26 April Friday

മൂന്നാം ലോക സിനിമ എന്ന ഏകാന്ത ജീവിതം

അഖില്‍ എസ് മുരളീധരന്‍Updated: Sunday Nov 15, 2020

ഫെർണാണ്ടോ സൊളാനസ്‌

ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെ മുൻനിരയില്‍ ജീവിച്ച സൊളാനസിന്‌ സിനിമ പോലെ തന്നെയായിരുന്നു ജീവിതവും. അർജന്റീനയുടെ രാഷ്ട്രീയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു

 
കലാകാരന്മാരുടെ വാഗ്‌ദത്തഭൂമിയായ പാരിസിൽ നവംബർ ആറിന്‌ ഇതിഹാസ ചലച്ചിത്രകാരൻ ഫെർണാണ്ടോ സൊളാനസിന്റെ ജീവിതത്തിന് പൂർണവിരാമമായി. അറുപതുകൾമുതൽ അദ്ദേഹം സൃഷ്ടിച്ച മൂന്നാം ലോക സിനിമാസങ്കൽപ്പങ്ങളുടെ വിപ്ലവകരമായ യാത്രകളും പോരാട്ടങ്ങളും ലോക ചലച്ചിത്ര സങ്കൽപ്പങ്ങളെ എത്രയോ അധികം സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. സാമ്രാജ്യത്വ മൂലധന ശക്തികൾക്ക്‌ തങ്ങൾക്കുനേരെയുള്ള രാഷ്ട്രീയവും കലാപരവുമായ വെല്ലുവിളിയുടെ അന്ത്യം സംഭവിച്ചു എന്ന്‌ ആശ്വസിക്കാം. 1936 ഫെബ്രുവരി 16ന്‌ അർജന്റീനയിലായിരുന്നു സൊളാനസിന്റെ ജനനം. നവ കൊളോണിയലിസത്തിനെതിരെ ഡോക്യുമെന്ററികൾ നിർമിച്ചായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശം.
 
ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെ മുൻനിരയിൽ ജീവിച്ച സൊളാനസിന്‌ സിനിമ പോലെ തന്നെയായിരുന്നു ജീവിതവും. അർജന്റീനയുടെ രാഷ്ട്രീയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. 
 
മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിരോധവും നവലിബറൽ ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന വ്യക്തമായ രാഷ്ട്രീയമാണ് സൊളാനസിന്റെ സിനിമകളുടെ പ്രത്യേകത. ഇടതുപക്ഷ അനുഭാവം കാണിക്കുന്ന ചിത്രങ്ങൾ നവലിബറൽ, നവകൊളോണിയൽ വെല്ലുവിളികളെയാണ്‌ പ്രശ്‌നവൽക്കരിക്കുന്നത്‌. 
 
The  Hour of the Furnaces പോലുള്ള ഡോക്യുമെന്ററികൾ ലാറ്റിനമേരിക്കൻ അധികാരകേന്ദ്രങ്ങളുടെ ചൂഷണസാധ്യതകളെ തുറന്നു കാണിക്കുന്നുണ്ട്. ആക്ടിവിസ്റ്റ് സ്വഭാവം പല ഡോക്യുമെന്ററികളെയും രാഷ്ട്രീയപോരാട്ടങ്ങളുടെ മാധ്യമമായി മാറ്റുന്നുണ്ട് .
സൊളാനസിന്റെ ചലച്ചിത്രനിർമാണ രീതികൾ വ്യത്യസ്‌തമാണെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയം എക്കാലവും ഇടതുചേരിയിൽ തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ അർജന്റീനിയൻ ചരിത്രത്തിന്റെ പുനരവലോകനമാണ് സൊളാനസിന്റെ സിനിമകൾ. പ്രത്യേകിച്ചും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും പ്രത്യേകമായി പരാമർശിക്കുകയും അവരുടെ പ്രാധാന്യം തിരിച്ചറിയുകയുംചെയ്‌തു. തൊഴിലാളിവർഗത്തിനിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി കൂടിക്കൊണ്ടേയിരുന്നു.
 
  സൊളാനസ് വ്യത്യസ്‌തമായ രണ്ട് ഫിലിം മേക്കിങ്‌ രീതികൾ അവലംബിച്ചിട്ടുണ്ട്. തീവ്രവാദവും മിതവാദവും ഒരുപോലെ ഇഴചേർന്നിരിക്കുന്നു. പാരമ്പര്യത്തെ വെല്ലുവിളിക്കുക, ചൂഷകരെ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു സൊളാനസ്‌ സിനിമകൾ. ലാ പിനോ ഒരുദാഹരണം. 
 
1983ൽ, സൈനിക സ്വേച്ഛാധിപത്യത്തിന്റെ പതനത്തിനുശേഷം, സൊളാനസ് ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അടുത്ത സിനിമകൾ മിക്കതും പ്രവാസത്തിന്റെ ദുരിതങ്ങളും വേദനകളുമായിരുന്നു. 1985-ൽ അദ്ദേഹം ടാംഗോസ്, എൽ എക്‌സിലിയോ ഡി ഗാർഡൽ പുറത്തിറക്കി. ഫ്രാൻസിൽ നിർമിച്ച ഈ ചിത്രം, തീവ്രവാദത്തിൽനിന്ന്‌ ലോകജനത പിന്മാറണമെന്ന സന്ദേശമാണ് നൽകിയത്, രാജ്യങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ പ്രവാസത്തിന്റെ അനുഭവങ്ങളെ കുറച്ചുകൂടി വ്യത്യസ്‌തമായ രീതിയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു, പ്രത്യേകിച്ചും ടാംഗോ സംഗീതവും നൃത്തവും പോലുള്ള തദ്ദേശീയ കലകളിൽ അദ്ദേഹം ആഴത്തിൽ അന്വേഷണം നടത്തി. ഈ കാലയളവിൽ കാനിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ജീവിതത്തിലും സിനിമയെ വെല്ലുന്ന നിരവധി സംഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് സൊളാനസിന്‌. 1991ൽ എഡിറ്റിങ് ജോലികൾക്കുശേഷം സ്റ്റുഡിയോക്ക് പുറത്തിറങ്ങിയ അദ്ദേഹത്തെ അജ്ഞാതർ അഞ്ചുതവണ  നിറയൊഴിച്ചെങ്കിലും കീഴ്പ്പെടുത്താനായില്ല.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top