26 April Friday

നിലാമുറ്റത്തെ സ്‌മാരകശിലകൾ

അബ്ദുല്ല അഞ്ചില്ലത്ത്Updated: Sunday Jul 18, 2021

കണ്ണൂരിലെ മലയോരമേഖലയായ ഇരിക്കൂറിലെ നിലാമുറ്റത്ത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം വെളിപ്പെടുത്തിയത്‌ 63 കബറുകൾ. ഈ ശവകുടീരങ്ങളെക്കുറിച്ചും മീസാൻ കല്ലുകളിലെ അറബി ലിഖിതങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളേറെ. പോർച്ചുഗീസ്‌ അധിനിവേശത്തിന്റെ നാളുകളോളം പഴക്കമുണ്ട്‌ ഈ കബറുകൾക്ക്‌. മലബാറിന്റെ  തീരത്തെ സമുദ്രവ്യാപാരങ്ങളിൽ ആധിപത്യം സ്ഥാപിക്കാനായി പറങ്കികൾ നടത്തിയ കൊലപാതകങ്ങളുടെ ബാക്കിപത്രങ്ങളാണിവയെന്ന്‌ അധികമാർക്കും അറിയില്ല 

ഇരിക്കൂറും ശ്രീകണ്‌ഠപുരവും. കണ്ണൂരിലെ  കിഴക്കൻ മലയോര പ്രദേശങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാതിയിൽ ഇവിടെയൊരു വെള്ളപ്പൊക്കമുണ്ടായി. ഇരിക്കൂർപുഴ കരകവിഞ്ഞൊഴുകി. ചരിത്രത്തിനുമേലടിഞ്ഞ നൂറ്റാണ്ടുകളുടെ മണ്ണടരുകൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. അപ്പോൾ തെളിഞ്ഞുവന്നത്‌ എന്താണെന്നോ? വിചിത്രമായ അറുപത്തിമൂന്ന്‌ കബർ!  ഇരിക്കൂറിലെ നിലാമുറ്റത്തെ മനുഷ്യവാസമില്ലാത്ത കാടുനിറഞ്ഞ പുഴയോരത്ത് അന്ന്‌ പൊങ്ങിവന്ന ആ കബറുകൾ പോലുള്ളവ അതിനുമുമ്പും പിമ്പും അന്നാട്ടുകാർ കണ്ടിട്ടില്ല. ചെങ്കല്ലുകൾ പ്രത്യേക രീതിയിൽ ചെത്തിമിനുക്കി പായ്‌ക്കപ്പലുകളുടെ രൂപത്തിലുള്ള ശവകുടീരങ്ങൾ. അതിൽത്തന്നെ പതിമൂന്നു മീസാൻകല്ല‌്‌ വെണ്ണക്കല്ലിൽ തീർത്തവ. അവയുടെ നെറ്റിയിൽ അറബിലിഖിതങ്ങൾ.  

ഐതിഹ്യപ്പൊലിമ

ഇന്ന്‌ നിലാമുറ്റം സന്ദർശിക്കുന്നവർ ഇതേക്കുറിച്ചു കേൾക്കുന്ന ഐതിഹ്യങ്ങൾക്ക്‌ പൊലിമയേറെ. കബറുകൾ എല്ലാം സ്വയം പൊങ്ങിവന്നതെന്ന്‌ ഒരു കഥ. പ്രവാചകന്റെ അനുചരരിൽപ്പെട്ട സ്വഹാബിമാർ മതപ്രബോധനവുമായെത്തിയ ദേശമാണ് ഇതെന്നും അവർ നിലാമുറ്റത്തെ ഈ കബറുകളിലാണ്‌ അന്ത്യവിശ്രമം കൊള്ളുന്നതെന്നും മറ്റൊരു വിവരണം. റംസാനിലെ ഇരുപത്തിയേഴാംരാവിൽ (ലൈലത്തുൽ ഖദ്‌ർ) മരങ്ങളിലെ ഇലകളും വള്ളിച്ചെടികളും നിലാവുപോലെ പ്രകാശിക്കുമെന്ന ഭാവനാപൂർണമായ ഒരാഖ്യാനം കൂടിയുണ്ട്‌. 

