02 May Thursday

പെയ്യട്ടെ ശലഭ മഴ

വിനോദ്‌ വൈശാഖി vinodvaisakhiks@gmail.comUpdated: Sunday Jun 12, 2022

വിദ്യാലയങ്ങൾക്ക്‌ വീണ്ടും വസന്തകാലം. മഹാമാരിയുടെ ഇരുളകറ്റി അക്ഷരവെട്ടത്തിലേക്ക്‌ പറക്കുകയാണ്‌  കുഞ്ഞുപൂമ്പാറ്റകൾ

ആകാശംതൊട്ടുനിന്നിട്ടും വീണ്ടും ഉയരങ്ങളിലേക്ക്‌ പറക്കാനാകാതെ ‘ചിറകറ്റുപോയ ’ പൂമ്പാറ്റകളെ കണ്ടിട്ടില്ലേ?  വർണച്ചിറകുണ്ടായിട്ടും പൂക്കളിലേക്ക്‌ പറന്നിറങ്ങാനാകാതെ, തേൻ നുകരാനാകാതെ, പൂമ്പാറ്റയെന്നുപോലും വിളിക്കാതെ... നമുക്കിടയിലുമില്ലേ അത്തരം പൂമ്പാറ്റകൾ. തിരക്കിനിടയിൽ നാം കാണാതെ പോകുന്ന ചില കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ. ഭിന്നശേഷിക്കാരെന്ന്‌ പറഞ്ഞ്‌, നാം ഒതുക്കി അകറ്റി നിർത്തപ്പെട്ടവർ... അവർക്കുമുണ്ട്‌ ഒരു ലോകം... നമ്മുടേതിനേക്കാൾ മനോഹരമാണ്‌ അവരുടെ ലോകം.. അത്‌ കാണാൻ മാത്രം നാമെന്നാണ്‌ വളരുക... അവർ നമ്മളെയല്ല, നമുക്ക്‌ അവരെ എന്നാണ്‌ തിരിച്ചറിയാനാവുക.. ഇതാ അത്തരം രണ്ട്‌ ചിത്രശലഭങ്ങൾ.... അവർ പെയ്യട്ടെ.. ശലഭ മഴയായി...........

‘അമ്പത്തൊന്നക്ഷര

ക്കുട്ടികൾ പാർക്കുന്ന

ഭാഷാക്കുടുക്ക

കിലുക്കി നോക്കാം

അ, അമ്മ, അക്ഷരം

ആദ്യ വിദ്യാലയം

പൂവുപോൽ നമ്മെ

തൊടും പ്രഭാതം’’

–-സ്വരക്കുടുക്ക

ഇളമ്പ സ്‌കൂളിന്‌ സഞ്ചരിക്കുന്ന ഒരു ഭാഷയുണ്ട്‌, ചക്രക്കസേരയിലിരുന്ന്‌ ലോകം മുഴുവൻ കാണുന്നൊരു ഭാഷ, ആ സ്വപ്‌നത്തിന്റെ ഭാഷയ്‌ക്ക്‌ ഭദ്രയെന്നാണ്‌ പേര്‌. ‘ഭാഷാക്കുടുക്ക’ കുലുക്കി സ്‌കൂൾ പ്രവേശനോത്സവത്തിന്‌ താളം നൽകിയ ഭദ്രാദേവി. ആറ്റിങ്ങൽ ഉപജില്ലയിലെ ഇളമ്പ ഹയർസെക്കൻഡറി സ്‌കൂളിനുവേണ്ടി സ്വരാക്ഷരങ്ങൾ കൊണ്ട്‌ അവളൊരു പാട്ടൊരുക്കി. ഭദ്രയോടൊപ്പം സഹപാഠികളും ഏറ്റുപാടിയപ്പോൾ ആ പാട്ട്‌ കടലേഴുംതാണ്ടി നാനാലോകത്തേക്കും മൂളിപ്പറന്നു. ‘കൈരളി’യിലൂടെ, വാർത്തകളിലൂടെ ലോകമാകെ പറന്നെത്തി.

