20 May Monday

എന്റെ വഴി എന്റെ തിരിച്ചറിവ്‌

ഡോ. കീർത്തിപ്രഭ keerthipk89 @gmail.comUpdated: Sunday Oct 8, 2023

വിനയ്‌ ഫോർട്ട്‌ സംസാരിക്കുന്നു

ജനിച്ചതും വളർന്നതും ഫോർട്ട് കൊച്ചിയിലാണ്. ഞങ്ങൾ സഹോദരങ്ങളെല്ലാം പത്താം ക്ലാസ് കഴിഞ്ഞാൽ സ്വന്തം കാര്യങ്ങൾ നോക്കാൻ തുടങ്ങുക എന്നൊരു രീതി ഉണ്ടായിരുന്നു എന്റെ വീട്ടിൽ. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 6 മണിമുതൽ 9 മണിവരെ ഞാനൊരു മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിൽക്കുമായിരുന്നു. അവിടുന്ന് തുടങ്ങി ഫിലിം സ്കൂളിൽ പോകുന്നതുവരെ പല തരത്തിലുള്ള ജോലികൾ ഞാൻ ചെയ്തു. നമുക്കുണ്ടാകുന്ന അനുഭവങ്ങളാണ് നമ്മുടെ സമ്പാദ്യം. അന്ന് ചെയ്ത ജോലികളും അത് തന്ന അനുഭവങ്ങളും ജീവിതത്തിന്റെ മുന്നോട്ടുപോക്കിൽ  ഒരുപാട് സഹായിച്ചിട്ടുണ്ട്. വീട്ടുകാർ അത്തരത്തിൽ കണ്ടീഷൻ ചെയ്തെടുത്തതുകൊണ്ടാവണം പല പ്രതിസന്ധികളെയും മറികടക്കാൻ സാധിച്ചതും. നാലാം ക്ലാസുമുതൽ നാടകം കൂടെയുണ്ട്. അന്ന് ബാലസംഘത്തിന്റെ ഓണപ്പറവകൾ എന്ന കലാജാഥയിൽ പങ്കെടുത്തിട്ടുണ്ട്. സത്യത്തിൽ അവിടെനിന്ന്‌ തന്നെ ഇതാണ് എന്റെ വഴി എന്ന തിരിച്ചറിവുണ്ടായി. എങ്ങനെ നല്ലൊരു പെർഫോമറും അഭിനേതാവുമാകാം, എങ്ങനെ നാടക പരിശീലനം നേടാം എന്ന തരത്തിൽ സിനിമ സ്വപ്നങ്ങളിലേക്കടക്കം അക്കാലത്ത് തന്നെ മനസ്സ് യാത്ര ചെയ്തു തുടങ്ങിയിരുന്നു. വേറൊരു പ്രൊഫഷനെ കുറിച്ച് പിന്നീട് ആലോചിക്കേണ്ടി വന്നിട്ടില്ല.

അഭിനയപഠനം

അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഫിലിം സ്കൂൾ പഠനം നിർബന്ധമൊന്നുമല്ല. ഞാൻ പഠിച്ചത് എന്റെ വ്യക്തിപരമായ ചോയ്സ് മാത്രമായിരുന്നു. എന്റെ കുടുംബത്തിൽ സിനിമാ പാരമ്പര്യമോ കലാകാരന്മാരോ ഇല്ല. അത് കൂടാതെ ചുറ്റുപാടുകളിൽ പലവിധ പരിമിതികളും ഉണ്ടായിരുന്നു. അതെല്ലാം കടന്ന് എങ്ങനെയോ സിനിമയും നാടകവും എന്റെ ജീവിതലക്ഷ്യമായിത്തീർന്നു. ആ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുപടിയായി ഞാൻ കണ്ടത് അഭിനയം പഠിക്കുക അല്ലെങ്കിൽ അതിൽ കൃത്യമായ പരിശീലനം നേടുക എന്നതായിരുന്നു. അതിനുവേണ്ടി  മുന്നിൽ കണ്ടത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുമൊക്കെ ആയിരുന്നു.  അഭിനയത്തെക്കുറിച്ചുള്ള അക്കാദമി പഠനത്തിലുപരി അഭിനയപഠന കാലത്തെ വർക്ക്ഷോപ്പുകളും അനുഭവങ്ങളും ഒരു വ്യക്തിയെന്ന രീതിയിൽ നമ്മളെ ശക്തരാക്കും.

പുതിയ ‘ലുക്ക്‌’

മജോ സംവിധാനം ചെയ്യുന്ന പെരുമാനി എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപമാണ് അത്. ബോസ് ആൻഡ് കമ്പനി എന്ന നിവിൻ പൊളി ചിത്രത്തിന്റെ പ്രസ് മീറ്റിൽ പങ്കെടുത്ത സമയത്താണ് അത് വൈറലായത്. ഒത്തിരി സന്തോഷം. നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന,ആരാധിക്കുന്ന കഥാപാത്രങ്ങളുടെ ചിത്രത്തിൽ എന്റെ ഈ പുതിയ രൂപത്തിന്റെ തലമാത്രം വച്ചുകൊണ്ട് ഈ തല എവിടെയും ഫിറ്റ് ആകും എന്ന തരത്തിലുള്ള ട്രോളുകൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്. ഈ രൂപത്തിനപ്പുറത്ത് കഥാപാത്രവും സിനിമയും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്.