പുരാതന ലിപിവിജ്ഞാനത്തിലോ ലിഖിതവായനകളിലോ, പരിജ്ഞാനമില്ലാത്തവരാകണം നിലാമുറ്റം ശിലാരേഖകളെ വ്യാഖ്യാനിച്ചിട്ടുണ്ടാകുക. വിശ്വാസികൾക്കിടയിൽ അബദ്ധധാരണകൾ ഉറച്ചുപോകാൻ ഇത്‌ ഇടയാക്കി. മലബാറിലെ ചരിത്രപ്രാധാന്യമുള്ള സ്‌മാരകശിലകൾ, സൗധങ്ങൾ എന്നിവയിലുള്ള അറബി ലിഖിതങ്ങൾ ആന്വൽ റിപ്പോർട്ട്‌ ഓഫ്‌ ഇന്ത്യൻ എപിഗ്രാഫും (ARIE) ആന്വൽ റിപ്പോർട്ട്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യൻ എപിഗ്രാഫും (ARSE) പകർത്തുകയും പരിശോധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, നിലാമുറ്റം ലിഖിതങ്ങൾ ഇന്നേവരെ അത്തരമൊരു പഠനത്തിന്‌ വിധേയമായിട്ടില്ല.  

സൂക്ഷ്‌മമായി വായിച്ചാൽ ഇവ മലബാറിലെ കടൽക്കച്ചവടത്തെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നവയാണെന്ന് മനസ്സിലാക്കാനാകും. അറബി എപ്പിഗ്രാഫിസ്റ്റുകളുടെയും പാലിയോഗ്രാഫിസ്റ്റുകളുടെയും സഹായത്തോടെ ശിലാലിഖിതത്തെ പഠനത്തിന് വിധേയമാക്കിയപ്പോൾ നിലാമുറ്റത്തെ മിത്തുകൾ കീഴ്‌മേൽ മറിയുന്നതും മധ്യകാല വടക്കേ മലബാറിന്റെ  സമുദ്രവാണിജ്യബന്ധത്തിന്റെ തെളിവുകൾ പുറത്തുവരുന്നതും കാണാം.

നിലാമുറ്റത്തെ കബറിടം

നിലാമുറ്റത്തെ കബറിടം

സഞ്ചാരികൾ കണ്ട ജർഫത്താൻ

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ പ്രചരിച്ച ഐതിഹ്യങ്ങൾ ഒരു വഴിക്ക്‌ പടർന്നപ്പോൾ ചരിത്രത്തിന്റ തുരുമ്പെടുത്ത വാതിലുകൾ തള്ളിത്തുറക്കാനും ശ്രമങ്ങളുണ്ടായി. മലബാറിലേക്കുള്ള സമുദ്രവണിക്കുകളുടെ സഞ്ചാരത്തിലേക്കും ആധിപത്യത്തിലേക്കുമുള്ള ചരിത്രവാതിലുകൾ തുറന്നിട്ടു തരികയായിരുന്നു ആ പ്രളയവും സുന്ദരമായ സ്‌മാരകശിലകളും. മധ്യകാല മലബാറിലെ അധിവാസ കേന്ദ്രമായിരുന്ന ‘ജർഫത്താൻ’ ഈ പ്രദേശമാണെന്ന അറിവാണ്‌ ആ പ്രളയം വെളിപ്പെടുത്തിയത്‌.

അറബി ഭൂമിശാസ്‌ത്രജ്ഞനും സഞ്ചാരിയുമായ അൽ ഇദിരീസിയുടെ നുജാത്ത് അൽ മുഷ്താഖ് ഇഖ്തിരിക് അൽ-അഫാക്ക് (1154) എന്ന കൃതിയിൽ ജർഫത്താനെക്കുറിച്ച്‌  വിവരണമുണ്ട്‌. പന്തലായിനിയിൽനിന്ന്‌ അഞ്ച്  ദിവസത്തെ യാത്ര ചെയ്‌താൽ ജർഫത്താൻ എന്ന ഏറെ ജനനിബിഡമായ പട്ടണത്തിലെത്താം. ചെറുനദിയുടെ കരയിലാണ് പട്ടണം. ഫലഭൂയിഷ്‌ഠമായ ഇവിടെ നെല്ലും മറ്റ് ധാന്യങ്ങളും ധാരാളം വിളയുന്നു. സിലോണിലെ പ്രധാന കമ്പോളത്തിലേക്ക് ഇവിടെനിന്ന്‌ ധാന്യങ്ങൾ കയറ്റി അയക്കുന്നു. പട്ടണത്തോട് ചേർന്നുനിൽക്കുന്ന കുന്നിൻചെരുവുകളിലാണ് കുരുമുളകുവള്ളികൾ ഉള്ളത്, എന്നിങ്ങനെ പോകുന്നു ആ വിവരണം. അൽ ഇദിരീസി പറയുന്ന ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളിൽനിന്ന്‌ ഇത് ഇന്നത്തെ ശ്രീകണ്ഠപുരത്തിനും ഇരിക്കൂറിനും ഇടയ്‌ക്കുള്ള  പ്രദേശമാണെന്ന് വ്യക്തം.    

