08 May Wednesday

സ്വപ്‌നങ്ങൾക്ക് സന്ധ്യാവന്ദനം; വയലാറിന്റെ ഹംസഗാനം

ഡോ. എം ഡി മനോജ്‌Updated: Sunday Nov 15, 2020

വയലാർ അവസാനമായി രചിച്ച സിനിമാ ഗാനത്തിൽ അദ്ദേഹം ആസന്നമായ മരണത്തെ മുന്നിൽ കണ്ടിരുന്നുവോ? സന്ധ്യാവന്ദനം എന്ന ചിത്രത്തിലെ സന്ധ്യാവന്ദനം എന്നു തുടങ്ങുന്ന പാട്ടിലെ വരികളിൽനിന്ന്‌   അങ്ങനെയാണ്‌ മനസ്സിലാക്കാനാകുക. സംഗീത സംവിധായകൻ എൽ പി ആർ വർമ അവസാനമായി ചിട്ടപ്പെടുത്തിയ സിനിമാഗാനവും സന്ധ്യാവന്ദനം തന്നെ

 
മൂവായിരത്തിലധികം ​ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വയലാ‍‍ർ നമ്മെ വിട്ടുപോയിട്ട് ഒക്ടോബ‍ർ 27ന് നാൽപ്പത്തിയഞ്ച് വ‍ർഷം പൂർത്തിയായി. നാൽപ്പത്തിയേഴാം വയസ്സിൽ മരണം വന്നു വിളിക്കുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം ​ഗാനരചനയിൽ സജീവമായിരുന്നു. "സന്ധ്യാവന്ദനം' എന്ന സിനിമയ്‌ക്കായി എൽ പി ആ‍‍ർ വ‍ർമ ചിട്ടപ്പെടുത്തിയ "സന്ധ്യാവന്ദനം' എന്ന് തുടങ്ങുന്ന ​ഗാനമായിരുന്നു വയലാറിന്റെ അവസാനരചന. തന്നെ ചൂഴ്‌ന്നുനിൽക്കുന്ന കാലത്തിന്റെയും സ്വപ്‌നത്തിന്റെയും സ്ഥലരാശികളിൽ കവി ഈ ​ഗാനത്തിലൂടെ ഒരു സ്വയം തേടൽ നി‍ർവഹിച്ചിട്ടുണ്ടാവണം. സ്വപ്‌നവുമായി കവിക്കുള്ള ഒത്തു വാഴ്‌വിന്റെ ജൈവികത അവസാനിപ്പിച്ചുള്ള യാത്ര പറയലാണ് ഈ ഹംസഗാനം. സ്വപ്‌നപാശവുമായി പിണഞ്ഞു കിടക്കുന്ന കാവ്യഭാവന കൂടി ഇതിൽക്കാണാം. സ്വപ്‌നം നശിക്കുകയെന്നാൽ ബോധമില്ലാതാവുക എന്നതാണല്ലോ. തന്നെ നിലനി‍ർത്തിപ്പോരുന്ന സ്വപ്‌നങ്ങളോട് യാത്ര പറയുകയാണ് കവി ഈ ​ഗാനത്തിൽ.
 
‘സന്ധ്യാവന്ദനം ദുഃഖസംഗീതപ്രിയകളാം സ്വപ്‌നങ്ങളേ’ എന്ന് തുടങ്ങുന്ന പല്ലവിയിൽത്തന്നെ ഈ വിടപറയലിന്റെ ശ്രുതിയുണ്ട്.  ജീവിതാവസാനമായെന്ന് കവി നേരത്തെ അറിയുന്നതിന്റെ സൂചനകൾ  പാട്ടിലുണ്ട്. ജീവിതത്തിന്റെ അനുഭവനീലിമകളിൽ വ്യാപിച്ചുകൊണ്ടേയിരുന്ന സ്വപ്‌നമയൂഖങ്ങൾ പൊലിയുകയാണ്. കാവ്യാത്മകതയെക്കാൾ ദർശനത്തിന്റെ ഉള്ളഴകുകൾ നിലീനമാകുന്നു ഈ ഗാനത്തിൽ. ജീവിതത്തിന്റെ കാനേഷുമാരിയിൽ സ്വപ്‌നവും കാലവും ഒന്നിച്ചു കളിക്കുന്ന കളികൾക്ക് വിരാമമാവുകയാണ്. പാട്ടിൽ ഇഴപാകിയിട്ടുള്ള വിയോഗാത്മകതയുടെ വിശാലത പങ്കിടുന്ന അഴലുകൾക്ക് വിരഹകാതരമായ സ്വരലയം പകരുകയായിരുന്നു യേശുദാസ്.
 
