26 April Friday

പ്രതീക്ഷയുടെ മേളക്കാഴ്ചകൾ

ജിതിൻ കെ സിUpdated: Sunday Feb 14, 2021

കോവിഡ്‌ പ്രതിസന്ധികൾക്കിടെ സിനിമാ  ആസ്വാദകർക്ക്‌ പ്രതീക്ഷ പകർന്ന്‌ ഐഎഫ്‌എഫ്‌കെയുടെ 25–-ാം പതിപ്പ്‌. തിരുവനന്തപുരത്തെ ആദ്യപാദം ഇന്ന്‌ സമാപിക്കും.  അടുത്ത ഘട്ടങ്ങൾ കൊച്ചിയിലും (ഫെബ്രു. 17–-21) തലശ്ശേരിയിലും (ഫെബ്രു. 23–-27) പാലക്കാട്ടുമാണ്‌ (മാർച്ച്‌ 1–7) 

 

രണ്ടായിരത്തി ഇരുപത്‌ ഡിസംബർ സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെ മാസമായി തീർന്നത് ചലച്ചിത്രമേളയുടെ അഭാവം കൊണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും കേരള രാജ്യാന്തര ചലച്ചിത്രമേള ഇല്ലാത്തതിന്റെ ദുഃഖം പലരും പങ്കുവച്ചു. തിയറ്റർ കാഴ്‌ചതന്നെ ഏതാണ്ട് മറവിയിലായ കെടുതിയുടെ കാലത്ത് ചലച്ചിത്രമേളയെന്നത് തീർത്തും അപ്രാപ്യമായിയെന്ന് കരുതിയ ഇടത്തുനിന്നാണ് നാം മറ്റൊരു ചലച്ചിത്രമേളക്കാലത്തിന്റെ പുലരിയിൽ നിൽക്കുന്നത്. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടും ആഹ്ലാദത്തോടും കൂടിയാണ് 25–--ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ വരവേൽക്കുന്നത്. എന്തുകൊണ്ടായിരിക്കാം നമുക്ക് ചലച്ചിത്രമേള ഇല്ല എന്നത് വലിയ നഷ്ടബോധമായി തോന്നുന്നത്. തീർച്ചയായും സിനിമ കാണുന്നതിനപ്പുറം സിനിമ കാണുന്ന സന്ദർഭങ്ങളുടെ നഷ്ടബോധമാണ്‌ അത്. മണിക്കൂറുകളോളം വരിനിന്ന് കവാടത്തിന്‌ തൊട്ടരികിൽ വച്ച് നഷ്ടമായ സിനിമകൾ. സംഘാടകരോട് വഴക്കിട്ട് നേടിയ അധിക പ്രദർശനങ്ങൾ. ക്രിയാത്മക സംവാദങ്ങളുടെ ജനാധിപത്യ ഇടമായ ഓപ്പൺ ഫോറങ്ങൾ. ക്യൂവിന്റെ മടുപ്പിനെ തോൽപ്പിച്ച പാട്ടുകൂട്ടങ്ങൾ. രാജ്യത്തെ ജനാധിപത്യവിരുദ്ധതയോട് എതിർത്തുനിന്ന സമരസന്ദർഭങ്ങൾ. വാസ്‌തവത്തിൽ ഇതെല്ലാം ചേർന്നതാണ് ചലച്ചിത്രമേള.
 
ലോക്ഡൗൺ  നമ്മുടെ കാഴ്‌ചയുടെ രീതിയെത്തന്നെ പുനർനിർണയിച്ചിരിക്കുന്നു. സിനിമാക്കാഴ്‌ച അവരവരുടെ ടെലിവിഷൻ സ്‌ക്രീനിലേക്കോ ലാപ്ടോപ്പിലേക്കോ മൊബൈൽ സ്‌ക്രീനിലേക്കോ ചുരുങ്ങിപ്പോയിട്ടുണ്ട്. അതിനൊപ്പിച്ചുള്ള  രീതികളിലേക്ക് കാഴ്‌ചയെ പുനർനിശ്ചയിക്കാനും സിനിമയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷംവരെ വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്ന ഒടിടി റിലീസുകളും മറ്റും സുഗമമായി ഇക്കാലയളവിൽ നടന്നത് അതിനാലാണ്. വാസ്‌തവത്തിൽ സിനിമ എന്ന വാക്കുപോലും ചലച്ചിത്രം പ്രദർശിപ്പിക്കുന്ന വലിയ കൊട്ടകയെ സൂചിപ്പിക്കുന്നതാണ്. ആ ‘സിനിമ'യെ നമ്മുടെ കൈയിലെ മൊബൈൽ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിൽ വലിയ വൈരുധ്യവും അതിനാൽത്തന്നെയുണ്ട്. തിയറ്ററുകൾ തുറക്കുന്നതും ചലച്ചിത്രമേള നടക്കുന്നതും ആത്യന്തികമായി കാഴ്‌ചയുടെ ഈ വൈരുധ്യത്തെത്തന്നെ പരിഹരിക്കാനുതകുന്നതാണ്.
 