പതിനാലാം നൂറ്റാണ്ടിൽ മലബാർ തീരത്തെത്തിയ മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത വിവരിക്കുന്നു: ‘‘മാടായിയിൽനിന്ന്‌ മൂന്ന് ഫർസഖ (15 കിലോമീറ്റർ) ദൂരമുണ്ട് ജർഫത്താനിലേക്ക്. ബാഗ്‌ദാദിനും കുഫയ്‌ക്കും ഇടയിലുള്ള സർസക്കാരനായ ഇസ്ലാമിക് നിയമജ്ഞനും പണ്ഡിതനുമായ ഒരാളെ ഇവിടെ കണ്ടു. അദ്ദേഹത്തിന്റെ സമ്പന്നനും കച്ചവടക്കാരനുമായ സഹോദരൻ താമസിക്കുന്നതും ജർഫത്താനിലാണ്. മരണശേഷം സമ്പത്ത് തന്റെ സന്താനങ്ങളുടെ അടുക്കലേക്ക് എത്തിച്ചുകൊടുക്കാൻ ഇദ്ദേഹം ഒസ്യത്ത് എഴുതിവച്ചിട്ടുണ്ട്. ജർഫത്താനിലെ സുൽത്താന് ധാരാളം കപ്പലുകളുണ്ട്. ഈ കപ്പലുകൾ യമൻ, ഒമാൻ, പേർഷ്യ എന്നിവിടങ്ങളിലേക്ക് ചരക്കു കയറ്റിക്കൊണ്ടുപോകുന്നു.’’ ഇബ്നു ബത്തൂത്ത ഇവിടത്തെ ഭരണകൂടത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. മലബാറിലെ വലിയ രാജാക്കന്മാരിൽ പ്രധാനിയാണ് ഇവിടത്തെ രാജാവ്. കോയിൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വളപട്ടണം, ശ്രീകണ്ഠപുരം, ധർമപട്ടണം, പുതുപട്ടണം എന്നിവ ഈ രാജാവിന്റെ അധികാരപരിധിയിലുമാണ്. 

ഗനിസ രേഖകളിലെ ജർഫത്താൻ

ഈജിപ്തിലെ പുരാരേഖാ സഞ്ചയമായ ഗനിസയിൽനിന്ന്‌ കണ്ടെടുത്ത കുറിപ്പുകളിൽ  ടുണിഷ്യക്കാരനായ ജൂതപ്രമാണി അബ്രഹാം ബെൻയീജു 1131 നവംബറിൽ കച്ചവടത്തിനായി മംഗലാപുരം തുറമുഖത്ത് എത്തിയ കാര്യം പറയുന്നു. 1131–49 കാലയളവിൽ മലബാറിൽ താമസിച്ച് നിരവധി കച്ചവട ഇടപാടുകൾ നടത്തിയ ബെൻയീജു എഴുതിയ കത്തുകളിൽ ഇവിടത്തെ സാംസ്‌കാരിക, സാമ്പത്തിക, സാമൂഹ്യ  ഇടപാടുകളുടെ തെളിവുകളുണ്ട്‌. 1132-ൽ തുളു സംസാരിക്കുന്ന നായർ യുവതിയെ വിവാഹം ചെയ്‌ത്‌ അദ്ദേഹം ജൂതമതത്തിലേക്ക് മാറ്റി. അപ്പു എന്നാണ് രേഖകളിൽ ഇവരെ പരാമർശിക്കുന്നത്. ബെൻയീജു മംഗലാപുരം, ശ്രീകണ്ഠപുരം, വളപട്ടണം, ധർമടം, പന്തലായിനി, കൊല്ലം എന്നിവിടങ്ങളിൽനിന്ന്‌ കുരുമുളക്, ഏലം, വെറ്റില, അടയ്‌ക്ക, മരത്തടികൾ, ഇരുമ്പയിര് എന്നിവ ചെങ്കടലിലെ തുറമുഖമായ ഏദനിലേക്ക് കയറ്റുമതിചെയ്‌തു. ഏദനിൽനിന്ന്‌ ഈജിപ്തിലേക്കും അവിടെനിന്ന് മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്കുമാണ്  ഇവ എത്തിച്ചത്.  