കവിയും കവിയുടെ സ്വപ്‌നങ്ങളും മാത്രമാണ് ഈ പാട്ടിലെ പ്രധാനപ്പെട്ടവർ. സ്വപ്‌നങ്ങളോടുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അനുപല്ലവിയിലും ചരണത്തിലും കവി വാചാലനാകുന്നുണ്ട്.
എൽ പി ആർ വർമ

എൽ പി ആർ വർമ

""എന്റെ ചുടുയൗവനത്തെ പുണ‍‍‍ർന്നു നിന്നപ്പോൾ
എന്തൊരു  സൗന്ദര്യമായിരുന്നു:
നിങ്ങൾക്കെന്തൊരാവേശമായിരുന്നു
കാലം ​ദഹിപ്പിച്ച വ‍ർണാശ്രമങ്ങൾ തൻ
കാറ്റൂതിക്കെടുത്താത്ത ചിതയിൽ
തക‍ർന്നു വീണു, നിങ്ങൾ തകർന്നു വീണു
ഒരു തീണ്ടാപ്പാടകലെ ഞാൻ നോക്കി നിന്നു
ഉദകം നിങ്ങൾക്കന്ത്യോദകം''
 
"എനിക്ക് മരണമില്ല' എന്ന കവിതയിൽ മനുഷ്യന്റെ അജയ്യതയും കവിയുടെ അമരത്വവും എഴുതിയ ഒരാളെ ഒരുനാൾ കനലിന്റെ കൂട്ടിൽനിന്ന് കട്ടെടുക്കുന്നതുപോലെ മൃത്യു വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന നിനവായിരിക്കും ഈ പാട്ടിൽ അങ്ങോളമിങ്ങോളം അലയടിക്കുന്നത്. തന്റെ യൗവനത്തെ പുണർന്നു നിന്നപ്പോഴാണ്‌ സ്വപ്‌നങ്ങൾക്ക്‌ സൗന്ദര്യമുണ്ടായതെന്ന്‌ കവി  പറയുന്നു. സ്വപ്‌നങ്ങൾക്ക്‌ വേണ്ടി‌ കാലം ഒരിക്കലും കാത്തുനിൽക്കാറില്ലായെന്നും വേദനാനിർഭരമായ തിരിച്ചറിവാണ്‌. ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നിങ്ങനെയുള്ള ആശ്രമങ്ങൾക്കൊപ്പം സ്വപ്‌നങ്ങളുമുണ്ടായിരുന്നു. എന്നാലവയെല്ലാം കാലത്തേക്ക്‌ ചേർന്ന്‌ യാത്ര ചെയ്‌തപ്പോൾ തീണ്ടാപ്പാടകലെ നോക്കി നിൽക്കാനേ കവി‌ക്ക്‌ ആകുന്നുള്ളൂ. കാലത്തിന്റെ കുത്തൊഴുക്കിൽ തകർന്നുവീണ സ്വപ്‌നങ്ങൾക്ക്‌ അന്ത്യോദയം അർപ്പിക്കുകയാണിവിടെ കവി.
   
അമ്പതോളം‌  ഗാനങ്ങളേ എൽ പി ആർ വർമ ചിട്ടപ്പെടുത്തിയിട്ടുള്ളൂ. അതിലേറ്റവും അധികം വയലാറുമൊത്തായിരുന്നു. സന്ധ്യാവന്ദനം എന്ന സിനിമയിൽ തന്നെ ‘തേനിലഞ്ഞി’, ‘നീലാംബരി’, ‘സ്വർണചൂഢാമണി’ എന്നിങ്ങനെ മറ്റു മൂന്നു ഗാനങ്ങൾ കൂടിയുണ്ട്‌. എൽ പി ആറിന്റെ ചലച്ചിത്രസംഗീത ജീവിതത്തിലെ അവസാനഗീതം കൂടിയാണ്‌ സന്ധ്യാവന്ദനം. പി അയ്യനേത്തിന്റെ തിരക്കഥയിൽ ശശികുമാർ ആയിരുന്നു സിനിമ സംവിധാനം ചെയ്‌തത്‌. വയലാറും എൽ പി ആറും തമ്മിലുള്ള സഹോദരതുല്യമായ ബന്ധത്തിൽ നിന്നായിരിക്കണം അത്രമേൽ ഊഷ്‌മളതയുള്ള പാട്ടുകൾ പിറവിയെടുത്തിട്ടുണ്ടാവുക. ശാരീരികമായി പരിക്ഷീണനായിരിക്കുന്ന ഘട്ടത്തിലായിരുന്നു വയലാർ ഈ ഗാനമെഴുതിയത്‌. ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടൽമുറിയിൽ വച്ച്‌ പാട്ടെഴുതി വീട്ടിൽ തിരിച്ചെത്തിയ രാത്രിയിൽത്തന്നെ രക്തം ഛർദിച്ച്‌ അദ്ദേഹം അവശനാകുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കവി പിന്നീട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നില്ല. സ്വപ്‌നങ്ങൾക്ക്‌ സന്ധ്യാവന്ദനമേകി കടന്നുപോയ വയലാറിന്റെ ഈ ഹംസഗാനം സ്വപ്‌നബന്ധുരമായ നിമിഷങ്ങളെ തിരിച്ചുപിടിക്കുവാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top