27 April Saturday

ഒരു ട്രാവൻകൂർ പൊലീസ്‌ സ്‌റ്റോറി

കെ രാജൻUpdated: Sunday Oct 17, 2021

ആരുവായ്‌മൊഴി മുപ്പന്തലിലെ പി ജ്ഞാനമുത്തു നാടാർ സ്‌മാരകം

തിരുവിതാംകൂർ പൊലീസിൽ  ഇൻസ്‌പെക്ടറായിരുന്ന മലയാളിക്ക് തമിഴ്നാട്ടിൽ സ്‌മാരകമായി ഓഡിറ്റോറിയവും വായനശാലയുമുണ്ട്.  നാട്ടുകാരുടെ സ്‌നേഹവും ആദരവും ഇപ്പോഴും തുടരുന്നു. മലയാളികൾ മറന്ന പി ജി നാടാർ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ ദേശീയ പൊലീസ്‌ ദിനമായ ഒക്‌ടോബർ 21നു മുന്നോടിയായി അനുസ്‌മരിക്കുന്നു

സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പുള്ള തെക്കൻ തിരുവിതാംകൂർ.  ജാതീയത അരങ്ങുതകർക്കുന്ന കാലം. ജാതിമേൽക്കോയ്‌മയും ഹിന്ദുക്കളുടെ ഇടയിലുണ്ടായ മതപരിവർത്തനവും മൂലമുള്ള പലതരം  സംഘർഷം. സാധാരണ ജനങ്ങൾ ഭീതിയുടെയും ഭയത്തിന്റെയും നിഴലിലായിരുന്നു. ചേരിതിരിഞ്ഞുള്ള കലാപങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും തിരികൊളുത്താൻ സവർണ ഹിന്ദുക്കൾക്കൊപ്പം ഏതാനും നിയമപാലകരും പ്രധാന പങ്കുവഹിച്ചിരുന്നെന്ന് ചരിത്രരേഖകളിലുണ്ട്‌. അതേസമയം, സമാധാനം നിലനിർത്താനും  സാമൂഹ്യനീതി ഉറപ്പുവരുത്താനും പരിശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ സേനയിലുണ്ടായിരുന്നു. അതിൽ പ്രമുഖനാണ് പി ജി നാടാർ എന്ന്‌ അറിയപ്പെട്ടിരുന്ന പി ജ്ഞാനമുത്തു നാടാർ.

ജനനം

പഴയ നെയ്യാറ്റിൻകര താലൂക്കിലെ തിരുപുറം കൈതവിളയിൽ വലിയപ്ലാവ് നിധിവെട്ടിയ വീട്ടിൽ പാക്യനാഥൻ നാടാരുടെയും മരിയമ്മാളുടെയും മൂത്തമകനായി 1892 മെയ്‌ 23ന്‌ ജനനം. ചെറുപ്പത്തിലേ കളരിപ്പയറ്റിലും ഗുസ്‌തിയിലും മർമവിദ്യയിലും കസർത്തിലും വൈദഗ്ധ്യം നേടി. 1913ൽ തിരുവിതാംകൂർ പൊലീസിൽ ചേർന്നു. ഹെഡ്കോൺസ്റ്റബിൾ ആയിട്ടായിരുന്നു നിയമനം. ആയോധന കലകളിൽ ആർജിച്ചെടുത്തതുപോലെ സർവീസ് കാലയളവിൽ അദ്ദേഹം നിയമവിജ്ഞാനത്തിലും കുറ്റാന്വേഷണത്തിലും  പാണ്ഡിത്യംനേടി. നിയമസമാധാനം തകർക്കുന്നവരെയും കൊള്ളക്കാരെയും അമർച്ച ചെയ്യുന്നതിലും തെളിയാതെ കിടന്ന കേസുകൾക്ക് തുമ്പുണ്ടാക്കി പ്രശസ്‌തിയിലേക്ക്‌ ഉയരാനും കഴിഞ്ഞു. സത്യസന്ധതയും ധീരതയും കാര്യക്ഷമതയും മുൻനിർത്തി ബ്രിട്ടീഷ് സർക്കാർ വൈസ്രോയിയുടെ സ്വർണ മെഡൽ നൽകി ആദരിച്ചു.