ഇവിടെനിന്ന്‌ കുരുമുളക്, ഏലം, വെറ്റില, അടയ്‌ക്ക, മരത്തടികൾ എന്നിവ ഏദനിലേക്ക് കയറ്റിക്കൊണ്ടുപോകുകയും തിരിച്ചു ജർഫത്താനിലേക്ക് തുണിത്തരങ്ങൾ, വിലകുറഞ്ഞ പേർഷ്യൻ ഈജിപ്ഷ്യൻ കാർപ്പറ്റുകൾ, ചെമ്പ്, ടിൻ, വിഷം എന്നിവ കൊണ്ടുവന്നതായും രേഖകളിൽ കാണാം. ഏദനിൽനിന്ന്‌ ജർഫത്താനിൽ പതിവായെത്താറുള്ള കച്ചവടക്കപ്പലുകൾ "ജർഫത്താൻ കപ്പലുകൾ’ എന്നാണ് അറിയപ്പെട്ടത്. ഏദനിലെ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പലുകൾ. ഈ രേഖകളിൽ മധ്യകാല ഇന്ത്യയിലെ ജൂതവണിക്കുകളുടെ പ്രധാന അധിവാസ കേന്ദ്രമായ മാടായിയെക്കുറിച്ച് പരാമർശമില്ല. പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യൻ ഉൾക്കടലിലെ സറഫ് തുറമുഖത്തിന്റെ പതനത്തോടെ ഉത്തര ആഫ്രിക്കയിൽനിന്നുള്ള കരീമീ കച്ചവടക്കാർ ചെങ്കടൽ വഴി മലബാറിലേക്ക് എത്തിത്തുടങ്ങി. മാടായിയിൽനിന്ന കരീമീവണിക്കുകളെക്കുറിച്ചുള്ള ശിലാരേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈ കച്ചവടക്കാർ പതിയെ മാടായിയുടെ കടൽവ്യാപാരത്തിൽ മേധാവിത്വം നേടിയത്‌ ജൂതക്കച്ചവടക്കാർക്ക് തിരിച്ചടിയായി. ജൂതപ്രമാണിമാർ  ശ്രീകണ്ഠപുരം, വളപട്ടണം, ധർമടം, പന്തലായിനി, കൊല്ലം എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ഇത്‌ കാരണമായി.  അറബ്–- ചൈനീസ്  വ്യാപാര മത്സരത്തെ തുടർന്ന് ബെൻയീജുവും കുടുംബവും  മലബാറിലെ പ്രധാന കുരുമുളക് ഉൽപാദന കേന്ദ്രമായ ജർഫത്താനിലേക്ക് 1146ൽ താമസം മാറ്റി. അബ്രഹാം ബെൻയീജി, മകൻ സുറൂർ, മകൾ സിറ്റ് അൽദർ എന്നിവർ 1149-ൽ ഏദനിലേക്ക് തിരിച്ചുപോയതായി രേഖകളിൽ കാണാം. ഭാര്യ അഷു തിരിച്ചുപോയില്ല.

