27 April Saturday

ഞാനിന്നലെയും തെരുവിലൂടെ ഒറ്റയ്‌ക്ക്‌ നടന്നു

സുറാബ്‌Updated: Sunday Aug 9, 2020

ഞാനെന്റെ ഓർമകളിലേക്ക് പോകുന്നു. ചാലിയത്തെരുവിലേക്ക്. എല്ലാവരുടെയും തെരുവ്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പൊതുവഴി. പണ്ടൊക്കെ വഴിയാത്രികർക്കെല്ലാം മോരുംവെള്ളം കിട്ടുമായിരുന്നു. അമ്പലമുറ്റത്തെ ആൽമരച്ചോട്ടിൽ പാറുവമ്മ തരുന്ന മോരുംവെള്ളം. പച്ചമുളകും കറിവേപ്പിലയുമിട്ട ദാഹനീര്.  അഞ്ഞൂറ്റമ്പലത്തിന്റെയും തളിയിൽ ശിവക്ഷേത്രത്തിന്റെയും നടുക്കാണ് ബദർപള്ളി. രാജവീഥികളും പട്ടേലരും മുൻസീപ്പും ജന്മിത്തവും സമരരണാങ്കണങ്ങളും ചുറ്റുമുണ്ട്. 

" മാപ്പിളമൊട്ടേ തെങ്ങിന്റൊട്ടേ  ചെറുപയറുണ്ടേ രണ്ടുണ്ടേ.....’ എന്നു താളത്തിൽ പാടും ദാസപ്പൻ എന്നെക്കാണുമ്പോൾ. അപ്പോൾ ഞാൻ സിംഹത്തെപ്പോലെ മുരളും. മൊട്ടയടിച്ചു നടക്കുന്ന മാപ്പിളമാരെ മൊത്തത്തിൽ ഇതാ ഇവൻ കൊച്ചാക്കുന്നു. അപ്പോൾത്തന്നെ ഞാനും എന്റെ കിറ്റ് തുറക്കും. " പോടാ, നങ്ക് തിന്നുന്നവനേ...’ 

‘മീനായ മീനെല്ലാം നങ്കിന്റെ പുറത്ത്’ എന്നു പറയാറുണ്ട്. നാട്ടുമൊഴിയിൽ ഇതൊരു കുറ്റപ്പെടുത്തലാണ്.  വിലകെട്ട മീനാണ് നങ്ക്. അപ്പോഴും എന്റുപ്പയും അവന്റെ അച്ഛനും പുഴക്കരയിൽ സൊറ പറഞ്ഞു മീൻ പിടിക്കുന്നുണ്ടാകും. കുട്ടിക്കാലത്തേ ഞാൻ മൊട്ടയടിക്കുന്നവനും അവൻ നങ്ക് തിന്നുന്നവനുമാണ്.  അതിന്റെ അമർഷം ഉടച്ചു തീർക്കുന്നതിന്റെ കലിപ്പാണ് ഇതൊക്കെ. 

ദാസപ്പൻ എവിടെയാണെന്ന് എനിക്കറിയില്ല. തെരുവിൽ അവന്റെ വീടുമില്ല. ഞങ്ങളുടെ കാലവും ലോകവും മാറിപ്പോയിരിക്കുന്നു. നാടുവിട്ടതോടെ ഭ്രഷ്‌ടും  ഭ്രാന്തും എന്നെ കീഴടക്കി. പിന്നീട് മരുഭൂമിയിലെ  പൊള്ളുന്ന വെയിലായി. ഏറെക്കാലത്തെ മണൽവാസം കഴിഞ്ഞു തിരിച്ചുവന്നിട്ടും ഞാനവനെ  കണ്ടില്ലല്ലോ. അവനെവിടെയായിരിക്കും? 

എന്നും അഞ്ചുമണിക്ക്  മഞ്ഞംവളപ്പിൽ ഒത്തുകൂടും.  സൈക്കിൾ ചവിട്ടാൻ പഠിച്ച മഞ്ഞംപറമ്പ്.  പിന്നീടത് ഫുട്‌ബോൾ മൈതാനമായി. ചുറ്റും രാഷ്ട്രീയക്കാരും നാടകക്കാരും എഴുത്തുകാരുമുണ്ട്.  ഇവിടുന്നാണ്  രാഷ്ട്രീയവും നാടകവും എഴുത്തും വായനയും ശീലിച്ചത്.  കളി കഴിഞ്ഞാൽ  ഞങ്ങൾ മദ്രസയിൽ ഒത്തുകൂടും. രാവേറെ കഴിയുമ്പോൾ മോഹവും മോഹഭംഗവും ചൊല്ലിത്തീർത്തു പിരിയും. 

മിക്കവരും പത്താം ക്ലാസുകാരും പ്രീഡിഗ്രിക്കാരും.   പണ്ടേ സ്വാതന്ത്ര്യം  അടിച്ചമർത്തപ്പെട്ടവർ. അടിച്ചമർത്തപ്പെട്ടവന്റെ ചങ്ങല വലിച്ചൂരുന്നതാണ്  ഇക്കുറി പൊറാട്ടിനു ദാസപ്പൻ  കെട്ടുന്ന വേഷം. അവനെന്തെല്ലാം വിളിച്ചു പറയുമോ എന്തോ? ഒരിക്കൽ വായിൽ മണ്ണെണ്ണ ഒഴിച്ച് പുറത്തേക്ക് തീ തുപ്പി. അവന്റെ ഉള്ളിലുള്ള എല്ലാ അമർഷവും അഗ്നിയായി ആളി. ഇതുകണ്ടു ഞാനും വായിൽ മണ്ണെണ്ണ ഒഴിക്കാൻ നോക്കി. എനിക്കുമുണ്ട് ചില കത്തിത്തീരാത്ത രോഷങ്ങൾ. 