സോമന്റെ കൃതാവ്

രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോമൻ എന്ന മുഖ്യ കഥാപാത്രമാണ് ഞാൻ. സോമന്റെ കൃതാവ് എന്ന സിനിമയുടെ ടൈറ്റിലിനോട് നീതി കാണിക്കണമെങ്കിൽ ആ കഥാപാത്രത്തിന് അത്തരത്തിലുള്ള ഒരു കൃതാവ് വേണം. അങ്ങനെയാണ് ആ രൂപം. കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫീസറാണ് സോമൻ. ഒരു കോമഡി എന്റർടൈനർ. ഒക്ടോബർ 6ന് ചിത്രം റിലീസ് ചെയ്‌തു. 

കഥാപാത്രം തെരഞ്ഞെടുത്താൽ

കഥാപാത്രം തെരഞ്ഞെടുക്കുന്നത് കൂടുതലായും സംവിധായകനെ ആശ്രയിച്ചായിരിക്കും. ലിജോ ജോസ് പെല്ലിശേരി, മഹേഷ് നാരായണൻ, മജോ തുടങ്ങി എനിക്ക് പ്രിയപ്പെട്ടവരായ ചില സംവിധായകരുണ്ട്. അവരിൽ ആരെങ്കിലും ഒരു സിനിമയിലേക്ക് വിളിക്കുമ്പോൾ ഞാൻ സിനിമയുടെ മറ്റു വശങ്ങളെ പറ്റി കൂടുതൽ  ആലോചിക്കാറില്ല. എന്നിരുന്നാലും സിനിമയുടെ കഥയും തിരക്കഥയും ഒക്കെ കൃത്യമായി പറഞ്ഞശേഷം മാത്രമേ സിനിമയിലേക്ക് ക്ഷണിക്കാറുള്ളൂ. സിനിമ സംവിധായകന്റെ കലയാണ്. ഏറ്റവും മികച്ച സംവിധായകന്റെ കൂടെ മികച്ച ഒരു തിരക്കഥയിൽ വളരെ നല്ല ടെക്നീഷ്യൻസുമൊക്കെയുള്ള സിനിമ ചെയ്യുക എന്നത് തന്നെയാണ് ആഗ്രഹം. ഞാൻ ഏറ്റവും കൂടുതൽ പുതിയ കലാകാരന്മാരുടെ സിനിമയിൽ ഭാഗമാകുന്ന ഒരാളാണ്. അത്തരം സന്ദർഭങ്ങളിൽ തിരക്കഥ പൂർണമായും വായിക്കാൻ ശ്രമിക്കാറുണ്ട്. ആക്ഷൻ ജോണറിൽ ഉള്ള കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് നമ്മുടെ സ്വഭാവസവിശേഷതകളിൽനിന്നും വളരെ വിഭിന്നനായതും നമ്മുടെ മനസ്സിനെ ആകർഷിക്കുന്നതും നമ്മൾ എന്ന വ്യക്തിയെ വെല്ലുവിളിക്കുന്ന തരത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ്. 