പി ജ്ഞാനമുത്തു നാടാർ

പി ജ്ഞാനമുത്തു നാടാർ

ആരുവായ്‌മൊഴിയിൽ സിഐ

ജാതീയമായ  ഉച്ചനീചത്വങ്ങൾ നിലനിന്ന തിരുവിതാംകൂറിലെ ഒരു ഗ്രാമമായിരുന്നു ആരുവായ്‌മൊഴി. ഇപ്പോൾ  ‘ആരൽവായ്‌മൊഴി’ എന്നാണ് സ്ഥലനാമം. തിരുവിതാംകൂറിന്റെയും പാണ്ഡ്യനാടിന്റെയും അതിർത്തിപ്രദേശം. അതിപ്രാചീനകാലംമുതൽ തൂത്തുക്കുടിയെ അഞ്ചുതെങ്ങുമായി ബന്ധിപ്പിക്കുന്ന കച്ചവടപ്പാതയുടെ കേന്ദ്ര സ്ഥാനംകൂടിയാണ്‌ ഇത്‌. സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയെ നാടുകടത്തിയ പ്രദേശമെന്ന നിലയിലാണ് ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ പ്രശസ്‌തി.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട്‌ എഴുന്നെള്ളിപ്പിന് നായർ സ്‌ത്രീകൾ മാറുമറയ്‌ക്കാതെ താലമെടുത്ത് അകമ്പടി സേവിക്കുന്നതും ക്ഷേത്രത്തിൽ എല്ലാ ദിവസവും കാഴ്‌ച ശീവേലിക്ക്‌ താലം എടുത്തിരുന്നതും ആചാരമായിരുന്നു. ഈ ദുരാചാരം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി രാമകൃഷ്‌ണ പിള്ള സ്വദേശാഭിമാനിയിൽ മുഖപ്രസംഗം എഴുതി. തുടർന്ന്  ആചാരലംഘനവും രാജനിന്ദയും ആരോപിച്ച് ആരുവായ്‌മൊഴിയിലേക്ക് നാടുകടത്തി. ഈ സംഭവത്തിലൂടെ പ്രദേശം സാമൂഹ്യചരിത്രത്തിൽ ഇടംനേടി. മാറുമറയ്‌ക്കൽ കലാപത്തിന്റെ ബഹിർസ്‌ഫുരണങ്ങൾ ആരുവായ്‌മൊഴി പ്രദേശത്തും ഉണ്ടായിരുന്നു. നാടാർ സ്‌ത്രീകൾ മാറുമറയ്‌ക്കുന്നതിനെതിരെ 1859 ജനുവരി എട്ടിനു കലാപം പൊട്ടിപ്പുറപ്പെട്ടു.  ‘അന്നേ ദിവസം  ആരുവാമൊഴിയിലുള്ള ഏതാണ്ട് അമ്പതോളം ശൂദ്രൻമാർ ആയുധധാരികളായി പള്ളിയിലെത്തി അവിടെ ഉണ്ടായിരുന്ന സ്‌ത്രീകളോട് ജാക്കറ്റ് ഊരിമാറ്റാൻ ആവശ്യപ്പെട്ടു. സ്‌ത്രീകൾ അതിനു വിസമ്മതിച്ചു. അതിൽ കുപിതരായ ശൂദ്രർ അവരെ മർദിച്ച് ജാക്കറ്റ് കീറിമുറിച്ചതിനുശേഷം പള്ളി അടച്ചു പൂട്ടി.’ കേരളത്തിലെ മാറുമറയ്‌ക്കൽ കലാപം എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്‌  പ്രദേശമാകെ ഏറ്റുമുട്ടലുകൾ നടന്നു.  ഇത്തരമൊരു അന്തരീക്ഷം നിലനിൽക്കുമ്പോഴാണ് 1940ൽ നാടാരെ ആരുവായ്‌മൊഴി പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ചത്. മേൽജാതിക്കാരും ന്യൂനപക്ഷങ്ങളായ നാടാർ സമുദായങ്ങളും തമ്മിൽ ചേരിതിരിഞ്ഞുള്ള കലാപങ്ങളും കലഹങ്ങളും ചുരുങ്ങിയ കാലംകൊണ്ട് അടിച്ചമർത്തി.  മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തി. ഇത്‌ അദ്ദേഹത്തിന്‌ ന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷവാദികളുടെയും പിന്തുണ നേടിക്കൊടുത്തു. ക്രമസമാധാനപാലനരംഗത്ത് കാര്യക്ഷമമായി ഇടപെടുകയും ജനങ്ങളുടെ സഹകരണത്തോടെ മികച്ച പൊലീസിങ് സമ്പ്രദായം അവിടെ നടപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രമസമാധാനരംഗത്തെന്നതുപോലെ ആരോഗ്യ വൈദ്യശാസ്‌ത്രരംഗത്തും അദ്ദേഹം മികച്ച സംഭാവനകൾ നൽകി.

