26 April Friday

വേണുത്വങ്ങൾ: മലയാള സിനിമയുടെ ഉടലടയാളങ്ങൾ

ജിതിൻ കെ സിUpdated: Sunday Oct 17, 2021

ദൃശ്യത്തിന്റെ എല്ലാ ഫോർമാറ്റിലും ഉടലിനെ അനായാസം ആവിഷ്‌കരിച്ച ഒരു നടനെയാണ് നെടുമുടി വേണുവിന്റെ  വിയോഗത്തിൽ നമുക്ക് നഷ്ടമാകുന്നത്. ഒരു പക്ഷേ  ഇന്ത്യയുടെ വൈവിധ്യമാർന്ന തിരശ്ശീലകളിലേക്ക്  കുടിയേറേണ്ടിയിരുന്ന നടൻ കൂടിയായിരുന്നു നെടുമുടി വേണു. കുട്ടനാടൻ ഗ്രാമീണതയെ, അതിന്റെ ജീവതാളത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചതിനാലാകണം മലയാള സിനിമയിൽ അദ്ദേഹം ഉറച്ചു നിന്നത്

മലയാള സിനിമയുടെ മൂന്നു ധാരകളിലും സജീവമായും വിവിധ തരത്തിലും തലത്തിലും പ്രതിനിധീകരിക്കപ്പെട്ട നടനായിരുന്നു നെടുമുടി വേണു. അരവിന്ദന്റേതും പുതിയ കാലത്ത് ഡോ. ബിജുവിന്റേതും അടക്കമുള്ള സ്വതന്ത്ര സിനിമകളിലും 80 കളിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്ന മധ്യവർത്തി സിനിമകളിലും പ്രിയദർശന്റേതും സത്യൻ അന്തിക്കാടിന്റേതും അടക്കമുള്ള കച്ചവട സിനിമകളിലും അദ്ദേഹത്തിന്റെ നടനത്തെയും ശരീരത്തെയും വെവ്വേറെ രീതികളിലാണ് ഉപയോഗിച്ചത്. മൂന്നിടങ്ങളിലും അദ്ദേഹത്തിന്റെ സ്വീകാര്യത തുല്യ അനുപാതത്തിലാകുന്നത് ആ മഹാനടന്റെ അഭിനയ മികവിനാൽത്തന്നെ. പ്രൊസീനിയം തിയറ്ററിലും അരീനയിലും ഭാവവിസ്‌മയങ്ങളെ ഏതളവിൽ മാറ്റിയവതരിപ്പിക്കണമെന്ന് കൃത്യമായി കണക്കുള്ള നടന്റെ കണിശത അദ്ദേഹത്തിന് ചലച്ചിത്രത്തിന്റെ വിവിധ ഭാവങ്ങളിൽ കൂട്ടുണ്ടായിരുന്നിരിക്കണം. 

മറ്റു കലാരൂപങ്ങളിൽ നിന്ന് സിനിമയ്‌ക്കുള്ള അനേകം വ്യത്യാസങ്ങളിലൊന്ന്, അത് ചലിക്കുന്നു എന്നതാണ്. ക്യാമറയുടെ ചലനം, കഥാപാത്രങ്ങളുടെ ചലനം, പ്രമേയത്തിന്റെ ചലനം ഇങ്ങനെ വ്യത്യസ്‌തമായ ചലനങ്ങളുടെ ആകെത്തുകയാണ് ദൃശ്യം. ക്യാമറയുടെ ചലനം വളരെ പരിമിതമായ സാങ്കേതിക പരിസരമായിരുന്നല്ലോ തുടക്കത്തിൽ സിനിമയുടേത്. ഈ പരിമിതിയെ മഹാനായ ചാർളി ചാപ്ലിൻ മറികടക്കുന്നത് തന്റെ ശരീരത്തെയാകമാനം ചലിപ്പിച്ചു കൊണ്ടാണ്. തന്റെ ശരീരം നിരന്തരം ചലിപ്പിക്കാനായി അദ്ദേഹം ചെയ്തിരുന്ന ഒരു വിദ്യ തന്റെ സന്തത സഹചാരിയായ വടി തന്റെ കാലുകൾക്ക് നടുവിലായി പിടിക്കുക എന്നതായിരുന്നു. അതിനാൽ തന്നെ ചാപ്ലിന്റെ നടത്തം തന്നെ പ്രത്യേക ആകർഷണമുള്ളതായിരുന്നു. 

