27 April Saturday

കിഴക്കിന്റെ വെനീസിലേക്ക് കാവ്യഭംഗിയോടെ

എം എം പൗലോസ്‌Updated: Sunday Oct 17, 2021

കവി  ഏഴാച്ചേരി രാമചന്ദ്രൻ ‘കിഴക്കിന്റെ വെനീസെന്ന വിളി കേൾക്കുമ്പോൾ' എന്ന ഗ്രന്ഥത്തിൽ തീർത്തും വ്യത്യസ്തമായ മേഖലയിലൂടെ സഞ്ചരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പത്തുവർഷത്തെ ജീവിതത്തിലേക്ക് കാവ്യഭംഗിയോടെ തിരിഞ്ഞുനോക്കുകയാണ് ഇതിൽ.

ഏഴാച്ചേരി എന്ന ഗ്രാമത്തിൽനിന്ന് പത്രപ്രവർത്തകനായാണ് കവി ആലപ്പുഴയിൽ എത്തിയത്‌, ദേശാഭിമാനി ദിനപത്രത്തിന്റെ ജില്ലാ ലേഖകൻ എന്ന ചുമതലയിൽ. ആലപ്പുഴ പക്ഷേ നിർവികാരമായ ഒരു പ്രവർത്തന മേഖലയല്ലായിരുന്നു കവിക്ക്. അത് തീവ്രമായ വൈകാരികാനുഭവമായി. പത്രപ്രവർത്തനത്തിന്റെ ദൈനംദിന വിരസതകൾക്ക്‌ അപ്പുറം ആലപ്പുഴ അതിന്റെ ആയിരം ഓളക്കൈകൾകൊണ്ട് തഴുകുന്നതായി അനുഭവപ്പെട്ടു. അവിടെ വീശിയ കാറ്റും അതുകൊണ്ടുവന്ന കുളിരും വാർത്ത മാത്രമല്ല കൊടുത്തത്.

‘ആലപ്പുഴയെപ്പറ്റിയുള്ള ഏതു വർത്തമാനത്തിന്റെയും താമരനൂൽ കണക്കെ നീണ്ടുള്ള ചരടുകൾ ചെന്നുചേരുന്നത് എന്റെ അവർണനീയമായ ഗൃഹാതുരതയുടെ അഴൽക്കുറ്റിയിൻമേലാണ്. ഈ പെരുങ്കുറ്റി നാട്ടിയിരിക്കുന്നതോ എന്റെ ഓർമകളുടെ നടുത്തളത്തിൽ' എന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ഏഴാച്ചേരി  വായനക്കാരെ ക്ഷണിക്കുന്നത്.

ഈ ‘ഓർമകളുടെ നടുത്തളം' ഒട്ടും സ്വകാര്യമല്ല. അതിൽ രാഷ്ട്രീയമുണ്ട്, ചരിത്രമുണ്ട്, സംസ്കാരമുണ്ട്, കലയുണ്ട്, വ്യക്തികളുണ്ട്. അനുഭവങ്ങളുടെ ഈ വേലിയേറ്റം ഒരുപാട് വിഷയങ്ങളെ തൊട്ടുപോകുന്നു. അടിയന്തരാവസ്ഥയിലെ ഭയാനകമായ തൊഴിൽ അന്തരീക്ഷം ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. നേർത്ത നർമത്തോടെയാണ് ഇതിന്റെ അവതരണം.

പി കെ ചന്ദ്രാനന്ദന്റെ വരവ്, രണ്ട് ബിരിയാണി രണ്ടു കടയിൽനിന്ന് വാങ്ങണമെന്നാണ് നിർദേശം. ഒട്ടും സംശയമില്ലാതിരിക്കാനുള്ള മുൻകരുതൽ. ടി കെ രാമകൃഷ്ണനെ കോട്ടയത്ത്‌ എത്തിക്കാനുള്ള രഹസ്യയാത്ര. സൈക്കിൾ റിക്ഷയിലായിരുന്നു ബോട്ടുജട്ടിയിലേക്ക് പോയത്. റിക്ഷാക്കാരൻ ചോദിച്ചാൽ അമ്മാവനാണെന്നു പറഞ്ഞാൽ മതിയെന്ന് ടി കെയുടെ  ഉപദേശം. ഉപദേശം അക്ഷരംപ്രതി അനുസരിച്ചു. ടി കെയെ ബോട്ടുജട്ടിയിൽ വിട്ട് മടക്കം.

റിക്ഷാക്കാരൻ വാസുവിന് അമിതമായ സന്തോഷം. തിരിച്ചുപോകുമ്പോൾ വാസു പറഞ്ഞു, ‘സാറിന്റെ അമ്മാവനാണ് ടി കെ എന്ന് എനിക്കറിയാൻ പാടില്ലായിരുന്നു'.

