26 April Friday

ഇശലുകളുടെ പ്രണയിക്ക്‌ വിട

എൻ കെ ശമീർ കരിപ്പൂര്Updated: Sunday Oct 17, 2021

ഒരു വിഭാഗം ആസ്വാദകരിൽ മാത്രം നിറഞ്ഞുനിന്നിരുന്ന മാപ്പിളപ്പാട്ട് ഗാനശാഖയെ മലയാളക്കരയിലാകെ ആസ്വാദകരുള്ള ഗാനശാഖയാക്കി മാറ്റാൻ വി എം കുട്ടി നടത്തിയ ശ്രമങ്ങൾ എക്കാലവും  സ്‌മരിക്കപ്പെടും 

മാപ്പിള ഗാനശാഖയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മഹത്‌വ്യക്തിത്വമാണ്‌  വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി  എം കുട്ടി. മാപ്പിള കലകളെ അറിഞ്ഞും അനുഭവിച്ചുമാണ് അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ടത്. 

മതമൈത്രിയുടെ ആഘോഷമായിരുന്ന കൊണ്ടോട്ടി നേർച്ച മാപ്പിള കലാകാരന്മാരുടെ ഒത്തുചേരലിന്റെ  ഇടംകൂടിയായിരുന്നു. നേർച്ചയോടനുബന്ധിച്ച് അരങ്ങേറുന്ന അറബനമുട്ടും കോൽക്കളിയും  മാപ്പിളപ്പാട്ടും പുളിക്കൽ സ്വദേശിയായ വി എം കുട്ടിയിലെ കലാകാരനെ വളർത്തി. താൻ ജനിച്ചു വളർന്ന സമൂഹത്തിലെ കലകൾക്ക് പൊതു സ്വീകാര്യതയും  മതേതര സ്വഭാവവും വേണമെന്ന് വി എം കുട്ടി അഭിലഷിച്ചിരുന്നു.    

1960ൽ വി എം കുട്ടി ഒരു ഗായകസംഘം രൂപീകരിച്ചു. അക്കാലത്ത് തിരൂരിൽ നടന്ന  കമ്യൂണിസ്റ്റ്‌ പാർടിയുടെ  സമ്മേളനത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു.  ഇ കെ ഇമ്പിച്ചിബാവയുടെ പ്രേരണയിലായിരുന്നു ഇത്‌.  പി എം കാസിമിന്റെ "1921" എന്ന നാടകത്തിലെ

"തൊള്ളായിരത്തിരുപത്തി ഒന്നിൽ മാപ്പിളമാർ

വെള്ളക്കാരോടേറ്റ്  പടവെട്ടിയെ 

കൊള്ളയും കൊലയും പലതന്ന് മലനാട്ടിൽ

കൊള്ളക്കാരും വെള്ളക്കാരും കാട്ടിയെ...." എന്ന ഏറെ പ്രശസ്‌തമായ ഗാനമാണ് വി എം കുട്ടി  അവതരിപ്പിച്ചത്.   

സംഗീതത്തിലും ചിത്രകലയിലും സ്വതസിദ്ധമായ അഭിരുചിയുണ്ടായിരുന്ന വി എം കുട്ടി ചെറുകഥകളും നോവലുകളും ആനുകാലികങ്ങളിൽ എഴുതാറുണ്ടായിരുന്നു. "കിടപ്പറകൾ’ ആണ്‌ ആദ്യനോവൽ. അറബ് സാഹിത്യകാരൻ ജോർജ് സെെദാൻ രചിച്ച ‘അദ്റാഅ ഖുറൈശ്’ എന്ന പ്രശസ്ത നോവൽ എം കെ നാലകത്തുമായി ചേർന്ന് "ഖുറൈശി കന്യക’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റി. ആധുനികമായ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ, ഉയർത്തിക്കെട്ടിയ രംഗവേദിയുടെയും പ്രകാശത്തിന്റെ യും ഉച്ചഭാഷിണികളുടെയും സഹായത്തോടെയുള്ള മാപ്പിള ഗാനമേളകൾ  1960കളോടെ ജാതിമതഭേദമന്യേ ആളുകളെ ആകർഷിച്ചു.  മലബാറിൽ ശക്തിപ്രാപിച്ച ഗൾഫ് കുടിയേറ്റം മാപ്പിള കലാമേളകളെ  ഏറെ തുണച്ചു. ഗൾഫ് നാടുകളിൽ   മാപ്പിളപ്പാട്ടിന്  ആസ്വാദകവൃന്ദത്തെ കണ്ടെത്താൻ  വി എം കുട്ടിക്ക് സാധിച്ചു.