‘ഈ കബറിൽ അടക്കം ചെയ്യപ്പെട്ടത്‌ സുൽത്താനെയാണ്‌’ എന്ന്‌ രേഖപ്പെടുത്തിയ ശിലാഫലകം

‘ഈ കബറിൽ അടക്കം ചെയ്യപ്പെട്ടത്‌ സുൽത്താനെയാണ്‌’ എന്ന്‌ രേഖപ്പെടുത്തിയ ശിലാഫലകം

നിലാമുറ്റം ശിലാരേഖകൾ

ഇസ്ലാമിക പണ്ഡിതൻ സി എൻ അഹമ്മദ് മൗലവി 1950കളിൽ നിലാമുറ്റം സന്ദർശിച്ചു. ആദ്യം സന്ദർശിച്ചപ്പോൾ AH50/670-ലെ ശിലാലിഖിതം നേരിട്ടുകണ്ടിരുന്നുവെന്നും പിന്നീട് അവിടെ സന്ദർശിച്ചപ്പോൾ നേരത്തെ കണ്ട ലിഖിതം കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൗലവിയുടെ വിവരണത്തെ തുടർന്ന് 1965-ൽ കനേഡിയൻ ചരിത്ര–-ദൈവശാസ്ത്ര പണ്ഡിതനായ റോളണ്ട് ഇ മില്ലർ "മാപ്പിള മുസ്ലിംസ്‌ ഓഫ് കേരള എ സ്‌റ്റഡി ഇൻ ഇസ്ലാമിക് ടെൻഡ്‌സ്‌' എന്ന ഗ്രന്ഥരചനയുടെ ഭാഗമായി നിലാമുറ്റം സന്ദർശിച്ചിരുന്നു. മൗലവി പറഞ്ഞ ശിലാരേഖകൾ അവിടെ കാണാനായില്ലെന്ന് മില്ലർ പ്രസ്‌താവിക്കുന്നുണ്ട്.

ഒരേ കാലത്തെ കബറുകൾ

ഇവിടെയുള്ള കബറുകൾക്ക് ഏറെ സവിശേഷതകൾ ഉള്ളതായി സൂക്ഷ്‌മപരിശോധനയിൽ മനസ്സിലാക്കാം.  കബറുകളെല്ലാം ഒരേ കാലത്ത് പണികഴിപ്പിച്ചിട്ടുള്ളതും  നാലടിമുതൽ ആറര അടിവരെ നീളമുള്ളതുമാണ്‌.    

"ശത്രുക്കളാൽ വധിക്കപ്പെട്ടവരാണ് അല്ലാഹുവിന്റെ കാരുണ്യം ഇവരിൽ വർഷിക്കട്ടെ' എന്നാണ് ഒരു സ്‌മാരകശിലയിലുള്ളത്‌. "ഈ കബറിൽ ഒന്നിലേറെ പേരെ അടക്കം ചെയ്‌തിട്ടുണ്ട്' എന്ന്‌ മറ്റൊന്നിൽ.   മൂന്നാമത്തേതിൽ പറയുന്നത് "ഈ കബറിൽ ഒരു കുട്ടിയെ കൂടി അടക്കം ചെയ്‌തിട്ടുണ്ട്' എന്നും. നിലാമുറ്റത്ത് ഭക്തിപൂർവം സംരക്ഷിച്ചു പരിപാലിക്കപ്പെടുന്ന കബറിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ ഈ കബറിൽ അടക്കം ചെയ്‌തിട്ടുള്ളത് സുൽത്താനെയാണ്.' സുൽത്താൻ എന്നത്  കുടിയേറിയ വിദേശ കച്ചവടക്കാരുടെ മുഖ്യന്മാർക്ക് നാടുവാഴി അനുവദിച്ചുകൊടുത്ത ഉന്നതപദവിയാണ് എന്നതിന് തെളിവായി ഈ ലിഖിതത്തെ കാണാം. ജർഫത്താൻ കണ്ണൂരാണെന്നും സുൽത്താൻ   കോലത്തിരിയാണെന്നുമുള്ള വ്യാഖ്യാനത്തെ തള്ളിക്കളയുന്ന തെളിവാണിത്‌. 

മധ്യകാല മലബാറിന്റെ പഠനത്തിന് സാഹിത്യ തെളിവുകൾക്കൊപ്പം തന്നെ ലിഖിത-പുരാവിജ്ഞാന തെളിവുകൾക്ക് പ്രാധാന്യമുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. കടൽക്കച്ചവടക്കാരായ വിദേശികൾ ഇവിടെ തദ്ദേശിയരായി അധിവാസമുറപ്പിക്കുന്നതും അവരുടെ പ്രവൃത്തികളിൽ വ്യാപൃതരായെന്നും മനസ്സിലാക്കാം. ശിലാരേഖകളിൽ കാണുന്നത് ശത്രുക്കളുടെ ആക്രമണത്തെയും ഇതിൽ കൊല്ലപ്പെട്ടവരെയും കുറിച്ചാണ്. കൂടുതലറിയാൻ പോർച്ചുഗീസുകാരുടെ കാലത്തേക്ക് പോകേണ്ടതുണ്ട്.

