26 April Friday

ഇന്നലെ നടി, ഇന്ന്‌ തിരക്കഥാകൃത്ത്‌, നാളെ സംവിധായിക

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jul 18, 2021

ലെന സംവിധായകൻ വി എസ്‌ അഭിലാഷിനൊപ്പം

23 വർഷമായി മലയാള സിനിമയിലുണ്ട്‌ ലെന. സിനിമയിലെ  മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു. പുതിയ ഓളങ്ങൾ സൃഷ്‌ടിച്ച സിനിമകളുടെ ഭാഗമായി.  നൂറിലധികം ശ്രദ്ധേയമായ കഥാപാത്രങ്ങൾ.  

ലെന സിനിമയുടെ പിന്നണിയിലേക്കും കടന്നുകഴിഞ്ഞു. തിരക്കഥ എഴുതിയ ആദ്യ സിനിമ ഓളത്തിന്റെ പോസ്റ്റർ വെള്ളിയാഴ്‌ച പുറത്തുവന്നു. സംവിധായികയാകാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. സിനിമാജീവിതത്തിലെ പുതിയ ചുവടുവയ്‌പ്പിനെക്കുറിച്ച്‌  ലെന.

ആശയം കേട്ടു; തിരക്കഥാകൃത്തായി

ഇതുവരെ ആയിരത്തിലധികം സിനിമയുടെ തിരക്കഥ കേട്ടിട്ടുണ്ട്‌. എന്നാൽ തിരക്കഥ എഴുതുന്നതിലെ പരിശ്രമം കൃത്യമായി മനസ്സിലായിരുന്നില്ല. തിരക്കഥാരചനയുടെ ഭാഗമായപ്പോഴാണ്‌ അതിന്റെ ഗൗരവം മനസ്സിലായത്‌. ഓളത്തിന്റെ  സംവിധായകൻ വി എസ്‌ അഭിലാഷ്‌ സിനിമയുടെ  ആശയം പങ്കുവച്ചിരുന്നു. പിന്നീട്‌ അതിന്റെ  പ്രവർത്തനങ്ങളിൽ മുഴുകിയപ്പോഴാണ്‌ തിരക്കഥ രചനയുടെ ഭാഗമാകാം എന്ന്‌ തീരുമാനിച്ചത്‌. അങ്ങനെ സംവിധായകനൊപ്പം   സഹതിരക്കഥാകൃത്തായി.

രണ്ടു പതിറ്റാണ്ടിലേറെ അനുഭവമുള്ളതിനാൽ  നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല.

ഒരു പുതിയ അനുഭവം

ഓളത്തിന്റെ നിർമാണപൂർവ ജോലികൾ ഒരു വർഷമെടുത്താണ്‌ പൂർത്തിയാക്കിയത്‌. ചിങ്ങം ഒന്നിന്‌ ചിത്രീകരണം ആരംഭിക്കും. നഗരക്കാഴ്‌ചകൾക്ക്‌ പുറത്തുള്ള സിനിമ. ലളിതമായ അവതരണം. സൈക്കോളജിക്കൽ സ്വഭാവമുള്ള,  ഹൊറർ കൂടി ചേർന്ന ഒന്ന്‌. അതേസമയം പ്രേക്ഷനെ ചിരിപ്പിക്കുകയും ചെയ്യും.  ഓളം പുതിയ അനുഭവമാകും.  അർജുൻ അശോകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി എത്തുന്നത്‌ ഹരിശ്രീ അശോകൻ തന്നെയാണ്‌ എന്ന പ്രത്യേകത കൂടി ഓളത്തിനുണ്ട്‌.

കോവിഡ്‌ കാലം വിദ്യാർഥിയാക്കി

പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കാറുണ്ട്‌.  സിനിമയെക്കുറിച്ച്‌ കൂടുതൽ പഠിക്കാൻ  ലോക്ഡൗൺ  അവസരമൊരുക്കി.  ഫിലിം മേക്കിങ്‌ കോഴ്‌സുകൾ പഠിച്ചു. തിരക്കഥാ രചന, സംവിധാനമടക്കം വിവിധ വിഷയങ്ങളിൽ വിദേശത്തുനിന്ന്‌ ഓൺലൈൻ സർട്ടിഫിക്കറ്റ്‌ കോഴ്‌സുകൾ ചെയ്‌തു. തുടർന്നാണ്‌ തിരക്കഥ എഴുതാനുള്ള ധൈര്യമൊക്കെ കിട്ടിയത്.