അറബി-മലയാളത്തിൽ എഴുതപ്പെട്ട പ്രാചീന മാപ്പിളപ്പാട്ടുകളെ പുതിയ കാലത്തിനും താളത്തിനും  യോജിച്ച വിധം രൂപപ്പെടുത്തി തനിമ ഒട്ടും ചോർന്നുപോകാതെ നിരന്തരം അവതരിപ്പിക്കുന്നതിൽ വി എം കുട്ടി ശ്രദ്ധയൂന്നി.  പുതിയ പാട്ടെഴുത്തുകാരെയും ഗായകരെയും ആസ്വാദകവൃന്ദത്തിന്  പരിചയപ്പെടുത്തിയത് വി എം കുട്ടിയുടെ പരിശ്രമ  ഫലമായിട്ടായിരുന്നു. പി ടി അബ്‌ദുറഹ്‌മാൻ, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കെ എസ് ഖാദർ തവനൂർ, പുല്ലങ്കോട് അബ്ദുൽ ഖാദർ, ഹസ്സൻ നെടിയനാട്, പക്കർ പന്നൂര് തുടങ്ങി പ്രശസ്‌തരായ നിരവധി കവികളുടെ ഗാനങ്ങളെ ശ്രദ്ധേയമാക്കിയതും വി എം കുട്ടിയാണ്‌.

എം എസ് ബാബുരാജും വി എം കുട്ടിയും വിളയിൽ ഫസീലയും

എം എസ് ബാബുരാജും വി എം കുട്ടിയും വിളയിൽ ഫസീലയും

അദ്ദേഹത്തിന്റെ ആത്മകഥയായ "കനിവും നിനവും’ എന്ന പുസ്‌തകത്തിൽ വൈക്കം മുഹമ്മദ് ബഷീറുമായുള്ള കൂടിക്കാഴ്‌ച വിശദീകരിക്കുന്നുണ്ട്‌.  ബഷീർ പറയുന്നു:  ‘തൊഴിലാളിവർഗത്തിന് പലതരത്തിലുള്ള സംഘടനകളുണ്ട്. ബാർബർമാർ, വിശ്വകർമാവ്, തയ്യൽക്കാർ..... അങ്ങനെ പലർക്കും. എന്താ മാപ്പിളപ്പാട്ടുകാർക്കും ആസ്വാദകർക്കും സംഘടിച്ചുകൂടെ!’ "ആവാമല്ലോ...’ ഞാ ൻ പറഞ്ഞു. "എന്നാൽ കുട്ടി സങ്കടിപ്പിക്ക്‌.’ അങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ ചാക്കീരി അഹമ്മദ് കുട്ടി, കെ എ കൊടുങ്ങല്ലൂർ, പള്ളിക്കര വി പി മുഹമ്മദ്, പി ടി അബ്ദുറഹ്മാൻ, സി എച്ച് ആസാദ്  തുടങ്ങിയവരൊക്കെ വി എം കുട്ടിയുടെ വീട്ടിൽ സംഘടിച്ച് മാപ്പിളകല അക്കാദമിക്ക് രൂപം നൽകുന്നത് (കനിവും നിനവും പേജ്.214). പോപ്പുലാരിറ്റിക്ക് വേണ്ടി  ഇക്കിളിപ്പെടുത്തുന്ന, അർഥ  സംപുഷ്ടമല്ലാത്ത ഗാനങ്ങളിലൂടെ ആസ്വാദകരെ കണ്ടെത്തുന്ന  കലാകാരന്മാരിൽനിന്ന്‌ വി എം കുട്ടിയെ  വ്യത്യസ്‌തനാക്കുന്നത് ഗാന രചനയുടെ തെരഞ്ഞെടുപ്പിൽ അദ്ദേഹം പുലർത്തിയിരുന്ന കാർക്കശ്യമായിരുന്നു. കാലിക പ്രസക്തവും മാനവമൈത്രി ഊട്ടിയുറപ്പിക്കുന്നതുമായ ഗാനങ്ങൾ ജനകീയമാക്കുന്നതിന് അദ്ദേഹം പ്രാമുഖ്യം നൽകി.  പക്കർ പന്നൂര് രചന നിർവഹിച്ച താഴെ നൽകിയ ഗാനം അതിലൊന്നാണ്:

"ഒട്ടേറെ ജാതിമതക്കാരെല്ലാം ഒത്തുചേർന്നു വാഴുന്ന മാമലനാട്..