ഒളിവുജീവിതത്തിന്റെ സംഘർഷങ്ങളില്ലാതെ പൊട്ടിച്ചിരിക്കാൻ മടിക്കാത്ത ഇ കെ നായനാർ. നായനാരുമായി കാർ യാത്ര. പൊലീസ് തടഞ്ഞു. യാത്രക്കാരൻ ആരാണെന്ന് പൊലീസിന്റെ അന്വേഷണം. ‘ഹാജിയാരാ’ണെന്ന മറുപടി. രക്ഷപ്പെട്ടെങ്കിലും പിറ്റേന്ന് വന്ന പൊലീസിന്റെ ഫോൺ സംഭവത്തിന്റെ രസകരമായ പരിണാമഗുപ്തി.

കുട്ടനാടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ താൻ രചിച്ച പടപ്പാട്ടുകളെക്കുറിച്ച് ഏഴാച്ചേരി രാമചന്ദ്രൻ പറയുന്നു. ‘ആലപ്പുഴയിലെ രാഷ്ട്രീയ ദിശാബോധം നിറഞ്ഞ തൊഴിലാളികളും കുട്ടനാട്ടിലെ ചേറുമണക്കുന്ന കർഷകത്തൊഴിലാളികളുമാണ് എന്നെ പിടിച്ചിരുത്തി ഈ സൽക്കർമം ചെയ്യിച്ചത്. ദശകങ്ങൾ പിന്നിട്ട് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോഴും അതിൽ തെല്ലുപോലും പശ്ചാത്താപമോ കുറ്റബോധമോ തോന്നുന്നില്ല'. കുട്ടനാടിന്റെ കാലിൽ ചങ്ങല കുലുങ്ങിയിരുന്ന കാലം കവിയുടെ മനസ്സിലുണ്ടായിരുന്നു. ‘എരിയുന്ന കുട്ടനാ, ടെറിയുന്ന ചെങ്കതിരണിയുന്ന മർദിത ലോകമേ ... തളരാത്ത നിങ്ങൾതൻ ധീരത മറ്റൊരു പകയുടെ തീനാളമാകട്ടെ...' എന്ന്‌ എഴുതിയിട്ടുണ്ട് ഏഴാച്ചേരി രാമചന്ദ്രൻ.

പത്രപ്രവർത്തകന്റെ ജീവിതത്തിൽ ഒരുപാട് സംഭവങ്ങളുണ്ടാകും. വൈകാരികമായി പിടിച്ചുകുലുക്കുന്നതിനെയും സംഭവങ്ങളായി മാത്രം കാണേണ്ടിവരും വാർത്താലേഖകന്. നിറഞ്ഞുകവിയുന്ന സങ്കടങ്ങൾക്കിടയിലും വാർത്തകൾ മാത്രം അന്വേഷിക്കാൻ ചുമതലാബോധം ആവശ്യപ്പെടും. അത്തരം പിടഞ്ഞുപോയ നിമിഷങ്ങളിലൊന്നാണ് ഏഴാച്ചേരി രാമചന്ദ്രന് എ കെ ജിയുടെ അന്ത്യയാത്ര. എ  കെ ജിയുടെ അന്ത്യയാത്രയിൽ  തിരുവനന്തപുരംമുതൽ കണ്ണൂർവരെ ഏഴാച്ചേരി രാമചന്ദ്രനായിരുന്നു റിപ്പോർട്ടർ.

മറ്റൊന്ന് വയലാർ രാമവർമയുടെ മരണമാണ്. വയലാർ പലപ്പോഴും കയറിവരുന്നുണ്ട് ഓർമകളിൽ.  ഓർമകളെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട് വയലാർ. വയലാർ മരിച്ച ദിവസത്തെ ഏഴാച്ചേരി രാമചന്ദ്രൻ ഓർക്കുന്നത് ഇങ്ങനെയാണ്. ‘മേഘപാളികൾ വകഞ്ഞുമാറ്റി കറുത്ത ചിറകുള്ള നൊമ്പരാതിരകൾ മണ്ണിന്റെ സ്വരവിതാനങ്ങൾക്കുനേരെ പറന്നിറങ്ങിയ ദിവസം.' വീണപൂക്കളെ വീണ്ടുമുണർത്തിയ ഗാനഗന്ധർവന് അതേ വീഥിയിലൂടെ നടന്ന മറ്റൊരു കവി അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂത്ത മന്ദാരപ്പൂക്കൾകൊണ്ട് സമർപ്പിച്ച പാദപൂജ.

ആലപ്പുഴയിലെ ഓരോ ഭൂവിഭാഗത്തെയും സ്പർശിക്കുന്നുണ്ട് ഇതിൽ. ഒപ്പം, തന്നെ സഹായിച്ച ഓരോ വ്യക്തിയെയും നന്ദിപൂർവം ഓർക്കുകയും ചെയ്യുന്നു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top