ഇത്തവണ സംസ്ഥാനത്തിന്റെ നാലു കേന്ദ്രത്തിലായാണ് മേള. തിരുവനന്തപുരത്തിനുശേഷം കൊച്ചിയും തലശേരിയും പാലക്കാടും മേളയുടെ തിരയിളക്കം അനുഭവിക്കാനൊരുങ്ങുകയാണ്. അസംബന്ധം എന്നൊക്കെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന, തിരുവനന്തപുരത്തുനിന്ന് മേള മാറ്റുന്നുവെന്ന പ്രചാരണവും ഇതിനകം നടന്നുകഴിഞ്ഞു. മേളയുടെ അംഗീകാരവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങളും ഒപ്പം വന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾക്കൊപ്പം വിവാദങ്ങളും വിമർശനങ്ങളും വായുവിൽ നിൽക്കുന്നു. എന്നാൽ, ഇരുളിലേക്ക് വീഴുന്ന വെള്ളിവെളിച്ചംപോലെ കേരള രാജ്യാന്തര ചലച്ചിത്രമേള പ്രതീക്ഷയുടെ പുതുവെളിച്ചമായി ചലച്ചിത്ര പ്രേമികൾക്കു മുന്നിൽ തുറന്നിരിക്കുകയാണ്.
 
ഇരുപത്തഞ്ചാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകത ലോക സിനിമ ഇന്നോളം കണ്ടതിൽ ഏറ്റവും മഹാനായ ചലച്ചിത്രകാരൻ ജീൻ ലുക് ഗൊദാർദിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകുന്നുവെന്നതാണ്. ഓൺലൈനിൽ വന്ന് പുരസ്‌കാരം സ്വീകരിച്ച് തന്റെ ചുരുട്ടിന് തീ കൊളുത്തുന്ന ഗൊദാർദിന്റെ ചിത്രം ഇതിനകംതന്നെ ചലച്ചിത്രപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു. ബ്രത്ത്‌ലെസും കണ്ടംപ്റ്റും ഇമേജ്ബുക്കും അടക്കമുള്ള അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ച ബോസ്‌നിയൻ സംവിധായിക ജാസ്‌മില സ്‌ബാനിക്കിന്റെ ക്യു വാഡിസ് ഐഡ (എങ്ങോട്ടു പോകുന്നു ഐഡ)യായിരുന്നു  ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തിൽ ജയരാജിന്റെ ഹാസ്യവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുമുണ്ട്‌.
 
കലൈഡോസ്‌കോപ്പിൽ പ്രദർശിപ്പിക്കുന്ന ഡോൺ പാലത്തറയുടെ 1956, മധ്യതിരുവിതാംകൂർ എന്ന ചിത്രം സമീപകാലത്തെ മലയാള സിനിമയുടെ മികച്ച ദൃശ്യാനുഭവമാണ്. ഡോണിന്റെ തന്നെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രവും മലയാള സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. സനൽകുമാർ ശശിധരന്റെ കയറ്റം, ജിതിൻ ഐസകിന്റെ അറ്റൻഷൻ പ്ലീസ്, സെന്ന ഹെഗ്ഡേയുടെ തിങ്കളാഴ്‌ച  നിശ്ചയം, മാസ്റ്റർ സംവിധായകനായ കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയവയും പ്രദർശിപ്പിച്ചു.   അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ അരുൺ കാർത്തിക്കിന്റെ ‘നസീർ' ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. എണ്ണത്തിൽ കുറവെങ്കിലും തോമസ് വിന്റർബർഗിന്റെ അനദർ റൗണ്ടടക്കം ഈവർഷത്തെ കാണേണ്ടുന്ന ലോക സിനിമാക്കാഴ്ചകളും പരിമിതികൾക്കകത്തുനിന്ന് 25–-ാ-മത് ഐഎഫ്‌എഫ്‌കെ ഒരുക്കുന്നു.
 
നാം എല്ലാവരും ഒത്തുകൂടുന്ന ആഹ്ലാദത്തിന്റെ തിരനിമിഷങ്ങൾ തിരിച്ചെത്തുന്നുവെന്നത് തന്നെയാണ് 25–--ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നൽകുന്ന സന്തോഷം. അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ സംവാദ ഇടങ്ങളെ ഇക്കാലത്തും തിരിച്ചു പിടിക്കാനാകുന്നുവെന്നത് ആഹ്ലാദകരമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top