20 May Monday

തീ പടർന്ന അരങ്ങ്‌

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Oct 15, 2023

ഇരുട്ടുതിങ്ങിയ കാലത്തിന്റെ കാലടിയൊച്ചകൾ പതിയേ അടുത്തുവരുന്നു. നാമറിയാതെ  നമ്മിലേക്ക്‌ പടർന്നു കയറുകയാണത്‌. വിശ്വമാനവികതയുടെ പ്രഭാവലയത്തിൽ അണഞ്ഞുപോയ പ്രതിലോമ ആശയങ്ങൾ മറുവേഷം കെട്ടി തിരിച്ചുവരുന്നു. അവശേഷിക്കുന്ന ഇത്തിരിവെട്ടമെങ്കിലും അണയാതെ കാക്കണം. ഇതാ ഇവിടെ ഒരു കൂട്ടം മനുഷ്യർ അരങ്ങിൽ തിരിതെളിക്കുന്നു. പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ കനൽവെട്ടം.

ഫാസിസ്‌റ്റ്‌ കാലത്ത്‌ ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നിലനിൽപ്പിനായി പൊരുതുകയാണ്‌. സർവകലാശാലകളും ചലച്ചിത്ര –- സാഹിത്യ അക്കാദമികളും കാൽക്കീഴിലാക്കാനുള്ള കനപ്പെട്ട ശ്രമങ്ങൾ. തങ്ങൾക്കാവശ്യമുള്ള പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിനായി ചരിത്രത്തിന്റെ അപനിർമിതികളുമായി സിനിമ ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ നമുക്ക്‌ മുന്നിലെത്തുന്നു. അരങ്ങിനെയും തെരുവിനെയും പ്രതിരോധത്തിന്റെ പോർമുഖങ്ങളാക്കി തീർത്ത സഫ്‌ദർ ഹാഷ്‌മിയെപ്പോലുള്ളവർ പകർന്നുതന്ന നാടക പാരമ്പര്യം. അതേറ്റുവാങ്ങിയ ഒരു ജനതയ്‌ക്ക്‌  അധികാരത്തിനെതിരെ പടപൊരുതാനുള്ള ആയുധമാണ്‌ ഒരുവേള നാടകം.

സർക്കാർ ജീവനക്കാർക്കായി കാസർകോഡ്‌ ചെറുവത്തൂരിൽ നടത്തിയ എൻജിഒ യൂണിയൻ ‘അരങ്ങ്‌ 2023 സംസ്ഥാന നാടകമത്സരം’ അരങ്ങവതരണത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. 15 നാടകം അരങ്ങിലെത്തി. സമകാലികവിഷയങ്ങൾ ചർച്ച ചെയ്‌തും തർക്കിച്ചും നല്ല നാടകക്കാലങ്ങളുടെ പെരുമഴയിലേക്ക്‌ ഇതും ചേർത്തുവയ്‌ക്കാം.  

‘ഗ്രേസി’ നാടകം

‘ഗ്രേസി’ നാടകം

എറണാകുളം സംഘസംസ്‌കാരയുടെ ‘ഗ്രേസി’ ഒന്നാം സ്ഥാനവും കോഴിക്കോട്‌ എൻജിഒ ആർട്‌സിന്റെ ‘ബോൽ ഇന്ത്യ’, ആലപ്പുഴ റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദിയുടെ ‘ഭക്തക്രിയ’ എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനവും നേടി. തിരുവനന്തപുരം നോർത്ത്‌ സംഘസംസ്‌കാരയുടെ  ‘മിത്തുകളുടെ സുവിശേഷം’ മൂന്നാം സ്ഥാനമെത്തി. ‘ഗ്രേസി’യിലെ അപ്പനായി വേഷമിട്ട പി എസ്‌ സുഭാഷ്‌, ‘ഭക്തക്രിയ’യിലെ ശങ്കരനായി അരങ്ങിലെത്തിയ എസ്‌ സുനിൽകുമാർ എന്നിവർ മികച്ച നടന്മാരായി.  ‘ബോൽ ഇന്ത്യ’യിലെ ബാബയുടെ മകളായി വേഷമിട്ട അതുല്യ കിരണാണ്‌ മികച്ച നടി.

