26 April Friday

നൃത്തം എന്ന ജീവിത രേഖ

എം സുരേഷ് ബാബു sureshbabu9293@gmail.comUpdated: Sunday Sep 6, 2020

രാജ്യത്തെ മികച്ച മോഹിനിയാട്ടം നർത്തകികളുടെ ഗണത്തിൽ ഡോ. രേഖ രാജുവിന്‌ പ്രമുഖ സ്ഥാനമുണ്ട്‌. നർത്തകിയാകുക എന്ന ലക്ഷ്യത്തിലേക്ക്‌ ഈ പാലക്കാട്ടുകാരി നടന്നുകയറിയത്‌ ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ്‌. ബംഗളൂരു നൃത്യധാമ എന്ന  നൃത്ത വിദ്യാലയം നടത്തുന്ന രേഖ രാജുവിന്റെ ജീവിത രേഖ

കളിപ്പാട്ടങ്ങളേക്കാൾ നൃത്തത്തെ നെഞ്ചിലേറ്റിയ മൂന്നുവയസ്സുകാരി. നൃത്തത്തോടുള്ള ആഗ്രഹം കലശലായപ്പോൾ അമ്മ അവളെ  നൃത്തവിദ്യാലത്തിൽ ചേർത്തു. ഗുരു പറഞ്ഞുകൊടുത്ത ചുവടുകൾ അനായാസം വഴങ്ങി.  കുടുംബത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച സാമ്പത്തികത്തകർച്ച ആ ചുവടുകളുടെ താളംതെറ്റിച്ചു. ഫീസ് കൊടുക്കാൻപോലും കഴിയാതെവന്നപ്പോൾ ഗുരുനാഥയുടെ മുഖം ചുവന്നു. ഫീസില്ലെങ്കിൽ പഠിക്കേണ്ട. നൃത്തപഠനം പാതിയിൽ നിലച്ചു. ആ കുഞ്ഞുമനസ്സിന്‌ നൊന്തു. നാലഞ്ചു വർഷത്തോളം വീട്ടിൽ സ്വയം പരിശീലനം. അന്നവൾ ഉറച്ച തീരുമാനമെടുത്തു-, ഞാൻ നൃത്തവിദ്യാലയം തുടങ്ങിയാൽ പാവപ്പെട്ട കുട്ടികളെ സൗജന്യമായി നൃത്തം പഠിപ്പിക്കും.  

വർഷങ്ങൾ കഴിഞ്ഞു. ആ പെൺകുട്ടി നാടറിയുന്ന മോഹിനിയാട്ടം നർത്തകിയായി. ഡോ. രേഖ രാജു ആഗ്രഹിച്ചപോലെ നൃത്തവിദ്യാലയം ആരംഭിച്ചു. ബംഗളൂരുവിൽ ‘നൃത്യധാമ’യിൽ നിർധനരായ ഇരുനൂറിലധികം കുട്ടികളെ രേഖ രാജു തികച്ചും സൗജന്യമായിത്തന്നെ നൃത്തം പഠിപ്പിക്കുന്നു. ‘നൃത്തം പഠിക്കാൻ ആഗ്രഹമുണ്ട്; പക്ഷേ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന് പറഞ്ഞുവരുന്നവരെ മടക്കി അയക്കില്ല. കലയ്‌ക്കുമുന്നിൽ പണമില്ലായ്‌മ തടസ്സമാകരുത്.’ രേഖ  രാജു പറയുന്നു.  

പാലക്കാട് കൽ‌പ്പാത്തിയാണ്‌ സ്വദേശം. അമ്മ ജയലക്ഷ്‌മിക്ക് നൃത്തത്തോടും പാട്ടിനോടും കമ്പമേറെ. കുടുംബത്തിലെ ചിട്ടകൾ അവരെ നൃത്തത്തിൽനിന്ന്‌ അകറ്റി. നടക്കാതെപോയ ആഗ്രഹങ്ങൾ മകളിലൂടെ അവർ സാക്ഷാത്‌കരിക്കാൻ ശ്രമിച്ചു. മകൾക്ക്‌ ഒരു വയസ്സു തികയുംമുമ്പ്‌ ഭർത്താവ് രാജരത്നത്തോടൊപ്പം ബംഗളൂരുവിലേക്ക്.

‘അമ്മ എനിക്കുവേണ്ടി വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. സ്‌കൂൾ വിട്ട് വീടെത്തിയാൽ ഉടൻതന്നെ ബസ് പിടിച്ച്‌ 40 കിലോമീറ്റർ  അകലെയുള്ള നൃത്തവിദ്യാലയത്തിലേക്ക് എന്നെ കൊണ്ടുപോകും. മൂന്നും നാലും ബസ്‌ കയറിയിറങ്ങണം. ക്ലാസ് കഴിയുംവരെ അമ്മ അവിടെ കാത്തിരിക്കും.  വീടെത്തുമ്പോഴേക്കും 11 മണിയൊക്കെയാകും.'  

