26 April Friday

അരങ്ങിനെ കളിക്കളമാക്കിയ ഹിഗ്വിറ്റ

അശോകൻ വെളുത്തപറമ്പത്ത്Updated: Sunday Apr 18, 2021

ഹിഗ്വിറ്റ നാടകത്തിലെ ഒരു രംഗം

എൻ എസ്‌ മാധവന്റെ വിഖ്യാതമായ ചെറുകഥ ഹിഗ്വിറ്റയുടെ നാടകഭാഷ്യത്തെക്കുറിച്ച്‌

 
"ശൂന്യമായ ഏതുസ്ഥലവുമെടുക്കൂ, അതിനെ നാടകസ്ഥലമാക്കി മാറ്റൂ' എന്ന പ്രശസ്‌ത സംവിധായകൻ പീറ്റർ ബ്രൂക്കിന്റെ നാടക സങ്കൽപ്പങ്ങളിൽനിന്നാകാം തുറന്ന അരങ്ങിന്റെ സംസ്‌കാരം സജീവമായത്. പെനൽറ്റി  ഭയന്ന് നിയതമായ ചലനങ്ങളിൽ മാത്രം അകപ്പെട്ടവരുടെ ദുരന്തം വിളിച്ചോതുന്ന ഹിഗ്വിറ്റ, അങ്ങനെയും ഒരു രാഷ്ട്രീയം പറയുകയാണ്.
 
എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട് രണ്ടു കൈകളും വിടർത്തി പെനാൽറ്റി കിക്ക്  കാത്തുനിൽക്കുന്ന ഗോളിയുടെ, ആകാശംമുട്ടി നിൽക്കുന്ന ഏകാന്തതയിൽനിന്നുള്ള തുടരന്വേഷണമായിരുന്നു ഹിഗ്വിറ്റ എന്ന നാടകം. സങ്കീർണതകളുള്ള സാഹിത്യ സൃഷ്ടിയുടെ രംഗാവിഷ്‌ക്കാരത്തിൽ സംവിധായകൻ നേരിടുന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ല.  എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന  കഥ നാടകത്തിലേക്ക് പകർത്തുമ്പോൾ മാധവന്റെ ദാർശനികമൗനങ്ങൾ ശശിധരനിലൂടെ തത്വചിന്താപരമായ ഒരലർച്ചയായി.
 
റിമെംബറൻസ് തിയറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടക ദ്വീപിനുസമീപം കൊയ്‌തൊഴിഞ്ഞ പാടത്തെ ഫുട്ബോൾ മൈതാനത്തിന്‌ സമാനമായ സ്റ്റേജിലാണ് ഹിഗ്വിറ്റയ്‌ക്ക്‌ രംഗഭാഷ്യമൊരുക്കിയത്. താണ്ഡവത്തിനുമുമ്പ് ജഡയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളൻമുടിയും കറുത്ത കരിങ്കൽ മുഖവും നേരിയ മീശയും ഗോൾമുഖത്തുനിന്ന് മൈതാനത്തിലേക്ക് കയറി കളിക്കുന്ന ശൈലിയുംകൊണ്ട് ‘ഭ്രാന്തൻ' എന്നറിയപ്പെട്ട ഹിഗ്വിറ്റ, ഗീവർഗീസച്ചന്റെ ബോധത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു. ഫുട്ബോൾ കളിക്കാരനിൽനിന്ന് ഗീവർഗീസ് അച്ചനായി മാറിയതിലെ പരിണാമ സഞ്ചാരങ്ങൾ തന്മയത്വത്തോടെ നാടകത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
 
ഇടവകയിലെ ആദിവാസി പെൺകുട്ടി ലൂസിയെ ജബ്ബാറിൽനിന്ന്‌ രക്ഷിക്കാനുള്ള അച്ചന്റെ ശ്രമവും ഫുട്ബോൾ പ്രേമിയായ ഗീവർഗീസച്ചൻ ജബ്ബാറിനെ അതിസാഹസിക ശൈലിയിൽ ഒരു ഗോളിലൂടെയെന്നപോലെ കീഴടക്കുന്നതും നാടകത്തോട് ചേർന്നുനിൽക്കുന്നു. തന്റെ കർമ മണ്ഡലം വിശ്വാസികളെ നന്മയിലേക്കു നയിക്കുകയെന്നതായിരിക്കേ, അച്ചനിൽ അന്തർലീനമായ ഫുട്ബോൾ ഭ്രമവും ഗോളിയുടെ ജന്മ പരമ്പരകൾ സൂക്ഷിച്ചിരുന്ന നൈതിക ബോധവുമാകാം കർമവ്യതിയാനത്തിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഭയത്തിന്റെ നിഴലിൽ പ്രതിരോധം നഷ്ടമാകുന്ന ലൂസിയുടെ അവസ്ഥാന്തരങ്ങളെ കളിക്കളത്തിലെ പകർന്നാട്ടമായി മാറ്റാനും പശ്ചാത്തലം രൂപപ്പെടുത്തി ഉപയോഗിക്കാനുമുള്ള സംവിധായകൻ ശശിധരൻ നടുവിലിന്റെ ശ്രമം വിജയിച്ചിരിക്കുന്നു.
 
രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ കളിക്കളങ്ങളിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കാത്തതെന്ന ചോദ്യം ചെയ്യൽ തന്നെയാണ് ഈ നാടകത്തിന്റെ കാലിക പ്രസക്തി. വർത്തമാനകാല സാഹചര്യത്തിൽ സ്വന്തം കളിക്കളത്തിൽപ്പെട്ടുപോയവരോട് നീതിയുടെ പക്ഷം ചേരാൻ നാടകം പറയാതെ പറയുന്നു.
 
ഫുട്ബോളിന്റെ പ്രതീകമാനം നൽകുന്ന ദൃശ്യങ്ങൾ സമർഥമായി ഉപയോഗിച്ചതിലൂടെ നാടകം സംവിധായകന്റെ കല തന്നെയെന്ന് ശശിധരൻ നടുവിൽ ഉറപ്പിക്കുന്നു.  കേരളത്തിലെ ക്യാമ്പസ് തിയറ്റർ പ്രസ്ഥാനത്തിന് കരുത്തു പകർന്നുകൊണ്ട്‌ 30 നാടക രചന നിർവഹിച്ചിട്ടുണ്ട്‌  ഈ  സംവിധായകൻ.  
 
1997ൽ തൃശൂർ പാലസ് ഗ്രൗണ്ടിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോണിൽ അവതരിപ്പിച്ച ഹിഗ്വിറ്റയിലെ മികച്ച നടനായിരുന്നു ജിജോയ്. വർഷങ്ങൾക്കുശേഷം ദൃശ്യസാധ്യതകൾ വിപുലമാക്കി അരങ്ങേറിയ ഈ നാടകത്തിലും ഗീവർഗീസച്ചന്റെ സ്ഥൂലവും സൂക്ഷ്‌മവുമായ ഭാവപ്പകർച്ചകൾ  ജിജോയ് ഗംഭീരമാക്കി. ലൂസിയെ അനശ്വരമാക്കിയ ആതിര പട്ടേലും മണികണ്ഠന്റെ ജബ്ബാറും പ്രേക്ഷകമനസ്സിൽ ചലനമുണ്ടാക്കി. ഓസ്ട്രേലിയയിലും ഡൽഹിയിലുമായി നിരവധി വേദികളിലെത്തിയ ഹിഗ്വിറ്റ ഇനിയും വേദികളിലേക്കെത്തിച്ചേരേണ്ടത് മലയാള നാടകവേദിയുടെകൂടി ആവശ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top