27 April Saturday

മുളന്തണ്ടിന്റെ ജനകല

സുരേഷ്‌ ഗോപി sureshgopidbi@gmail.comUpdated: Sunday Sep 13, 2020

ലോകമുളദിനം സെപ്‌തംബർ 18. സംഗീതോപകരണങ്ങൾ അടക്കം മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ശശി ജനകലയുടെ ജീവിതത്തെക്കുറിച്ച്‌

മുളയെ  ‘പാവപ്പെട്ടവന്റെ തടി’യെന്നാണ്‌ നമ്മുടെ രാജ്യം വിശേഷിപ്പിക്കുന്നത്‌. ‘മനുഷ്യന്റെ സുഹൃത്ത്’ എന്ന്‌ ചൈനക്കാർ. വിയത്‌നാംകാർ സംബോധനചെയ്യുന്നതാകട്ടെ കുറച്ചുകൂടി ബന്ധുത്വം കൽപ്പിച്ച്‌‌ ‘എന്റെ സഹോദരൻ’ എന്ന്‌‌. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ശശിയെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം തികച്ചും അനുയോജ്യമാണ്‌. കാരണം ശശി ജനകലയുടെ ജീവിതം മുളയുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. ചെറുപ്പം മുതൽ മുളയും ഈറ്റയും കൊണ്ടുള്ള ഉൽപ്പന്നങ്ങളുമായി ശശിക്ക്‌ ആത്മബന്ധമുണ്ട്‌. അതിപ്പോൾ മുള കൊണ്ടുള്ള നൂതന ഉപകരണങ്ങളിലെത്തി നിൽക്കുന്നു. നൂറു മുളവാദ്യങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ കരിമ്പൊളി ബാംബൂ ബാൻഡ്‌ വരെ എത്തി നിൽക്കുന്ന ശശി ജനകലയുടെ മുളജീവിതത്തെക്കുറിച്ച്‌.

കോട്ടയം എരുമേലിയിലെ തോട്ടം തൊഴിലാളികളായിരുന്നു ശശിയുടെ അച്ഛൻ കുഞ്ഞുകുട്ടിയും അമ്മ ഭവാനിയും. ലയത്തിൽ കഴിഞ്ഞ ഇവർക്ക്‌‌  ചെറിയ കൂലിയാണ് ലഭിച്ചിരുന്നത്.  അധികവരുമാനത്തിന്‌ ആശ്രയിച്ചത്‌ ഈറ്റ നെയ്‌ത്തിനെ. എല്ലാ രാത്രികളിലും ഈ നെയ്‌ത്തുകെട്ട്‌ തുടരും. ആ ബന്ധമാണ്‌ ഇന്നും കേരളത്തിൽ മിക്ക ജില്ലകളിലും മുള ഉൽപ്പന്ന നിർമാണവുമായി ശശി ജനകലയെ ഉറപ്പിച്ചു നിർത്തുന്നത്‌.

‘‘10 വയസ്സായപ്പോഴേക്കും ഞാനും അച്‌ഛനെയും അമ്മയെയും സഹായിക്കാൻ തുടങ്ങി. കുട്ടയ്‌ക്ക്‌ വക്കു പിടിച്ചും മുറത്തിനു തേര് പിടിച്ചും പരമ്പ് ഇറുത്തും മുറം മെഴുകിയും സഹായിച്ചു. ഞായറാഴ്ച മുക്കൂട്ടുതറ ചന്തയിൽ അവ വിൽക്കാൻ അമ്മയ്‌ക്കൊപ്പം പോകും.’’–- ശശി ഓർക്കുന്നു.   

1984ൽ ഞായറാഴ്‌ച ചന്ത മാറ്റി ശനിയാഴ്ച ആക്കുന്നതിന്‌ വ്യാപാരികൾ ശ്രമിച്ചു.  തൊഴിലാളികളുടെ എതിർപ്പ്‌ ബഹുജന സമരമായി.    സിപിഐ എം ലോക്കൽ കമ്മറ്റി അംഗമാണ്‌ അന്ന്‌. ഞായറാഴ്‌ചകളിൽ ബദൽ ചന്ത ആരംഭിച്ചു.  സമരസമിതി അംഗങ്ങൾ നെയ്‌ത്തു ഗ്രാമങ്ങൾ തോറും കയറിയിറങ്ങി. ആളുകളെ ചന്തയിൽ എത്തിച്ചു. ഈ സംഭവത്തോടെ ശശിയും  കുട്ടക്കച്ചവടക്കാരനായി.

പ്ലാസ്റ്റിക് എന്ന വില്ലൻ

തൊണ്ണൂറുകളോടെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പ്രവാഹമായി. ജൈവ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ പിന്നോട്ടടിക്കപ്പെട്ടു. ഈറ്റ തൊഴിൽ മേഖല തളർന്നു. പരമ്പരാഗത നെയ്‌ത്തറിവുകൾ ഉപയോഗിച്ച്‌  പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കാമെന്ന ആശയം വന്നു. ഞങ്ങൾ പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകൻ പൊയ്കയിൽ അപ്പച്ചൻ തന്റെ ജീവിത കാലത്തുതന്നെ വിവിധ തൊഴിൽശാലകൾ സ്ഥാപിച്ചിരുന്നു. ഈറ്റ ഉൽപ്പന്നങ്ങൾ നിർമിച്ചിരുന്നവർക്കായി പ്രത്യേകം തൊഴിൽ യൂണിറ്റുകളും സ്ഥാപിച്ചു.