ആദ്യകാലത്ത് ഭരതനാട്യമാണ്‌ പഠിച്ചത്. കഥക്കും കുച്ചിപ്പുടിയും ഒഡീസ്സിയുമെല്ലാം വഴങ്ങി. കർണാടക സംഗീതവും  മൃദംഗവും പഠിച്ചു. പതിമൂന്നാം വയസ്സുമുതലാണ് മോഹിനിയാട്ടം അഭ്യസിക്കാൻ ആരംഭിച്ചത്, കലാമണ്ഡലം ഉഷ ദാദറിന്റെ ശിക്ഷണത്തിൽ.  ആദ്യത്തെ ബുദ്ധിമുട്ടൊക്കെ  പഠിക്കാൻ തുടങ്ങിയപ്പോൾ മാറി. മോഹിനിയാട്ടത്തിന്റെ ചുവടുകളും ഭാവങ്ങളും ശൈലികളുമെല്ലാം ഇണങ്ങുന്നതായി തോന്നി. 

എംബിഎ കഴിഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റായ രേഖ രാജുവിന് മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് 2015ൽ ഡോക്ടറേറ്റ് ലഭിച്ചത് മോഹിനിയാട്ടത്തിലെ വ്യത്യസ്‌ത പരീക്ഷണങ്ങൾക്കാണ്. പ്രശസ്‌തമായ കന്നട, തമിഴ്, ഹിന്ദി കവിതകൾക്കും  ഹിന്ദിയിലുള്ള മീരാ ഭജനുകൾക്കും എം എസ് സുബ്ബുലക്ഷ്‌മിയുടെ തമിഴ് മീരാ ഭജനുകൾക്കും രേഖ രാജു മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്‌കാരം നൽകിയിട്ടുണ്ട്‌. പൂതനാമോക്ഷം കഥയെ ആസ്‌പദമാക്കി ചെണ്ട, മദ്ദളം, ഇടയ്ക്ക എന്നിവയുടെ സഹായത്തോടെ   മോഹിനിയാട്ടം വേദിയിൽ ആടിയിട്ടുമുണ്ട്.

‘മോഹിനിയാട്ടത്തിന്റെ മൗലികത ഒന്നും ചോരാതെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഏതു നാട്ടിലെ വേദിയിലായാലും അവിടത്തെ ഭാഷാ സാഹിത്യവുമായി ബന്ധപ്പെടുത്തി മോഹിനിയാട്ടം അവതരിപ്പിക്കാനാണ്  താല്പര്യം. ഇറ്റലിയിൽവച്ച്‌ പ്രശസ്‌ത ഇറ്റാലിയൻ കവിതകൾക്ക്‌ നൃത്താവിഷ്‌കാരം നൽകി.   മോഹിനിയാട്ടത്തിന്റെ പരമ്പരാഗത രീതിക്ക് മാറ്റം വരുത്താതെയാണ്‌ മോഹിനിയാട്ടത്തെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ.  

അമേരിക്ക, ഇറ്റലി, ലണ്ടൻ, ഫ്രാൻസ്, ന്യൂസിലൻഡ്, മലേഷ്യ, സിംഗപ്പുർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലുൾപ്പെടെ രണ്ടായിരത്തിലധികം വേദികളിൽ നൃത്തപരിപാടികളും മോഹിനിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. കേരള ടൂറിസം ഡാൻസ് ഫെസ്റ്റിവൽ, സംഗീത നാടക അക്കാദമി ഫെസ്റ്റിവൽ, സൂര്യ ഡാൻസ് ഫെസ്റ്റിവൽ, കൊണാർക് ഫെസ്റ്റിവൽ, ഡൽഹി ഇന്റർനാഷണൽ ഫെസ്റ്റിവൽ, ഗൗരി ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവിടങ്ങളിലും നൃത്തം അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 1000 നർത്തകർ ഒരേ സമയം ഒരേ താളത്തിൽ ചുവടുവച്ച തഞ്ചാവൂർ നൃത്തോത്സവത്തിലും ഭാഗമായിരുന്നു.  ‘കല സമൂഹത്തിന്റേതാണ്. കലാകാരന് പ്രതിബദ്ധത സമൂഹത്തോടാണ് വേണ്ടത്. കലയുണ്ടെങ്കിലേ കലാകാരനുമുള്ളൂ. ഏതു കലയായാലും അതിനെ ജനകീയമാക്കേണ്ടത് കലാ പ്രവർത്തകരുടെകൂടി ഉത്തരവാദിത്തമാണ്'–- രേഖ രാജു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top