നെഞ്ചിന്‌ താഴെ പൂർണമായും തളർന്നുപോയ ഒരു ചിരിക്കുടുക്കയാണ്‌ ഭദ്രാവേദി. ജന്മനാ തലച്ചോറിൽ വെള്ളക്കെട്ട്‌ ഉണ്ടായി, നട്ടെല്ലിന്റെ വളർച്ച പൂർത്തിയാകുംമുമ്പ്‌ സുഷുമ്‌ന പുറത്തായി കാണുന്ന ‘‘മെനിഗോ മൈലോസിലെ’ എന്ന രോഗമാണ്‌ ഭദ്രയെ ചക്രക്കസേരയിൽ തളച്ചത്‌. ജനിച്ചതിന്റെ പത്താം ദിവസവും 45–-ാം ദിവസവും ശസ്‌ത്രക്രിയകൾ നടന്നു. തല വലുതാകാൻ തുടങ്ങി. ചെവിയുടെ ഒരു ഭാഗത്ത്‌ ഘടിപ്പിച്ച ഉപകരണത്തിന്റെ സഹായത്താൽ തലയിൽ കെട്ടി നിൽക്കുന്ന ഫ്ലൂയിഡ്‌ വലിച്ചെടുക്കും. തുടർച്ചയായി ചികിത്സകൾ നടത്തിയാണ്‌ തലയുടെ വലിപ്പം പൂർവസ്ഥിതിയിലാക്കിയത്‌. രണ്ടരവയസ്സിൽ ‘കോമ’യിലായ ഭദ്ര രോഗം തരണംചെയ്‌തത്‌ പഠനത്തിലൂടെയാണ്‌, പാട്ടിലൂടെയാണ്‌, പടംവരയിലൂടെയാണ്‌. നാലാംക്ലാസുവരെ ആറ്റിങ്ങൽ ചെമ്പൂര്‌ പരമേശ്വരം ജെഎംഎൽപിഎസിലായിരുന്നു പഠനം. കൂലിപ്പണിക്കാരായ മായയും മുകുന്ദനും എടുത്താണ്‌ മകളെ സ്കൂളിലെത്തിച്ചത്‌. 

പക്ഷേ, അവളിലെ വർണച്ചിറകുകൾക്ക്‌ അധികകാലം ‘കാലമെന്ന പ്യൂപ്പ’യിൽ ഒളിച്ചിരിക്കാനായില്ല. അനിൽ പനച്ചൂരാന്റെ ‘‘വലയിൽ വീണ കിളികളാണ്‌ നാം’’ സോഷ്യൽ മീഡിയയിലൂടെ പാടി പങ്കുവച്ച ഭദ്രയെ അനീഷ്‌ സ്‌നേഹമിത്രയുടെ വാട്‌സാപ്‌ കൂട്ടായ്‌മ ജീവിതത്തിലേക്ക്‌ കൈപിടിച്ചു നടത്തിച്ചു. കൂട്ടായ്‌മയിലെ അംഗങ്ങൾ ഒരു വീൽചെയറുമായി വീട്ടിലെത്തി. അവർ ഭദ്രയ്‌ക്ക്‌ ചക്രങ്ങൾ ഘടിപ്പിച്ച ചിറക്‌ നൽകി. വെഞ്ഞാറമൂട്ടിലെ മഞ്ജു കുഞ്ഞുങ്ങളെ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുന്ന ‘പ്രാം’ വാങ്ങി നൽകി. (മഞ്ജുവിന്റെ മകനും നടക്കാൻ ബുദ്ധിമുട്ടുണ്ട്‌. വീട്ടിൽ വളരെ നാളായി കിടപ്പിലാണ്‌.) ഇന്നവൾ കൂട്ടുകാർക്കൊപ്പം ക്ലാസ്‌ മുറിയിലും സ്‌കൂളിന്റെ മുക്കിലും മൂലയിലും പറന്നെത്തും. ഇളമ്പ സ്‌കൂളിലെ മലയാളം അധ്യാപിക കുമാരി ഷിലുവാണ്‌ ഭദ്രയെ സ്വരക്കുടുക്കയിലൂടെ സ്‌ക്രീനിലെത്തിച്ചത്‌. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘തളിരി’ൽ ഞാനെഴുതിയ കവിത തിരുവനന്തപുരം വിമൻസ്‌ കോളേജിലെ ജി എസ്‌ അഥീന സംഗീതം ചെയ്‌ത്‌ പാടി കേൾപ്പിക്കുകയായിരുന്നു. പ്രവേശനോത്സവത്തിൽ ‘കൈരളി’യിലും സ്‌കൂളിലും ‘അ’യിലൂടെ ഭദ്രയും കൂട്ടുകാരും നിറഞ്ഞുനിന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കണ്ടാൽ പറയാൻ അവളൊരുകാര്യം മനസ്സിൽ അടക്കിപ്പിടിച്ചിട്ടുണ്ട്‌, എന്താണെന്നല്ലേ. ‘‘എനിക്ക്‌ പഠിക്കണം, ടീച്ചറാകണം.’’ അത്രതന്നെ.

ഭദ്ര ‘കാണാത്ത’ സ്ഥലമില്ല.  മെസൂർ, ഊട്ടി, കൊടൈക്കനാൽ, ശബരിമല, പളനി, തിരുപ്പതി, മധുര.എല്ലാം കണ്ടു. വീൽചെയറിലിരുന്ന്‌ അവൾ ലോകമാകെ കണ്ടു,  തന്നെ ലോകം കാണുമോയെന്ന്‌ ഭദ്ര നോക്കാറില്ല. എങ്കിലും അവൾ യാത്രപോകും സ്വപ്‌നങ്ങളുടെ ചിറകിൽ. ഇനി തനിക്ക്‌ പിറകെ വരുന്നവരെയും അവൾക്ക്‌ യാത്രയിൽ കൂടെ കൂട്ടണം. അതിനവൾക്ക്‌ ടീച്ചറായേ പറ്റൂ.