ആരവം (1978, സംവിധാനം: ഭരതൻ) എന്ന ചിത്രത്തിൽ ‘മുക്കുറ്റി തിരുതാളി' എന്ന രംഗത്തിൽ മരുത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേണുവിന്റെ അസാമാന്യമായ ചലനത്തിന്റെ ആർത്തിരമ്പലുകളുണ്ട്. അവനവൻ കടമ്പ എന്ന നാടകത്തിലെ ചൊല്ലിപ്പാട്ടിലെ ചലനത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ചുവടുമാറുമ്പോൾ തന്റെ ഉടലിനെ എവ്വിധം ചലനാത്മകമാക്കണമെന്നും എത്രത്തോളം സജീവത (activeness) അതിൽ ഉൾച്ചേർക്കണമെന്നും കൃത്യമായി ബോധ്യമുള്ള ഒരു നടനെ നമുക്ക് കാണാനാകുന്നു.

അതേ സമയം ടെലിവിഷനിലെ ക്ലോസ് ഷോട്ടുകളിൽ തന്റെ ഉടലിന്റെ ചലനാത്മകതയെ സന്നിവേശിപ്പിക്കാൻ സാധിക്കുകയില്ല. ഡോ. സി എസ് വെങ്കിടേശ്വരനുമായുള്ള അഭിമുഖത്തിൽ ശ്രദ്ധേയമായൊരു പരാമർശം നെടുമുടി നടത്തുന്നുണ്ട്. ഒരു നടൻ ആദ്യം വന്നു പെടുന്നത് ടെലിവിഷനിലാണെങ്കിൽ അയാളെ മോൾഡ് ചെയ്യാനോ തെറ്റുകൾ തിരുത്തുവാനോ ബുദ്ധിമുട്ടുണ്ട്. കാരണം പരിമിതമായ ഒരു ഫ്രെയിമിനകത്താണ് അയാൾ തന്നെത്തന്നെ ആവിഷ്‌കരിക്കേണ്ടത് എന്നതിനാലാണ്. ഒരുപക്ഷേ നമ്മുടെ കാഴ്ചശീലങ്ങളെ വിമർശനാത്മകമായി സമീപിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌ത പ്രതിഭയാണ് വേണു. അദ്ദേഹത്തിന് 2001ൽ മികച്ച നടനുള്ള ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. ഒരേസമയം ഉടലിന്റെ ആവിഷ്‌കാരത്തെ വ്യത്യസ്‌ത തലങ്ങളിൽ അവതരിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്.

മലയാള സിനിമയിലെ മറ്റൊരു വേണുവായ ക്യാമറാമാൻ വേണു ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിലെ ഒരു രംഗം പ്രതിപാദിക്കുന്നുണ്ട്. അത് ഒരു ഒറ്റവരി പാലത്തിനുമുകളിൽനിന്ന് ഫയൽവാനോട് വിലപേശുന്ന രംഗമാണ്.  നമുക്കെല്ലാം പരിചിതമായ അവരവരുടെ കാര്യങ്ങൾ ഏതു വിധേനയും നേടിയെടുക്കുന്ന കൗശലക്കാരെങ്കിലും പുറമേക്ക് ഭാവിക്കാത്ത പരിചിതമായ ഉടൽ ഭാവത്തെ തന്മയത്വത്തോടെ കണ്ണിചേർക്കുന്നുണ്ട് വേണു. ഇതേ കൗശലം പഞ്ചവടിപ്പാല(1984, സംവിധാനം: കെ ജി ജോർജ്) ത്തിലെ പിള്ളയ്‌ക്കുണ്ട്. അയാളുടെ കൂർമബുദ്ധിയാണ് പഞ്ചവടിപ്പാലം പൊളിച്ചു പണിയിക്കുന്നത്. ആ രംഗത്തിൽ അദ്ദേഹം തന്റെ സാംഗോപാംഗ അഭിനയത്തിന്റെ പരമാവധി ശേഷിയെ പുറത്തെടുക്കുന്നു. കാരണം, അത്തരമൊരു കൗശലക്കാരൻ മലയാളി ആണിന്റെ പൊതുത്വമാണെങ്കിൽക്കൂടിയും നമ്മൾ അത് അംഗീകരിക്കാൻ തയ്യാറല്ല. അത്തരമൊരു കഥാപാത്രത്തെ അന്യൻ (other) ആയി അവതരിപ്പിക്കുമ്പോൾ മാത്രമേ അത് സ്വീകരിക്കപ്പെടുകയുമുള്ളൂ. ഈ വൈരുധ്യത്തെ അതീവ രസകരമായി അഭിമുഖീകരിച്ചിട്ടുണ്ട് വേണു എന്ന നടൻ. 

കള്ളൻ പവിത്രനി (1981, സംവിധാനം: പത്മരാജൻ) ൽ അടൂർ ഭാസിയുടെ കഥാപാത്രം നടത്തുന്ന പാത്രക്കടയിലേക്ക് പവിത്രൻ (നെടുമുടി വേണു) ചെല്ലുന്ന രംഗമുണ്ട്. ഫാന്റസി എന്നൊക്കെ കൃത്യമായും വിളിക്കാവുന്ന രംഗം. ഭയത്താൽ പൊതിഞ്ഞ വേണുവിന്റെ ഉടലാവിഷ്കാരമാണ് ആ രംഗത്തെ ഫാന്റസിയിലേക്കുയർത്തുന്നത്. 