സാറാജോസഫിന്റെ ‘ പൂതളയം ’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ്‌ ‘ഗ്രേസി’. കോരപ്പുഴയെന്ന നാട്ടിലെ മാത്രം കഥയല്ലിത്‌. ബഹിരാകാശത്ത്‌ പോകാൻ അവസരം ലഭിച്ചിട്ടും ആധുനികരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഈ വർത്തമാന കാലത്തുനിന്നും ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന സദാചാര പ്രശ്‌നമാണ്‌ നാടകം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. പുരുഷമേധാവിത്വത്തിന്റെ കണ്ണുകളിലൂടെയുള്ള ഒരു പെണ്ണിന്റെ സ്വതന്ത്ര സഞ്ചാരം. മ്യൂസിക്കൽ തിയറ്ററിന്റെ രംഗസാധ്യതകളോടെ ആക്ഷേപഹാസ്യരൂപമായാണ്‌ നാടകാവതരണം. ന്യൂനപക്ഷങ്ങളോടുള്ള സമീപനവും നാടകം കൃത്യമായി ചർച്ച ചെയ്യുന്നു. നാടകരചന, സംവിധാനം എം എസ്‌ ശിവകുമാർ.

സംഘപരിവാറിന്റെ ഫാസിസ്‌റ്റ്‌ അജൻഡകളെ തുറന്നു കാട്ടുന്നതായിരുന്നു കോഴിക്കോട്‌ എൻജിഒ ആർട്‌സിന്റെ ‘ബോൽ ഇന്ത്യ’ നാടകം. സമകാലിക ഇന്ത്യയുടെ ചിത്രം ഓരോ രംഗങ്ങളിലും തെളിഞ്ഞുനിന്നു. മാനവികതയുടെ, ഇനിയുമവശേഷിക്കുന്ന മനുഷ്യനന്മയെ നെഞ്ചിലേറ്റുന്ന  ജനത. മുസ്ലിം തീവ്രവാദത്തിന്‌ നേരെയുള്ള വിരൽ ചൂണ്ടൽ കൂടിയാണ്‌ ഈ നാടകം. വേറിട്ട ദൃശ്യാനുഭവങ്ങളാൽ ആസ്വാദനസൗന്ദര്യമൊരുക്കിയ നാടകം പ്രമേയം കൊണ്ട്‌ തന്നെ ശ്രദ്ധേയം. കവി അയ്യപ്പന്റെ പുലയാടി മക്കളും കെപിഎസിയുടെ നാടകഗാനങ്ങളും തെലുങ്ക്‌ വിപ്ലവഗായകൻ ഗദ്ദറിന്റെ നാടോടി ശീലുകളും നാടകത്തിന്‌ മികവേകുന്നു. ‘അവർ വെറുപ്പിന്റെ വിത്തുകൾ പാകിക്കൊണ്ടേയിരിക്കും, നമ്മൾ സ്‌നേഹത്തിന്റെ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും’.  രാധാകൃഷ്‌ണൻ പേരാമ്പ്രയുടെ രചനയുടെ പുനരാഖ്യാനവും സംവിധാനവും നിർവഹിച്ചത്‌ റഫീഖ്‌ മംഗലശേരിയാണ്‌.  

ആലപ്പുഴ റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദി അരങ്ങിലെത്തിച്ച ‘ഭക്തക്രിയ’ ലളിതമായ അരങ്ങിലൂടെ വലിയ ആശയം മുന്നോട്ടുവയ്‌ക്കുന്നു. ശങ്കരനെ ഭാരതത്തിന്‌ അനുയോജ്യമാകും വിധം മറക്കാൻ പഠിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം. ഇന്ത്യൻ ഇരിപ്പ്‌, ഇന്ത്യൻ നിൽപ്പ്‌, ഇന്ത്യൻ ചിരി എന്നീ സമസ്യകളിലേക്ക്‌ കാണികളെ ആസ്വാദ്യകരമാം വിധം കൂട്ടിക്കൊണ്ടുപോയി വർത്തമാനകാലത്തിന്റെ വീഴ്‌ചയും നാടകം പറയുന്നു. ഓർമകൾക്ക്‌ തീകൊളുത്താനും കത്തിച്ചാമ്പലാക്കാനും പറയുന്നതും കാലത്തിന്റെ അതേ ദുര്യോഗം. ഓരോ അഭിനേതാക്കളും മത്സരിച്ച്‌ അഭിനയിച്ചുവെന്നത്‌ നാടകത്തിന്റെ മികവാണ്‌. കാണികളെ ആസ്വാദനഭാരങ്ങളേതുമേൽപ്പിക്കാതെയുള്ള രംഗാവതരണം എടുത്തുപറയേണ്ടത്‌. രചന കെ ആർ രമേശ്‌, സംവിധാനം ജോബ്‌ മഠത്തിൽ.  