പോർച്ചുഗീസുകാലത്തെ സമുദ്രതീര കച്ചവടബന്ധങ്ങൾ

തീരദേശങ്ങളിലും ഉൾനാടൻ കടൽക്കച്ചവട കേന്ദ്രങ്ങളിലും ഒരു സമൂഹമായി വളർന്നുവന്ന പ്രാദേശിക മുസ്ലിങ്ങൾ 14–--ാം നൂറ്റാണ്ടുവരെ നേരിട്ടു കടൽ വാണിജ്യം നടത്തിയതിന്‌ തെളിവു കിട്ടിയില്ല. കെയ്റോ-ഖനിസ രേഖകളിലും ഏദനിലെ ഖസ്സിയ രേഖകളിലും മുസ്ലിങ്ങൾ കടൽക്കച്ചവടത്തിൽ പങ്കുവഹിച്ചതിനും തെളിവില്ല. മലബാറിലെ തുറമുഖത്ത് എത്തിച്ചേരുന്ന കച്ചവടക്കാർക്ക് ആവശ്യമായ വിഭവങ്ങൾ ഉൾനാടുകളിൽനിന്ന്‌ കരവഴിയും പുഴവഴിയും എത്തിച്ചത് പ്രാദേശിക മുസ്ലിങ്ങളായിരിക്കണം. പതിനഞ്ചാം നൂറ്റാണ്ടോടെ വിദേശ കച്ചവടക്കാരുടെ ഏജന്റുമാരായ മുസ്ലിങ്ങളിൽ ചെറുവിഭാഗം നേരിട്ടു കടൽക്കച്ചവടങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടോടെ ഇവർ കടൽക്കച്ചവടങ്ങളിൽ പ്രബല വിഭാഗമായി. കൊച്ചിയിലെ മരയ്‌ക്കാർമാരും താനൂരിലെ  കുട്ടിആലിയും കണ്ണൂരിലെ മമ്മാലിമാരും ഉദാഹരണങ്ങൾ. 

പോർച്ചുഗീസുകാർ മലബാറിലെ അവരുടെ ആദ്യ രണ്ട് പതിറ്റാണ്ടുകളിൽ ശ്രമിച്ചത് കടലിനുമേൽ രാഷ്‌ട്രീയ-സൈനിക മേധാവിത്വം ഉണ്ടാക്കിയെടുക്കാനായിരുന്നു. പടിഞ്ഞാറൻ തീരങ്ങളിൽ അവർ നിരന്തര സംഘർഷത്തിൽ ഏർപ്പെട്ടു. അന്ന് നിലവിലുള്ള കോഴിക്കോട്–- ഏദൻ–--കെയ്റോ-–-അലക്‌സാൻഡ്രിയ വഴി കിഴക്കൻ മെഡിറ്ററേനിയനിലേക്കുള്ള കടൽപ്പാതകൾ നിശ്ചലമാക്കി മലബാറിലെ കുരുമുളകിന്റെ സിംഹഭാഗവും നേരിട്ട് അത്‌ലാന്റിക്കിലെ ലിസ്ബണിലെത്തിക്കുന്നതിന്‌ കൊച്ചി, -കോഴിക്കോട്, -കണ്ണൂർ, -ഗോവ- വഴി പുതിയ കടൽപ്പാത തെളിച്ചു. ഇത് നേരത്തെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ബന്ധത്തെ തകിടം മറിച്ചു. പോർച്ചുഗീസുകാരുടെ രാഷ്ട്രീയ-സൈനിക അധികാരപ്രയോഗം ആദ്യശതകങ്ങളിൽ ലക്ഷ്യംവച്ചത് മലബാറിലെ കടൽക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്ന അൽ-കരീമീ കച്ചവടക്കാരെയാണ്. അവരായിരുന്നു മലബാറിലെ സുഗന്ധവ്യഞ്ജനങ്ങളുടെ സിംഹഭാഗവും കൈക്കലാക്കിയിരുന്നതും ഏദൻ വഴി അലക്‌സാൻഡ്രിയവരെ വാണിജ്യം നടത്തിയതും. കരീമീ കച്ചവടക്കാരുടെ മലബാറിനുമേലുള്ള മേധാവിത്വം തകർത്താലേ കുരുമുളക് വാണിജ്യം പിടിച്ചടക്കാൻ കഴിയൂ എന്നും പോർച്ചുഗീസുകാർ മനസ്സിലാക്കി. ഇതിന്റെ ഭാഗമായി മറ്റ് അറബി, പേർഷ്യൻ, ആഫ്രിക്കൻ കച്ചവടക്കാരേക്കാൾ കടലിലും കരയിലും പോർച്ചുഗീസുകാർ വാണിജ്യപരമായും സാമ്പത്തികപരമായും ആക്രമിച്ചത് അൽ-കരീമീ കച്ചവടക്കാരെയാണ്. - 