കസർത്ത് പുസ്‌തകരൂപത്തിൽ      

‘കസർത്ത്’ എന്ന വ്യായാമമുറ ശാസ്‌ത്രീയാടിസ്ഥാനത്തിൽ അദ്ദേഹം വിശകലനം ചെയ്‌തു. ആരോഗ്യ സംരക്ഷണത്തിൽ കസർത്തിനുള്ള പ്രാധാന്യം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥമായ ‘ഭാരതീയ ദേഹാഭ്യാസശാസ്‌ത്രം' രചിച്ചു.1920–-21ൽ  പുനലൂർ പൊലീസ് സ്റ്റേഷനിൽ സബ്‌ ഇൻസ്‌പെക്ടർ ആയിരിക്കെയാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്.  ഈ ഗ്രന്ഥത്തിന് 100 വയസ്സായി. കളരികളിൽ നടപ്പുള്ള, ഉപകരണങ്ങളുടെ സഹായം കൂടാതെയുള്ള വ്യായാമങ്ങളാണ്‌ ‘കസർത്ത്’. കസർത്തിന്റെ വിവിധ വശങ്ങൾ,  ഗുണ ദോഷവശങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച ഗ്രന്ഥത്തിന്‌ 20 അധ്യായമുണ്ട്. കായികാഭ്യാസ ശാസ്‌ത്രരംഗത്ത്‌ വിലപ്പെട്ട ഈ ഗ്രന്ഥം ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് പാഠപുസ്‌തകസമിതി അംഗീകരിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. പൊലീസുകാരുടെ അമിതവണ്ണം  കാര്യക്ഷമതയെയും ആരോഗ്യത്തെയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് പരിഹാര നടപടികൾക്ക് പലപ്പോഴും ശ്രമം നടന്നിട്ടുണ്ട്.  സംസ്ഥാനത്ത് ആദ്യമായി പ്രത്യക്ഷ നടപടികൾ സ്വീകരിച്ചത് തിരുവനന്തപുരം സിറ്റിയിൽ ആയിരുന്നു. 1994–95 കാലത്ത്‌  ഹാരി സേവ്യർ ഐപിഎസ് തിരുവനന്തപുരം സിറ്റിയിൽ ഡിസിപിയായിരുന്ന കാലത്ത് പൊലീസുദ്യോഗസ്ഥരുടെ കുടവയർ കുറയ്‌ക്കാൻ സെൻട്രൽ സ്റ്റേഡിയത്തിൽ അണിനിരത്തി അതിനുള്ള വ്യായാമം ചെയ്യിപ്പിച്ചത് വിവാദമായിരുന്നു. 2016ൽ  യോഗാ പരിശീലനം തുടങ്ങാൻ അന്നത്തെ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിർദേശിച്ചിരുന്നു. ഈ  പരിശ്രമമൊന്നും ഫലം കണ്ടില്ല. കർണാടകത്തിലെ ചിക്കമംഗളൂരു ജില്ലാ പൊലീസ് സൂപ്രണ്ട് കെ അണ്ണാമലൈ കണ്ടെത്തിയ മാർഗം കൗതുകമുള്ളതായിരുന്നു. അഞ്ചു കിലോയോ അതിൽ കൂടുതലോ ഭാരം കുറയ്‌ക്കുന്നവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക്‌ സ്ഥലംമാറ്റം നൽകുമെന്ന് വാഗ്ദാനം നൽകി ഉത്തരവിറക്കി. അതോടെ പൊലീസുകാർ സ്വയം വ്യായാമത്തിൽ ഏർപ്പെട്ട് ശരീരഭാരം കുറയ്‌ക്കാൻ ശ്രമം ആരംഭിച്ചു. ഒരു മാസം പിന്നിട്ടപ്പോൾ അഞ്ചു കിലോ കുറച്ച 16 പേർ സ്ഥലംമാറ്റ ആവശ്യവുമായി എസ്‌പിയെ സമീപിച്ചു.  അവർക്ക്‌ ആവശ്യപ്പെട്ട  സ്ഥലംമാറ്റം കൊടുക്കുകയും ചെയ്തു.

വായനശാലയ്‌ക്ക്‌ പേര്

കേരള സംസ്ഥാന രൂപീകരണശേഷം പി ജി നാടാരെ മലയാളി മറന്നെങ്കിലും ആരുവായ്‌മൊഴിക്കാർ മറന്നിട്ടില്ല.  ‘ആത്മാവിൽ മുറിവേറ്റവരേ, ചവിട്ടടികളിൽ ഇടറിപ്പോയവരേ വരൂ, നിങ്ങൾക്ക് ഞാനുണ്ട്’ എന്നുപറഞ്ഞ ക്രിസ്‌തുവിനെ മാതൃകയാക്കിയ മനുഷ്യസ്‌നേഹിയായിരുന്ന അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്നതിനായി, ആരുവായ്‌മൊഴിയിലെ മുപ്പന്തലിൽ വായനശാലയുണ്ട്. സിഎസ്ഐ പള്ളിയോട്‌ അനുബന്ധിച്ചാണ് ഓഡിറ്റോറിയവും ഗ്രന്ഥശാലയും റീഡിങ്‌ റൂമും. കേരളത്തിൽ ലഭിക്കാത്ത പരിഗണന തമിഴകത്ത് ഒരു മലയാളി പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ചതിൽ അഭിമാനിക്കാം.  ആരുവായ്‌മൊഴി സർക്കിൾ ഇൻസ്‌പെക്ടറായാണ്‌ വിരമിച്ചത്‌. മുപ്പന്തലിൽ വിശ്രമജീവിതം നയിക്കെ 1942 ഫെബ്രുവരി 23ന് ആയിരുന്നു മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top