‘ഒരൊറ്റ രാജ്യം ഒരൊറ്റ ക്ലിനിക്’, തിരുവനന്തപുരം നോർത്ത്‌ സംഘസംസ്‌കാരയുടെ ‘മിത്തുകളുടെ സുവിശേഷം’ ലളിതമായി വർത്തമാനകാലത്തെ വരച്ചുകാട്ടുന്നു. പുതിയ ഇന്ത്യയിലെ ഹിന്ദുത്വ മനഃശാസ്ത്ര ലബോറട്ടറി ഓർമകൾ വിസ്മരിപ്പിച്ച് പുതിയ ഓർമകൾ പുനഃസ്ഥാപിച്ചു കൊടുക്കുന്ന പരീക്ഷണശാലയായാണ്‌ മാറുന്നത്‌. നമുക്കില്ലാത്ത ഓർമകൾ, ഗൃഹാതുരത നമ്മുടേതാണെന്ന് നിരന്തരം ആവർത്തിച്ച് അധികാരം അതിന്റെ  നിലനിൽപ്പ് കേന്ദ്രീകരിക്കുന്നു. അവയെ വ്യക്തമായി തിരിച്ചറിയേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയിലെ പൗരന്റെ ചുമതലയാണെന്നും നാടകം ഓർമിപ്പിക്കുന്നു. നിങ്ങൾക്ക് എല്ലാം ഇടിച്ചു നിരത്താം, പേരുകൾ മാറ്റാം. നിറങ്ങൾ മാറ്റം, എന്നാലും ആ ഓർമകൾ ജനമനസ്സുകളിൽ എക്കാലവും നിലനിൽക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നടൻ.  2023 ലെ ബുക്കർ പ്രൈസ് ജേതാവായ സെർജി ഗോസ്പെടിനോഫിന്റെ ടൈം ഷെൽട്ടർ എന്ന നോവലിലെ ഭൂതകാല ഓർമകളെക്കുറിച്ചുള്ള ചിന്തയിൽനിന്നും സ്വെറ്റ്വാന ബോയത്തിന്റെ ദി ഫ്യൂച്ചർ ഓഫ് നൊസ്റ്റാൾജിയ എന്ന ഗ്രന്ഥത്തിൽനിന്നും ടോണി മോറിസന്റെ പുനരോർമ എന്ന ആശയത്തിൽനിന്നും പ്രചോദിതമാണ് നാടകം. മിത്തുകളുടെ സുവിശേഷം രചനയും സംവിധാനവും നിർവഹിച്ചത്‌ ഹസിം അമരവിള.

‘ബോൽ ഇന്ത്യ’ നാടകം

‘ബോൽ ഇന്ത്യ’ നാടകം

കൊല്ലം- ജ്വാല കലാവേദിയുടെ ‘മേക്കോവർ’ മറ്റൊരു മികച്ച നാടകമായിരുന്നു. നാട്‌ ഒരു മേക്ക്‌ ഓവർ സ്‌റ്റുഡിയോ ആയി മാറുന്നു. വർഗീയതയെന്ന വിഷം കുത്തിവയ്‌ക്കുന്ന നാട്ടിൽ ഇനിയുമേറെ കുഞ്ഞുണ്ണിമാർ ഉണ്ടാകാം. മുഖം മിനുക്കപ്പെട്ട ഒരു സമൂഹം, അതെന്നും അതിന്റെ കുടിലത തുടർന്നുകൊണ്ടേയിരിക്കും. വഴിമാറേണ്ടത്‌ കാലത്തിന്റെ മറ്റൊരു അനിവാര്യത. നാടകാന്ത്യം കഥാപാത്രങ്ങൾ കാണികൾക്കിടയിലേക്കിറങ്ങിയെത്തുന്നു. രചന: സംവിധാനം ജയസാഗർ കൊട്ടിയം.

