08 May Wednesday
സ്‌റ്റേറ്റ്‌ ബസ്‌

ഈ ബസിൽ വെറും യാത്രക്കാരല്ല

ബിജു കാർത്തിക്‌ bijukanishka@gmail.comUpdated: Sunday Dec 18, 2022

ഒരാളെ തിരിച്ചറിയണമെങ്കിൽ അയാളുടെ കൂടെ കുറെനേരം യാത്ര ചെയ്യണമെന്ന് പറയാറുണ്ട്. പക്ഷേ, അടുത്തിരിക്കുന്നയാൾ അരാണെന്നോ എന്താണെന്നോ അറിയാതെ നിറയെ ആളുകളുമായി പുറപ്പെടുന്ന ഈ ബസിലെ യാത്രക്കാർ നിങ്ങൾ കരുതുന്നതുപോലെ വെറും യാത്രക്കാരല്ല. പ്രതിജനഭിന്ന വിചിത്രമാർഗരായ അവരുടെ ഉള്ളിലേക്ക് നോക്കിയാൽ ഓരോരുത്തരുടെയും നിഗൂഢമായ ജീവിതങ്ങൾ കാണാം. പാതിവച്ച് ഇടറിവീണ ജീവിതത്തിന്റെ കൊടുങ്കാറ്റ് നിറച്ച് കേരളത്തിന്റെ നെറുകെയും കുറുകയും ഇങ്ങനെ  ബസുകൾ എത്രമാത്രം ജീവിതഭാരം കയറ്റിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകുന്നവർ, ഇടയ്ക്കുവച്ച് കയറുന്നവർ അവരെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? അവർ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധിക്കപ്പെട്ടവരാണോ? ഉറപ്പായും ഇനിമുതൽ നിങ്ങൾ ശ്രദ്ധിക്കും. അവർ ശത്രുവാണോ മിത്രമാണോ അതോ ദൈവമാണോ എന്ന്.

സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പത്മകുമാറും നിർമിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനംചെയ്‌ത ചിത്രമാണ്‌ സ്റ്റേറ്റ് ബസ്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ പാതിക്കുശേഷം ചന്ദ്രൻ നരിക്കോടിന്റെ രണ്ടാമത്തെ സിനിമയാണ്‌ ഇത്.

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കാൻ 16 ദിവസത്തെ റിമാൻഡ്‌ കാലാവധി കഴിഞ്ഞ വധക്കേസ് പ്രതിയായ റഷീദിനെ രണ്ട്‌ പൊലീസുകാർ കെഎസ്ആർടിസി ബസിൽ കൊണ്ടുപോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. നിത്യജീവിതത്തിൽ ആകസ്മികമായി കണ്ടുമുട്ടുന്നവരൊക്കെ എന്തുമാത്രം അസാധാരണ ജീവിതം നയിക്കുന്നവരാണെന്ന് ഈ ബസ്‌ യാത്രയ്‌ക്കിടയിൽ മനസ്സിലാകും. ബസിൽ സംഭവിക്കുന്ന ജീവിതമുഹൂർത്തങ്ങളെ നർമത്തിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് മറ്റൊരാൾ ബസിൽ കയറിയപ്പോൾ പകയും പ്രതികാരവുംചേർന്ന് ഏറ്റവും ഉദ്വേഗജനകമായ സംഭവങ്ങളോടെ സിനിമയുടെ യാത്ര അവസാനിക്കുന്നതുവരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളും സസ്‌പെൻസും ആക്‌ഷനുമൊക്കെ ചേർന്ന ഫാമിലി ത്രില്ലർകൂടിയാണ് സ്റ്റേറ്റ് ബസ്‌. എല്ലാത്തിനും അപ്പുറം മനുഷ്യന്റെ ഉള്ളിൽ വറ്റാതെ കിടക്കുന്ന നന്മയുടെ പ്രതിഫലനങ്ങൾ കൂടി സിനിമ അനാവരണം ചെയ്യുന്നുണ്ട്.

കഥാകൃത്ത് പ്രമോദ് കൂവേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് സ്റ്റേറ്റ് ബസ്‌. വടക്കൻ കേരളത്തിന്റെ വശ്യമായ ഗ്രാമീണ ദൃശ്യങ്ങളുടെ ചാരുത ക്യമറാമാൻ പ്രസൂൺ പ്രഭാകർ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകൾക്കുശേഷം പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ഒരുക്കിയ പശ്ചാത്തലസംഗീതം ഈ ചിത്രത്തിന്റെ ശ്രവണസൗന്ദര്യമാണ്. അനുഗ്രഹീത സംഗീതപ്രതിഭ വിദ്യാധരൻ മാഷാണ് ഇതിലെ മൂന്ന് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയ് യേശുദാസ് പാടിയ പുലർകാലം മേഘം വന്നാ... എന്നുതുടങ്ങുന്ന ഗാനം ഇതിനകം മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു, വിദ്യാധരൻ മാസ്റ്ററും ജിൻഷയുമാണ് മറ്റു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഗാനരചനകൾ: പ്രശാന്ത പ്രസന്നൻ, എം ഉണ്ണികൃഷ്ണൻ, സുരേഷ് രാമന്തളി.

സമീപകാലത്തിറങ്ങിയ മലയാള ചിത്രങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായ ട്രാവലിങ്‌ മൂവിയാണ് സ്റ്റേറ്റ് ബസ്‌.

റഷീദായി യുവനടൻ വിജിലേഷും പ്രതിനായകനായി പ്രശസ്ത നാടക- സിനിമാനടൻ സന്തോഷ് കീഴാറ്റൂരും അഭിനയിക്കുന്നു. ഡ്രൈവറായി സിബി തോമസും വനിതാ കണ്ടക്ടറായി കബനിയും കൂടാതെ ശിവദാസൻ, സദാനന്ദൻ, ഉണ്ണിമായ, ഭാനുമതി, വിനോദ് മൊത്തങ്ങ, ദിനേഷ് ഹബ്ബാർ തുടങ്ങി ഒട്ടേറെ പുതുമുഖ നടീനടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top