പൊട്ടാത്തൊരൈക്യമന്ത്ര ചരടിൽ  കൊരുത്ത മുത്ത്മാല കണക്കെയിനാട്

മനുഷ്യത്വം ഒറ്റമതം മനസൈക്യമാണ്  ധനം

വേലികളൊക്കെമാറ്റണം....’

ഇതുകൂടാതെ അദ്ദേഹംതന്നെ രചനയും സംഗീതവും നിർവഹിച്ച് ഏറെ ജനഹൃദയങ്ങൾ കീഴടക്കിയ, "ഭാരത പൂങ്കാവനത്തിലെ പൂക്കളാണ് നമ്മൾ..’എന്ന ഗാനവും വടകര പി ടി അബ്ദുറഹ്മാൻ രചിച്ച് വി എം കുട്ടിയുടെ ട്രൂപ്പ്പാടി ഹിറ്റാക്കിയ  

"പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി,

പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി

അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട

പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട

മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്

മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്

അതിലേത് ജാതിക്കും കേറാമെന്നാക്ക്... " എന്ന ഗാനവുമെല്ലാം ഇന്നും ആസ്വാദകരേറെ നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്.

1921ലെ മലബാർ കലാപത്തിലെ  കുപ്രസിദ്ധനായ പട്ടാള മേധാവി ഹിച്ച്കോക്കിന്റെ സ്‌മാരകം പൊളിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് 1940കളുടെ മധ്യത്തിൽ കമ്പളത്ത് ഗോവിന്ദൻ നായർ ദേശാഭിമാനിയിൽ  എഴുതിയ

"അന്നിരുപത്തൊന്നിൽ നമ്മൾ  ഇമ്മലയാളത്തില്

ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ലമട്ടില്

എന്ന ഗാനം കൊളംബിയ ഗ്രാമഫോൺ റെക്കോർഡിനു വേണ്ടി  ആദ്യമായി പാടി അവതരിപ്പിച്ച് ശ്രദ്ധേയമാക്കിയത് വി എം കുട്ടിയായിരുന്നു. 1980-കളിൽ  തരംഗിണിക്കു വേണ്ടി മാപ്പിളപ്പാട്ടുകൾ ചിട്ടപ്പെടുത്തിയത് വി എം കുട്ടിയായിരുന്നു. അങ്ങനെയാണ് ‘സംകൃത പമഗരിയും  "അഹദത്തിലെ അലിഫ്’ " അഞ്ചഞ്ചും പൊരുളറിവ്... ’തരണം പിതാവോരെ തുടങ്ങിയവ യേശുദാസിനുവേണ്ടി  വി എം കുട്ടി മാഷ് ചിട്ടപ്പെടുത്തിയത്‌.

എം എസ് ബാബുരാജ് ഏതാനും വർഷങ്ങൾ വി എം കുട്ടിയുടെ ഗ്രൂപ്പിന്റെ കൂടെ അവതാരകനായും സംഗീത സംവിധായകനായും ഉണ്ടായിരുന്നു. മാപ്പിളപ്പാട്ടുകൾക്ക് ദ്രാവിഡ ശീലുകളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ മാപ്പിളപ്പാട്ടുകളെക്കുറിച്ചെഴുതിയ  കൃതികളിലൂടെ നിരന്തരം സ്ഥാപിച്ചിരുന്നു.  സഹവർത്തിത്വത്തിന്റെയും  സാഹോദര്യത്തിന്റെയും  ഉന്നത മാതൃകകൾ മാപ്പിളസംഗീതശാഖയുടെ പാരമ്പര്യത്തിനുണ്ടെന്ന് അദ്ദേഹം വാദിച്ചു.  ഒരു സമൂഹത്തിലെ ആസ്വാദകരിൽ മാത്രം നിറഞ്ഞുനിന്നിരുന്ന മാപ്പിളപ്പാട്ട് ഗാനശാഖയെ മലയാളക്കരയിലാകെ ആസ്വാദകരുള്ള ഗാനശാഖയാക്കി മാറ്റാൻ വി എം കുട്ടി ചെയ്‌ത സേവനങ്ങൾ  എന്നും സ്‌മരിക്കപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top