‘പിടിച്ച്‌ കയറാൻ ഒരു വൈക്കോൽ തുരുമ്പല്ല, കമ്പക്കയറാണ്‌ ആവശ്യ’മെന്ന ഓർമപ്പെടുത്തലുമായാണ്‌ തിരുവനന്തപുരം സൗത്ത്‌ അക്ഷര കലാകായിക സമിതിയുടെ ‘കമ്പക്കയർ’ നാടകം. സൂര്യനുദിക്കണം, ഇരുട്ട്‌ മറയ്‌ക്കണം. അതുവരെ നാം ഉണർന്നിരുന്നേ മതിയാകൂ. അധികാരം പിടിക്കാനും നിലനിർത്താനും കലാപത്തേക്കാൾ വലുത്‌ മറ്റെന്താണ്‌. നാടകം മുന്നോട്ട്‌ വയ്‌ക്കുന്ന ചോദ്യവും ഇത്‌ തന്നെ. എന്തെന്നാൽ ഇത്‌ ഗ്രേറ്റ്‌ ഇന്ത്യൻ സർക്കസ്‌ അല്ല, ന്യൂ ഭാരത്‌ സർക്കസാണ്‌. ശ്രദ്ധേയമായ രചനയും അഭിനേതാക്കളുടെ ചടുലതയും നാടകത്തിന്‌ മികവേകുന്നു. രചന: ഷിബു റോബർട്ട്‌, സംവിധാനം സുരേഷ്‌ വെമ്പായം.

പത്തനംതിട്ട പ്രോഗ്രസീവ്‌ ആർട്‌സ്‌ അവതരിപ്പിച്ച നാടകമാണ്‌ ‘തൊമ്മിയുടെ ദിനരാത്രങ്ങൾ’. ഒരു പൗരന്റെ ജനാധിപത്യബോധത്തിലേക്ക്‌ ഞാനെന്ന്‌ കണ്ണിചേർക്കപ്പെടുമെന്ന ചോദ്യം നാടകം മുന്നോട്ടുവയ്‌ക്കുന്നു. ‘തൊമ്മീ നീ സോഷ്യലിസ്‌റ്റാണോ... അതോ കമ്യൂണിസ്‌റ്റാണോ.’ ചോദ്യങ്ങൾ കൊണ്ട്‌ തകർക്കപ്പെടുന്ന ജനതയിൽ നിന്നും ഉയിർത്ത്‌ വരേണ്ടവന്റെ ശബ്‌ദമായി മാറുന്നു. അതെ, ഇവിടെ ഇനിയും എന്നാണ്‌.. തൊമ്മിക്കെന്നാണ്‌ സ്വാതന്ത്ര്യം ലഭിക്കുക. രചന: തകഴി സന്തോഷ്‌, സംവിധാനം കെ എസ്‌ ഹരികുമാർ.

കണ്ണൂർ സംഘവേദിയുടെ ‘നോട്ടം’ അവതരണത്താൽ മികവ്‌ പുലർത്തി. ഇന്ത്യയിലെ ദലിത്‌ ജീവിതങ്ങളുടെ ജീവിത പരിസരങ്ങളിലേക്ക്‌ നിഷ്‌ക്രിയമായ മനസ്സോടെ നോക്കുന്ന ഓരോ വർത്തമാനമനസ്സുകളോടും കാലം പറയുന്ന കാഴ്‌ചയാണ്‌ നേരിന്റെ നോട്ടം. അതുകൊണ്ടാണ്‌ നിസ്സഹായനായി അവഗണിക്കപ്പെട്ട്‌ മാറ്റിനിർത്തിയവന്റെ ശരീരത്തിന്‌ മീതെ ചവിട്ടിനിന്ന്‌ അധികാരി വർഗം നമുക്കിനിയും ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും സംസാരിക്കാമെന്ന്‌ നാടകത്തിന്റെ അവസാനം പറയുന്നത്‌. നോട്ടം തോൽപ്പിക്കപ്പെട്ടവന്റെ നേരിന്റെ അന്വേഷണയാത്രയാണ്‌. രചന: സുരേഷ്‌ ബാബു ശ്രീസ്ഥ. സംവിധാനം: പ്രേമൻ മുചുകുന്ന്‌.