വേണുവിന്റെ ഇതേ ഉടലിനെ വ്യത്യസ്തമായി അവതരിപ്പിച്ച മറ്റൊരു ചിത്രമാണ് ഇരകൾ (1985, സംവിധാനം: കെ ജി ജോർജ്‌). ആരവത്തിലും ആലോലത്തിലും അടക്കം ശൃംഗാരത്തിന്റെയും കാമാസക്തിയുടെയും ഉയരങ്ങളെ അനായാസം കീഴടക്കിയ നടൻ, ഇരകളിൽ അവശനായ, ഭാര്യയെ സംതൃപ്തനാക്കാൻ ശേഷിയില്ലാത്ത ഭർത്താവാകുന്നു. ഈ ഉടൽമാറ്റം അതിശയകരമാം വിധം തുന്നിച്ചേർക്കുന്നു നെടുമുടി വേണു എന്ന പ്രതിഭ. മറ്റൊരു ശ്രദ്ധേയമായ വേഷം ഈ തണുത്ത വെളുപ്പാൻ കാലത്തി(1990, സംവിധാനം: ജോഷി) ലേതാണ്. ഒരു സന്യാസിയായി പുറമേ അവതരിപ്പിക്കുകയും  മുൻകാലത്തിൽ ഉപദ്രവിച്ച പ്രതിയോഗികളെ  വകവരുത്തുകയും ചെയ്യുന്ന ബുദ്ധിമാനായ ക്രിമിനലായാണ്  അഭിനയിക്കുന്നത്. തന്റെ സ്വാഭാവികതയിൽ നിന്നുകൊണ്ടു തന്നെ കുറ്റാന്വേഷകർക്കു മുന്നിൽ കുറ്റം സമ്മതിക്കുന്ന രംഗം സവിശേഷമാണ്. യവനിക(1982, സംവിധാനം: കെ ജി ജോർജ്) യിലെ ശൃംഗാരബദ്ധനായ കഥാപാത്രമായും ചുവടുമാറാൻ നെടുമുടി വേണുവിന് അനായാസം കഴിഞ്ഞിരുന്നു.

മലയാള സിനിമ സവർണവൽക്കരിക്കപ്പെടുന്ന 1990കളിൽ സവർണ മലയാളിയുടെ ഫ്യൂഡൽ ഗൃഹാതുരതയായ ക്ഷീണിതനായ തമ്പുരാൻ/പ്രതാപിയായ തമ്പുരാൻ വേഷപ്പകർച്ചകൾക്ക് മുഖം നെടുമുടി വേണുവിന്റെതായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെയും തേന്മാവിൻ കൊമ്പത്തിലെയും ഭരതത്തിലെയും അടക്കം നമ്പൂതിരി/തമ്പുരാൻ/കാരണവർ വേഷങ്ങൾ മലയാളിയുടെ സവർണ ഭാവുകത്വത്തെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു. അദ്ദേഹത്തിന്റെ ഉടൽ ഭാവങ്ങൾക്ക് അങ്ങനെയൊരു സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ സംവിധായകർ ആ രീതിയിൽ നെടുമുടി വേണുവിനെ ഉപയോഗപെടുത്തിയിട്ടുമുണ്ട്. അത്തരത്തിൽ ടൈപ്‌കാസ്റ്റ് ചെയ്യപ്പെട്ടിടത്തു നിന്നുള്ള ബോധപൂർവമായ കുതറലുകൾ നടത്താൻ വിമുഖത കാണിച്ചതുമില്ല ഈ നടൻ.

ദൃശ്യത്തിന്റെ എല്ലാ ഫോർമാറ്റിലും ഉടലിനെ അനായാസം ആവിഷ്‌കരിച്ച ഒരു നടനെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തിൽ നമുക്ക് നഷ്ടമാകുന്നത്. ഒരു പക്ഷേ ഇന്ത്യയുടെ വൈവിധ്യമാർന്ന തിരശ്ശീലകളിലേക്ക് കുടിയേറേണ്ടിയിരുന്ന നടൻ കൂടിയായിരുന്നു നെടുമുടി വേണു. കുട്ടനാടൻ ഗ്രാമീണതയെ, അതിന്റെ ജീവതാളത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചതിനാലാകണം മലയാള സിനിമയിൽ അദ്ദേഹം ഉറച്ചു നിന്നത്. അഭിനയത്തെ തീർത്തും സൂക്ഷ്മമായി പരിഗണിച്ചവരുടെ, അവരുടെ വിയോഗങ്ങളുടെ പട്ടികയിലേക്ക് നെടുമുടി വേണുവും കടന്നുപോയി. തിരശ്ശീലകളെ ചലനാത്മകമാക്കിക്കൊണ്ടു തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top