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ "തുഹ്ഫത്തുൽ മുജാഹിദി'നിൽ  മലബാറിന്റെ തീരപ്രദേശങ്ങൾ പോർച്ചുഗീസ് വിരുദ്ധ പോരാട്ടം നടന്നതായി വിവരിക്കുന്നുണ്ട്. ഇത് കൂടാതെ ഫ്രഞ്ച് ചരിത്രഗവേഷകരായ ജനെവീവ്‌ ബൂച്ചോണും ലൂയിസ്‌ ഷാക്‌ലിയും ലിസ്ബണിൽനിന്ന്‌ ലഭ്യമായ പോർച്ചുഗീസ് രേഖകൾ പരിശോധിച്ചു രചിച്ച ‘റീജന്റ് ഓഫ് ദി സീ: കാനനൂർസ് റെസ്‌പോൺസ് ടു പോർച്ചുഗീസ് എക്‌സ്‌പാൻഷൻ 1507-–-1528’ എന്ന കൃതിയിലും ഇരിക്കൂറിൽ പോർച്ചുഗീസുകാർ വിദേശ കച്ചവടക്കാർക്കുനേരെ നടത്തിയ അക്രമണത്തെക്കുറിച്ചുള്ള വിവരണം നൽകുന്നുണ്ട്. നിലാമുറ്റം ശിലാരേഖകൾ പറയുന്നതും ശത്രുക്കളാൽ കൊല്ലപ്പെട്ടവരെക്കുറിച്ചാണ്. തങ്ങളുടെ കച്ചവട കുത്തക നിലനിർത്താൻ വേണ്ടിയായിരുന്നു കൊലപാതകങ്ങൾ. ഉൾനാടുകളിൽ ഉൽപാദിപ്പിക്കുന്ന കുരുമുളക് നൂറ്റാണ്ടുകളായി കച്ചവടം ചെയ്യുന്ന വിദേശ വണിക്കുകളെ ഉന്മൂലനം ചെയ്യാതെ, കുരുമുളകിനുമേൽ മേധാവിത്വം സാധ്യമല്ലെന്ന് ബോധ്യമുള്ള പോർച്ചുഗീസുകാർ ഇരിക്കൂർ പുഴയുടെ തീരത്ത് വിദേശീയരായ കച്ചവടക്കാരുടെ അധിവാസമേഖലയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതാകണം നിലാമുറ്റത്തെ കബറുകൾ. ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളും സ്‌ത്രീ-പുരുഷന്മാരും ദാരുണമായി കൊല്ലപ്പെട്ടു. ഇവരോടൊപ്പം തന്നെ വിദേശ കച്ചവടക്കാരുടെ സാമൂഹ്യവും സാസ്‌കാരികവുമായ കാര്യങ്ങളുടെ നേതാവായ "സുൽത്താനും' (Govemor of Merchant) വധിക്കപ്പെട്ടു. ഈ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടവരാവണം കൊല്ലപ്പെട്ട ഇടത്ത് തന്നെ കബറുകൾ ഉണ്ടാക്കി ശിലാരേഖകൾ സ്ഥാപിച്ചത്; കൊല്ലപ്പെട്ടവരെക്കുറിച്ച് വരുംതലമുറയ്‌ക്ക്‌ മനസ്സിലാക്കാൻ വേണ്ടിത്തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top