ഇതിഹാസത്തിന്റെ ഇടനാഴികളിൽ ആരും കാണാതെപോയ ഒരു കണ്ണാണ്‌ വിഭീഷണഭാര്യയായ സരമയുടേത്‌. അധികാരവും ചുവടുമാറ്റവും അടവുനയങ്ങളാകുന്ന വർത്തമാന കാലത്തിലേക്കുള്ള വിഭീഷണയാത്രയാണ്‌ സരമ. നാടകം അവതരിപ്പിച്ചത്‌ മലപ്പുറം ജ്വാല കലാകായികസമിതിയാണ്‌. സുരേഷ്‌ ബാബു ശ്രീസ്ഥയുടെ മികച്ച രചന. സംവിധാനം ഷിനിൽ വടകര.  

വയനാട്‌ ഗ്രാന്മയുടെ ‘തീക്കുളി’ കാട്ടുപന്നികളേക്കാൾ ഭയക്കേണ്ടത്‌ കാടിറങ്ങുന്നവരെയെന്ന്‌ ഓർമിപ്പിക്കുന്നു. വെടിമരുന്ന്‌ശാലയുടെ പശ്‌ചാത്തലത്തിലാണ്‌ നാടകാവതരണം. പകയും വിദ്വേഷവുമില്ലാതെ ഒന്നാകുന്ന ഒരു ജനതയെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന കാലം. രചന: സംവിധാനം: ഗിരീഷ്‌ കളത്തിൽ.

‘മിത്തുകളുടെ സുവിശേഷം’  നാടകം

‘മിത്തുകളുടെ സുവിശേഷം’ നാടകം

കാസർകോഡ്‌ എൻജിഒ കലാവേദിയുടെ ‘ആകാശത്തിന്റെ വാതിൽ’ പ്രമേയത്താൽ വൈവിധ്യം പുലർത്തി. കലയെപ്പോലും മതവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ നേർചിത്രമാണിത്‌. മാധ്യമങ്ങളെ  വിഴുങ്ങുന്ന ഫാസിസ്‌റ്റ്‌ സമീപനങ്ങളുടെ പൊതുസ്വഭാവം. ലളിതമായ അരങ്ങ്‌ ചിത്രീകരണവും അഭിനയമികവും എടുത്തുപറയേണ്ടത്‌. എന്ത്‌ നേടി എന്നതുപോലെ പ്രസക്തമായ എന്ത്‌ നഷ്‌ടപ്പെടുത്തി എന്ന ചോദ്യവും നെഞ്ചിൽ തറയ്‌ക്കുന്നു. രചന: ഉണ്ണികൃഷ്ണൻ പുൽക്കൽ, സംവിധാനം: ഇ വി ഹരിദാസ്‌.  

ജേക്കബ് എബ്രഹാമിന്റെ ‘കുഴി’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക അവതരണമാണ് ‘കുഴിമേട’. വർത്തമാനകാല ജീവിത സാഹചര്യങ്ങളിലെ കുഴിയടയാളങ്ങളെ നാടകം അന്വേഷിക്കുന്നു. സഹതാപത്തിൽ മറഞ്ഞിരിക്കപ്പെട്ട ജാതി ഭൂതകാലത്താൽ വേട്ടയാടപ്പെട്ട ജനത, പുറത്തെത്തുകതന്നെ ചെയ്യും എന്ന ചിന്ത സൂക്ഷ്മമായി അവതരിപ്പിക്കുന്നു. കുന്നുകളിലുള്ളവർ കുഴിയിലേക്കിറങ്ങിയാലും കുഴിയിലുള്ളവരെ കുന്നിലേക്ക്‌  ഉയർത്തിയാലും കുഴികളില്ലാതാകുന്നില്ല. ആ കുന്നുകളെല്ലാം വെട്ടി കുഴികൾ മൂടി നിരപ്പാക്കി ആ  നിലങ്ങളിൽ നമുക്കൊരുമിച്ചു നിൽക്കാം എന്ന രാഷ്ട്രീയ ചിന്തയും കുഴിമേട മുന്നോട്ടുവയ്‌ക്കുന്നു. പാലക്കാട്‌ ഫോർട്‌ കലാവേദി അവതരിപ്പിച്ച നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്‌ സജിത്ത്‌ ചെറുമകൻ.