പത്തനംതിട്ട ചുങ്കപ്പാറ കുളത്തൂരിൽ കേരളത്തിലെ തന്നെ ആദ്യത്തെ എന്നുപറയാവുന്ന ഈറ്റ തൊഴിൽ യൂണിറ്റ് അപ്പച്ചൻ ആരംഭിച്ചു. ഇരവിപേരൂർ കേന്ദ്രമാക്കി ഹാൻഡിക്രാഫ്റ്റ് സൊസൈറ്റി 1975 ൽ സ്ഥാപിച്ചു. ത്രിപുരയിൽനിന്ന്‌ വിദഗ്ധർ വന്ന്‌ അക്കാലത്ത്‌ പരിശീലനം നൽകിയിരുന്നു.

1990കൾ ആയപ്പോഴേക്കും ഈ തൊഴിൽ മേഖലയെ ആശ്രയിച്ച്‌ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.   ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനവും പരിസ്ഥിതി ഫോക്‌ലോർ പ്രവർത്തനവും സജീവമായി തുടർന്നു. തിരുവല്ല ഡൈനാമിക് ആക്‌ഷനുമായി ബന്ധപ്പെട്ട്‌ ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പനുമായി ചേർന്ന് പ്രവർത്തിച്ചു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്‌  ഹ്യുമസ് എന്ന സ്ഥാപനം കൊട്ടാരക്കരയിൽ ആരംഭിച്ചു.

ന്യൂഡൽഹി സെന്റർ ഫോർ കമ്യൂണിക്കേഷൻ ആൻഡ് എഡ്യൂക്കേഷന്റെ സഹായത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദിന്റെ ബാംബൂ ഡിസൈൻ കോഴ്സ് സംഘടിപ്പിച്ചു. വിദഗ്ധരെയും കലാകാരന്മാരെയും സംരംഭകരെയും സംഭാവന ചെയ്യാൻ പിന്നീട് സാധിച്ചു. ഗ്രീൻ ഗോൾഡ് എന്ന കമ്പനി സ്ഥാപിച്ചു.

പിന്നീട്‌ സ്വതന്ത്രമായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ഗ്രീൻ ഫൈബർ എത്‌നോറീഡ് ആർട്ട്‌ എന്ന  കൂട്ടായ്‌മ മല്ലപ്പള്ളിയിൽ തുടങ്ങി. സമ്മേളനവേദികൾ, കവാടങ്ങൾ, ഹരിതകേരളം പരിപാടികളുടെ വേദികൾ, കലോത്സവ വേദികൾ ഇങ്ങനെ നിരവധി വേദികൾ കിട്ടി. 2018ൽ അടിമാലിയിൽ ഗ്രീൻ ഫൈബർ ആരംഭിച്ചു. ആദിവാസി ഊരുകളിലും പരമ്പരാഗത നെയ്‌ത്തുകാർക്കിടയിലും പരിശീലനം നൽകി. കേന്ദ്ര കരകൗശല കമീഷണറേറ്റ്, കേരള ബാംബൂമിഷൻ, റൈറ്റ്‌സ്‌ എന്നിവയുടെ സഹായത്തോടെയായിരുന്നു അത്‌. ഇടുക്കിയിലെ ആദിവാസി വിഭാഗങ്ങൾ നിർമിക്കുന്ന കണ്ണാടിപ്പായയെ മുഖ്യധാരയിൽ കൊണ്ടുവരാനായി.

2017ൽ പാമ്പാടി ഗവ. എൻജിനീയറിങ്‌ കോളേജ്  വിസിറ്റിങ്‌ പ്രൊഫസർ പദവി നൽകി ആർക്കിടെക്ചർ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ അവസരം നൽകി.  കോസ്റ്റുഫോഡുമായും സഹകരിക്കുന്നു.  കരിമ്പൊളി ബാംബൂ ബാൻഡിൽ പ്രമുഖ ഗായകരും ഉപകരണ സംഗീതജ്ഞരും അണിചേർന്നു. നിരവധി സംഗീതോപകരണങ്ങൾ മുളകൊണ്ട് നിർമിച്ചു.  സാംസ്‌കാരിക വകുപ്പിന്റെ ആചാര്യകലാ പുരസ്‌കാരം, കേരള ഫോക്‌ലോർ അക്കാദമി സമഗ്രസംഭാവന അവാർഡ് എന്നിവ ലഭിച്ചു.   പുരോഗമനകലാ സംഘം സംസ്ഥാനസമിതി, പിആർഡിഎസ് യുവജനസംഘം, സാംബവ മഹാസഭ, സിഎസ്‌ഡിഎസ്‌ സംസ്ഥാന സമിതി, കെഎച്ച്‌എസ്‌എസ്‌ എറണാകുളം, കായൽ സമ്മേളനം കൊച്ചി, പത്തനംതിട്ട ജില്ലാ ഗ്രന്ഥശാലാ സംഘം, തൃശൂർ കരിന്തലക്കൂട്ടം എന്നിവയും പുരസ്‌കാരം നൽകി ആദരിച്ചു. .

ഭാര്യ രാജമ്മയും  മക്കൾ അരുന്ധതിയും അശ്വതി, അരവിന്ദ്, അരുൺകുമാർ എന്നിവരുമടങ്ങുന്ന കുടുംബം ഇപ്പോൾ മല്ലപ്പള്ളി നൂറേമ്മാവിലാണ്‌ താമസിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top