ആട്ടം

ആട്ടം 20 വർഷമായിട്ടുള്ള ഒരു നാടക ജീവിതത്തിൽനിന്നുണ്ടായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ചേർത്ത് നിൽപ്പിന്റെയുമൊക്കെ സിനിമയാണ്. ഡിഗ്രിക്ക് പഠിക്കാൻ ജോയിൻ ചെയ്ത സമയത്ത് ലോകധർമി എന്നൊരു നാടക ട്രൂപ്പിൽ ചേർന്ന് കർണഭാരം നാടകം  ചെയ്തിരുന്നു. ആ നാടക സംഘത്തിലുള്ളവരെല്ലാം ഇന്നും വളരെ ദൃഢമായ ബന്ധം സൂക്ഷിക്കുന്നു. ഇവരെല്ലാം തന്നെ ഒരു മികച്ച സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുമാണ്. കൊറോണ കാലത്തിനുശേഷം നടന്ന ഒരു യാത്രയിൽ ഞങ്ങളുടെ നാടകസംഘത്തിന്റെ സ്നേഹത്തെയും സൗഹൃദത്തെയും അധ്വാനത്തെയും കഷ്ടപ്പാടിനെയും കലാജീവിതത്തിനെയുമൊക്കെ ഓർമപ്പെടുത്തുന്ന മികച്ച ഒരു കലാസൃഷ്ടി ഉണ്ടാകണമെന്ന് ആലോചനയുണ്ടായി.എന്റെ സുഹൃത്തുക്കളുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ആ സിനിമയുടെ തുടക്കംമുതൽ അവസാനംവരെ കൂടെത്തന്നെ നിൽക്കാൻ സാധിച്ചു.മറ്റു പല സിനിമ കമ്മിറ്റ്മെന്റുകളും വലിയ സാമ്പത്തിക നഷ്ടങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടുകൂടി 40 ദിവസത്തോളമുള്ള റിഹേഴ്സൽ പീരിയഡിൽ ഞാനും സംവിധായകനും കൂടി അവരെ സ്ക്രിപ്റ്റ് മുഴുവനായും പഠിപ്പിക്കുകയും കൃത്യമായ ട്രെയിനിങ് നൽകുകയും ചെയ്തു. ആ ടീമിൽ ഞങ്ങൾക്കെല്ലാം ഗുരു സ്ഥാനീയനായ 61 വയസ്സുള്ള ചുമട്ടുതൊഴിലാളിയായ ഒരു ചേട്ടനുണ്ട്. അദ്ദേഹമാണ് ഞങ്ങളെ നാടകം പഠിപ്പിച്ചതും. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന, പച്ചക്കറി വിൽക്കുന്ന, ചെണ്ടകൊട്ടുന്ന, ടൈലിന്റെ പണിയെടുക്കുന്ന സമൂഹത്തിന്റെ നാനാതുറകളിൽ പലവിധ ജോലികൾ ചെയ്യുന്ന ആളുകളുണ്ട് ആ നാടക സംഘത്തിൽ. നവംബറിലാണ് റിലീസ്. സംവിധായകനും തിരക്കഥാകൃത്തുമായ ഇംതിയാസ് അലിയുടെ അസിസ്റ്റന്റ് ആയി ജോലിചെയ്തിരുന്ന ഞങ്ങളുടെ നാടകസംഘത്തിലെ അംഗമായ ആനന്ദ് ഏകർഷിയാണ് ഈ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡെലിഗേറ്റുകൾക്കായി തെരഞ്ഞെടുത്ത 20 ചിത്രങ്ങളുടെ പട്ടികയിലും മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ഫൈനൽ ലിസ്റ്റിലും ഇടം പിടിച്ചിരുന്നു ഈ ചിത്രം. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഫൈനൽ ലിസ്റ്റിൽ വിൻസി അലോഷ്യസിനൊപ്പം ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത സെറിൻ ശിഹാബും ഉണ്ടായിരുന്നു. മധുപാൽ, ഭരദ്വാജ് രംഗൻ, മഹേഷ് നാരായണൻ, ഫിലിം കമ്പാനിയൻ തുടങ്ങിയവർ സിനിമയുടെ പ്രീ റിലീസ് ഷോ കണ്ടപ്പോൾ മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ജോയ് മൂവീസിന്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഞങ്ങളെല്ലാം നാടകക്കാരായി തന്നെ അഭിനയിക്കുന്നു. 

സിനിമയുടെ രാഷ്‌ട്രീയം

സിനിമ പൂർണമായും സമൂഹത്തിനെ ഉദ്ധരിക്കുന്ന ഒരു കലാരൂപം ആകണമെന്ന നിർബന്ധം എനിക്കില്ല. ആത്യന്തികമായി സിനിമ ഒരു കലാരൂപവും ഒരു കഥ പറച്ചിലും ആണ്. ആ കഥ പറച്ചിലിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഞങ്ങൾ അഭിനേതാക്കളെല്ലാം. പൊളിറ്റിക്കൽ കറക്റ്റ്നസ് സിനിമയിൽ അടിച്ചേൽപ്പിക്കുമ്പോൾ അത് എഴുത്തുകാരനെയും സംവിധായകനെയും അഭിനേതാവിനെയും ഒക്കെ പലവിധത്തിൽ പരിമിതപ്പെടുത്തും. അതൊരു കലാകാരനെ ചങ്ങലക്കിടുന്ന അവസ്ഥ പോലെയാകും. സിനിമ ഒരുപാട് സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും ഒരു സിനിമയുടെ ആത്യന്തികമായ ഉദ്ദേശ്യം വിനോദമാണ്‌.  ബോഡി ഷേമിങ്‌, കൂട് ഷേമിങ്‌, സ്ത്രീവിരുദ്ധത തുടങ്ങിയ നീതികേടുകൾ അവതരിപ്പിക്കാനുള്ള ഒരു ഉപാധിയായി സിനിമ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. ഒരു കഥാപാത്രം പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന കാരണത്താൽ അഭിനേതാക്കൾക്കുനേരെ ആക്രമണം ഉണ്ടാകുന്ന പ്രവണത നിർഭാഗ്യകരമാണ്. കഥാപാത്രങ്ങളെയും അഭിനേതാക്കളെയും വെവ്വേറെ കാണാനുള്ള ഒരു യുക്തി പ്രേക്ഷകരിലും ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top