പൂരംകളിയോടനുബന്ധിച്ചുള്ള പൊറാട്ടാണ് തെരുവിലെ ഏറ്റവും വലിയ കാഴ്‌ചകൾ. എന്തെന്തു വേഷങ്ങൾ. കലാരൂപങ്ങൾ.  ആസ്വാദനങ്ങൾ. അതിലെ മൊയോനും മാപ്ലയും കൊങ്ങിണിയനും കുശവനും കുറത്തിയും വാഴപ്പൊതിയും വടക്കിന്റെ ആചാരപ്പെരുമയാണ്. നേർച്ചയാണ്. തനതുകലയിലെ കോലങ്ങൾ.  

മുഖത്ത് ചായമിടുന്നത് കലയാണ്. വെളിച്ചത്തിന്റെ നിഴലുകൾ. അന്ന് വെളിച്ചമായും നിഴലായും അരങ്ങേറിയ തട്ടകങ്ങൾ. അതിന്റെ പിറകിൽ ഞങ്ങളെ മറ്റൊരാളാക്കുന്ന ഒരാൾകൂടി തെരുവിലുണ്ടായിരുന്നു. ദേവൻബാലൻ.  കളിയരങ്ങിന്റെ  ചമയക്കാരൻ.  ബാലേട്ടനും  കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു.  തെരുവിന്റെ വളർച്ചയിൽനിന്ന് ഞങ്ങളുടെ കൂട്ടത്തിലുള്ള അസീസും കണ്ണടച്ചു. കുറേക്കാലം ബോംബെയിലുണ്ടായിരുന്നു. ഖാട്‌‌കോപ്പറിൽ.  അവന്റെ വീടും തെരുവിലായിരുന്നു.  അക്കാലത്ത് ഉടുക്കുന്ന മുണ്ടിന്റെ നിറം മാറ്റുന്നതായിരുന്നു ഹോബി. വസന്താ കളർപൗഡർ മുക്കി മുണ്ടിന്റെ നിറം മാറ്റിക്കൊണ്ടേയിരിക്കും. അവന്‌ ഉടുക്കാൻ പല നിറത്തിലുള്ള എത്രയെത്ര ഡബിൾവേഷ്ടികൾ. 

ഒരിക്കൽ  ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരം. ടീമിൽ ഒരാൾക്കു സുഖമില്ല. പകരം അസീസ് കാലിൽ ബൂട്ടുകെട്ടി. അസീസിന്റെ കാല് വെറും കാലല്ല. ആണിരോഗമുള്ള കാൽ  വേച്ചുവേച്ചാണ് നടത്തം. കാണികളെ അമ്പരപ്പിച്ചുകൊണ്ട് അവൻ രണ്ടു ഗോൾ അടിച്ചു. എന്തിനും അവനാണ്‌ മുന്നിൽ. മരണത്തിലേക്കും  മുമ്പേപോയി.

തെരുവ് ഞങ്ങളുടെ സംസ്‌കാരമാണ്.  കലാകാരന്മാരെ വാർത്തെടുത്ത മണ്ണ്. ഫുട്‌ബോളിൽ ഇന്ത്യൻ കുപ്പായമിട്ട ബഹദൂർ ബാലനും, നാടകത്തിൽ  ശ്രീധരൻ നീലേശ്വരവും ആടിത്തെളിഞ്ഞ മണ്ണ്. പിന്നെയുമുണ്ട് ഏറെ. സംവിധായകർ, അഭിനേതാക്കൾ,  കലാകാരന്മാർ, ചെണ്ടക്കാർ, കോൽക്കാർ, നാടൻ പാട്ടുകാർ... 

ഞാനിന്നലെയും തെരുവിലൂടെ  നടന്നു. വഴിനിറയെ വാടിയ ഇലഞ്ഞിപ്പൂക്കളുടെ മണം. അഞ്ഞൂറ്റമ്പലം കടന്ന് തളി ക്ഷേത്രത്തിന്റെ ഇടവഴിയിലെത്തിയപ്പോൾ മാരാരെ കണ്ടു. ചെണ്ട കൊട്ടുന്ന, കുപ്പായമിടാത്ത മാരാർ. ആളുമാറിപ്പോയതാണ്.  മാരാരല്ല.   മറ്റൊരാൾ. എന്നാൽ  അപ്പുമാരാർ ഇന്നും എന്റെ മനസ്സിലുണ്ട്. ചെണ്ട മുറുകി വരുന്നു. അത് ജമാഅത്ത് പള്ളിക്ക് മുന്നിലെത്തുന്നു. പെട്ടെന്ന് ചെണ്ടക്കോൽ നിശബ്‌ദമാകുന്നു. പള്ളിയുടെ അതിരു കഴിഞ്ഞപ്പോൾ വീണ്ടും ചെണ്ടയുടെ മുറുക്കം.

ഒരു വിഷവും തീണ്ടാത്ത സംസ്‌കാരമാണ് ഞങ്ങളുടേത്‌. ആരുടെ തോളിലും കയ്യിട്ടു നടക്കാം. കുശലം പറയാം. അങ്ങനെയാണ് നീലേശ്വരം എന്ന ഞങ്ങളുടെ നാട് കാസർകോടിന്റെ സാംസ്‌കാരിക തലസ്ഥാനമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top