പുതിയ സാധ്യത

കേരളത്തിൽ ചെറിയ സിനിമകൾക്ക്‌  ആവശ്യത്തിന്‌ തിയറ്റർ കിട്ടാറില്ല. വലിയ സിനിമകൾ, താരങ്ങൾ അങ്ങനെ പല മാനദണ്ഡങ്ങൾ വരും. വിദേശ റിലീസുകൾ വൈകും. എന്നാൽ ഒടിടിയിൽ ആ പ്രശ്‌നങ്ങളില്ല. സിനിമ ലോകത്താകമാനമുള്ള പ്രേക്ഷകരിൽ ഒരുമിച്ചെത്തും. 

തിയറ്ററിൽ സിനിമ കാണാൻ പ്രേക്ഷകരെത്തുമ്പോൾ അവർ അവിടെ അതിഥികളാണ്‌. ഒടിടിയിൽ സിനിമയെത്തുമ്പോൾ സിനിമാ പ്രവർത്തകർ പ്രേക്ഷകരുടെ വീട്ടിൽ അതിഥിയായി എത്തുകയാണ്‌.

മാറ്റത്തിന്റെ ഭാഗം

1998ലാണ്‌ സിനിമയിലെത്തുന്നത്‌. അന്ന്‌ മലയാള സിനിമയിൽ അധികാര ശ്രേണിയുണ്ടായിരുന്നു. സിനിമകളെല്ലാം ഒരേ രീതിയിലായിരുന്നു. ഹീറോ, നായിക, വില്ലൻ ഇങ്ങനെ ഒരേ ശൈലി. നായകന്റെ ഹീറോയിസം, പ്രണയം, പ്രതിനായകന്റെ വില്ലത്തരം എന്നിങ്ങനെ. പിന്നീട്‌ ഒരു നായകൻ എന്ന സങ്കൽപ്പം മാറി, ബിഗ്‌ബി പോലെയുള്ളവ സിനിമാരീതി തന്നെ മാറ്റി. ട്രാഫിക്ക്‌ സിനിമയെ മറ്റൊരു തലത്തിലേക്ക്‌ ഉയർത്തി. ഏക നരേറ്റീവ്‌ ശൈലിയിൽനിന്ന്‌ നോൺ ലീനിയർ നരേറ്റീവ്‌ സിനിമകൾക്ക്‌ വഴി തുറന്നു. ബാച്ചിലർ പാർട്ടി, ഈ അടുത്ത കാലത്ത്‌, ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌, ഇയോബിന്റെ പുസ്‌തകം തുടങ്ങിയ സിനിമകളുടെയൊക്കെ ഭാഗമായി. മാറ്റത്തിന്‌ വഴിയൊരുക്കിയ സിനിമകളുടെ ഭാഗമായി. ഇതിനിടയിൽ ഇംഗ്ലീഷിലുള്ള ‘ഫുട്ട്‌ പ്രിന്റ്‌സ്‌ ഓഫ്‌ വാട്ടറി’ലും അഭിനയിച്ചു.

ഇനി സംവിധായകയുടെ വേഷം

സിനിമ സംവിധാനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആ സിനിമയുടെ തിരക്കഥയുടെ പണികൾ നടക്കുന്നു. തിരക്കഥയുടെ രണ്ടാം ഡ്രാഫ്‌റ്റ്‌ പൂർത്തിയാകാറായി. വലിയ ക്യാൻവാസിലുള്ള സിനിമയായതിനാൽ കോവിഡ്‌ നിയന്ത്രണങ്ങൾ കഴിഞ്ഞാലേ ചിത്രീകരണം സാധ്യമാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top