കോട്ടയം തീക്കതിർ കലാവേദിയുടെ ‘ഒറ്റമുറി’ വീട്‌ മതങ്ങളിൽനിന്നും മോചിതരല്ലാത്ത ഒരു സമൂഹത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നു. സൈറയ്‌ക്കും വിഷ്‌ണുദത്തനും ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്‌ ആശങ്കയുണ്ടാകുന്നതും അതുകൊണ്ടുതന്നെ. ദേശീയതയുടെ അളവുകോലിൽ ഒറ്റമുറി, അവിടെയാണ്‌ ഒറ്റ രാജ്യമായി മാറുന്നത്‌. ശബ്‌ദമുയർത്തുന്ന സ്‌ത്രീയെ കൊലപ്പെടുത്തുകയും ഒടുവിൽ നാരീപൂജ ചെയ്‌ത്‌ മഹത്വ വൽക്കരിക്കുകയും  ചെയ്യുന്നതും ഇതേ സമൂഹം. ഇനിയും അടിയോടെ തീകൊളുത്തപ്പെടേണ്ട ആർത്തവപ്പുരകളുടെ വാതിലുകൾ. രചന: സംവിധാനം: മനോജ്‌ സുനി.

തൃശൂർ സർഗവേദിയുടെ ‘നവരാഷ്‌ട്രം’ മറ്റൊരു മികച്ച നാടകമാണ്‌. അധികാരം കീഴടക്കാനുള്ള വഴികൾ സുഗമമല്ല. ഏതുവിധേനയും കീഴ്‌പ്പെടുത്തുകയെന്നത്‌ ഭരണകൂട തന്ത്രമാണ്‌. വർത്തമാനകാല ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യങ്ങളെ ‘മാക്‌ബത്തി’ലൂടെ അനാവരണം ചെയ്യുന്നു. രാഷ്‌ട്രീയ ലാഭത്തിനായി പിന്നാലെ വരുന്ന അണികളെ ഉപയോഗിക്കപ്പെടുത്തുകയാണ്‌. നാടകം പറയുന്നു. രചന: സംവിധാനം: പ്രശാന്ത്‌ നാരായൺ. 

‘ഭക്തക്രിയ’ നാടകം

‘ഭക്തക്രിയ’ നാടകം

 

ഇടുക്കി കനൽ വേദി അവതരിപ്പിച്ച നാടകമാണ്‌ ‘ഓക്‌സികാർഡ്‌ പ്ലസ്‌’.  ഓക്‌സിജൻപോലും  കമ്പോളവൽക്കരിക്കപ്പെടുന്ന വർത്തമാന കാലം. വിപണിയുടെ പുത്തൻ മാർക്കറ്റിങ്‌ തന്ത്രങ്ങളിൽ വീണുപോകുന്നത്‌ പൊതുജനം തന്നെ. രചന: ആഹർസ്‌, സംവിധാനം: സാനു അരുൺ.

മാനവചരിത്രത്തിന്റെ ഭൂതകാലങ്ങളിലെല്ലാം അരങ്ങും അക്ഷരങ്ങളും തീർത്ത പ്രതിരോധത്തിലാണ്‌ മനുഷ്യവിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങൾ തകർന്നു വീണത്‌. അരങ്ങ്‌  ഇവിടെ ഒരു പ്രതീക്ഷയാണ്‌, നാടകങ്ങളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top