സഹന ജീവിതം

ഭദ്രയുടെ മരുന്നിനും സ്‌കൂൾയാത്രയ്‌ക്കുമൊക്കെയായി 30000രൂപ പ്രതിമാസം വേണം. കൂലിപ്പണിക്കാരനായ അച്ഛനും രോഗിയായ അമ്മയ്‌ക്കും അത്‌ താങ്ങാവുന്നതിലുമേറെയാണ്‌. നാട്ടിലെ സ്‌നേഹക്കൂട്ടായ്‌മകളും ക്ഷേത്രക്കമ്മിറ്റിയുമൊക്കെയാണ്‌  പലപ്പോഴും കൈത്താങ്ങ്‌.

അനുരാഗ വിസ്‌മയം

അനുരാഗിന്റെ ലോകവും ഭിന്നമാണ്‌, വിസ്‌മയകരവും. അത്‌ തിരിച്ചറിയാൻ വൈകുംവരെ അവൻ എല്ലാവർക്കും ശല്യമായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിയുമില്ലാത്ത അനുരാഗിന്റെ യാത്രകളെക്കുറിച്ച്‌ പറഞ്ഞത്‌ ഇടവിളാകം യുപി സ്‌കൂളിലെ അധ്യാപികയും ഹലോ ഇംഗ്ലീഷ്‌ സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌പേഴ്‌സണുമായ ഉമ തൃദീപാണ്‌. ‘‘ശല്യക്കാരനിൽനിന്ന്‌ ലോക കലാകാരനിലേക്ക്‌’’ എങ്ങനെയാണ്‌ അനുരാഗ്‌ മാറിയതെന്ന്‌ അവർ വിശദീകരിച്ചു. നൂറുശതമാനം ശല്യക്കാരനായിരുന്നു അനുരാഗ്‌. ആംഗ്യഭാഷയിൽ പരിശീലനം നൽകണമെന്നാണ്‌ ചെറിയ ക്ലാസിലെ അധ്യാപകർ അവന്റെ അമ്മയെ ഉപദേശിച്ചത്‌. ‘നിഷി’ലെ പ്രീപ്രൈമറി ക്ലാസിൽ അവൻ പ്രതീക്ഷ നൽകിയില്ല. കന്യാകുളങ്ങര ജിബിഎച്ച്‌എസിൽ പ്രവേശനം കിട്ടിയപ്പോൾ ജയലത ടീച്ചർ അവനിലെ വർണക്കൂട്ടുകൾ തിരയടിക്കുന്നത്‌ ആ കണ്ണുകളിൽ വായിച്ചു. കുറച്ച്‌ വെള്ളക്കടലാസും ഏതാനും നിറങ്ങളും അവന്റെ മുന്നിലെത്തിച്ചു. കടലാസുകളിൽ പിന്നെ നിറങ്ങളുടെ പെരുമഴക്കാലമായിരുന്നു. ചിത്രങ്ങളുടെ മുൻപരിചയമൊന്നുമില്ലാതിരുന്നിട്ടും അനുരാഗ്‌ നിറങ്ങളിലെഴുതി അവന്റെ ഉള്ളിലെ കടലിനെ, കരയെ, ആകാശത്തെ.. അങ്ങനെ വഴി മാറി നടന്ന അനുരാഗ്‌ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ എഗ്രേഡ്‌ നേടി. അതിനിടെ ഗോപിനാഥ്‌ മുതുകാടിന്റെ ‘ഇന്ദ്രജാലകം’ അവന്‌ മുന്നിൽ തുറന്നിട്ടു. ഡിഫറന്റ്‌ ആർട്ട്‌ സെന്ററിലെ മാജിക്‌പഠനം  സർഗാത്മകതയെ മറ്റൊരു തരത്തിൽ പുറംലോകത്ത്‌ എത്തിച്ചു. കൂലിപ്പണിക്കാരായ അജിയുടെയും മിനിമോളുടെയും മകനാണ്‌ അനുരാഗ്‌. ശല്യക്കാരനിൽനിന്ന്‌ വർണ വിസ്‌മയത്തുമ്പത്ത്‌ അവനെ പ്രതിഷ്‌ഠിച്ച ജയലത ടീച്ചർ പറയുന്നു ‘‘ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം. ഇല്ലെങ്കിൽ അവൻ ഇന്നും വീടിനും നാടിനും ശല്യക്കാരനായി നിന്നേനെ’’

കാണാതെ പോകരുത്‌, ഹൃദയത്തിനുമേൽ സർഗവാസനയുടെ കൈയൊപ്പ്‌ ചാർത്തി വരുന്ന ഈ പൂമ്പാറ്റകളെ.അവർക്കായി നമുക്ക്‌ ഒരുക്കാം ശലഭോദ്യാനം. നമ്മുടെ ചുറ്റിലെ സ്‌കൂളിലെ ഇത്തരം കുട്ടികൾക്കുവേണ്ടി ഒരൽപ്പസമയം ചെലവഴിക്കാം. അവരും വിരിയട്ടെ, പറന്നുല്ലസിക്കട്ടെ ഈ ചെറിയ ലോകത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top