുമോ ചൊല്ലെഴുമാര്യൻമാർ?' എന്ന ചോദ്യം അമ്പരപ്പാൽ ആ പാവം നാട്ടുപെൺകൊടി ചോദിച്ചു പോകുകയാണ്.

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ എന്ന് മറുപടി പറയുന്ന ബുദ്ധ ഭിക്ഷുവായ ആനന്ദനിൽ നമുക്ക് കാണാനാകുക ഭൂതദയയും സഹനുഭൂതിയും ലോകത്തിന് കാട്ടിത്തന്ന ഗുരുവിനെ തന്നെയല്ലാതെ മറ്റാരെയാണ്?

രാജനീതി ഏതു വിധത്തിൽ മനുഷ്യപ്പറ്റുള്ളതും സ്നേഹ സ്‌മൃണമാകണമെന്നും കവിത വെളിവാക്കുന്നു. ഉൽപ്പതിഷ്ണുത്വത്തിന്റെ കൈലാസ പർവത്തിലിരുന്ന് കവി ചോദിക്കുന്ന ചോദ്യം ഇന്നും ഇന്ത്യയിൽ മുഴങ്ങി കേൾക്കുന്നുണ്ട്!

‘ഇന്നലെ ചെയ്തോരബദ്ധം നാളത്തെ ശാസ്ത്രമാകാം' എന്ന് പാടുമ്പോൾ അഴുകിത്തേഞ്ഞ സാമ്പ്രദായിക ക്രമത്തിന്റെ യുക്തിരഹിതവും അശാസ്ത്രീയവുമായ പരാധീനത വെളിവാക്കുന്നുണ്ട്.സൗന്ദര്യ ബോധത്തെയും അനുഭൂതി മണ്ഡലത്തെയും തൃപ്തിപ്പെടുത്തുകയെന്നത് മാത്രമല്ല സർഗാത്മക രചനകളുടെ ലക്ഷ്യമെന്ന് പണ്ടേക്കു പണ്ടേ സാഹിത്യ സംബന്ധിയായ നിരന്തര സംവാദങ്ങളിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ചമൽക്കാര ഭംഗി ജനിപ്പിക്കുന്ന ആലങ്കാരിക പ്രയോഗങ്ങൾ കവിതയെ ആപാദചൂഡം സഹൃദയ പക്ഷത്തേക്ക് അടുപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ഒരു ആവിഷ്കാര മാധ്യമമെന്ന നിലയ്ക്ക് കവിത തെളിവും വെളിവും കൈവരിക്കുന്നത് സത്തമാത്ര പ്രധാനമായ അതിന്റെ ചരിത്ര പ്രധാനമായ ഇതിവൃത്ത സ്വീകരണത്തിൽ കൂടിയാണ്. ആ നിലയ്ക്ക് കാലത്തോട് സംവദിച്ച കാവ്യമാണ് ചണ്ഡാലഭിക്ഷുകി.

ബുദ്ധ പാരമ്പര്യത്തിന്റെ ഉണ്മ കുടികൊള്ളുന്നത് അതിന്റെ ജനോന്മുഖമായ വികേന്ദ്രീകൃത സ്വഭാവത്തിലാണ്. ജ്ഞാനത്തിന്റെ നിഗൂഢവൽക്കരണത്തെ ബൗദ്ധ രീതികൾ പിൻപറ്റുന്നേയില്ല. അങ്ങനെയാണ് പാലി ജനഭാഷയായി മാറുന്നത്. വൈദിക സമ്പ്രദായത്തിന്റെ കേന്ദ്രീകരണവും ചാതുർവർണാധിഷ്ഠിതമായ ശ്രേണീകരണവും ചോദ്യം ചെയ്യപ്പെട്ടിടത്താണ് ധർമം, ശരണം തന്നെയെന്നും സംഘം, ശരണമെന്നും ഒരു ജനത തിരിച്ചറിവ് കൈവരിച്ചത്. വൈദിക രീതികളുടെ വരേണ്യതയ്ക്കു നേരെയുള്ള ചെറുത്തു നിൽപ്പായിരുന്നു ബുദ്ധദർശനങ്ങൾ. ഉപനയനത്തോടെ രണ്ടാം ജന്മം സിദ്ധിക്കുന്ന ദ്വിജനാണ് ബ്രാഹ്മണനെന്ന വരേണ്യ സങ്കൽപ്പത്തെ വികേന്ദ്രീകൃതമായ അഷ്ടാംഗ മാർഗങ്ങളിലൂടെ തിരുത്തുക കൂടിയാണ് ശ്രീബുദ്ധൻ ചെയ്തത്.

ഭേദ ചിന്തകൾ ഊട്ടി വളർത്തുന്ന പിന്തിരിപ്പൻ ആശയങ്ങളെ ചെറുത്തു തോൽപ്പിക്കുക തന്നെ വേണമെന്നാണ് ചണ്ഡാല ഭിക്ഷുകി ഈ നൂറ്റാണ്ടിലും പറഞ്ഞു കൊണ്ടിരിക്കുന്നത്. കവിതയുടെ അവസാന ഭാഗമെത്തുമ്പോഴേക്കും സമത്വ സുന്ദരമായ ഒരു ജീവിത പരിസരം എങ്ങനെയൊക്കെ മനുഷ്യ വ്യവഹാരങ്ങളെ സമ്പുഷ്ടമാക്കുന്നുവെന്ന് പറഞ്ഞു വയ്‌ക്കുകയാണ് കുമാരനാശാൻ. സാമൂഹ്യ നീതിക്കും തുല്യതയ്ക്കും വേണ്ടി, സ്നേഹത്തെ കൂട്ടുപിടിച്ച് ആറാടുകയാണ് ആ ‘ചണ്ഡാലഭിക്ഷുകി'യിൽ ആശാൻ കവിത. പ്രണയത്തിന്റെ അലൗകികമായൊരു രസച്ചരടും ഈ കവിതയിലുണ്ട്.

പോയ നൂറ്റാണ്ടിലെ കെട്ട വ്യവസ്ഥിതികളെ നവ രീതികളിൽ പുനരാനയിക്കാനുള്ള പുനരുഥാനത്തിന്റെ പരിശ്രമങ്ങളുടെ പൊള്ളത്തരം വെളിവാക്കാൻ കവിത വീണ്ടും വായിക്കപ്പെടുക തന്നെ വേണം. പോയ നൂറ്റാണ്ടുകളിലെ പ്രവണതകളെ ഭൂതകാല പ്രഭാവങ്ങളായി (past glory)പ്രത്യാനയിക്കാനുള്ള പരിശ്രമങ്ങളുടെ യുക്തിരാഹിത്യം ചണ്ഡാലഭിക്ഷുകി വെളിവാക്കി തരുമെന്നതാണ് ഈ കൊച്ചു കൃതിയുടെ വലിപ്പം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top